ഡല്‍ഹി: കോണ്‍ഗ്രസില്ലാതെ ഒരു പ്രതിപക്ഷ മുന്നണിക്കും ബിജെപിയെ നേരിടാന്‍ സാധിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. 2024-ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു സഖ്യം രൂപീകരിച്ചാല്‍ കോണ്‍ഗ്രസിന് അതില്‍ നിര്‍ണ്ണായക പങ്കുണ്ടായിരിക്കുമെന്നും കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കാണ് പാര്‍ട്ടി ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും ജയ്റാം രമേശ് പറഞ്ഞു. പി ടി ഐയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മമതാ ബാനര്‍ജിയും അഖിലേഷ് യാദവും കോണ്‍ഗ്രസില്‍നിന്നും ബിജെപിയില്‍നിന്നും വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ജയ്റാം രമേശിന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സമാജ് വാദി പാര്‍ട്ടിയുടെയും കൂടിക്കാഴ്ച്ച പ്രതിപക്ഷ ഐക്യത്തെ ഉലയ്ക്കുമോ എന്ന ചോദ്യത്തിന് 'സമാജ് വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസുമെല്ലാം യോഗം ചേരുകയും മൂന്നാം മുന്നണിയോ നാലാം മുന്നണിയോ രൂപീകരിക്കുകയോ ചെയ്തേക്കാം. എന്നാല്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കേണ്ടത് അത്യാവശ്യമാണ്. പ്രതിപക്ഷ സഖ്യം രൂപീകരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് അതില്‍ പ്രധാന പങ്ക് വഹിക്കും. കോണ്‍ഗ്രസില്ലാതെ ഒരു മുന്നണിയും സാധ്യമല്ല'- എന്നായിരുന്നു ജയ്റാം രമേശിന്റെ മറുപടി.
ഈ വര്‍ഷം കര്‍ണാടക, തെലങ്കാന, രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിരക്കിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.