'ഈ കേസിൽ രാഹുൽ ഗാന്ധിയെ ശിക്ഷിക്കാൻ കഴിയില്ലെന്ന് ന്യായാധിപനും അറിയുമായിരിക്കും' - പ്രമോദ് പുഴങ്കര

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ രണ്ടു വർഷം ശിക്ഷിച്ച ഗുജറാത് കോടതി വിധി ഈ രാജ്യത്തെ പ്രതിപക്ഷ ശബ്ദങ്ങൾ അവസാനിക്കുന്നത് തടവറകളിലായിരിക്കുമെന്നതിന്റെ ഏറ്റവും കനത്ത ഹിന്ദുത്വ ഫാഷിസ്റ്റ് ആക്രോശമാണെന്ന് സുപ്രീംകോടതിയിലെ അഭിഭാഷകനും എഴുത്തുകാരനുമായ പ്രമോദ് പുഴങ്കര. അപകീർത്തി നിയമങ്ങളനുസരിച്ച് ഈ കേസിൽ രാഹുൽ ഗാന്ധിയെ ശിക്ഷിക്കാൻ കഴിയില്ലെന്ന് ശിക്ഷിച്ച ന്യായാധിപനും അറിയുമായിരിക്കും. എന്നാല്‍, ഈ ശിക്ഷ വിധിക്കാൻ പാകത്തിൽ നമ്മുടെ നീതിന്യായ സംവിധാനത്തിലേക്കുള്ള സംഘപരിവാറിന്റെയും മോദി സർക്കാരിന്റെയും നിയന്ത്രണം നീണ്ടുകഴിഞ്ഞു എന്നതാണ് വസ്തുത എന്ന് പുഴങ്കര നിരീക്ഷിക്കുന്നു.

പ്രമോദ് പുഴങ്കര എഴുതുന്നു:

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ രണ്ടു വർഷം ശിക്ഷിച്ച ഗുജറാത് കോടതി വിധി ഈ രാജ്യത്തെ പ്രതിപക്ഷശബ്ദങ്ങൾ അവസാനിക്കുന്നത് തടവറകളിലായിരിക്കുമെന്നതിന്റെ ഏറ്റവും കനത്ത ഹിന്ദുത്വ ഫാഷിസ്റ്റ് ആക്രോശമാണ്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവരെല്ലാം നാനാവിധ അഴിമതി ആരോപണങ്ങളിൽ അകപ്പെട്ട പശ്ചാത്തലത്തിൽ എല്ലാ കള്ളന്മാർക്കും എന്തുകൊണ്ടാണ് മോദി എന്ന പേരുവരുന്നതെന്ന പരാമർശത്തിനാണ് ശിക്ഷ. ഒരു കാരണവശാലും ഇന്ത്യൻ നിയമങ്ങളിലെ അപകീർത്തി നിയമങ്ങളനുസരിച്ച് ഈ കേസിൽ രാഹുൽ ഗാന്ധിയെ ശിക്ഷിക്കാൻ കഴിയില്ല. ശിക്ഷിച്ച ന്യായാധിപനും അതറിയാമായിരിക്കും. അയാൾ ഈ ശിക്ഷ വിധിക്കാൻ പാകത്തിൽ നമ്മുടെ നീതിന്യായ സംവിധാനത്തിലേക്കുള്ള സംഘപരിവാറിന്റെയും മോദി സർക്കാരിന്റെയും നിയന്ത്രണം നീണ്ടുകഴിഞ്ഞു എന്നതാണ് വസ്തുത. ഗുജറാത്താണ് ഇന്ത്യൻ ഹിന്ദുത്വ ഫാഷിസത്തിന്റെ പരീക്ഷണശാല എന്നതിലെ മറ്റൊരു തുടക്കം. 

എല്ലാ രാഷ്ട്രീയക്കാരും കള്ളന്മാരാണ് എന്ന് പറഞ്ഞാൽ ഏതെങ്കിലുമൊരു രാഷ്ട്രീയക്കാരൻ  തനിക്ക് മാനഹാനിയുണ്ടായി എന്ന് പറഞ്ഞു കേസുകൊടുത്താൽ അത് നിലനിൽക്കില്ല. എല്ലാ നായന്മാരും മോശം സ്വഭാവക്കാരാണ് എന്ന് പറഞ്ഞാൽ പെരുന്നയിലെ പോപ്പ് കേസ് കൊടുത്താലും അതിൽ ശിക്ഷിക്കാൻ വകുപ്പില്ല. അതൊക്കെത്തന്നെയാണ് കുറ്റാരോപിതരായ മോദിമാരുടെ കാര്യത്തിലെ രാഹുൽ പരാമർശത്തിലും വിധിക്കാനാകൂ. ഇതൊക്കെ ഇംഗ്ളീഷ് കോടതികളിലെ കേസുകൾ തൊട്ട് ഇന്ത്യൻ കോടതികളിലെ നിരവധിയായ വിധികളിലൂടെ തീർപ്പായ കാര്യമാണ്. ഇതൊന്നും അറിയാതെയല്ല രാഹുൽ കേസിലെ വിധി വന്നിട്ടുള്ളത്. 

പ്രശ്നം, പ്രതിപക്ഷമുക്ത ഇന്ത്യയിലേക്കുള്ള യാത്രയിൽ സംഘപരിവാർ സഞ്ചരിച്ചെത്തുന്ന ദൂരമാണ്. രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷനിര ബി ജെ പിയുടെ തെരഞ്ഞെടുപ്പ് സാധ്യതകൾക്ക് മുകളിൽ അടിയന്തരഭീഷണികൾ ഉയർത്തുന്നില്ല. എന്നാൽ മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ സംഘപരിവാർ കണക്കുകൂട്ടുന്നത് നീണ്ടകാലങ്ങൾക്ക് മുന്നിലേക്കാണ്. ഇന്ത്യയുടെ രാഷ്ട്രീയാധികാരത്തിലേക്ക് ഏതാണ്ട് മുക്കാൽ  നൂറ്റാണ്ട് കാത്തിരുന്നു കണക്കുകൂട്ടലുകളോടെ പ്രവർത്തിച്ച, ഇന്ത്യയുടെ സാമൂഹ്യശരീരത്തിലാകെ ഹിന്ദുത്വ വർഗീയതയുടെ വിഷം പടർത്തിയ സംഘപരിവാർ വിമതശബ്ദങ്ങളുടെ എല്ലാ സാധ്യതകളേയും അടിച്ചമർത്തുകയാണ്. 

ഒരു ജനാധിപത്യ പൗരസമൂഹത്തിൽ നിന്നുള്ള എല്ലാ വിമതശബ്ദങ്ങളേയും  നീതിയുടെ മാത്രമല്ല നിയമവാഴ്ചയുടെ പോലും സാമാന്യതത്വങ്ങളെ നിഷേധിച്ചുകൊണ്ട് അടിച്ചമർത്തുമ്പോൾ വലിയയളവിൽ നിശബ്ദമായിരുന്ന രാഷ്ട്രീയ കക്ഷി നേതൃത്വങ്ങളിലേക്ക്  ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം വരികയാണ്. ജനാധിപത്യ പൗരസമൂഹത്തിന്റെ സാന്നിദ്ധ്യമാണ് ഒരു ജനാധിപത്യ സമൂഹത്തിന്റെ നിലനില്പിനുള്ള നിർണ്ണായകമായ അടിത്തറകളിലൊന്നെന്ന് നമ്മെയിത് വീണ്ടും ഓർമ്മപ്പെടുത്തുന്നുണ്ട്. 

ഒന്നുറപ്പാണ്, ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം എല്ലാ തരത്തിലും ഇന്ത്യൻ ജനാധിപത്യത്തെ നിലവിലുള്ള ചട്ടക്കൂടിനുള്ളിലെ സംവിധാനങ്ങളുപയോഗിച്ചുതന്നെ തകർക്കുമ്പോൾ ഇന്ത്യ അമ്പരപ്പിക്കുന്ന നിശ്ശബ്ദതയിലാണ് എന്ന ദുരവസ്ഥ അവസാനിപ്പിക്കേണ്ട സമയമായി. ഇസ്രായേലിൽ ഭരണഘടനാ കോടതികളുടെ അധികാരവും സ്വാതന്ത്ര്യവും വെട്ടിക്കുറയ്ക്കാനുള്ള തീവ്ര വലതുപക്ഷ നെതന്യാഹു സർക്കാരിന്റെ നീക്കത്തിനെതിരെ ലക്ഷക്കണക്കിനാളുകളുടെ പ്രക്ഷോഭമാണ് ഓരോ ആഴ്ചയും അവിടെ നടക്കുന്നത്. ബ്രസീൽ മുതൽ ഫ്രാൻസ് വരെയും ലണ്ടൻ മുതൽ യു.എസ്.എ  വരെയുമുള്ള ഒരു രാജ്യത്തും ഇത്രയും ശൂന്യമായ തെരുവുകളിലേക്ക് വലതുപക്ഷ രാഷ്ട്രീയത്തിനും ഭരണകൂട അടിച്ചമർത്തലിനും ഇറങ്ങാൻ കഴിഞ്ഞിട്ടില്ല. പ്രതിഷേധത്തിന്റെ ഇരമ്പലുകൾ അവിടെയെല്ലാം ഉയർന്നിട്ടുണ്ട്. ജയവും തോൽവിയും മറ്റൊരു വിഷയമാണ്. ചരിത്രത്തിൽ  പോരാട്ടത്തിന്റെ തീ പടരുന്നത് ഭാവിയെ വേവിച്ചെടുക്കാൻകൂടിയാണ്. ഇന്ത്യയുടെ തെരുവുകളിൽ ആ തീ പടരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

രാഹുൽ ഗാന്ധിക്കെതിരായ ഭരണകൂട അടിച്ചമർത്തൽ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണ്. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള നീക്കമാണ്. ജനാധിപത്യത്തിന്റെ മരണത്തിലേക്കുള്ള അതിവേഗപാതയിലേക്കുള്ള വലിച്ചെറിയലാണ്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ വിചാരണ ചെയ്യപ്പെടേണ്ട ഒരു ഹിന്ദുത്വ ഫാഷിസ്റ്റായ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഈ സർക്കാർ ഭരണകൂട ഭീകരതയുടെ പുത്തൻരൂപത്തിലേക്ക് കടക്കുകയാണ്. നമുക്ക് മുന്നിലുള്ളത് സ്വതന്ത്ര ജനാധിപത്യ മതേതര ഇന്ത്യയിൽ ജീവിക്കണോ അതോ ഹിന്ദുത്വ-കോർപ്പറേറ്റ് ഭീകരതയുടെ അടിമകളായി ജീവിക്കണോ എന്ന ചോദ്യമാണ്. ഓരോ നിമിഷത്തേയും നിങ്ങളുടെ നിശബ്ദത അടിമത്തത്തിലേക്കുള്ള യാത്രയാണ്. 

രാഹുൽ ഗാന്ധിയല്ല ആദ്യത്തെ ഇര, അയാളാകില്ല  അവസാനത്തെയും.

Contact the author

Web Desk

Recent Posts

Web Desk 3 hours ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More
National Desk 5 days ago
Social Post

'പുതുമുഖങ്ങളെ സഹായിച്ച് സമയം കളഞ്ഞു, ഇനി എന്നെ കാണാന്‍ പണം നല്‍കണം'; കൂടിക്കാഴ്ച്ചയ്ക്ക് ഫീസ് നിശ്ചയിച്ച് അനുരാഗ് കശ്യപ്‌

More
More
Web Desk 1 week ago
Social Post

'സംസ്‌കാരഹീനമായ വൃത്തികെട്ട പ്രവൃത്തി' ; ജാസി ഗിഫ്റ്റിനെ അപമാനിച്ചതില്‍ ജി വേണുഗോപാല്‍

More
More
Web Desk 2 weeks ago
Social Post

വടകരയിലെ ആള്‍ക്കൂട്ടം കണ്ട് ആരും തിളയ്ക്കണ്ട, അത് ലീഗിന്റെ പണത്തിന്റെ പുളപ്പാണ്- കെ ടി ജലീല്‍

More
More
K T Kunjikkannan 1 month ago
Social Post

ഫാസിസത്തെ നാം പ്രണയം കൊണ്ട് പ്രതിരോധിക്കും- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 1 month ago
Social Post

ആ 'മഹാനെ'ത്തേടി ഭാരതരത്‌നം മലപ്പുറത്തെത്തിയാല്‍ അത്ഭുതപ്പെടാനില്ല; സാദിഖലി തങ്ങള്‍ക്കെതിരെ കെ ടി ജലീല്‍

More
More