ഡല്‍ഹി: ലോക്സഭാംഗത്വം റദ്ദാക്കിയതിനുപിന്നാലെ സാമൂഹ്യമാധ്യമങ്ങളിലെ ബയോ മാറ്റി രാഹുല്‍ ഗാന്ധി. മെമ്പര്‍ ഓഫ് പാര്‍ലമെന്റ് എന്നതുമാറ്റി 'ഡിസ് 'ക്വാളിഫൈഡ്' എംപി' എന്നാണ് രാഹുല്‍ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ പ്രതിപക്ഷ ഐക്യശബ്ദമാക്കി മാറ്റാന്‍ കോണ്‍ഗ്രസ് സ്ട്രാറ്റജി യോഗം തീരുമാനമെടുത്തിരുന്നു. രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കിയത് ഒരു പ്രചാരണായുധമാക്കി മാറ്റാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
നേതാക്കളുടെ ആഹ്വാനംപോലുമില്ലാതെ ജനങ്ങളില്‍നിന്ന് ലഭിക്കുന്ന പിന്തുണ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സൂറത്ത് കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് ധൃതിപ്പെട്ട് അപ്പീലിനുപോകാന്‍ സാധ്യതയില്ലെന്നാണ് വിവരം. അനുകൂലമായ സാഹചര്യങ്ങള്‍ മുതലെടുക്കാനാണ് പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ സത്യാഗ്രഹം ആരംഭിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലാണ് സത്യാഗ്രഹം. പ്രിയങ്കാ ഗാന്ധി, കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുളള നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാണിച്ച് ഡല്‍ഹി പൊലീസ് പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് ലംഘിച്ചാണ് കോണ്‍ഗ്രസ് സത്യാഗ്രഹം നടത്തുന്നത്.