തിരുവനന്തപുരം: വനിതാ നേതാക്കള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശത്തില്‍ സിപിഎം കേസ് കൊടുക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് അത് ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വന്തം പാര്‍ട്ടിയിലുളള വനിതകളെ ഏറ്റവും മ്ലേച്ഛമായ രീതിയില്‍ അധിക്ഷേപിച്ചിട്ടും ഒരു സിപിഎം നേതാവിന്റെയും ചുണ്ടനങ്ങുന്നില്ലെന്നും സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ യുഡിഎഫ് ശക്തമായി പ്രതിഷേധിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. കെ സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചുകൊഴുത്ത് പൂതനകളെപ്പോലെയായി എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ബിജെപി അധ്യക്ഷന്‍ സ്വന്തം പാര്‍ട്ടിയിലുളള വനിതകളെ ഏറ്റവും മ്ലേച്ഛമായ രീതിയില്‍ അധിക്ഷേപിച്ചിട്ടും ഒരു സിപിഎം നേതാവിന്റെയും ചുണ്ടനങ്ങിയില്ല. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡന്മാരെ യുഡിഎഫ് എംഎല്‍എമാര്‍ മര്‍ദ്ദിച്ചുവെന്ന് കളളപ്രചാരണം നടത്തിയ മുഖ്യമന്ത്രിയുടെ ചുണ്ടനങ്ങിയില്ല, കെ കെ രമ വ്യാജ പ്ലാസ്റ്ററിട്ടതാണെന്ന് വ്യാജ ആരോപണം ഉന്നയിച്ച പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെയും ചുണ്ടനങ്ങിയില്ല. കെ സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ യുഡിഎഫ് ശക്തമായി പ്രതിഷേധിക്കുന്നു. സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം. സിപിഎമ്മില്‍നിന്ന് ആരും പരാതി നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ തന്നെ പരാതി കൊടുക്കും'- വി ഡി സതീശന്‍ പറഞ്ഞു.