തിരുവനന്തപുരം: സിപിഎമ്മിലെ വനിതകള്‍ക്കെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി എ എ റഹീം എംപി. കെ സുരേന്ദ്രന്റെ മനസിലെ സ്ത്രീവിരുദ്ധത എത്രത്തോളമുണ്ട് എന്നതിന്റെ തെളിവാണ് ഇത്തരം പരാമര്‍ശങ്ങളെന്നും സ്ത്രീവിരുദ്ധതയാല്‍ വാര്‍ത്തെടുക്കപ്പെട്ട പാര്‍ട്ടിയാണ് ബിജെപിയെന്ന് സുരേന്ദ്രന് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും എ എ റഹീം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'കെ സുരേന്ദ്രന്റെ പരാമര്‍ശം പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. സ്ത്രീവിരുദ്ധതയും ബോഡി ഷെയ്മിംഗും ആധുനിക കാലത്തിന് ചേര്‍ന്നതല്ലെന്ന് സുരേന്ദ്രന് മനസിലാക്കണം. ഇക്കാലത്ത് സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ചേര്ന്നുനില്ക്കാന് പറ്റാത്ത പാര്‍ട്ടിയാണ് ബിജെപി. സുരേന്ദ്രന്റെ പരാമര്‍ശത്തില്‍ നിര്‍മ്മലാ സീതാരാമനും സ്മൃതി ഇറാനിയുമടക്കം നിലപാട് വ്യക്തമാക്കണം'- എ എ റഹീം കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിലെ സ്ത്രീകളെല്ലാം തടിച്ചുകൊഴുത്ത് പൂതനകളെപ്പോലെയായി എന്നായിരുന്നു സുരേന്ദ്രന്റെ വിവാദ പരാമര്‍ശം. ഓരോരുത്തരുടെയും സംസ്കാരം അവര്‍ പറയുന്ന വാക്കുകളില്‍ കാണാന്‍ കഴിയുമെന്നും അത് അവരുടെ നിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുമാണ് വിഷയത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്.