കൊച്ചി: മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കാതല്‍ സിനിമയുടെ റിലീസ് നീളുമെന്ന് റിപ്പോര്‍ട്ട്. ചിത്രം ഏപ്രിലില്‍ റിലീസാകുമെന്ന് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 'കാതല്‍ ദ കോര്‍' സിനിമയുടെ റിലീസ് മാറ്റിവച്ചേക്കുമെന്നാണ് മൂവി ട്രാക്കേഴ്സായി ഫ്രൈഡേ മാറ്റ്നി ട്വീറ്റ് ചെയ്തിരിക്കുന്നത്.
അടുത്തിടെ 'കാതല്‍ ദി കോറി'ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ചിത്രം മമ്മൂട്ടി കമ്പനി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മമ്മൂട്ടിയും ജ്യോതികയും ഒരുമിച്ചുള്ള ഫ്രെയിമും ഡബ്ബിംഗ്, ഓഡിയോ മികിസിങ് നടക്കുന്നതിന്റെ ചിത്രവുമാണ് പങ്കുവെച്ചത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും സാമൂഹിക മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. വീടിന്റെ മുന്‍വശത്ത് വര്‍ത്തമാനം പറഞ്ഞിരിക്കുന്ന ജ്യോതികയും മമ്മൂട്ടിയുമാണ് പോസ്റ്റിലുണ്ടായിരുന്നത്. ജിയോ ബേബിയാണ് കാതല്‍ സംവിധാനം ചെയ്യുന്നത്.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാൻന്റെ വേഫേറെർ ഫിലിംസാണ് വിതരണം ചെയ്യുക. റോഷാക്ക്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ. വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അടുത്തിടെ മമ്മൂട്ടി നായകനായി എത്തിയ സിനിമകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അതുകൊണ്ടുതന്നെ ഈ സിനിമയും ആരാധകര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.