വിവാന്‍ സുന്ദരം: കരുത്തുറ്റ കലാകാരന്‍; സമര്‍ത്ഥനായ സംഘാടകന്‍ - എം എ ബേബി

അന്തരിച്ച വിവാന്‍ സുന്ദരത്തെ അനുസ്മരിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. സോഷ്യലിസ്റ്റ് ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ 1978ൽ നടന്ന ലോകയുവജന-വിദ്യാർത്ഥി മേളയിലാണ് അന്നു യുവാവായിരുന്ന, വിവാൻ സുന്ദരം എന്ന അതുല്യകലാകാരനെ താന്‍ പരിചയപ്പെടുന്നതെന്നും തന്‍റെ കൈയിൽ അത്യാവശ്യത്തിന് കരുതിവച്ചിരുന്ന ഡോളർ തുട്ടുകൾ ഇയാൾക്ക് കൈമാറിക്കൊണ്ടാണ് ഈ പരിചയം തുടങ്ങിയതെന്നും എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

സോഷ്യലിസ്റ്റ് ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ 1978ൽ നടന്ന ലോകയുവജന-വിദ്യാർത്ഥി മേളയിലാണ് അന്നുയുവാവായിരുന്ന, വിവാൻ സുന്ദരം എന്ന അതുല്യകലാകാരനെ ഞാൻ പരിചയപ്പെടുന്നത്. രസകരമായകാര്യം, എന്റെ കൈയിൽ അത്യാവശ്യത്തിന്  കരുതിവച്ചിരുന്ന ഡോളർ തുട്ടുകൾ ഇയാൾക്ക് കൈമാറിക്കൊണ്ടാണ് ഈ പരിചയം തുടങ്ങുന്നത് എന്നതാണ്! ഞങ്ങളുടെ ടീമിന്റെ ചുമതലയുണ്ടായിരുന്ന സ: പ്രകാശ് കാരാട്ട് നിർദ്ദേശിച്ചതുപ്രകാരമാണ് ഞങ്ങളൊക്കെ സൂക്ഷിച്ചുവച്ചിരുന്ന കീശപ്പണം ഏതാണ്ട് പൂർണ്ണമായി ഈ യുവാവിന് കൈമാറിയത്. ക്യൂബയിൽ നിന്ന് തൊട്ടടുത്ത രാജ്യമായ മെക്സിക്കോ വിവാന് സന്ദർശിക്കാനുള്ള  യാത്രച്ചിലവ് സ്വരൂപിക്കാനുള്ള പിരിവാണ് ഞങ്ങളുടെ യാത്രാസംഘത്തിന്റെ നേതാവിന്റ ആഭിമുഖ്യത്തിൽ നടത്തിയത്.  വിവാന്റെ സ്വപ്നസാക്ഷാത്ക്കാരമായിരുന്നു ആ യാത്ര. 

ഡിഗോ റിവറയുടേയും ഫ്രിഡ കാലോയുടേയും നാട് സന്ദർശിക്കാനുള്ള തീവ്രാഭിലാഷത്തിന്റെ നിറവേറലിന് ആവശ്യമായ യാത്രക്കൂലിസമാഹരിക്കാൻ സ: പ്രകാശ് തന്നെ മുൻകൈ എടുത്തത് വിവാൻ സുന്ദരം എന്ന കലാകാരൻ ഭാവിയിൽ എന്താകുമെന്ന വ്യക്തമായ തിരിച്ചറിവുകൊണ്ടും അതിൽ മെക്സിക്കൻ കലാപരിചയം മൂല്യവത്തായ പലതും സംഭാവന ചെയ്യുമെന്ന ഉറപ്പുകൊണ്ടുമായിരുന്നു. കലാലോകത്തിന്റെ അഭിമാനമായി അനുക്രമം ഉയരുന്ന വിവാനെയാണ് പിന്നീട് നാമെല്ലാം കണ്ടത്.

ലോകപ്രശസ്ത കലാകാരി അമൃത ഷെർഗിലിൻറെ കസിൻ ആണ് വിവാൻ. ഷിംലയിൽ പഞ്ചാബി-തമിഴ് കുടുംബത്തിൽ ജനിച്ച അദ്ദേഹം യൂറോപ്പിലെ കലാവിദ്യാഭ്യാസകാലത്തു തന്നെ,  1968 മെയ് മാസത്തിലെ വിദ്യാർത്ഥി പ്രസ്ഥാനകാലത്ത്, അതിൽ സജീവമായിരുന്നു. പിന്നീട് ലണ്ടനിൽ കലാകാരുടെ ഒരു കമ്യൂൺ സ്ഥാപിക്കാൻ വിവാൻ മുൻകൈ എടുത്തു. 1971-ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം കലാകാരന്മാരുടെയും വിദ്യാർത്ഥികളുടെയും ഗ്രൂപ്പുകളുമായി ചേർന്ന് പരിപാടികളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാൻ പ്രവർത്തിച്ചു, പ്രത്യേകിച്ചും അടിയന്തരാവസ്ഥാ വർഷങ്ങളിൽ. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ, "... 1968 മെയ് മാസത്തിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിലുണ്ടായ എന്റെ രാഷ്ട്രീയവൽക്കരണം സിപിഐ എമ്മിലെ സഖാക്കളുമായി ചേർന്ന് ഒരു പ്രത്യേക പ്രത്യയശാസ്ത്രപരമായ ആഭിമുഖ്യം സ്വീകരിച്ചു, ഞാൻ ഒരിക്കലും പാർട്ടിയിൽ അംഗമായിട്ടില്ല എങ്കിലും..." ഈ സാഹചര്യത്തിൽ ആണ് 1978ലെ ഞങ്ങളുടെ പരിചയപ്പെടൽ ഒരു സൗഹൃദമായി വളരുന്നത്.  

ഡി വൈ എഫ് ഐ യുടെ മൂന്നാം അഖിലേന്ത്യാ സമ്മേളനം ബോംബെയിൽ ഉൽഘാടനം ചെയ്തത് വിവാനായിരുന്നു. അത് തികച്ചും അസാധാരണമായ ഒരു ഉൽഘാടനമായിരുന്നു. ഉൽഘാടപ്രസംഗത്തിനുപകരം "കൊയ്ത്തുപാടത്തെ യുവാവിന്റെ" ചിത്രം വേദിയിലെ തിരശ്ശീലയിൽ ആവിഷ്ക്കരിച്ച് അതിന്റെ സൂക്ഷ്മവിശദാംശങ്ങൾ പ്രതിനിധികൾക്ക് അനുഭവവേദ്യമാക്കുകയാണുണ്ടായത്. കലാനിലവാരമുള്ള കടലാസിൽ അച്ചടിച്ച വിവാന്റെ പെയിന്റിംഗിന്റെ മികച്ച പകർപ്പുകൾ ഓരോ പ്രതിനിധിക്കും നൽകുകയും ചെയ്തു. ദൽഹിയിൽ നാടകാവതരണസ്ഥലത്തുവച്ച് കോൺഗ്രസ്സുകാർ തലഅടിച്ചുതകർത്ത് കൊലപ്പെടുത്തിയ പ്രതിഭാശാലിയായ കലാകാരൻ, രക്തസാക്ഷി സഫ്ദർ ഹാഷ്മിയുടെ സ്മരണാർത്ഥം രൂപീകരിച്ച 'സഹ്മത്ത്', വിവാന്റെ സംഘടനാസാമർത്ഥ്യത്തിന്റെ നിദർശനമായിരുന്നു. 1989 മുതൽ സഹ്മത്തിൻറെ സ്ഥാപക ട്രസ്റ്റി എന്ന നിലയിൽ, പ്രത്യേകിച്ചും 1990 മുതൽ 2003 വരെയുള്ള കാലഘട്ടത്തിൽ സജീവമായ രാഷ്ട്രീയപ്രവർത്തനത്തിൻറെ ഭാഗമായിരുന്നു അദ്ദേഹം. സഹ്മത്തിന് വേണ്ടി വിവാൻ  ചെറുതും വലുതുമായ നിരവധി പ്രദർശനങ്ങൾ ക്യൂറേറ്റ് ചെയ്തിട്ടുണ്ട്. അന്യാദൃശപ്രതിഭാശാലിയായ ഈ കലാകാരൻറെ കലാസപര്യ വിപുലവും ആഴത്തിലുള്ളതുമായിരുന്നു. 

1981-ൽ ‘പ്ലേസ് ഫോർ പീപ്പിൾ’ എന്ന വളരെ പ്രധാനപ്പെട്ട ഒരു ഗ്രൂപ്പ് എക്സിബിഷനിൽ വിവാൻ പങ്കെടുത്തു. 1990 മുതൽ അദ്ദേഹം ശിൽപം, ഫോട്ടോഗ്രാഫുകൾ, വീഡിയോ എന്നിവ ഉൾപ്പെടുന്ന ഇൻസ്റ്റാളേഷനുകൾ നിർമ്മിച്ചു: ബോംബെയിലെ വർഗീയ കലാപത്തിനോടുള്ള പ്രതികരണമായി ചെയ്ത മെമ്മോറിയൽ (1993, 2014), കൽക്കട്ടയിലെ വിക്ടോറിയ മെമ്മോറിയലിൽ ചെയ്ത ഹിസ്റ്ററി പ്രോജക്റ്റ് എന്ന് അറിയപ്പെടുന്ന ഇൻസ്റ്റലേഷൻ (1998), ദി ഷേർ-ഗിൽ ആർക്കൈവ് (1995), ഉംറാവു സിംഗ് ഷേർ-ഗിൽ എടുത്ത ഫോട്ടോഗ്രാഫുകളെ അടിസ്ഥാനമാക്കി, ചെയ്ത  'അമൃത' (2001-06), 2012-ൽ, കേരളത്തിലെ പട്ടണം/മുസിരിസ് ഉത്ഖനനത്തിൽ നിന്നുള്ള മൺപാത്രങ്ങൾ കൊണ്ട് നിർമിച്ച ഇൻസ്റ്റലേഷൻ "ബ്ലാക്ക് ഗോൾഡ്" കൊച്ചി മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചു. 

രാംകിങ്കർ ബൈജ് എന്ന കലാകാരനെക്കുറിച്ചുള്ള  409 രാംകിങ്കെർസ്, തിയേറ്റർ സംവിധായകരായ അനുരാധ കപൂർ, സന്തനു ബോസ് എന്നിവരോടൊപ്പം 2015-ൽ തയ്യാറാക്കി. 2017-ൽ, റോയൽ ഇന്ത്യൻ നേവിയുടെയും ബോംബെയിലെ തൊഴിലാളിവർഗത്തിന്റെയും പ്രക്ഷോഭത്തെക്കുറിച്ചുള്ള "മീനിംഗ്സ് ഓഫ് ഫെയിൽഡ് ആക്ഷൻ: ഇൻസറക്ഷൻ 1946" എന്ന ഒരു പബ്ലിക് ആർട്ട് പ്രോജക്റ്റ്, ആശിഷ് രാജാധ്യക്ഷ, സൗണ്ട് ആർട്ടിസ്റ്റ് ഡേവിഡ് ചാപ്മാൻ എന്നിവരോടൊപ്പം ചെയ്തതാണ്.  ന്യൂഡൽഹിയിലെ കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്ട് വിവാൻറെ 50 വർഷത്തെ ഒരു റിട്രോസ്‌പെക്‌റ്റീവ് എക്‌സിബിഷൻ, 'സ്റ്റെുപ് ഇൻസൈഡ് ;യൂ ആർ നോ ലോംഗർ ഏ സ്ട്രേഞ്ജർ," 2018 ഫെബ്രുവരി മുതൽ ജൂൺ വരെ പ്രദർശിപ്പിച്ചു. 'ഡിസ്‌ജങ്ക്‌ചേഴ്‌സ്' എന്ന പേരിൽ വിവാൻറെ ഒരു സോളോ സർവേ എക്‌സിബിഷൻ, 2018 ജൂൺ മുതൽ 2019 ജനുവരി വരെ മ്യൂണിക്കിലെ ഹൗസ് ഡെർ കുൻസ്റ്റിൽ പ്രദർശിപ്പിച്ചു.

അടുത്തിടെ, ഷാർജ ബിനാലെയുടെ 30-ാം വാർഷിക പതിപ്പിനെ അടയാളപ്പെടുത്തുന്നതിനായി പുതിയ സൃഷ്ടികൾ നിർമ്മിക്കാൻ പ്രത്യേകം നിയോഗിക്കപ്പെട്ട 30 കലാകാരന്മാരിൽ ഒരാളായിരുന്നു വിവാൻ സുന്ദരം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഷാർജ ബിനാലെയിൽ (ഫെബ്രുവരി മുതൽ ജൂൺ 2023 വരെ) "ഹിസ്റ്റോറിക്കലി ഇൻ ദ പ്രസന്റ്" വിവാൻറെ ഫോട്ടോഗ്രാഫി അധിഷ്‌ഠിത പദ്ധതിയായ "സിക്‌സ് സ്‌റ്റേഷൻസ് ഓഫ് എ ലൈഫ് പേഴ്‌സ്യുഡ്" (2022) ഉൾപ്പെടുന്നു. 

 ഇന്ത്യയിലെ പല നഗരങ്ങളിലും ലണ്ടൻ, പാരീസ്, ടൊറന്റോ, മോൺട്രിയൽ, വാൻകൂവർ, ആംസ്റ്റർഡാം, ബുഡാപെസ്റ്റ്, കോപ്പൻഹേഗൻ, ന്യൂയോർക്ക്, ചിക്കാഗോ, ഡാലസ്, ലോസ് ഏഞ്ചൽസിലെ ഫൗളർ മ്യൂസിയം എന്നിവിടങ്ങളിലും വിവാൻ സോളോ ഷോകൾ നടത്തിയിട്ടുണ്ട്. ഹവാന, ജോഹന്നാസ്ബർഗ്, ക്വാങ്‌ജു, തായ്‌പേയ്, ഷാർജ, ഷാങ്ഹായ്, സിഡ്‌നി, സെവില്ലെ, ബെർലിൻ, ഏഷ്യ-പസഫിക് ട്രൈനിയൽ, ബ്രിസ്‌ബേൻ എന്നിവിടങ്ങളിലെ ബിനാലെകളിൽ അദ്ദേഹത്തിൻറെ കലാവസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

ജേണൽ ഓഫ് ആർട്‌സ് & ഐഡിയാസ് (1981–99)ൻറെ  എഡിറ്റോറിയൽ കളക്‌ടീവിൽ അതിന്റെ തുടക്കം മുതൽ തന്നെ അദ്ദേഹം വിവിധ സംഭാവനകൾ നൽകി. അമൃത ഷെർഗിലിനെക്കുറിച്ചുള്ള അമൃത ഷെർഗിൽ എന്ന രണ്ട് വാല്യങ്ങളുള്ള പുസ്തകത്തിന്റെ എഡിറ്ററുമായിരുന്നു വിവാൻ സുന്ദരം. ഈ വർഷം ജനുവരി ആദ്യമായിരുന്നു , അവസാനമായി വിവാനെ കണ്ടത്; സഫ്ദർ ഹാഷ്മി ദിനത്തിൽ. 'കൊച്ചി മുസിരിസ് ബിയനലേ'യുടെ കരുത്തുറ്റ സഹയാത്രികനെന്നനിലയിലും മഹാനായ ഈ കലാകാരൻ എന്നും ഓർമ്മിക്കപ്പെടും.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Social Post

കേരളത്തില്‍ ഭൂമിക്ക് വിലകുറയും- മുരളി തുമ്മാരുകുടി

More
More
Web Desk 12 hours ago
Social Post

ബിഗ്ബോസിലെ മാരാരിസവും ഏഷ്യാനെറ്റും - മൃദുലാദേവി

More
More
Web Desk 1 day ago
Social Post

മന്ത്രിസ്ഥാനത്തിനോ എംപി സ്ഥാനത്തിനോ വേണ്ടിയല്ല അവരുടെ സമരം; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ഷെയ്ന്‍ നിഗം

More
More
Web Desk 3 days ago
Social Post

തരൂരിന്‍റേത് എന്തൊരു ലജ്ജാകരമായ നിലപാടാണ്- ഡോ. തോമസ്‌ ഐസക്ക്

More
More
Web Desk 4 days ago
Social Post

സന്യാസിമാരെ മുൻനിർത്തി നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോൾ നെഹ്റു എങ്ങനെ നേരിട്ടു?!- പി എന്‍ ഗോപികൃഷ്ണന്‍

More
More
Web Desk 4 days ago
Social Post

ആർഎസ്എസുകാരുടെ ആശയദാരിദ്ര്യം ആണ് ഡല്‍ഹിയില്‍ കണ്ടത് - എം എ ബേബി

More
More