ജയ്പൂര്‍: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനുമെതിരെ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്ത്. ഇരുവരും രാഹുല്‍ ഗാന്ധിക്കെതിരെ ഇത്രയും തരംതാഴ്ന്ന ഭാഷയില്‍ സംസാരിക്കുമെന്ന് താന്‍ കരുതിയില്ലെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഇത്രയധികം ആക്രമണങ്ങളുണ്ടായിട്ടും രാഹുല്‍ ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നതില്‍നിന്ന് പിന്മാറാത്തത് ബിജെപിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അതുകൊണ്ട് കോണ്‍ഗ്രസ് വിട്ട നേതാക്കളെ ബിജെപി രാഹുലിനെതിരെ സംസാരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും ഗെഹ്ലോട്ട് പറഞ്ഞു.
'ഈ നേതാക്കളെല്ലാം ഏത് പ്രത്യയശാസ്ത്രത്തിനെതിരെ ജീവിതകാലം മുഴുവന്‍ പോരാടുമെന്ന് ശപഥം ചെയ്തോ, അതേ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തോടൊപ്പമാണ് ഇപ്പോള്‍ നില്‍ക്കുന്നത്'- ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു. ഒരു പ്രത്യയശാസ്ത്രവുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടി പ്രത്യേക പരിഗണനയാണ് നല്കുന്നതെന്നുമാണ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അടുത്ത പതിറ്റാണ്ടുകളിലൊന്നും കോണ്‍ഗ്രസിന് അധികാരം ലഭിക്കില്ലെന്നും പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയ്ക്കു കാരണം രാഹുല്‍ ഗാന്ധിയാണെന്നുമാണ് ഗുലാം നബി ആസാദ് പറഞ്ഞത്. രാഹുല്‍ ഗാന്ധി കാരണമാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്നും പ്രാദേശിക നേതാക്കളുടെ കഴിവുകൊണ്ടാണ് കോണ്‍ഗ്രസ് ഇതുവരെ പിടിച്ചുനിന്നതെന്നും ആസാദ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അശോക് ഗെഹ്ലോട്ട് രംഗത്തെത്തിയത്.