മീഡിയ വണിനെപ്പോലെ ഇത്രയും സൂക്ഷ്മമായി നിയമപരിശോധനയ്ക്ക് വിധേയമാക്കപ്പെട്ട മറ്റൊരു ചാനലില്ല - പ്രമോദ് രാമന്‍

മീഡിയ വണിനെപ്പോലെ രാജ്യത്തുതന്നെ ഇത്രയും സൂക്ഷ്മമായി നിയമപരിശോധനയ്ക്ക് വിധേയമാക്കപ്പെട്ട മറ്റൊരു ചാനലില്ലെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍. ഉള്ളടക്കം, ഉടമസ്ഥത, നടത്തിപ്പ്, ഭൂതവും വര്‍ത്തമാനവും എന്നിങ്ങനെ ഈ  ചാനലിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കപ്പെട്ടിരിക്കുന്നു. മാനേജിങ് കമ്മറ്റി, ഡയറക്ടര്‍മാര്‍, ഓഹരിപങ്കാളികള്‍, എഡിറ്റോറിയല്‍ നേതൃത്വം ഇവരില്‍ ആരെയെങ്കിലും കുറിച്ചോ ഈ ഡിപ്പാര്‍ട്ട്മെന്റുകളുടെയെല്ലാം പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ഇനി നിങ്ങള്‍ക്ക്, വിദ്വേഷത്തിന്റെ കോളാമ്പി വായര്‍ക്ക്, ഒരക്ഷരം പറയാന്‍ കഴിയില്ലെന്നും പ്രമോദ് രാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

'മീഡിയ വണ്‍ ചാനലിന്റെ കേസൊക്കെ തീര്‍ന്നല്ലോ അല്ലേ?'

 'മീഡിയ വണ്‍ ഇപ്പോ യൂ ട്യൂബില്‍ മാത്രല്ലേ ഉള്ളൂ?'

'മീഡിയ വണിന്റെ കേസെന്തായി?'

കാണുമ്പോഴും വിളിക്കുമ്പോഴുമെല്ലാം ഇങ്ങനെയൊക്കെ പറയുന്നവരും ചോദിക്കുന്നവരുമെല്ലാം ഉള്‍പ്പെട്ട കേരളീയ സമൂഹത്തിനുമുന്നിലേക്കാണ് സുപ്രിംകോടതിയുടെ വിധി ബ്രേക്കിങ് ന്യൂസായി വന്നുവീണത്. ഇന്നിപ്പോള്‍ ഈ വിധി ഇന്ത്യന്‍ ജനാധിപത്യത്തില്‍ മാധ്യമപ്രവര്‍ത്തനത്തിനുള്ള മാഗ്നാ കാര്‍ട്ടയാണെന്ന് പറയാനാളുണ്ട്. അത് സത്യവുമാണ്. പക്ഷേ കഴിഞ്ഞ ഒരുവര്‍ഷവും രണ്ടുമാസവും ഓരോദിവസവും മീഡിയ വണിന്റെ ഭാഗമായി ജീവിച്ച ഇവിടുത്തെ മുന്നൂറിലധികം ജീവനക്കാര്‍ക്ക് അറിയാം, ഈ ചരിത്രവിധി കൈവരുമ്പോള്‍ ഏതുവിധത്തിലുള്ള വിഷപ്പുക നീങ്ങിയാണ് ശുദ്ധവായു ശ്വസിക്കുന്നതെന്ന്.

വിദ്വേഷപ്രചാരണത്തിന്റെ വിഷപ്പുകയെക്കുറിച്ചാണ് പറയുന്നത്. കേരളീയസമൂഹത്തിലെ ഭൂരിപക്ഷം പേരും മീഡിയ വണിനെ പിന്തുണച്ചും മാധ്യമസ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള ആക്രമണം തള്ളിപ്പറഞ്ഞും കൂടെനിന്നു. പക്ഷേ, അവസരം മുതലാക്കി ആരംഭിച്ച ചില സംഘടിത - വ്യക്തിഗത പ്രചാരണങ്ങള്‍ ലെഗസി മാലിന്യത്തിന് തീപിടിച്ചാലെന്നപോലെ പുറത്തുവിട്ട പുക ഞങ്ങളുടെ നെഞ്ചകത്ത് കെട്ടിക്കിടക്കുകയായിരുന്നു. ജിഹാദി ചാനല്‍, തീവ്രവാദി ചാനല്‍, മൗദൂദി ചാനല്‍ - ഈ വിളികളില്‍ തുടങ്ങി അറയ്ക്കുന്ന ഭാഷയിലുള്ള തെറിവിളികള്‍ വരെ. കശ്മീര്‍ റിപ്പോര്‍ട്ടിങ്ങിലൂടെ നടത്തിയ വര്‍ഗീയ പരാമര്‍ശത്തിന്റെ പേരിലാണ് ഈ വിലക്കെന്ന് ആഭ്യന്തര മന്ത്രാലയത്തില്‍ തനിക്കുള്ള സ്വാധീനം വച്ച് കണ്ടുപിടിച്ചെന്ന് ഒരു 'ഒളി ക്യാമറാ വിദഗ്ധന്‍' ഗീര്‍വാണ വീഡിയോ ഇറക്കി. പതിനായിരക്കണക്കിന് മനുഷ്യരുടെ ചെറിയ ചെറിയ ഓഹരികള്‍ മൂലധനമാക്കിയ ഈ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരുടെ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് വിദേശപണം വന്നുവെന്നും അതാണ് വിലക്കിന് കാരണമെന്നും മറ്റുചില കേന്ദ്രങ്ങളില്‍ നിന്ന് കഥയിറങ്ങി. കേന്ദ്രസര്‍ക്കാര്‍ മീഡിയാവണിന്റെ അടിവേര് പിഴുതുവെന്ന് സ്വകാര്യസംഭാഷണങ്ങളില്‍ പറഞ്ഞുപറഞ്ഞ് പരസ്യമാക്കിയവര്‍ വേറെ. അപകടം മണത്തറിഞ്ഞ് രാജീവ് ദേവരാജ് ആദ്യം ചാടിയെന്നും അഭിലാഷ് മോഹനന്‍ പിറകേ ഗമിച്ചുവെന്നും ഒന്നുമറിയാതെ വന്ന പ്രമോദ് രാമനും സ്മൃതി പരുത്തിക്കാടും പെട്ടുവെന്നും മഞ്ഞ - നീല മാധ്യമങ്ങള്‍. തത്വവും ആദര്‍ശവും പറഞ്ഞ് സമയം കളയാതെ അമിത്ഷായെ ചെന്നുകണ്ട് ലൈസന്‍സ് എങ്ങനെയെങ്കിലും വാങ്ങിയെടുക്കൂ എന്ന് ഉപദേശിച്ച, ഡല്‍ഹിയിലെ അധോതല ഇടപാടുകാര്‍.

ഇങ്ങനെ ചിലരില്‍ തുടങ്ങി പലരാലും ഊതി വീര്‍പ്പിക്കപ്പെട്ട് ആകാശത്തേക്കുയര്‍ന്ന നുണബലൂണുകള്‍ ആ നാളുകളില്‍ കേരളീയ സാമൂഹികമാധ്യമ ലോകത്തെ 'വര്‍ണഭരിത'മാക്കി.  നുണ പോലെ നിറം പിടിക്കാന്‍ എളുപ്പമുള്ള മറ്റൊന്നുമില്ലല്ലോ. പക്ഷേ നുണകള്‍ ഒന്നൊന്നായി പൊട്ടിപ്പൊടിഞ്ഞുകിടക്കുന്നു, സുപ്രിംകോടതി വിധിയിലൂടെ. കേന്ദ്രസര്‍ക്കാരിന്റെ സംപ്രേഷണവിലക്ക് വന്ന് മണിക്കൂറുകള്‍ കൊണ്ട് ഞാന്‍ മീഡിയ വണിന്റെ മാനേജ്മെന്റ് തലത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്   മനസ്സിലാക്കിയ കാര്യങ്ങളൊക്കെയും സുപ്രിംകോടതിയുടെ മുദ്രപതിഞ്ഞ വാസ്തവങ്ങളായി തെളിഞ്ഞുനില്‍ക്കുന്നു. ഇന്നിപ്പോള്‍ നിസ്സംശയം പറയാം. രാജ്യത്തുതന്നെ ഇത്രയും സൂക്ഷ്മമായി നിയമപരിശോധനയ്ക്ക് വിധേയമാക്കപ്പെട്ട മറ്റൊരു ചാനലില്ല. ഉള്ളടക്കം, ഉടമസ്ഥത, നടത്തിപ്പ്, ഭൂതവും വര്‍ത്തമാനവും എന്നിങ്ങനെ ഈ  ചാനലിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കപ്പെട്ടിരിക്കുന്നു. സുപ്രിംകോടതിയുടെ നീതിബോധത്തിന്റെ ഏത് അളവുകോല്‍ വച്ച് പരിശോധിച്ചിട്ടും ഒരുതരി കളങ്കം കാണാനില്ല. അങ്ങനെയൊരു തരി ഉണ്ടായിരുന്നെങ്കില്‍ അതിനെ ഭൂഗോളത്തോളം വലുതാക്കി കോടതിക്കു മുന്നിലെത്തിക്കാന്‍ തിടുക്കപ്പെട്ടു നിന്ന കേന്ദ്രസര്‍ക്കാരിന് പരാജയം സമ്മതിക്കേണ്ടിവന്നു. മാനേജിങ് കമ്മറ്റി, ഡയറക്ടര്‍മാര്‍, ഓഹരിപങ്കാളികള്‍, എഡിറ്റോറിയല്‍ നേതൃത്വം ഇവരില്‍ ആരെയെങ്കിലും കുറിച്ചോ ഈ ഡിപ്പാര്‍ട്ട്മെന്റുകളുടെയെല്ലാം പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ഇനി നിങ്ങള്‍ക്ക്, വിദ്വേഷത്തിന്റെ കോളാമ്പി വായര്‍ക്ക്, ഒരക്ഷരം പറയാന്‍ കഴിയില്ല.

2022 എന്ന വര്‍ഷം പിന്നിട്ട് 2023 ഏപ്രില്‍ മാസത്തിലെത്തുമ്പോള്‍ മീഡിയ വണ്‍ നേടിയെടുക്കുന്നത് നിലനില്‍പിന് സംരക്ഷണം നല്‍കുന്ന ഒറ്റവരിക്കോടതിവിധിയല്ല. നാലാഴ്ചയ്ക്കകം ആ ലൈസന്‍സ് കേന്ദ്രമിങ്ങ് തരേണ്ടിവരും. ഇത്തരമൊരു അമളി ആവര്‍ത്തിക്കാതിരിക്കാന്‍ നോക്കേണ്ടത് ഇനി അവരുടെ ബാധ്യതയാകും. മാധ്യമപ്രവര്‍ത്തനം ഇക്കാലഘട്ടത്തില്‍ നേരിടുന്ന പല ഭീഷണികള്‍ക്കുമെതിരായി മാധ്യമങ്ങള്‍ക്ക് സംരക്ഷണകവചം ഒരുക്കുന്ന ഈ വിധിയിലെ തീര്‍പ്പുകള്‍ ഇന്നാട്ടിലെ നിയമമായിക്കഴിഞ്ഞു.  ഈ വിധിയുടെ അന്ത:സത്ത ഉള്‍ക്കൊണ്ട് അന്തസ്സോടെ പ്രവര്‍ത്തിക്കണോ അതോ ഇനിയും ഭയത്തിന്റെ മാളത്തിലിരുന്ന് തലനീട്ടണോ എന്ന ചോദ്യം മാധ്യമങ്ങള്‍ക്കു മുന്നില്‍ തന്നെ തുറന്നുവയ്ക്കുന്നു, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ പരമോന്നതനീതിപീഠം.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 4 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 3 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More