പഞ്ചാബ് കിങ്ങിനെ പരാജയപ്പെടുത്തിയതിനുപിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് നായകന് ഹാര്‍ദിക് പാണ്ഡ്യക്ക് പിഴ. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ 12ലക്ഷം രൂപ ഹാര്‍ദിക് പാണ്ഡ്യ പിഴയായി അടക്കണമെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചു. മത്സരത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഐ പി എല്‍ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനും ബി സി സി ഐ പിഴയിട്ടിരുന്നു. ഇതേ കാരണത്താല്‍ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡ്യൂപ്ലെസിക്കും കഴിഞ്ഞ ദിവസം പിഴ ചുമത്തിയിരുന്നു.
മൂന്ന് മണിക്കൂറും 20 മിനുട്ടുമാണ് ഒരു ഐ.പി.എല്‍ മത്സരത്തിന് അനുവദിച്ചിരിക്കുന്ന സമയം. അതേസമയം, അവസാന ഓവര്‍ വരെ അവേശം നീണ്ട മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരേ തകര്‍പ്പന്‍ പ്രകടനമാണ് ഗുജറാത്ത് ടൈറ്റന്‍സ് കാഴ്ചവെച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കെയാണ് ഗുജറാത്ത് മറികടന്നത്. സീസണിലെ ഗുജറാത്തിന്റെ മൂന്നാം ജയമാണിത്. പഞ്ചാബിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയും. അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിനായി തിളങ്ങിയത്