വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്. കൃസ്ത്യന്‍ വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെ അരമനകള്‍ സന്ദര്‍ശിച്ച് മറുപടി നല്‍കാനാണ് കോണ്‍ഗ്രസ് ആദ്യം ആലോചിക്കുന്നത്. അതിന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് നേതൃത്വം നല്‍കും. സുധാകരന് ഇന്ന് തന്നെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ചങ്ങനാശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരെ കാണാനും സമയം തേടിയിട്ടുണ്ട്.
കേരളത്തിലും തമിഴ്നാട്ടിലും പഞ്ചാബിലും കഴിഞ്ഞ തവണ നേടിയ മുഴുവന്‍ സീറ്റുകളിലും വിജയിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഹൈക്കമാന്‍ഡ് അതാത് സംസ്ഥാനങ്ങളെ അറിയിച്ചുകഴിഞ്ഞു. കൃസ്ത്യന്‍ വോട്ടുകള്‍ ഭിന്നിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും കിട്ടിയെന്നുവരില്ല. ബിഷപ്പുമാര്‍ ഒന്നടങ്കം ബിജെപിയോട് അയ്ത്തമില്ലെന്നു പ്രഖ്യാപിച്ചതും നിരന്തരം കേന്ദ്ര സര്‍ക്കാറിനെ പിന്തുണയ്ക്കുന്നതും കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കുന്നുണ്ട്. കേരളത്തില്‍ ബിജെപിക്ക് ഒരു എംപി പോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നായിരുന്നു ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നത്.
ബിജെപി ക്രിസ്ത്യന്‍ സമൂഹത്തില്‍ ബിജെപി ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. നോര്‍ത്ത് ഇന്ത്യയിലടക്കം കൃസ്ത്യന്‍ ദേവാലയങ്ങളും പുരോഹിതന്മാരും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെടുന്നതും, വേട്ടയാടപ്പെടുന്നതും പൊതുസമൂഹത്തില്‍ ശക്തമായി ചര്‍ച്ചചെയ്യാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ആദ്യപടിയാണ് സുധാകരന്റെ അരമന സന്ദര്‍ശനം.