അന്ന് അഡിഡാസെന്ന് കൈകൊണ്ടെഴുതി; ഇന്ന് അഡിഡാസ് എന്റെ പേരിലുള്ള ഷൂസ് ഇറക്കുന്നു: ഹിമദാസ്

രാജ്യത്തിന്റെ കായികചരിത്രത്തിലേക്കാണ് അതിവേഗം ഓടിക്കയറിയ താരാമാണ് ഹിമാ ദാസ്. ചെറുപ്പത്തില്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകളും ഇപ്പോള്‍ ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് അവള്‍.  ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയ്‌ക്കൊപ്പമെത്തിയ ഇന്‍സ്റ്റാ ലൈവിലൂടെയാണ് ഹിമ മനസ്സു തുറക്കുന്നത്. ‘ആദ്യകാലങ്ങളിൽ ചെരിപ്പും ഷൂവുമൊന്നും കൂടാതെയായിരുന്നു ഓട്ടം. ദേശീയ തലത്തില്‍ ആദ്യമായി ഓടാനിറങ്ങിയപ്പോള്‍ പിതാവ്‌ എനിക്ക്‌ ഒരു ജോഡി ഷൂ വാങ്ങി തന്നു. സാധാരണ ഷൂസ്‌ ആയിരുന്നു അത്‌. ഞാന്‍ അതില്‍ അഡിഡാസ്‌ എന്ന്‌ എഴുതി വെച്ചു. കാലം എന്താണ്‌ നമുക്ക്‌ വേണ്ടി കരുതി വെച്ചിരിക്കുന്നതെന്ന്‌ അറിയില്ലല്ലോ. അഡിഡാസ്‌ ഇപ്പോള്‍ എന്റെ പേരോടെ ഷൂസ്‌ ഇറക്കുകയാണ്‌'- ഹിമയുടെ വാക്കുകളില്‍ ഇക്കാലമത്രയും ഒടിയതിന്റെ കിതപ്പും ആത്മവിശ്വാസവും ഉണ്ടായിരുന്നു.

400 മീറ്ററിൽ ലോക ജൂനിയർ ചാംപ്യനായാണ് ഹിമ ദേശീയ ശ്രദ്ധയാകര്‍ശിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കില്‍വെച്ചു നടന്ന ക്ലഡ്നോ അത്ലറ്റിക് മീറ്റിലും, ടബോര്‍ അത്ലറ്റിക് മീറ്റിലും താരം സ്വര്‍ണം നേടി. 

2000 ജനുവരി ഒമ്പതിന് ആസ്സാമിലെ നഗാവോനിലാണ് ഹിമ ദാസ് ജനിച്ചത്. ജോമാലി, റോന്‍ജിത്ത് ദാസ് ദമ്പതിമാരുടെ ആറ് മക്കളില്‍ ഏറ്റവും ഇളയവളാണ് ഹിമ. കൃഷിപ്പണിക്ക് അച്ഛനെ സഹായിക്കാൻ പാടത്തേക്കു പോയിരുന്ന പെൺകുട്ടി, തൊട്ടടുത്തു കളിക്കുന്ന ആൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചാണു തുടങ്ങിയത്. ആണ്‍പിള്ളേരെ വട്ടംകറക്കി വെറുംകാലില്‍ കുതിച്ചിരുന്ന അവളെ അത്ലറ്റിക്സിലേക്ക് തിരിച്ചുവിട്ട നാട്ടുകാരനായ കോച്ച് നിപ്പോൺ ദാസിനേയും ഈ അവസരത്തില്‍ മറന്നുകൂടാ.

Contact the author

Sports Desk