കൊച്ചി: കണ്ണൂരിലൊക്കെ മുസ്ലിം വിവാഹങ്ങളിൽ സ്ത്രീകള്‍ അടുക്കള ഭാഗത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന് നിഖില വിമല്‍. അയൽവാശി എന്ന സിനിമയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സിനിമ ഗ്യാലറിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നിഖില ഇക്കാര്യം പറഞ്ഞത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
'നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ്. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്. ഇപ്പോഴും അതിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. വിവാഹം കഴിച്ച് വരുന്ന പുരുഷന്മാരെ പുതിയാപ്ല എന്നാണ് വിളിക്കുക. അവര്‍ മരിക്കുന്നതുവരെ പുതിയാപ്ലമാരാണ്' - നിഖില വിമല്‍ പറഞ്ഞു.
സൌബിന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് അയല്‍വാശി. ഏപ്രില്‍ 21- നാണ് ചിത്രം തിയേറ്ററിലെത്തുക. തല്ലുമാലയുടെ വൻ വിജയത്തിന് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനും, മുഹ്സിൻ പെരാരിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇര്‍ഷാദ് പെരാരി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് അയല്‍വാശി. സെൻട്രൽ പിക്ചേർസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. നിഖില വിമൽ, ലിജോ മോൾ, ബിനു പപ്പു, നസ്ലൻ, ഗോകുലൻ, കോട്ടയം നസീർ, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.