ഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ ചട്ടവിരുദ്ധമായി കോക് പിറ്റില്‍ പൈലറ്റിന്റെ പെണ്‍സുഹൃത്തിനെ കയറ്റിയ സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് (ഡി.ജി.സി.എ)അന്വേഷണം ആരംഭിച്ചു. ഈ വര്‍ഷം ഫെബ്രുവരി 27 നാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത്. വിമാനത്തിലെ മറ്റ് ക്ര്യൂ അംഗങ്ങളാണ് ഇതു സംബന്ധിച്ച് ഡി.ജി.സി.എക്ക് പരാതി നല്‍കിയത്. സംഭവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പരിശോധിക്കുമെന്ന് ഡി.ജി.സി.എയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദുബായില്‍ നിന്നും വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ പൈലറ്റ് വിമാനത്തിലെ യാത്രക്കാരി ആയിരുന്ന പെണ്‍സുഹൃത്തിനെ കോക് പിറ്റിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും വിമാനം ഡല്‍ഹിയില്‍ ഇറങ്ങുന്നതുവരെ പൈലറ്റിനൊപ്പമാണ് അവര്‍ യാത്ര ചെയ്തതെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ എയര്‍ ഇന്ത്യ ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ലെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.