മാമുക്കോയയെ കണ്ട് നാം ചിരിച്ചത് എന്തിനായിരുന്നു- എസ് വി മെഹ്ജൂബ്

മാമുക്കോയ വല്ലാതെ തമാശ പറയുന്ന ആളായിരുന്നില്ല. ഇക്കാര്യം അദ്ദേഹത്തോടൊപ്പം അഭിനയിച്ചവരും സംവിധായകരും നിരൂപകരും പറഞ്ഞുകഴിഞ്ഞു. ജഗതി ശ്രീകുമാറും മാള അരവിന്ദനും കുതിരവട്ടം പപ്പുവും ചില വേളകളില്‍ ഇന്നസെന്‍റും ഇന്ദ്രന്‍സും ഹരിശ്രീ അശോകനുമെല്ലാം കാണിക്കാറുള്ള മുഖ ഗോഷ്ടികള്‍ കാണിച്ച് ചിരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടേയില്ല. എന്നിട്ടും നാം ചിരിച്ചു. എന്തിനായിരുന്നു നാം മാമുക്കോയയെ കണ്ട് ചിരിച്ചത് എന്ന ആലോചന ചെന്നുനില്‍ക്കുന്നത് ഹാസ്യത്തെക്കുറിച്ചുള്ള ആലോചനകളില്‍ തന്നെയാണ്. 

ചേരുംപടി ചേരുമ്പോഴല്ല, ചേരുംപടിയാണെന്ന് കരുതി ഒരു പ്രത്യേക സന്ദര്‍ഭത്തിന് ചേരാത്ത ഒരാള്‍ ചേരാത്ത പ്രവര്‍ത്തി ചെയ്യുമ്പോഴോ പറയുമ്പോഴോ ആണ് ഹാസ്യം ഉണ്ടാകുന്നത്. അങ്ങിനെ നമ്മുടെ മധ്യവര്‍ഗ്ഗ ഭാവുകത്വം പ്രതീക്ഷിക്കുന്ന ജെന്‍റില്‍മാന്‍ പെരുമാറ്റത്തെയും ഭാഷയെയും പരിഗണിക്കാത്ത മാമുക്കോയയുടെ    കൂസലില്ലായ്മയാണ് പ്രേക്ഷകരെ ചിരിപ്പിച്ചത് എന്നു പറയാം. കോഴിക്കോട്ടുനിന്ന് ആദ്യമായി സിനിമയിലെത്തിയ, ആ ഭാഷ ആദ്യമായി ഉപയോഗിച്ച ഒരാളല്ല മാമുക്കോയ. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍തന്നെ കുഞ്ഞാവയിലൂടെ നെല്ലിക്കോട് ഭാസ്കരനിലൂടെ കെ പി ഉമ്മറിലൂടെ കുഞ്ഞാണ്ടിയിലൂടെ നാരായണന്‍ നായരിലൂടെ കുതിരവട്ടം പപ്പുവിലൂടെ ശാന്താ ദേവിയിലൂടെ ബാലന്‍ കെ നായരിലൂടെ (പേരുകള്‍ അപൂര്‍ണ്ണം) കോഴിക്കോട്ടുകാര്‍ മലയാള സിനിമയില്‍ സാന്നിദ്ധ്യം അറിയിച്ചിരുന്നു. അവരില്‍ കുതിരവട്ടം പപ്പുവിനെയും കുഞ്ഞാവയെയും പോലുള്ള നടന്മാര്‍ കോഴിക്കോടന്‍ ഭാഷ ഹാസ്യത്മകമായും ഗൌരവപൂര്‍വ്വവും സിനിമയില്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ പറയത്തക്ക സാംസ്കാരിക മൂലധനം അംഗീകരിച്ചുകൊടുക്കപ്പെടാത്ത കോഴിക്കോടന്‍ മാപ്പിള ഭാഷയാണ് മാമുക്കോയയിലെ ചിരിക്ക് നിദാനം എന്ന് പഴുതടച്ച് പറയാന്‍ കഴിയില്ല. കോഴിക്കോടന്‍ ഭാഷയെപ്പോലെ തൃശൂര്‍, തിരുവനന്തപുരം, കോട്ടയം ഭാഷാശൈലികളും സ്റ്റാന്‍ഡേര്‍ഡെെസ്ഡ് ഭാഷാ ആരാധകരായ മധ്യവര്‍ഗ്ഗ, നഗര മലയാളിയെ ചിരിപ്പിച്ചിട്ടുണ്ട്‌. കോട്ടയം കുഞ്ഞച്ചന്‍, രാജമാണിക്കം തുടങ്ങിയ സിനിമകളിലെ മമ്മൂട്ടി കഥാപാത്രങ്ങള്‍ ഭാഷകൊണ്ട് (ഉദാഹരണങ്ങള്‍ ഇനിയുമേറെ) കൌതുകം സൃഷ്ടിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. ആ അര്‍ത്ഥത്തില്‍ മാമുക്കോയയുടെ ഭാഷ ഒരു ഘടകമായിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ അതിലപ്പുറം ചില മാനങ്ങള്‍ ആ ചിരിയിലുണ്ട് എന്ന് കാണാന്‍ കഴിയും.

അധപതനത്തില്‍ നിന്നാണ് ചിരിയുണ്ടാകുന്നത് എന്ന യുക്തിയെ പിന്‍പറ്റിയാല്‍, സിനിമ കാണുന്ന രണ്ടോ മൂന്നോ മണിക്കൂറെങ്കിലും സവര്‍ണ്ണ ശരീരവും കുലപുരുഷ/ സ്ത്രീ ചേഷ്ടകളുമുള്ള നായക/ നായികാ കഥാപത്രങ്ങളോട് താതാത്മ്യം പ്രാപിക്കുന്ന ശരാശരി പ്രേക്ഷകരില്‍ ഭാഷയിലെ, ശരീരത്തിലെ കീഴാളത ചിരിപടര്‍ത്തും. അപ്പോഴൊക്കെയും പ്രസ്തുത കീഴാള കഥാപാത്രം കീഴാളമായി കീഴടങ്ങിത്തന്നെയാണ് നിലകൊള്ളുക. എന്നാല്‍ മേല്‍ സൂചിപ്പിച്ചതുപോലെ മാമുക്കോയയില്‍ ഈ കീഴടങ്ങല്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെയും മാമുക്കോയയുടെയും വിചാരത്തിലെ വൈരുധ്യമാണ് ഹാസ്യമുണ്ടാക്കിയത് എന്ന് പറയാം. മാമുക്കോയയുടെ ശരീരവും ചേഷ്ടകളും ഭാഷയും കീഴാളമാണ് എന്ന് കുലപുരുഷ/ സ്ത്രീ- നായക/ നായികമാരെ അകമേ സ്വാംശീകരിച്ച പ്രേക്ഷകര്‍ കരുതുമ്പോഴും അതംഗീകരിച്ചുകൊടുക്കാന്‍ മാമുക്കോയ തയാറായിരുന്നില്ല. അതുകൊണ്ട് പ്രേക്ഷകര്‍ ചിരിക്കുകയും മാമുക്കോയ കൌണ്ടറടിച്ച് നില്‍ക്കുകയും ചെയ്തു.  കൊട്ടാരത്തിലും (ഹിസ്‌ ഹൈനസ് അബ്ദുള്ള), ഓഫീസിലും (റാംജി റാവു സ്പീക്കിംഗ്) അയാള്‍ അയാളുടെ ഭാഷയിലും ജീവിത ദര്‍ശനത്തിലും നിവര്‍ന്നുതന്നെ നിന്നു.  താന്‍ വന്ന ജീവിത പരിസരത്തെ ഒട്ടും കുറഞ്ഞതായി കാണാന്‍ കൂട്ടാക്കാതിരുന്ന അയാള്‍ അതുകൊണ്ടുതന്നെ ശരീരംകൊണ്ട് കൂനിക്കൂടി നിന്നില്ല. എല്ലാംകൊണ്ടും കീഴാളനായി തുടരുമ്പോഴും കീഴാളനാണ് എന്നംഗീകരിക്കാന്‍ കൂട്ടാക്കാതെ കുതറിനിന്ന അയാളിലെ പച്ചപരമാര്‍ത്ഥിയെ നോക്കിയാണ് ഒരര്‍ത്ഥത്തില്‍ പുറമേ വിപ്ലവകാരികളായ നമ്മുടെ സാമാന്യബോധം ചിരിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

J Devika 2 weeks ago
Views

പൊറുക്കൽ നീതി അഥവാ Restorative justice എന്നാല്‍- ജെ ദേവിക

More
More
Mehajoob S.V 3 weeks ago
Views

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിച്ച 4 ഘടകങ്ങള്‍- എസ് വി മെഹജൂബ്

More
More
Mridula Hemalatha 2 months ago
Views

രാഹുല്‍ ഗാന്ധിയെ ഇനിയാരും പപ്പുവെന്ന് കളിയാക്കില്ല; 2024 പ്രതീക്ഷയുടെ വര്‍ഷമാണ്- മൃദുല ഹേമലത

More
More
Mehajoob S.V 2 months ago
Views

സ്വയം സമൂഹമാണെന്ന് കരുതി ജീവിച്ച പ്രസ്ഥാനത്തിന്‍റെ പേരാണ് ഇ എം എസ് - എസ് വി മെഹജൂബ്

More
More
Mehajoob S.V 2 months ago
Views

വൈരനിര്യാതന ബുദ്ധിയോടെ ഏഷ്യാനെറ്റും -സിപിഎമ്മും നടത്തുന്ന പോരാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്- എസ് വി മെഹജൂബ്

More
More
K K Kochu 3 months ago
Views

ദുരിതാശ്വാസ നിധി തട്ടിപ്പ് കൊളളക്കാര്‍ പോലും ചെയ്യാനറയ്ക്കുന്ന, മനുഷ്യത്വഹീനമായ കുറ്റകൃത്യം- കെ കെ കൊച്ച്

More
More