കൊച്ചി: ഷെയിന്‍ നിഗം - ശ്രീനാഥ് ഭാസി വിലക്കില്‍ പ്രതികരിച്ച് നടന് ഷൈന്‍ ടോം ചാക്കോ. ജോലിയില്‍ നിന്ന് ആരെയും കാലാകാലം വിലക്കാന്‍ സാധിക്കില്ലെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു. ലിസ്റ്റ് നിരത്താനാണെങ്കിൽ ജോലിചെയ്തിട്ട് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ് ഞങ്ങളും നിരത്തും. വിലക്കിൽ കൂടുതൽ എന്താണ് ചെയ്യാനാകുക എന്നും നടന്മാരെ പിന്തുണച്ച് നടന് ചോദിച്ചു.
"ശ്രീനാഥ് ഭാസി ആണെങ്കിലും ഷെയിന്‍ നിഗം ആണെങ്കിലും ഞങ്ങള്‍ ഒരുമിച്ച് ജോലി ചെയ്തവരാണ്. വിലക്കാന്‍ ആണെങ്കില്‍ അവര്‍ വിലക്കട്ടെ. എന്താണ് അതില്‍ കൂടുതല്‍ സംഭവിക്കുക. തിലകനെ വിലക്കിയിരുന്നില്ലേ? തൊഴില്‍ എടുക്കുന്ന ആരെയും വിലക്കാന്‍ സാധിക്കില്ല. സസ്പെന്‍ഷനൊക്കെ കൊടുക്കാം. കാലാകാലം ആരെയും വിലക്കാന്‍ സാധിക്കില്ല. അങ്ങനെയാണെങ്കില്‍ ലിസ്റ്റ് ഞങ്ങളും വെയ്ക്കും. ജോലി ചെയ്തിട്ട് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ്" - ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
ഷൈന്‍ ടോം ചാക്കോ കേന്ദ്രകഥാപാത്രമായി എത്തുന്ന ലൈവ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് നടന് നിലപാട് വ്യക്തമാക്കിയത്. വ്യാജ വാര്‍ത്തകള്‍ ഒരു സ്ത്രീയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഫിലിംസ് 24-ന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ സൗബിന് ഷാഹിറും, ഷൈന്‍ ടോം ചാക്കോയും, പ്രിയ വാര്യരും പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നു. ചിത്രം മെയ് 12 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.