തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം തത്ക്കാലം യു ഡി എഫിലേക്ക് ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്. കേരള കോണ്‍ഗ്രസ് യു ഡി എഫില്‍ നിന്നും പുറത്തുപോയതല്ല മറിച്ച് പുറത്താക്കിയതാണെന്നും മന്ത്രി പറഞ്ഞു. യു ഡി എഫിലേക്ക് വിളിച്ചതില്‍ സന്തോഷമുണ്ടെന്നും രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത് തെറ്റാണെന്ന് ഇപ്പോള്‍ മനസിലാക്കിയതില്‍ സന്തോഷമുണ്ടെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്ക് തിരികെ വന്നാൽ സന്തോഷമുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്ഥാവനയോടായിരുന്നു മന്ത്രിയുടെ പ്രതികരണം. അവര്‍ യുഡിഎഫിന്റെ ഭാഗമായിരുന്നു. തിരിച്ചുവന്നാല്‍ സന്തോഷം എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
കേരള കോണ്‍ഗ്രസ് യു ഡി എഫിലേക്ക് തിരിച്ചുവരുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ വെറുതെയാണെന്ന് ജോസ് കെ മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ എല്‍ ഡി എഫില്‍ സന്തുഷ്ടരാണ്. അതുകൊണ്ട് തന്നെ എല്‍ ഡി എഫ് വിട്ട് യു ഡി എഫിലേക്ക് പോകില്ലെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.