ചെന്നൈ: പൊന്നിയന്‍ സെല്വന് ശേഷം വിക്രവും ഐശ്വര്യ റായിയും വീണ്ടും ഒന്നിക്കുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലവിൽ കമൽ ഹാസൻ പ്രധാനവേഷത്തിൽ എത്തുന്ന സിനിമയുടെ തിരക്കിലാണ് മണിരത്നം. ജയ് മോഹനും മണിരത്നവും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ഇതിന് ശേഷമാകും ഐശ്വര്യയും വിക്രമും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. അതേസമയം, സിനിമയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
2010 ല്‍ പുറത്തിറങ്ങിയ രാവണനിലാണ് ഐശ്വര്യയും വിക്രമും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ചിത്രം ബോക്സോഫീസിൽ മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പൊന്നിയിന്‍ സെല്‍വനിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. ചോള രാജാക്കന്മാരുടെ കാലത്തെ കഥയാണ് സിനിമയിലൂടെ പറയുന്നത്. ഇവരുടെ പ്രണയവും ശത്രുതയും പകവീട്ടലുമാണ് പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ പ്രമേയം. ഇതിഹാസ സാഹിത്യകാരന് കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് പൊന്നിയിന്‍ സെല്വന് ഒരുക്കിയിരിക്കുന്നത്.