ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്സി. ലോകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡുകളില്‍ ഒന്നായ അഡിഡാസാണ് ജേഴ്സി സ്പോണ്സര് ചെയ്തിരിക്കുന്നത്. ഇനി വരുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഒക്ടോബറില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിലും അഡിഡാസ് പുറത്തിറക്കുന്ന ജേഴ്സിയായിരിക്കും ഇന്ത്യന്‍ ടീം ധരിക്കുക. പുതിയ കരാറിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവില്‍ കില്ലര്‍ ജീന്‍സാണ് ഇന്ത്യയുടെ കിറ്റ് സ്പോണ്സര് ചെയ്തിരിക്കുന്നത്. കില്ലര്‍ ജീന്‍സുമായുള്ള കരാര്‍ മേയ് 31 ന് അവസാനിക്കും.
'അഡിഡാസ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കിറ്റ് സ്പോണ്‍സറായ വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്പോര്‍ട്സ് ബ്രാന്‍ഡുകളിലൊന്നായ അഡിഡാസുമായി സഹകരിക്കാന്‍ സാധിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വളര്‍ത്തിക്കൊണ്ട് വരുന്നതിനു ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അഡിഡാസിന് സ്വാഗതം' -ബി സി സി ഐ സെക്രട്ടറി ജയ് ഷാ ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോണ്സര് ബൈജൂസ് ലേണിങ് ആപ്പാണ്. 2023 നവംബര്‍ വരെയാണ് ബൈജൂസുമായുള്ള ഇന്ത്യയുടെ കരാര്‍. എന്നാല്‍ അതിന് മുന്‍പ് ബൈജൂസ് കരാര്‍ അവസാനിപ്പിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ബി സി സി ഐ പുതിയ സ്പോണ്‍സറെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.