ഡൽഹി: രാജ്യത്തിനുവേണ്ടി നേടിയ മെഡലുകൾ ഗംഗാനദിയിലൊഴുക്കുമെന്ന് ഗുസ്തി താരങ്ങൾ. ഇന്ന് വൈകുന്നേരം ആറുമണിക്ക് ഹരിദ്വാറിൽ വെച്ചാണ് മെഡലുകൾ ഗംഗയിലേക്ക് എറിയുക. സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നീ ഗുസ്തി താരങ്ങൾ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിനുവേണ്ടി പൊരുതി നേടിയതാണ് മെഡലുകളെന്നും പവിത്രമായ മെഡലുകൾ കളഞ്ഞതിനുശേഷം ജീവിച്ചിരുന്നിട്ട് കാര്യമില്ല, ഇന്ത്യാ ഗേറ്റിൽ മരണംവരെ നിരാഹാരമിരിക്കുമെന്നും ഗുസ്തി താരങ്ങൾ പറഞ്ഞു.
'ഞങ്ങളെ രാജ്യത്തിന്റെ പെൺമക്കൾ എന്നാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. എന്നാൽ ഒരിക്കൽപ്പോലും ആ കരുതൽ ഞങ്ങളോട് കാണിച്ചിട്ടില്ല. അദ്ദേഹത്തിന് ഫോട്ടോ എടുക്കാൻ വേണ്ടിമാത്രമേ ഞങ്ങളെ ആവശ്യമുണ്ടായിരുന്നുളളു. ഞങ്ങളുടെ കണ്ണുനീർ കാണാൻ രാഷ്ട്രപതിക്കായില്ല. അതിനാൽ മെഡലുകൾ രാഷ്ട്രപതിയെ തിരിച്ചേൽപ്പിക്കുന്നില്ല'- എന്നാണ് ഗുസ്തി താരങ്ങൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി കര്‍ഷകര്‍ രംഗത്തെത്തി. സംയുക്ത കിസാന്‍ മോര്‍ച്ച രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു. റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് അയോധ്യാ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ജൂണ്‍ അഞ്ചിന് രാജ്യവ്യാപകമായി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം. ജൂണ്‍ ഒന്നിന് ജില്ലാ താലൂക്ക് തലങ്ങളില്‍ ബ്രിജ് ഭൂഷന്റെ കോലം കത്തിക്കും. തൊഴിലാളി സംഘടനകളും മഹിളാ, യുവജന, വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമാകും. തുടര്‍ന്നുളള സമരപരിപാടികളെക്കുറിച്ച് ഗുസ്തി താരങ്ങള്‍ തീരുമാനമെടുക്കും. ജന്ദര്‍ മന്ദറില്‍ അനുമതി നിഷേധിച്ചതിനാല്‍ പ്രതിഷേധപരിപാടികള്‍ ഡല്‍ഹിയിലേക്ക് മാറ്റാനാണ് സാധ്യത.