തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രകള്‍ക്ക് അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍. ക്യൂബ, യുഎസ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ജൂണ്‍ എട്ടുമുതല്‍ പതിനെട്ടുവരെയാണ് യാത്ര. ലോക കേരളസഭയുടെ മേഖലാ സമ്മേളനവും ലോകബാങ്ക് പ്രതിനിധികളുമായുളള ചര്‍ച്ചയുമാണ് അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ട. യുഎസിലേക്കുളള യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം സ്പീക്കര്‍ എ എന്‍ ഷംസീറും ധനമന്ത്രി കെ എന്‍ ബാലഗോപാലും ഉണ്ടാകും.
അരോഗ്യമേഖലയിലെ നേട്ടങ്ങള്‍ വിലയിരുത്താനാണ് ക്യൂബ സന്ദര്‍ശനം. ഈ യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യമന്ത്രി വീണാ ജോര്ജ്ജുമുണ്ടാകും. ചീഫ് സെക്രട്ടറിയടക്കം ഏഴ് ഉദ്യോഗസ്ഥര്‍ യുഎസ് സന്ദര്‍ശനത്തിലും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയടക്കം ഏഴുപേര്‍ ക്യൂബ സന്ദര്‍ശനത്തിലും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നേരത്തെ, മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. അബുദാബി ഇന്‍വെസ്റ്റ്മെന്റ് മീറ്റില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്. എന്നാല്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു.