കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ എഴുതാത്ത പരീക്ഷ പാസായതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പി എം ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന് എറണാകുളം മഹാരാജാസ് കോളേജിന്റെ മാര്‍ക്ക് ലിസ്റ്റില്‍ വന്നത് വലിയ ഗൂഢാലോചനയുടെ ഭാഗമായാണെന്നും സാങ്കേതികപ്പിഴവാണെന്ന കോളേജിന്റെ വിശദീകരണം വിശ്വസിക്കാനാകില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'പരീക്ഷയെഴുതാതെ ആരെങ്കിലും ജയിക്കുമോ? അങ്ങനെ ഒരു ലിസ്റ്റ് വരുമോ? എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കുനേരെ അത്തരമൊരു വാര്‍ത്ത വരിക, മാധ്യമങ്ങള്‍ അത് ലോകംമുഴുവന്‍ അറിയിക്കുക, എസ്എഫ്ഐയെ കുറ്റപ്പെടുത്തുന്ന നിലപാടുകള്‍ മാധ്യമങ്ങള്‍ സ്വീകരിക്കുക, എസ്എഫ്ഐക്കെതിരെ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതുകൊണ്ട് എല്ലാത്തരത്തിലുമുളള അന്വേഷണം നടക്കണം. സാങ്കേതിക പിഴവാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും അതങ്ങനെ ഞാന്‍ വിശ്വസിക്കുന്നില്ല. എസ്എഫ്ഐയെ കുറ്റപ്പെടുത്തിക്കൊണ്ട് വാര്‍ത്തകള്‍ ചമയ്ക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തി ആരാണെന്ന് കൃത്യമായ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്'- എംവി ഗോവിന്ദന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയായ പിഎം ആര്‍ഷോ. ക്രിമിനല്‍ കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ആര്‍ഷോയ്ക്ക് മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതാനായിരുന്നില്ല. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ ആര്‍ഷോ പരീക്ഷകള്‍ പാസായി. ഇന്റേണല്‍, എക്സ്റ്റേണല്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയിട്ടില്ല. എന്‍ഐസിയാണ് മാര്‍ക്ക് ലിസ്റ്റ് തയാറാക്കുന്നതെന്നും അവരുടെ സോഫ്റ്റ് വെയറിലെ വീഴ്ച്ചയാണിതെന്നുമാണ് സംഭവത്തെക്കുറിച്ചുളള പ്രിന്‍സിപ്പാളിന്റെ വിശദീകരണം.