കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നോട്ടീസയച്ചു. കേസിന്റെ വിചാരണ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് നോട്ടീസ് അയച്ചത്. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബിജെപി നേതാക്കളായ കെ മണികണ്ഠ റൈ, ലോകേഷ് നോണ്ട, സുരേഷ് നായിക് എന്നിവര്‍ക്കാണ് കോടതി നോട്ടീസയച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനായി രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സുരേന്ദ്രനെതിരായ കേസ്. ആഗസ്ത് അഞ്ചിന് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് ജില്ലാ കോടതി പരിഗണിക്കും. കഴിഞ്ഞ ജനുവരിയിലാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് പ്രതികള്‍ക്കെതിരെ ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചത്.