കേന്ദ്ര ബജറ്റ്: യാഥാര്‍ത്ഥ്യവും, കണക്കിലെ കളികളും

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് രണ്ടാം മോദി സര്‍ക്കാരിന്‍റെ  രണ്ടാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍  അവതരിപ്പിക്കുന്നത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും കേന്ദ്ര സര്‍ക്കാര്‍ അത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളും, അതിലെ  വൈരുദ്ധ്യങ്ങളും അതിനേറ്റ പരാജയങ്ങളും, രാജ്യത്തെ കര്‍ഷകരോടുള്ള ഉപേക്ഷ മനോഭാവവും, കര്‍ഷകരുടെ തീരാത്ത ആത്മഹത്യകളും, കോര്‍പ്പറെറ്റുകളോടുള്ള അമിത ദാസ്യവും, എന്നിട്ടും മറികടക്കാനാവാത്ത തൊഴില്‍ നഷ്ടവും ഉപഭോഗനിരക്കിലെ കുറവും ഉള്‍പ്പെടെയുള്ള സ്വയംകൃതാനര്‍ഥവും ആഗോള സാമ്പത്തിക പ്രതിസന്ധിയും ചേര്‍ന്ന് ഉഴുതുമറിച്ചിട്ട സമ്പദ്‌വ്യവസ്ഥയിലേക്കാണ് നിര്‍മ്മല സീതരാമന്‍റെ  രണ്ടാം ബജറ്റ് കൈയ്യും വീശി എത്തുന്നത്.

സ്വയംകൃതാനര്‍ഥവും ആഗോള സാമ്പത്തീക പ്രതിസന്ധിയും ചേര്‍ന്ന് ഉഴുതുമറിച്ചിട്ട സമ്പദ്‌വ്യവസ്ഥയിലേക്കാണ് നിര്‍മ്മല സീതരാമന്‍റെ  രണ്ടാം ബജറ്റ് കൈയ്യും വീശി എത്തുന്നത്.

വ്യവസായ - വാണിജ്യ - ബാങ്കിങ്ങ് - മാധ്യമ മേഖലകളിലെ വിദഗ്ദരുടെ, സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റകൊണ്ടും- സാമ്പത്തിക പദാവലികള്‍കൊണ്ടും അമ്മാനമാടുന്ന, പച്ചവെള്ളം ചവച്ചരച്ചു കുടിച്ചുകൊണ്ടുള്ള വിശകലന വ്യായാമങ്ങള്‍  ബജറ്റിനുശേഷവും മുന്‍പുമായി  പൊടിപൊടിക്കും. യഥാര്‍ത്ഥത്തില്‍ എന്താണ് കഴിഞ്ഞ ആറേഴുവര്‍ഷങ്ങളായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന, മണ്ണില്‍ കാലൂന്നിക്കൊണ്ടുള്ള വിശകലത്തിനുമാത്രമേ യാഥാര്‍ത്ഥ്യത്തിലേക്ക് നമ്മുടെ കണ്ണ് തുറപ്പിയ്ക്കാനാകൂ.

1.സാമ്പത്തീക വളര്‍ച്ചാനിരക്ക്

രാജ്യം പടിപടിയായി നേടാനിരിക്കുന്ന വളര്‍ച്ചാനിരക്കിനെ കുറിച്ച് വലിയ അവകാശവാദങ്ങളാണ് ധനമന്ത്രി നിര്‍മല സീതരാമന്‍റെ ഒന്നാം ബജറ്റിന്‍റെ അവതരണത്തില്‍ നടന്നത്. 7 ശതമാനമായി സമ്പദ്‌വ്യവസ്ഥ വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്ന അവകാശവാദം പോള്ളയായിരുന്നുവെന്ന് ബജറ്റിനു മുന്നോടിയായി കേന്ദസര്‍ക്കാര്‍ തന്നെ പാര്‍ലമെന്റിന്‍റെ മേശപ്പുറത്തുവെച്ച സാമ്പത്തീക സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു. ധനമന്ത്രാലയത്തില്‍ നിന്ന് നല്‍കുന്ന കണക്കുകള്‍ പ്രകാരം സാമ്പത്തീക ശാസ്ത്രകാരന്മാരാണ് സാമ്പത്തീക സര്‍വ്വേ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നത് എന്നകാര്യം നാം മറന്നുകൂട. ഇതുപ്രകാരം വെറും 5% വളര്‍ച്ചനിരക്കാണ് 2019-20 സാമ്പത്തീക വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്. ഇതാകട്ടെ കഴിഞ്ഞ 11 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്നനിരക്കാണ്. 2020-21 വര്‍ഷത്തില്‍ ഇത് 6.5% ആയി ഉയരുമെന്നാണ് പ്രതീക്ഷ. ഇതെല്ലാം കണക്കിലെ കളികള്‍കൊണ്ടല്ലാതെ ഇന്നത്തെ സാമ്പത്തീക പരിതോവസ്ഥയില്‍ ആരാലും പ്രതീക്ഷിക്കുക സാധ്യമല്ല. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് വെറും 4.8% ആയി കൂപ്പുകുത്തുമെന്ന ലോകബാങ്കിന്‍റെ നിരീക്ഷണം ഇതോടു കൂട്ടിവായിക്കണം.

2. ആദായനികുതി

ആദായനികുതിയിനത്തിലെ വന്‍ വെട്ടിക്കുറവാണ് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലെ പ്രധാന പ്രതീക്ഷയായി ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. 5 ലക്ഷംവരെ  വ്യക്തിഗത വരുമാനം ഉള്ളവരെ ആദായനികുതിയില്‍ നിന്നൊഴിവാക്കുമെന്ന  കഴിഞ്ഞ വര്‍ഷത്തെ വാഗ്ദാനം അസ്ഥാനത്തായത് മറന്നുകൂട. മൂന്നുതവണകളായി കോര്‍പ്പറേറ്റ്  ടാക്സ് വെട്ടിക്കുറച്ചിട്ടും സമ്പദ്‌വ്യവസ്ഥയില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്ന വസ്തുതയും നമുക്ക് മുന്‍പിലുണ്ട്. നിലവില്‍ പെട്ടുകിടക്കുന്ന പ്രതിസന്ധിയെ മറികടക്കാന്‍ ആര്‍.ബി.ഐ-യില്‍ നിന്ന് പണം കൊണ്ടുവരാനും, എയര്‍ ഇന്ത്യ, ബി.പി.സി.എല്‍, ബി.എസ്‌.എന്‍.എല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുകശാക്കാനും, അതോടൊപ്പം പെട്രോളിന് ഒരു രൂപ സെസ് ഏര്‍പ്പെടുത്താനും ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പൊതുജനപ്രീതിക്കായി ഇത്തരമൊരു നീക്കം നടത്തിയാല്‍പോലും രക്ഷപെടാന്‍ പാകത്തിലല്ല നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ കിടപ്പ് എന്നു മനസ്സിലാക്കാന്‍ ഇന്ത്യന്‍ കാര്‍ഷിക രംഗവും തൊഴില്‍ മേഖലയും പെട്ടുകിടക്കുന്ന ആഴത്തിലുള്ള പ്രതിസന്ധി മനസ്സിലാക്കിയാല്‍ മാത്രം മതിയാകും.

3. തൊഴില്‍ - ഉപഭോഗനിരക്കിലെ കുറവ്

പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന ഈ രണ്ടുമേഖലകളിലേയും പിന്നോട്ടടി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം ആഴമേറിയതാണ്. കോര്‍പ്പറേറ്റ് ടാക്സ് മൂന്നുതവണ കുറച്ചിട്ടും തങ്ങളുടെ വാഹനങ്ങള്‍ വിറ്റഴിയുന്നില്ലെന്ന പരിദേവനവുമായി നാല് പ്രമുഖ കാര്‍നിര്‍മ്മാണ കമ്പനികള്‍ ധനമന്ത്രിയെ കണ്ടത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്‌. എന്തിനധികം, ഗ്രാമപ്രദേശങ്ങളില്‍പോലും ഏറ്റവും വിലകുറഞ്ഞ തങ്ങളുടെ ബിസ്കറ്റ് ഉല്‍പന്നങ്ങള്‍ വിറ്റുപോകുന്നില്ലെന്ന ‘പാര്‍ലെ’ ഉള്‍പ്പെടെയുള്ള ബിസ്കറ്റു കമ്പനികളുടെ പ്രസ്താവനകള്‍ സമ്പദ്‌വ്യവസ്ഥയുടെ ദയനീയ മുഖം വരച്ചുകാട്ടുന്നുണ്ട്. ഇതിന്‍റെ പരിണിതഫലമായി ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടമായത്.

ഇന്ത്യയെപ്പോലെ 70 ശതമാനത്തോളം പേര്‍ ആശ്രയിക്കുന്ന കാര്‍ഷിക മേഖലയിലെ തൊഴില്‍നഷ്ടവും, കഴിഞ്ഞ ഒരുപതിറ്റാണ്ടായി ഒരുനിലക്കും തടയാന്‍ കഴിയാത്ത കര്‍ഷക ആത്മഹത്യയും, ആഗോള സാമ്പത്തീക മാന്ദ്യത്തിന്‍റെയും സ്വദേശിവല്‍ക്കരണതിന്‍റെയും ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ കൂട്ടത്തോടെയുള്ള മടങ്ങിവരവും അവരുടെ തൊഴിലിനെ മാത്രമല്ല ബാധിച്ചിട്ടുള്ളത്. നിര്‍മ്മാണ മേഖല, ചെറുകിട വ്യപാരം, വ്യവസായം തുടങ്ങി സര്‍വ്വമേഖലകളെയും അത് സ്തംഭിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഉഴറുന്ന ഒരു ജനസമൂഹത്തിന്‍റെ വാങ്ങല്‍ ശേഷിയെ ഉത്തേജിപ്പിച്ച്  സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഒരു പദ്ധതിയും ആസൂത്രണവും കേന്ദ്രം ഭരിക്കുന്നവരുടെ കയ്യിലില്ലെന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് ബജറ്റവതരണം വരെ കാത്തുനില്‍ക്കേണ്ടതില്ല.

4. കാര്‍ഷിക രംഗം

രാജ്യത്തെ കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും ദുരവസ്ഥ നേരത്തെ സൂചിപ്പിച്ചതുപോലെ പറഞ്ഞറിയിക്കാന്‍ പറ്റാത്തവിധം ദയനീയമാണ്. കാര്‍ഷിക വിളകള്‍ക്ക് മതിയായ താങ്ങുവില നിശ്ചയിക്കാത്തതും വളം, കാലിത്തീറ്റ എന്നിവയുടെ ക്രമാതീതമായ വര്‍ധനവും, ബാങ്കുകളുടെ കണ്ണില്‍ ചോരയില്ലാത്ത നടപടികളും, സര്‍വ്വോപരി പ്രവചാനതീതമായ കാലാവസ്ഥാ വ്യതിയാനവും അവരെ സമാനതകളില്ലാത്ത ജീവിത പ്രതിസന്ധികളിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയില്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ലക്ഷങ്ങള്‍ക്കപ്പുറമാണ്. ഇതിനൊക്കെ എന്തു പോംവഴി എന്ന ചോദ്യമാണ് പ്രീ - പോസ്റ്റ്‌ ബജറ്റ് ചര്‍ച്ചകളില്‍ ഉയര്‍ന്നു കേള്‍ക്കേണ്ടത്. ഖേദകരമെന്നു പറയട്ടെ, ഈ പ്രതിസന്ധികളെ രൂക്ഷമാക്കാന്‍ മാത്രമേ ഇപ്പോഴത്തെ സര്‍ക്കാരിനു സാധിച്ചിട്ടുള്ളൂ.

5. ഇന്ത്യന്‍ രാഷ്ട്രീയവും ആഗോള നിക്ഷേപകരുടെ സമീപനവും

രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയ വ്യവസ്ഥയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് വലുതായി ഉപന്യസിക്കേണ്ട കാര്യമില്ല. മോദി സര്‍ക്കാരിന്‍റെ ഒന്നാംഘട്ടത്തില്‍ ഉടലെടുത്ത അഭ്യന്തര കാലുഷ്യങ്ങള്‍ക്ക്  രണ്ടാംഘട്ടമാകുമ്പോഴേക്ക് അന്തര്‍ദേശീയമാനം കൈവരുന്നതാണ് കാണാന്‍കഴിഞ്ഞത്. നയപരമായ പല തീരുമാനങ്ങളും, തല്‍ഫലമായി ഉയര്‍ന്നുവന്ന അന്താരാഷ്ട്ര ശ്രദ്ധനേടിയ ജനകീയ പ്രക്ഷോഭങ്ങളും ആഗോള നിക്ഷേപകരുടെ പിന്നോട്ടടിക്ക് കാരണമാകും എന്ന സൂചനയാണ് പൌരത്വ വിഷയത്തിലുള്ള മൈക്രോസോഫ്റ്റ്‌ സിഇഒ സത്യാ നദെല്ലയുടെയും ഗൂഗിള്‍ തലവന്‍ സുന്ദര്‍ പിച്ചേയുടെയും പ്രസ്താവനകള്‍ നല്‍കുന്നത്.

ഒറ്റ നോട്ടത്തില്‍ കാണാന്‍കഴിയുന്ന ഈ കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറം കണക്കിലെ കളികളും സാമാന്യ ജനങ്ങള്‍ക്കന്യമായ സാമ്പത്തിക ശാസ്ത്ര പദാവലികളും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ എവിടെയും കൊണ്ടെത്തിക്കാന്‍ പോകുന്നില്ല എന്ന് സംഗ്രഹിക്കാം.

Contact the author

Recent Posts

Web Desk 2 months ago
Editorial

ജനനത്തിയതി തെളിയിക്കാനുളള രേഖകളുടെ കൂട്ടത്തിൽ നിന്ന് ആധാറിനെ ഒഴിവാക്കി ഇപിഎഫ്ഒ

More
More
National Desk 2 months ago
Editorial

അയോധ്യയില്‍ നടക്കാന്‍ പോകുന്നത് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന 'മോദി ഷോ'- രാഹുല്‍ ഗാന്ധി

More
More
Web Desk 2 months ago
Editorial

2023-ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം മെസിക്ക്

More
More
Web Desk 2 months ago
Editorial

'ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്നു, പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു'- തേജ് പ്രതാപ് യാദവ്

More
More
Web Desk 2 months ago
Editorial

എംടി വിമര്‍ശിച്ചത് പിണറായിയെയും കേരളത്തെയും തന്നെ- കെ മുരളീധരന്‍

More
More
Web Desk 2 months ago
Editorial

എംടിയുടെ 'പല്ലുളള രാഷ്ട്രീയ വിമര്‍ശനത്തിന്' നന്ദി- ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

More
More