വിഖ്യാത സാഹിത്യകാരൻ മിലൻ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. അസുഖത്തെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ചെക്, ഫ്രഞ്ച് ഭാഷകളിൽ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.
1929 ഏപ്രിൽ ഒന്നിന് ചെക്കോസ്ളോവാക്യയിൽ ആയിരുന്നു കുന്ദേരയുടെ ജനനം. കൗമാരകാലത്ത് അദ്ദേഹം ചെക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.1948–ൽ പാർട്ടി രാജ്യത്ത് അധികാരസ്ഥാനത്തെത്തി. പക്ഷേ രണ്ടുവർഷത്തിനുശേഷം പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെപേരിൽ കുന്ദേര പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടു. ഈ അനുഭവമാണ് 1967–ൽ പുറത്തുവന്ന അദ്ദേഹത്തിന്റെ ആദ്യനോവൽ 'ദ് ജോക്കിന്റെ' പ്രമേയം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
68–ൽ സോവിയറ്റ് ആധിപത്യത്തിനെതിരായ പ്രഗ് വസന്തത്തിന്റെ മുന്നണിപ്പോരാളികളിൽ ഒരാളായി കുന്ദേര. 75–ൽ ജൻമനാട് ഉപേക്ഷിച്ച് അദ്ദേഹം ഫ്രാൻസിൽ അഭയം തേടി. 'മറവിക്കെതിരായ ഓർമയുടെ പോരാട്ടമാണു ജീവിതത്തിന് അർത്ഥം നൽകുന്നതെന്ന്' എഴുതിയിട്ടുള്ള മിലൻ കുന്ദേര, കവിതകളും നാടകങ്ങളും എഴുതിയിട്ടുണ്ടെങ്കിലും നോവലിനോടായിരുന്നു പ്രിയം. 73–ൽ രണ്ടാമത്തെ നോവൽ പുറത്തുവന്നു: 'ലൈഫ് ഈസ് എൽസ്‍വേർ'. രാഷ്ട്രീയ അപവാദങ്ങളിൽപ്പെടുന്ന ഒരു യുവനേതാവിന്‍റെ കഥയായിരുന്നു അത്.
പിന്നീടു പുറത്തുവന്ന 'ദ് ബുക് ഓഫ് ലാഫ്റ്റർ ആൻ ഫോർഗെറ്റിങും', 'ദ് അൺബിയറബിൾ ലൈറ്റ്നസ് ഓഫ് ബീയിങ്ങുമാണ്' കുന്ദേരയെ ലോകപ്രശസ്തനാക്കിയത്. 'ഇമ്മേർട്ടാലിറ്റി' ഉൾപ്പെടെ 10 നോവലുകൾ രചിച്ച കുന്ദേരയുടെ അവസാനം പുറത്തുവന്ന നോവൽ 'ദ് ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻസ്' (2014) ആയിരുന്നു.