ഹിറ്റ്ലറുടെ ഒസ്യത്തും വംശീയ വൈറസുകളും - കെ.ടി. കുഞ്ഞിക്കണ്ണന്‍

benito mussolini and adolf Hitler

ഹിറ്റ്ലർ ബർലിനിലെ ഭൂഗർഭയറയിൽ ആത്മഹത്യ ചെയ്തു. പക്ഷേ ഫാസിസത്തിന്റെ വൈറസ്സുകള്‍ പുനര്‍ജ്ജനിച്ചുകൊണ്ടേയിരിക്കുന്നു 

ഹിറ്റ്ലർ, ഫാസിസ്റ്റ് വിരുദ്ധമുന്നേറ്റങ്ങൾക്ക്  മുമ്പിൽ അടിയറവ് പറഞ്ഞു് ചരിത്രത്തിൽ നിന്നും സ്വന്തം ജീവിതത്തിൽ നിന്നും സ്വയം പിന്മടങ്ങിയത് 1945 ഏപ്രിൽ 30നാണ്. ബർലിൻ നഗരത്തിലേക്ക് കുതിച്ചെത്തിയ ചെമ്പട ഹിറ്റ്ലറുടെ ആര്യ വംശാധിപത്യത്തിലധിഷ്ഠിതമായ ലോകക്രമത്തെ കുറിച്ചുള്ള എല്ലാ വ്യാമോഹങ്ങൾക്കും അന്ത്യം കുറിക്കുകയായിരുന്നു. അതു ഹിറ്റ്ലർ മനസിലാക്കിയിരുന്നുവെന്നാണ് രണ്ടാം ലോകമഹായുദ്ധത്തിൻ്റെ ചരിത്രകാരന്മാരിൽ പലരും രേഖപ്പെടുത്തിയിട്ടുള്ളത്. എങ്കിലും വിധിയിലും പ്രവചനങ്ങളിലും വിശ്വസിച്ചിരുന്ന ഹിറ്റ്ലർ തന്നെ ചില യാദൃച്ഛികതകകൾ ഭാഗ്യമായി വന്നു തുണക്കുമെന്നു ആശ്വസിച്ചിരുന്നു.

ഏപ്രിൽ മാസം ആദ്യത്തിലെ ഒരു സായാഹ്നത്തില്‍ കാർ ലൈലിൻ്റെ "മഹാനായ ഫ്രെഡറിക്കിൻ്റെ ചരിത്രം " എന്ന പുസ്തകത്തിലെ ചില വാചകങ്ങൾ ഹിറ്റ്ലർക്ക് ആശ്വാസവും ഉത്തേജനവുമായി പോലും ! ഗൊയ്ബത്സ് ഹിറ്റ്ലറെ വായിച്ചു കേൾപ്പിച്ച ആ പുസ്തകത്തിലെ വരികൾ ഇതായിരുന്നു; "മഹാനായ രാജാവെ ! കുറച്ചു കൂടെ കാത്തിരിക്കുക, അങ്ങയുടെ വിഷമദിവസങ്ങൾ അവസാനിക്കാറായി. അങ്ങയുടെ ഭാഗ്യസൂര്യൻ മേഘങ്ങൾക്ക് പിറകിൽ മറഞ്ഞു നിൽക്കുന്നുണ്ട്. അത് ഉടനെ അങ്ങയുടെ മേൽ പ്രകാശം ചൊരിയും" 

അനിവാര്യതകളെ വഴിതിരിച്ചുവിടുന്ന ചരിത്രത്തിലെ ചില യാദൃച്ഛിക സംഭവങ്ങളെയാണ് ഇവിടെ കാർലൈൻ സൂചിപ്പിക്കുന്നത്. സപ്തവത്സരയുദ്ധത്തിലെ തുടർച്ചയായ തിരിച്ചടികളും തോൽവികളുംകൊണ്ടു മനംമടുത്ത ഫ്രെഡറിക്ക് 1762 ഫെബ്രുവരി 15 നകം യുദ്ധഗതി തനിക്ക് അനുകൂലമാകാത്ത പക്ഷം വിഷം കഴിച്ച് മരിക്കാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ സംഭവഗതികളെയാകെ മാറ്റിമറിക്കുന്ന തരത്തിൽ അദ്ദേഹത്തിൻ്റെ എതിരാളി റഷ്യയിലെ സാറീനാ എലിസബത്ത് ഫെബ്രുവരി 12 ന് മരിച്ചു. അതോടെ യുദ്ധഗതി ഫ്രെഡറിക്കിന് അനുകൂലമായി! ഹിറ്റ്ലർ തനിക്കു അനുകൂലമായി സഖ്യശക്തികളിലെ ഏതെങ്കിലുമൊരു സാറീനായുടെ മരണം പ്രതീക്ഷിക്കുകയായിരുന്നു! പക്ഷെ ഒന്നും സംഭവിച്ചില്ല. ചരിത്രം ഫാസിസ്റ്റുകൾക്കു കരുതി വെച്ചത് പരാജയമായിരുന്നു.

അതെ 1945 ഏപ്രിൽ 30നാണ് ഹിറ്റ്ലർ തൻ്റെ പ്രണയിനിയായ ഇവാബ്രൗണിനൊപ്പം ബർലിനിലെ ഭൂഗർഭ പടയറയിൽ ആത്മഹത്യ ചെയ്തത്.

അതിന് രണ്ടു ദിവസം മുമ്പ് തന്നെ മുസോളിനിയെ ജനങ്ങൾ ഓടിച്ചുപിടിച്ച് തല്ലിക്കൊന്നു വിളക്ക് കാലിൽ കെട്ടി തൂക്കിയിരുന്നു. ചെമ്പടയുടെയും സഖ്യകക്ഷികളുടെയും അപ്രതിരോധ്യമായ മുന്നേറ്റങ്ങൾക്ക് മുമ്പിൽ സ്വയം പരാജയം സമ്മതിച്ച് മരണം വരിച്ച ഹിറ്റ്ലറുടെ അന്ത്യം അത്യന്തം വികാരപരമെന്ന പോലെ വിചിത്രവുമായിരുന്നു. ജീവിതം മുഴുവൻ  ലൈംഗിക പങ്കാളിയായി തന്നൊടൊപ്പമുണ്ടായിരുന്ന ഇവായെ വിവാഹം കഴിക്കാൻ ഒരിക്കലും ഹിറ്റ്ലർ താല്പര്യപ്പെട്ടിരുന്നില്ല. വിവാഹം തൻ്റെ വ്യക്തിപരമായ വളർച്ചക്ക് തടസമാവുമെന്നായിരുന്നു ഹിറ്റ്ലറുടെ വിശ്വാസം. ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ജർമൻ നിയമമനുസരിച്ച് ഹിറ്റ്ലർ അവരെ വിവാഹം ചെയ്യുന്നത്. 

ലോകം മുഴുവൻ കീഴടക്കി നാസി ജർമനിയുടെ ആധിപത്യത്തിൻ കീഴിൽ കൊണ്ടുവരികയെന്നതായിരുന്നു ഹിറ്റ്ലർ തൻ്റെ ജീവിത ദൗത്യമായി കണ്ടത്. നീഷെയുടെ അതിമാനുഷ സിദ്ധാന്തങ്ങളിൽ നിന്നും ആവേശംകൊണ്ട ഹിറ്റ്ലർ മനുഷ്യവംശത്തിൻ്റെ ഭാഗധേയം ആര്യവംശ മഹിമയിലധിഷ്ഠിതമായ ലോകമാണ് നിർണയിക്കുക എന്നും അതിനായി താൻ സ്വയം നിയോഗിതനാണെന്നും കരുതി.

ജർമനിയിൽ അധികാരത്തിലെത്തിയ ഹിറ്റ്ലർ ആയിരം വർഷം നീണ്ടു നില്ക്കുന്ന നാസി ഭരണമാണ് വിഭാവനം ചെയ്തത്. യുറോപ്പിനെയും അമേരിക്കയെയും കീഴടക്കി സോവ്യറ്റ് യൂണിയനെ വളഞ്ഞുപിടിച്ചു ലോകത്തെ നാസി ഭരണത്തിൽ കൊണ്ടുവരിക എന്നതായിരുന്നു ഹിറ്റ്ലറുടെ പദ്ധതി. ഈയൊരു ലക്ഷ്യത്തോടെയാണ് 1939 ൽ നാസി സേന പോളണ്ടിലേക്ക് കടന്നതും യുറോപ്പിൽ യുദ്ധം ആരംഭിച്ചതും. ഫാസിസത്തിൻ്റെ ഭീകരതയും ഹിറ്റ്ലർ ജയിച്ചാലുണ്ടാകുന്ന അപകടങ്ങളെയും മനസിലാക്കി ജനാധിപത്യശക്തികളും രാഷ്ട്രങ്ങളും ഒന്നിച്ചതോടെ ഹിറ്റ്ലറുടെയും മുസോളിനിയുടെ സേനകൾക്ക് പിടിച്ചു നില്ക്കാനായില്ല. സോവ്യറ്റ് ചെമ്പടയുടെ ധീരോദാത്തമായ ചെറുത്ത് നില്പും മുന്നേറ്റവും നാസിസേനകളെ ശിഥിലമാക്കി. 

ലോകമാകെ ഫാസിസത്തിനെതിരെ സഖ്യശക്തികളുടെ വിജയത്തിനായി തെരുവിലിറങ്ങി, അത് നാസികൾക്കും കൂട്ടാളികൾക്കുമെതിരായ ജനകീയയുദ്ധമായി മാറിയതോടെ ഹിറ്റ്ലർക്കും മുസോളിനിക്കും പിടിച്ചു നില്ക്കാനായില്ല. 1945 മെയ് 2ന് ചെമ്പട ബർലിൻ നഗരത്തിലെ നാസി ഹെഡ്ക്വാർട്ടേഴ്സിലെ സ്വസ്തികാങ്കിത പതാക വലിച്ചു താഴെയിറക്കി അവിടെ ചെമ്പതാക ഉയർത്തി.

ഒസ്യത്തിലും  ജൂതവിരോധം ആളിക്കത്തിച്ചു ഹിറ്റ്ലര്‍ 

സ്വയം പരാജയം സമ്മതിച്ച് ആത്മഹത്യ ചെയ്യുമ്പോഴും ഹിറ്റ്ലർ ജർമ്മൻ വംശജരുടെ ലോകാധിപത്യത്തിനായി യുദ്ധം തുടരണമെന്നാണ് ഉത്തരവിട്ടത്.  ഒസ്യത്തിൽ  ഹിറ്റ്ലർ എഴുതിവെച്ചത് ഇത്തവണയും ജർമനിയുടെ പരാജയത്തിന് കാരണം ജൂതന്മാരാണെന്നാണ്. വംശീയ വിദ്വേഷത്തിൻ്റെ വൈറസുകളെ പുനരുല്പാദിക്കുന്ന ജൂതവിരോധം ഒരിക്കൽ കൂടി ആളിക്കത്തിച്ചു കൊണ്ടാണ് ഹിറ്റ്ലർ മരണം വരിച്ചതു പോലും. യുറോപ്പിലെ നവനാസി പ്രസ്ഥാനങ്ങൾ ഹിറ്റ്ലറുടെ മരണഒസ്യത്തിൽ നിന്നാണ് ആവേശം കൊള്ളുന്നത്. പരാജയം സമ്മതിക്കാത്ത ആര്യവംശാഭിമാനവും അടങ്ങാത്ത ജൂത വിരോധവുമാണ് അവസാന നിമിഷങ്ങളിൽ പോലും ഹിറ്റ്ലർ തൻ്റെ അനുയായികളിലേക്ക് പകർന്നത് ... ഫാസിസത്തിൻ്റെ വംശീയ വൈറസുകൾ.

മനുഷ്യരാശിയെ വേട്ടയാടിയ മഹാമാരിയായിരുന്നു ഫാസിസവും നാസിസവുമെന്ന് ചരിത്രം പഠിപ്പിക്കുന്നു.പലരും യുറോപ്പിനെ ബാധിച്ച പ്ലേഗ് എന്നാണ് ഫാസിസത്തെ വിശേഷിപ്പിച്ചത്. ഫാസിസവും മഹാമാരികൾ പടർത്തുന്ന വൈറസുകളെ പോലെയാണ്. പ്രകൃതിയുടെ നൈസർഗ്ഗികതയെയും മനുഷ്യരുടെ നിലനില്പിൻ്റെ അടിസ്ഥാനങ്ങളെയും കാർന്നുതിന്നാണ് അത് വളരുന്നത്. ലോകമാകെ നാശവും മരണവും വിതക്കുന്ന മുതലാളിത്തത്തിൻ്റെ ഹിംസാത്മക വളർച്ചയാണ് ഫാസിസവും അതു പടർത്തുന്ന സാംസ്കാരിക വൈറസുകളും. പ്ലേഗും കോളറയും വസൂരിയുമടക്കമുള്ള ഒട്ടനവധി വൈറസ്ജന്യ മഹാമാരികളെ നമുക്ക് അതിജീവിക്കാൻ കഴിഞ്ഞിട്ടുണ്ട്. സാർസ്, മെർസസ്, എംബോള, തുടങ്ങി പലതരം രോഗാണുക്കളെ ശാസ്ത്ര മാർഗങ്ങളിലുടെ നമുക്ക് പ്രതിരോധിച്ചു നിർത്താനുമായിട്ടുണ്ട്.

ഫാസിസത്തിനുമുണ്ട് ജനിതക മാറ്റങ്ങള്‍ 

നിരന്തരമായ ഉൾപരിവർത്തനങ്ങളിലുടെ ഫാസിസത്തിൻ്റെ പല തരത്തിലും നാമങ്ങളിലുമുള്ള വൈറസുകൾ മാനവികതയ്ക്കും ജനാധിപത്യ ജീവിതത്തിനും ഭീഷണമായി തുടരുന്നു... ഇത്തരം ഫാസിസത്തിൻ്റെ വംശീയ വൈറസുകളെ പ്രതിരോധിക്കാതെ മനുഷ്യസമൂഹത്തിൻ്റെ ജനാധിപത്യപരമായ ഭാവി സാധ്യമാവില്ല. കോർപ്പറേറ്റ് മൂലധനവും വംശീയ ശക്തികളും ചേർന്നു പ്രജനനം ചെയ്തെടുക്കുന്ന വിദ്വേഷവൈറസുകൾ കൊറോണയെക്കാൾ ഭീഷണമാണെന്ന് തിരിച്ചറിയണം.മൂലധനത്തിൻ്റെ സ്വതന്ത്രവും നിരുപാധികവുമായ ചൂഷണത്തിനും കൊള്ളക്കുമെതിരെ വളർന്നു വരുന്ന തൊഴിലാളികളുടെയും മർദ്ദിത ജനസമൂഹങ്ങളുടെ ജൈവികമായ പ്രതിരോധങ്ങളെയും അതിജീവന വ്യവസ്ഥകളെയും തകർക്കാനായി മുതലാളിത്ത പ്രത്യയശാസ്ത്ര കേന്ദ്രങ്ങൾ അതിൻ്റെ നിലനില്പിനായി നിർമ്മിച്ചെടുത്തതാണ് ഫാസിസ്റ്റ് ഗണത്തിൽ പെട്ട എല്ലാ തരം വൈറസുകളുമെന്ന് പറയാം.മുസോളിനിയുടെയും ഹിറ്റ്ലറുടെയും ഫ്രാങ്കോവിൻ്റെയും രാഷ്ട്രിയ സിദ്ധാന്തങ്ങൾ... വംശീയ, അതിദേശീയതാ സിദ്ധാന്തങ്ങൾ... അതിന്ന് ട്രംപിൻ്റെ ആംഗ്ലോ സാങ്ങ്സൺ വംശീയതയിലധിഷ്ഠിതമായ സാമ്രാജ്യത്വ വാദമായും, എർദോഗൻ്റെ ഓട്ടോമൻ സാമ്രാജ്യപുനരായനത്തിൻ്റെ അതിദേശീയതാവാദമായും മോഡിയുടെ ഹിന്ദുരാഷ്ട്രം ലക്ഷ്യം വെക്കുന്ന ഫാസിസ്റ്റ് അധികാരപ്രയോഗമായും പല രൂപങ്ങളിലും പല ഭാവങ്ങളിലും മനുഷ്യരാശിയെ വേട്ടയാടുകയാണ്.

ഫാസിസ്റ്റ് രാഷ്ട്രീയവും കോവിഡ് 19 നെ പോലെയുള്ള രോഗാണുക്കളെ പോലെ നിരന്തരമായ ജനിതകമാറ്റങ്ങളിലൂടെ മനുഷ്യരുടെ അതിജീവന ശ്രമങ്ങൾക്ക് ഭീഷണി ഉയർത്തിക്കൊണ്ടേയിരിക്കും. ജീവപരിണാമത്തിൻ്റെ അനുസ്യൂതിയിൽ ജന്മമെടുക്കുന്ന അപകടകാരികളായ വൈറസുകളെ അതിജീവിക്കാൻ മനുഷ്യസമൂഹം പ്രതിരോധ മരുന്നുകൾ വികസിപ്പിക്കുകയും മഹാമാരികളെ കീഴടക്കുകയും ചെയ്യും.അതേപോലെ ഫാസിസത്തെയും പ്രതിരോധിക്കാൻ കഴിഞ്ഞാലേ ജനാധിപത്യവും മനുഷ്യോചിതമായ ജീവിതവും നമുക്ക് ഉറപ്പ് വരുത്താൻ കഴിയൂ. 

സാമൂഹ്യ വികാസപരിണാമങ്ങളുടെ ചരിത്രഗതിയിൽ പ്രകൃതിക്കും മനുഷ്യനും ഭീഷണിയുയർത്തുന്ന മുതലാളിത്ത വ്യവസ്ഥയുടെ ജീർണോന്മുഖവും സങ്കുചിത ദേശീയ വാദത്തിലധിഷ്ഠിതവുമായൊരു പരിണതിയാണ് ഫാസിസമെന്ന് തിരിച്ചറിയണം. അത് ജ്ഞാനോദയവും നവോത്ഥാനവും ജനാധിപത്യ വിപ്ലവങ്ങളും മനുഷ്യ സമൂഹത്തിലേക്ക് കൊണ്ടുവന്ന ആധുനിക മനുഷ്യജീവിതത്തിൻ്റെ അടിസ്ഥാനമായ എല്ലാ നന്മകളെയും കാർന്നുതിന്നു വളരുന്ന വിഷവൈറസാണ്. രാഷ്ടീയത്തിലും സംസ്കാരത്തിലും വിദ്വേഷവും വിഭജനവും സൃഷ്ടിക്കുന്ന മഹാമാരിയായി അത് പടർന്നു കയറുന്നു. കൊറോണ വൈറസിനെ പോലെ നിരന്തരമായ ജാഗ്രതയും പ്രതിരോധവുമില്ലെങ്കിൽ ഫാസിസം നമ്മുടെ ജനാധിപത്യ ജീവിതത്തിൻ്റെ ശ്വാസകോശ വ്യവസ്ഥയാകെ തകർത്തു കളയുന്ന രീതിയിൽ സമൂഹ ശരീരത്തിലാകെ പടർന്നു കയറും. ഹിറ്റ്ലറുടെ ഒസ്യത്തു മുതൽ ട്രംപിൻ്റെ വംശീയ പ്രചരണം വരെ വംശീയ വൈറസുകളെയാണ് പ്രജനനം ചെയ്തെടുത്തുകൊണ്ടിരിക്കുന്നത്.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 4 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 4 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 4 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 1 month ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More