മുംബൈ: 2024-ലെ തെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ തിരിച്ചെത്തില്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍. 2024-ല്‍ ബിജെപിയെ താഴെയിറക്കാനായി പ്രവര്‍ത്തിക്കുമെന്നും അജിത് പവാറിനെ പിന്തുടര്ന്ന് ബിജെപി സഖ്യത്തിലെത്തുമെന്ന അഭ്യൂഹം ശരിയല്ലെന്നും ശരത് പവാര്‍ പറഞ്ഞു. ബിജെപിക്കെതിരെ പോരാടാനും എന്‍ഡിഎ മുന്നണിക്ക് ബദലാകാനുമാണ് ഇന്ത്യാ സഖ്യം ഒരുമിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞങ്ങള്‍ പോരാടും. ഒറ്റക്കെട്ടായി നില്‍ക്കുകയും കൂട്ടായ തീരുമാനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യും. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ താന്‍ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് നരേന്ദ്രമോദി പറഞ്ഞുകൊണ്ടിരുന്നു. മോദി ഇനി പ്രധാനമന്ത്രിയായി തിരിച്ചുവരില്ലെന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. രാജ്യത്തെ സ്ഥിതി വ്യത്യസ്തമാണ്. പല സംസ്ഥാനങ്ങളിലും അധികാരത്തില്‍ ഇല്ലാത്തതിനാല്‍ 2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമാകില്ല'- ശരത് പവാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മണിപ്പൂര്‍ വിഷയത്തില്‍ നരേന്ദ്രമോദി പുലര്‍ത്തുന്ന മൗനത്തെയും അദ്ദേഹം വിമര്‍ശിച്ചു. 'പാര്‍ലമെന്റിനകത്തും പുറത്തുമായി മോദി മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചത് വളരെ കുറച്ച് മിനിറ്റുകള്‍ മാത്രമാണ്. മണിപ്പൂരിലെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം കൊടുക്കാന്‍ മോദി അവിടേക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അത് പ്രധാനമായി തോന്നിയില്ല. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് അദ്ദേഹം പ്രാധാന്യം കൊടുത്തത്'- ശരത് പവാര്‍ കൂട്ടിച്ചേര്‍ത്തു.