ഡല്‍ഹി: വനിതാ സംവരണ ബില്‍ എത്രയുംവേഗം നടപ്പിലാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വനിതാ സംവരണ ബില്‍ എന്ന് യാഥാര്‍ത്ഥ്യമാകുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ജാതി സെന്‍സസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ തന്ത്രമാണ് ഈ ബില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ ഭരണസംവിധാനത്തില്‍ ഒബിസി വിഭാഗത്തില്‍ നിന്നുളളവരുടെ സാന്നിദ്ധ്യം കുറവാണെന്നും ഒബിസി എംപിമാരുടെ എണ്ണം കൂട്ടിയതുകൊണ്ടു മാത്രം കാര്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുപിഎ സര്‍ക്കാരിന്റെ കാലത്ത് വനിതാ സംവരണം നടപ്പിലാക്കാനാവാത്തതില്‍ കുറ്റബോധമുണ്ടെന്നും ഇപ്പോള്‍ വനിതാ സംവരണം നടപ്പിലാക്കാനാവില്ലെന്ന് രാജ്യത്തെ സ്ത്രീകള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യയിലെ സ്ത്രീകളെ ബിജെപി വിലകുറച്ച് കാണരുത്. നിങ്ങളുടെ ഉദ്ദേശമെന്തെന്ന് അവര്‍ക്കറിയാം. എന്തിനാണ് പെട്ടെന്ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചത്? ജാതി സെന്‍സസില്‍നിന്ന് ശ്രദ്ധ തിരിക്കാനുളള സര്‍ക്കാരിന്റെ തന്ത്രമാണിത്. സംവരണം നടപ്പിലാക്കണമെങ്കില്‍ മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും നടത്തണം. ബജറ്റില്‍ 5 ശതമാനം മാത്രമാണ് പിന്നോക്ക വിഭാഗക്കാര്‍ക്കായുളളത്. ഗോത്ര വിഭാഗത്തിന് അതിലും കുറവാണ്. ഇന്ത്യയില്‍ എത്ര പിന്നോക്കക്കാര്‍ ഉണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ജാതി സെന്‍സസ് എത്രയുംവേഗം നടത്തണം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജാതി സെന്‍സസ് നടപ്പിലാക്കും'- രാഹുല്‍ ഗാന്ധി പറഞ്ഞു.