''വൺ ഇന്ത്യ വൺ പെൻഷൻ" തികഞ്ഞ കോർപ്പറേറ്റ് ഭക്തസംഘം - കെ.ടി.കുഞ്ഞിക്കണ്ണന്‍

''വൺ ഇന്ത്യ വൺപെൻഷൻ " എന്ന പേരിൽ ഒരു വാട്സ് ആപ് "പ്രസ്ഥാനം " സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കുറിപ്പുകൾ വായിച്ചപ്പോൾ അതൊരു  അരാഷ്ട്രീയ എൻജിഒ ഗ്രൂപ്പാണെന്ന് തോന്നി. അങ്ങനെ തന്നെകരുതേണ്ടിയിരിക്കുന്നു...

സംഘടിത ഇടതുപക്ഷ രാഷ്ടീയത്തിലും തൊഴിലാളി കർഷക പ്രസ്ഥാനങ്ങളിലും വിള്ളലുകൾ സൃഷ്ടിക്ക്കുകയും നിയോലിബറൽ പരിഷ്ക്കരണങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികൾക്കും ജീവിത ദുരിതങ്ങൾക്കുമെതിരായ ബഹുജനസമരങ്ങളെ വഴി തിരിച്ചുവിടുകയുമെന്നതാവാം ഇത്തരം വാമനസംഘങ്ങളുടെ ലക്ഷ്യം. വസ്തുതാവിരുദ്ധവും അങ്ങേയറ്റം പ്രതിലോമപരവുമായ ആശയങ്ങളാണവർ വാട്സ് അപ് വിജ്ഞാപനങ്ങളായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് ... 

കോവിഡു ദുരിതാശ്വാസ ഫണ്ടിലേക്ക് സർക്കാർ ജീവനക്കാരുടെ ശബളം താൽക്കാലികമായി പിടിക്കാനുള്ള സർക്കാർ ഉത്തരവ് കത്തിച്ച ചില വലതുപക്ഷ സർവീസ് സംഘടനാ പ്രവർത്തകരുടെ സാമൂഹ്യവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധമുയരുന്നതിനിടയിലാണ്, അതിനെ അവസരമാക്കി ഈ അരാഷ്ട്രീയ എൻജിഒ സംഘം കലക്കു വെള്ളത്തിൽ മീൻ പിടിക്കാനിറങ്ങിയിരിക്കുന്നത്. 

അരാഷ്ട്രീയ മന്ദബുദ്ധികളുടെ വചോടോപങ്ങള്‍ 

സർക്കാർ ശബളവും പെൻഷനുമൊക്കെ പറ്റുന്ന ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവരുമാണ് നാട് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കും മാന്ദ്യത്തിനും കാരണമെന്ന ചപ്പാടച്ചി ന്യായങ്ങളുമായിട്ടാണ് ഈ അരാഷ്ട്രീയ മന്ദബുദ്ധികൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉത്സാഹഭരിതരായിരിക്കുന്നത്.  സമ്പദ്ഘടനയെ തകർത്ത നിയോലിബറൽ നയങ്ങൾക്കെതിരായ പ്രതിഷേധങ്ങളെ അസ്ഥിരീകരിക്കുകയും ജനശ്രദ്ധ മറ്റൊരു വഴിക്ക് തിരിച്ചുവിടുകയും ചെയ്യുക എന്നതാണു്  മുതലാളിത്തത്തിൻ്റെ ഇത്തരം മുന്നാം മാർഗ്ഗക്കാരുടെ ദൗത്യം .. മൂന്നാം മാർഗ്ഗക്കാരെന്ന പ്രയോഗത്തിന് ഡോ: പ്രഭാത് പട്നായ്ക്കിനോട് കടപ്പാട്. 

കൊറോണക്കാലത്തെ ദുരിതങ്ങളെയും ജനങ്ങളുടെ അരക്ഷിതാവസ്ഥയെയും അവസരമാക്കി, പണിയെടുക്കുന്നവർക്കെതിരായ  മുരത്ത വലതുപക്ഷ സിദ്ധാന്തങ്ങൾക്ക് സമ്മതി നിർമ്മിച്ചെടുക്കാനാണ് ഇക്കൂട്ടർ നോക്കുന്നത്.

കോർപ്പറേറ്റു കൊള്ളയെയും അതിന് കൂട്ടുനില്ക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളെയും കുറിച്ച് ഈ മൂന്നാം മാർഗ്ഗക്കാർ കൗശലപൂർവ്വം മൗനം പാലിക്കുന്നു.അവരുടെ വാട്സ് ആപ് വിജ്ഞാപനങ്ങളിലൊന്നും നിയോലിബാൽ നയങ്ങൾക്കെതിരായി ഒരക്ഷരം നിങ്ങൾക്ക് കാണാനാവില്ല. തൊഴിലാളികളെയും ജീവനക്കാരെയും നാടിൻ്റെ മുഴുവൻ പ്രതിസന്ധിക്കും ഉത്തരവാദികളാ‌യി അധിക്ഷേപം നടത്തുന്നവർ രാഷ്ട്ര സമ്പത്ത് ചോർത്തികൊണ്ടു പോകുന്ന വിജയമല്യമാർക്കും മെഹുൽ ചോസ്കിമാർക്കും ഒത്താശ ചെയ്യുന്ന കേന്ദ്ര സർക്കാറിനെ കുറിച്ചു ഒന്നും പറയില്ല...

അവർ ഓൺലൈനിൽ തള്ളുന്ന കുറിയോലകളിൽ കേന്ദ്ര സർക്കാറിനെതിരായി ഒരു വിമർശനവും അറിയാതെ പോലും വന്നു പോവില്ല. അത്രയും സൂക്ഷ്മതയും രാഷ്ട്രീയ ജാഗ്രതയുമാണ് ഇവർക്കെന്നത് ഇവരുടെ നിഷ്ക്ഷ സ്വതന്ത്ര നാട്യങ്ങളിൽ പുതപ്പിച്ചുവെച്ച യഥാർത്ഥ രാഷ്ടീയത്തെയാണ് അനാവരണം ചെയ്തു തരുന്നത്!

കർഷകരുടെ ദുരവസ്ഥയെയും  ജപ്തി നടപടികളെയും കുറിച്ച് വാചകമടിക്കുന്നവർ കാർഷിക പ്രതിസന്ധിക്കും വില തകർച്ചക്കും കാരണമായ ഗാട്ട് കരാറിനെ കുറിച്ച് മിണ്ടില്ല.ആസിയാൻ കരാറിനെക്കുറിച്ചോ യുറോപ്യൻ യൂണിയനുമായുണ്ടാക്കിയ വ്യാപാര കരാറിനെ കുറിച്ചോ മിണ്ടില്ല. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് പ്രകാരം ഉല്പന്നങ്ങൾക്ക് താങ്ങുവില നൽകുമെന്ന ബി ജെ പി സർക്കാറിൻ്റെ വാഗ്ദാനത്തെക്കുറിച്ച് ഒരക്ഷരം അറിയാതെ പോലും അവർ സംസാരിക്കില്ല .കർഷകരെ സംസ്ഥാന സർക്കാറിൻ്റെ അനുമതിയില്ലാതെ ബാങ്കുകൾക്ക് ജപ്തി ചെയ്തു ഒഴിപ്പിച്ചെടുക്കാനായി സർഫാസിനിയമം കൊണ്ടുവന്ന ബാജ്പേയ് സർക്കാറിനെ കുറിച്ചോ ഇടതു പക്ഷത്തിൻ്റെ എതിർപ്പിനെ അവഗണിച്ച് അത് നടപ്പാക്കിയ മൻ മോഹന്‍ സിംഗ് സർക്കാറിനെക്കുറിച്ചോ ഈ മൂന്നാം മാർഗ്ഗക്കാർ ഒരക്ഷരം മിണ്ടില്ല. ഇതൊക്കെ പോരെ ഇവരാരാണെന്നും ഇവരെ നയിക്കുന്ന താല്പര്യമെന്താണെന്നും മനസിലാക്കാൻ.

തികഞ്ഞ കോർപ്പറേറ്റ് ഭക്തസംഘം 

കടുത്ത ഭാഷയിൽ രാഷ്ടീയക്കാരെ ആക്ഷേപിക്കുന്ന അവർ കോർപ്പറേറ്റുകൾക്ക് രാഷ്ട്ര സമ്പത്ത് ചോർത്തി കൊടുക്കുന്നതിനെ കുറിച്ചൊന്നും സംസാരിക്കില്ല. കോർപ്പറേറ്റുകൊള്ളയെ കുറിച്ചൊന്നും തന്നെ അവരുടെ ഓൺലൈൻ സന്ദേശങ്ങളിൽ സൂചിപ്പിക്കുകകേയില്ല ... പൊതുമേഖല കമ്പനികളുടെ ഓഹരി നക്കാപ്പിച്ചക്ക് വിൽക്കുന്നതിനെ കുറിച്ചൊന്നും ഒരക്ഷരം മിണ്ടില്ല ..മൗനം വിദ്വാന് ഭൂഷണമാണെന്ന് പറയുന്നത് പോലെ ഈ മൂന്നാം മാർഗ്ഗക്കാർക്കും ഇത്തരം കാര്യങ്ങളിലെ മൗനം ഭൂഷണം തന്നെയായിരിക്കുമെന്ന് കരുതാം !

അവരെതിർക്കുന്ന രാഷ്ട്രീയം തൊഴിലാളികളുടെയും കർഷകരുടെയും അവകാശപോരാട്ടങ്ങളുടെ രാഷ്ട്രീയത്തെയാണെന്നതാണ് വസ്തുത. കൂലി കൂടതലിനെയും പെൻഷനെയുമെല്ലാമാണ് അവർ നാടിൻ്റെ സാമ്പത്തിക മാന്ദ്യത്തിന് കാരണമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. സാർവത്രിക പെൻഷൻ എന്നെല്ലാം പറഞ്ഞു് ആരോഗ്യമുള്ള ആയുസ്സു മുഴുവൻ പണിയെടുത്തവരുടെ സർവീസ് പെൻഷൻ എടുത്തുകളയണമെന്നു് വാദിക്കുകയാണവർ.

ക്ഷേമരാഷ്ട്ര ഘടനയിലധിഷ്ഠിതമായ സിവിൽ സർവ്വീസിനെ ഇല്ലാതാക്കുന്ന ഘടനാ ക്രമീകരണ നടപടികളുടെയും സ്വകാര്യവൽക്കരണ ഉദാരവൽക്കരണ നയങ്ങളുടെയും തുടർച്ചയിലാണ് പങ്കാളിത്തപെൻഷൻ പദ്ധതി കോൺഗ്രസ് ബി ജെ പി സർക്കാറുകൾ അടിച്ചേല്പിച്ചത്. അത്തരം തൊഴിലാളി ദ്രോഹനയങ്ങൾക്കും സാമ്പത്തിക പരിഷ്ക്കാരങ്ങൾക്കും അനുകൂലമായ അഭിപ്രായ നിർമ്മാണം നടത്താനായി നിയോലിബറൽ മൂലധനകേന്ദ്രങ്ങൾ തങ്ങൾ ഫണ്ട് നൽകി വളർത്തുന്ന എൻജിഒ ഗ്രൂപ്പുകളെ രംഗത്തിറക്കുന്നത് സ്വാഭാവികം. 

വളരെ പോപ്പുലിസ്റ്റിക്കായ മുദ്രാവാക്യങ്ങളുമായി ഇത്തരം സംഘങ്ങൾ ജനങ്ങൾക്കിടയിലെ വൈരുധ്യങ്ങളെയും ഭിന്നതകളെയുമെല്ലാം കുത്തി പൊക്കും.മുതലാളിത്തം സൃഷ്ടിച്ച അസമത്വത്തിനും ഭൂപരിപക്ഷത്തിൻ്റെ ദാരിദ്ര്യത്തിനും കാരണം ജനങ്ങൾക്കിടയിൽ തന്നെയുള്ള മറ്റുള്ളവരാണെന്ന് പ്രചരിപ്പിക്കും. പണിയെടുക്കുന്നവരിലെ വിവിധ വിഭാഗങ്ങളെ തമ്മിലടിപ്പിക്കും.കൃഷിക്കാരൻ്റെ പ്രശ്നങ്ങൾക്ക് കാരണം സർക്കാർ ശമ്പളം വാങ്ങുന്ന ജീവനക്കാരാണെന്നും തൊഴിലില്ലാത്തവൻ്റെ ദുരിതത്തിന് കാരണം തൊഴിലുള്ള തൊഴിലാളിയാണെന്നും കുറഞ്ഞകൂലിയും ശംമ്പളവുമുള്ളവൻ്റെ ശത്രു ഉയർന്ന ശംബളമുള്ളവരാണെന്ന് പ്രചരിപ്പിക്കും. തൊഴിലാളികൾക്കിടയിലെ ഒന്നിച്ച് നില്ക്കേണ്ട വരെ പരസ്പരം വേർതിരിച്ച് മുതലാളിത്തത്തിനെതിരെ ജനങ്ങളുടെ ഐക്യത്തെയും യോജിച്ച സമരങ്ങളെയും ശിഥിലമാക്കുക എന്ന ദൗത്യമാണ് ഇത്തരം അരാഷ്ട്രീയ എൻജിഒ ഗ്രൂപ്പുകൾ നിർവ്വഹിക്കുന്നത്. അവർക്ക് ഫണ്ട് നൽകുന്ന കോർപ്പറേറ്റ് പിന്തുണയിൽ പ്രവർത്തിക്കുന്ന ഫൗണ്ടേഷനുകൾ അതാണവരെ ഏല്പിച്ചിരിക്കുന്നത്. ഈ വിധ "നവപ്രസ്ഥാന" അരാഷ്ടിയ  സംഘങ്ങളിലൂടെ നിയോലിബറൽ നയങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിയെ മറച്ചു പിടിക്കാനും യഥാർത്ഥ ശത്രുവിനെതിരായി ഉയരേണ്ട സമരങ്ങളെ വഴി തിരിച്ചുവിടാനുമാണ് കോർപ്പറേറ്റു മൂലധനശക്തികളും അവരുടെ ചിന്താ കേന്ദ്രങ്ങളും ലോകത്തെല്ലായിടത്തും ശ്രമിച്ചു കൊണ്ടിരിക്കുന്നത്

"വൺഇന്ത്യ വൺ പെൻഷൻ " എന്ന ഗ്രൂപ്പ്

ഞങ്ങളൊരു മഹാ പ്രസ്ഥാനമാണെന്നും രാജ്യമിന്ന് നേരിടുന്ന സാമ്പത്തീക മാന്ദ്യത്തിന് പരിഹാരമുണ്ടാക്കാനുള്ള പുതിയ ആശയങ്ങൾ കണ്ടുപിടിച്ച രണ്ടു് മൂന്നു വാട്സ് അപ് ബുദ്ധിജീവികളുടെ നേതൃത്വമാണ് തങ്ങളുടേതെന്നൊക്കെയാണ് അവകാശപ്പെടുന്നത് അല്ലെങ്കില്‍ അടിച്ചുവീശുന്നത്. 

ജീവനക്കാർക്ക് നൽകുന്ന പെൻഷൻ നിർത്തലാക്കണമെന്നും സാർവത്രിക പെൻഷൻ നടപ്പിലാക്കണമെന്നുമുള്ളതാണ് ഈ അരാഷ്ട്രീയ സംഘത്തിൻ്റെ മുഖ്യ മുദ്രാവാക്യം. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് മുഖ്യ കാരണം റവന്യൂ വരുമാനത്തിൻ്റെ 60% ഓളം ശംബളവും പെൻഷനുമായി നൽകുന്നതാണെന്നന്നും സർക്കാർ സേവനത്തിൽ നിന്നും പിരിയുന്നവർക്കുള്ള സർവീസ് പെൻഷൻ നിർത്തിയാൽ കേരളത്തിലെ മുഴുവൻ 60 വയസു കഴിഞ്ഞവർക്കും 10,000 രൂപ വെച്ച് പ്രതിമാസ പെൻഷൻ നൽകാനാവുമെന്നൊക്കെയുള്ള ലളിത യുക്തിയിൽ നിന്നുള്ള മധുരമനോജ്ഞമായ വിശദീകരണമാണ് ഈ അരാഷ്ട്രീയ സംഘം വെച്ചു കാച്ചുന്നത്. കേരളത്തിൻ്റെ ആരോഗ്യ വിദ്യാഭ്യാസ മേഖല ഉൾപ്പെടെ 122 ഓളം ജനോപകാരപ്രദമായ സേവന സംവിധാനങ്ങളാണ് നമ്മുടെ സിവിൽ സർവീസ് ... അതിന് പല ദൗർബല്യങ്ങളും പരിമിതിയും ഉണ്ടാകാമെങ്കിലും നമ്മുടെ ക്ഷേമരാഷ്ട്ര ഘടനയുടെ അടിസ്ഥാനമാണത്.

നമ്മുടെ നാട് നേരിടുന്ന പ്രതിസന്ധിക്ക് കാരണം സിവിൽ സർവീസോ ജീവനക്കാരോ അല്ല.ആധുനിക ക്ഷേമരാഷ്ട്ര ഘടനയുമായി ബന്ധപ്പെട്ടാണ് കേരളം പോലൊരു സമൂഹത്തിൽ ഇന്നത്തേതുപോലൊരു സിവിൽ സർവീസ് സംവിധാനം വികസിച്ചു വന്നത്. അവർക്ക് നൽകുന്ന ശമ്പളമോ വിരമിച്ചവർക്ക് നൽകേണ്ടി വരുന്ന പെൻഷനോ അല്ല കേരളത്തിൻ്റെ വിഖ്യാതമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കേന്ദ്ര നയങ്ങളാണ്. കേരളത്തിൻ്റെ നികുതി വരുമാനം ജി എസ് ടി വഴി നഷ്ടമായി. നഷ്ടപരിഹാര തുകയുടെ കുടിശ്ശിക തരുന്നില്ല. ഗ്രാൻറുകൾ നൽകുന്നില്ല. വായ്പാ പരിധി ഉയർത്തി തരുന്നില്ല. പ്രളയകാലത്തെന്ന പോലെ കോവിഡു പ്രതിരോധത്തിനും കേന്ദ്ര ദുരിതാശ്വാസ സഹായമായി നാമമാത്രമായ തുക മാത്രമാണ് അലോട്ട് ചെയ്തത്. കോർപ്പറേറ്റു അനുകൂലവും ജനങ്ങൾക്കും ഫെഡറൽ തത്വങ്ങ ൾക്കുമെതിരായ സാമ്പത്തിക നയങ്ങളാണ് പ്രതിസന്ധിയുടെ കാരണം ...സർക്കാർ ജീവനക്കാരെന്ന പോലെ എല്ലാ വിഭാഗം പണിയെടുക്കുന്ന വിഭാഗങ്ങളുടെയും സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്താനും പെൻഷൻ പദ്ധതികൾ സാർവത്രികമാക്കുന്നതിനും (കേരളത്തിൽ 60 വയസിന് മുകളിലുള്ള എല്ലാവർക്കും പെൻഷനുണ്ടു്.) ശ്രമിക്കുന്നതിനു പകരം ഏതെങ്കിലും വിഭാഗം അനുഭവിക്കുന്ന ആനുകൂല്യങ്ങൾ പിടിച്ചു പറിച്ചില്ലാതാക്കുന്ന രാഷ്ട്രീയം മൂലധനശക്തികളുടെ വിടുവേലയുടേതു മാത്രമാണ്. 



Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 4 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 4 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 4 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 1 month ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More