മലയാളിയുടെ അധോതല ലോകത്തെ പുറത്തെത്തിക്കുന്ന കുറിപ്പടികളാണ് ഷാജുവിൻ്റെ കവിതകള്‍ - ഡോ. എന്‍.വി.മുഹമ്മദ്‌ റാഫി

കണ്ടു മുട്ടുന്നതിനു മുമ്പേ അത്രയ്ക്ക് മടുപ്പ് ബാധിച്ചു പോയ രണ്ട് ഏകാന്തതകൾ 

കവിത അതിൻ്റെ ഉള്ളിൽ കുഴിച്ചു മൂടിയ എകാന്തതയെ ബൊഹീമിയൻ ഭ്രമണപഥത്തിൽ കൂടി ചിറകെടുത്ത് പറക്കാൻ വെമ്പുന്നത് ഒരു പ്രച്ഛന്ന വഴിയാണ്. ഷാജു വി.വി ചൈനീസ് കവി ഷിൻ ചാൻ ആണ് ഇതെഴുതിയത് എന്ന് പറഞ്ഞ് എഴുതിയ ഒരു കവിതയിൽ ഏകാന്തമായ ബസ്സ് ഒറ്റക്ക് ഓടിച്ചു വരുന്നു. അത്രക്ക് തന്നെ കാത്തിരുന്ന് കാത്തിരുന്ന് അത്രക്ക് ഏകാന്തതയായി മാറിപ്പോയ  കാത്തിരിപ്പ് കേന്ദ്രത്തെ കയറ്റി ഓടിച്ച് പോകുന്നു ... അവിടെ ബാക്കിയായ ആ വിജനതകൾ  നിറഞ്ഞ പല പല ഏകാന്തതകൾ ഇത് വായിക്കുന്നവരിലേക്കും പടരുന്നു. മനുഷ്യരുടെ അനുഭൂതികളിലേക്കും ഉൻമാദങ്ങളിലേക്കും അത്രക്ക് ക്ളോസ് ആയി ഭാഷ വെച്ച് നോക്കി വലുപ്പത്തിൽ കാണിച്ചു തരുന്ന ഒരു തരം രീതിയുണ്ട് ഷാജുവിൻ്റെ ഇമേജറികൾക്ക് !

ഷിൻ ചാൻ്റെ സമാഹാരത്തിൻ്റെ പേര് നോക്കു... നീ കാറ്റ്  ഞാൻ പട്ടം അവൾ ചരട് ! എന്നാണ്. ഇത് എങ്ങിനെയും തിരിച്ചും മറിച്ചുമിടാം .. നീ പട്ടം ഞാൻ കാറ്റ് അവൾ ചരട്! നീ ചരട് ഞാൻ കാറ്റ് അവൾ പട്ടം! എങ്ങിനെയിട്ടാലും അനുഭൂതിയും അത് സൃഷ്ടിക്കുന്നയാളും അനുഭവിക്കുന്നയാളും സഞ്ചരിക്കുന്ന ഭ്രമണപഥമെന്ന ഡിക്ഷൻ മുമ്പില്ലാത്തതാണ് എന്ന് തന്നെ പറയാവുന്നത്ര ഫ്രഷും മുമ്പില്ലാത്തതുമാണത്! എന്തുകൊണ്ട് അത് മുമ്പില്ലാത്തതാണ് എന്ന് ചോദിച്ചാൽ ഒന്നാമതായി ചൂണ്ടിക്കാണിക്കാനാവുന്നത് മുമ്പുള്ളതിൽ നിന്നുള്ള അതിൻ്റെ വിച്ഛേദനമാണ്!  എന്താണത് ? കവിത അതിൻ്റെ പുതുവഴിയിൽ  പാടത്തേക്കിറങ്ങി. ഒരേ പാളത്തിൽ ഓടിയോടി മടുത്ത് മടുത്ത് പണ്ടാരടങ്ങിയപ്പോൾ കട്ടക്കണ്ടങ്ങളിലേക്കും ഉപ്പന്റെ കൂവലിലേക്കും കൊല്ലപ്പുരയിലേക്കും മീൻകാരൻ്റെ കൊട്ടയിലേക്കും പാലത്തിൻ്റെ ചോട്ടിലേക്കും ജൻമാസക്തിയുടെ മറ്റനേകം തെരുവിലേക്കുമിറങ്ങി. കള്ളിമുണ്ടുടുത്ത് മാടിക്കെട്ടി ദിനേശ് ബീഡി വലിച്ചു പുകവിട്ടു. ലൈംഗികദാഹം തീർക്കാൻ പൊതുബോധ ഭാഷയിൽ പറഞ്ഞാൽ 'വ്യഭിചരിച്ചു', ഷാപ്പിൽ കയറി കള്ളു കുടിച്ചു , കൊല്ലൻ്റെ ആലയിൽ കയറി ചക്രം കറക്കാൻ ഒപ്പം കൂടി. കൊല്ലൻ മൂത്രമൊഴിക്കാൻ പുറത്ത് പോയപ്പോൾ കൊല്ലത്തിയുടെ ഇരുനിറമാർന്ന മുഴുത്ത മുലകൾക്കിടയിലേക്ക് പൊടിഞ്ഞു വന്ന വിയർപ്പ് നാവ് കൊണ്ട് ഒപ്പി ഉമിനീരിന് വളമാക്കി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കസവു സാരിയുടുത്ത് മുല്ലപ്പൂമാല വെച്ച് ചന്ദനത്തിരുകുറി ചാർത്തി തുളസിക്കതിർ വെച്ച് പാടവരമ്പത്ത് കൂടി നടന്ന് കാറ്റ് കൊണ്ട് ബോറടിച്ച് പണ്ടാരടങ്ങിയപ്പോൾ കവിത ചളിക്കണ്ടത്തിലിറങ്ങി ചേറിൽ കുളിച്ച് മദിച്ച് ഒന്നുഷാറായി. എന്നിട്ടത് ചേറല്ല ജീവിതമായിരുന്നു എന്ന് നന്ഗ്നയായി.

      ഷാജുവിലേക്ക് തിരിച്ചു വരാം. കണ്ട കാഴ്ചകൾക്കു പകരം കാണാത്ത കാഴ്ച്ചപ്പാടുകൾ ഉണ്ടാക്കാൻ എന്നോണം ചില കൗതുകങ്ങൾ ഭാഷ കൊണ്ട് സൃഷ്ടിക്കുക പുതുമൊഴിക്കവിതകളുടെ ഒരു വെട്ടുവഴിയായിരുന്നു. ഈ കണ്ണട ഒന്ന് വെച്ച് നോക്കു എന്ന് കവിത വായനക്കാരനോട് പറഞ്ഞ കാലത്തിൻറെ ചിറകിലായിരുന്നു അതിന്റെ നോട്ടം. ഏതിലയും മധുരിക്കുന്ന കാടുകൾ തേടി അലയുന്ന ആട്ടിൻകുട്ടിയാവാനുള്ള പ്രവണതയോടെ ചുരമിറങ്ങിയ വാക്കുകൾ അങ്ങിനെ കനം വെച്ചു. കഥ വെച്ചു. അപരത്തിന്റെ സ്രവങ്ങളെല്ലാം മണത്തു നോക്കി സുഗന്ധം ഊറ്റിയെടുത്തു. പടിയിറങ്ങുന്ന പെണ്ണിന്റെ പദനിസ്വനം കേൾക്കാതെ മുലകളുടെ താളം കേട്ട് അത് നൃത്തമല്ലേ എന്ന് സന്ദേഹിച്ചു .ആൺമുല പെണ്ണിന് ഉമ്മ വെക്കാനുള്ള ഹൈക്കു ആണ് എന്ന് അത്രക്ക് സൂക്ഷ്മമായി. ഒരു ബബ്ൾഗം ഊതി വീർപ്പിപ്പ് വീർപ്പിച്ച് സാമാന്യം വലിപ്പത്തിലുള്ള ഒരു കുമിളയാക്കി മാറ്റി പൊട്ടിക്കുന്നതു പോലെ രസമുള്ള ഒരു ഏർപ്പാടായിരുന്നു ഷാജുവിന്റെ വാക്കുകൾക്ക് തൊട്ടുമുമ്പ് കവിതക്ക് വാക്ക്. ഭാഷകൊണ്ട് സൃഷ്ടിച്ച ആ കൗതുകക്കാഴ്ചകളിൽ നിന്നാണ് ഷാജു തൻ്റെ ഡിക്ഷനെ കുഴിച്ചെടുക്കുന്നത്. അത് രാഷ്ട്രീയ പരമാക്കി മാറ്റുകയും ഒരു ഭൂതക്കണ്ണാടിയുടെ ചേല്ക്ക് സൂക്ഷമമാക്കുകയും സമയ സ്ഥല കാല സന്ദർഭങ്ങളെ കഴിയാവുന്നത്രയും വിദൂരമാക്കി വിപുലമാക്കുകയും അങ്ങിനെ അങ്ങിനെ ആകാശത്തിൻ്റെ ആഴത്തിലേക്കും പരപ്പിലേക്കും പട്ടം പറപ്പിക്കുകയുമാണ് ഒന്നാലോചിച്ചാൽ ഇവിടെ സംഭവിക്കുന്നത്. നേരത്തെ സൂചിപ്പിച്ച തരം സൂക്ഷ്മദർശിനി വെച്ചു നോക്കുമ്പോൾ കവിത പെണ്ണിൻ്റെ പിൻകഴുത്തിലെ വെള്ളി രോമങ്ങൾ കാണുന്നു. ചെവിക്കു പിറകിലെ ഓർഗാസ്മിക് സ്പോട് കാണുന്നു. പ്രണയത്തിൻ്റെ മുന്തിരിക്കുലകളിലെന്നോണം അവ ഊതുകയും നാവ് കൊണ്ട് സ്പർശിക്കുകയും ചെയ്യുന്നു. കവി ഇവിടെ ഒട്ടും വ്യാജ സദാചാര ജീവിതം ആഗ്രഹിക്കുന്നില്ല. 'പൊതുബോധത്തിൻ്റെ ' വൈകൃതങ്ങളെ സൗന്ദര്യാത്മകമായി ആവിഷ്കരിക്കാൻ അയാൾക്ക് ഉള്ളുണർവ് പ്രേരണയും രാസത്വരകവുമായി ഉറയുന്നു. നോക്കു, അയാൾ ചിലപ്പോൾ തീവ്ര പ്രണയത്തെ ടോയ്ലറ്റിൻ്റെ വെളുത്ത തുറന്ന വായയിൽ നിക്ഷേപിച്ചു കളയും! അകത്തു നിന്ന് അമർത്തിപ്പിടിച്ചതൊക്കെ പ്രവഹിക്കുന്നതിൻ്റെ ആനന്ദമാണ് രണ്ടിടത്തും നിങ്ങൾ അനുഭവിക്കുന്നത് എന്ന് പറഞ്ഞ് പറഞ്ഞ് കവിത നഗ്നയാകുന്നു. നേരത്തെ സൂചിപ്പിച്ച കണ്ണടയിൽ സൂക്ഷ്മദർശിനി പിടിപ്പിച്ച കട്ടിക്കണ്ണട ഒന്ന് വെച്ച് നോക്കു എന്ന് അയാൾ പറയാതെ പറയുന്നു. 

      അവനവൻ്റെ ഏകതാനതയിലേക്ക് കടന്നിരുന്ന് ആത്മരതിയുടെ നഗ്നതയെ ദർശിക്കുകയും അപരൻ്റെ ഏകാന്തതയെ കണ്ടെടുക്കുകയും ചെയ്യുന്ന ഈ രീതിശാസ്ത്രം ഒരു തരം ആത്മ വിസ്ഫോടനത്തിൻ്റെ ചെറു ശബ്ദത്തെ കൂടി കേൾപ്പിക്കുന്നുണ്ടാവാം. കുളിമുറിയിൽ ഒന്നോ രണ്ടോ മണിക്കൂർ നേരം നഗ്നമാക്കപ്പെട്ട സ്വന്തം ഉടലിനെ എന്ന പോൽ കവിത അപരൻ്റെ/ അപരയുടെ ഉടലിനെയും ആന്തരികതെയും പരിചരിച്ച് സൂക്ഷ്മമാകുന്നു. അവൾ നൃത്തം പോലെ ഗോവണിയിറങ്ങുമ്പോൾ അയാൾ അവളുടെ മുലകളുടെ താളവും ചേർത്ത് കേൾക്കുന്ന വശ്യ പാദ പതന സംഗീതം അവിടെ നിന്നാണ് ഉയിരെടുക്കുന്നത്. 

ശരീരത്തിൻ്റെ മൃദു രോമരാജിയെയും സ്രവ കണികകളെയും ചുണ്ട് കൊണ്ട് കവിത ഒപ്പിയെടുക്കുന്നതും അവളുടെ അരക്കെട്ടിൻ്റെ മണം കിട്ടുന്നതും  അവിടെ നിന്നു തന്നെ. നോക്കു  ചൂതാട്ട കേന്ദ്രത്തിലെ കളിത്തട്ടു പോലെയാണ് കവിതയിലെ മനുഷ്യജീവി ആ അരക്കെട്ടിനെ കാണുന്നത്! അത്രക്ക് ജിജ്ഞാസയോടെ, അത്രക്ക് അരുമയോടെ അരക്കെട്ടിനെ പ്രാപിക്കുന്ന മന്മഥനാണ് ആ വാക്കുകളിലെ കവിത! നിങ്ങളുടെ ഭാര്യയുടെ അരക്കെട്ടിലേക്ക് അയാൾ തുടരെ തുടരെ നിറയൊഴിച്ചപ്പോൾ അവൾ അകമേ ആഹ്ളാദം കൊണ്ട് വീർപ്പ് മുട്ടുകയും പുറമെ അലറിക്കരഞ്ഞുകൊണ്ട് ദേഹത്ത് വീണുരുളുകയും ചെയ്യുന്ന യാഥാർഥ്യം! അതെ, ജീർണത ശരീരത്തിൻ്റെ എന്ന പോലെ  പ്രണയത്തിൻ്റെയും ദൈവിക നിയമമാണ്!. ദാമ്പത്യം സ്ഥലവും കാലവും കേന്ദ്രീകരിച്ചു നിൽപ്പുറപ്പിച്ച ജീർണ്ണ പ്രണയമാവാതെ തരമില്ല. നിശ്ചലമാകാതെ , റൊട്ടേറ്റ് ചെയ്യുന്ന ഒരു ടാബിൾ ഫാൻ പോലെ കെട്ടിക്കിടക്കാത്ത വെള്ളം പോലെ ,വിരസതയും തളം കെട്ടലുമില്ലാതെ  അതിന് ഒരേ സമയം അനേകം കാമുകർക്ക് തുല്യമായ പരിഗണനയും പരിചരണവും നൽകാനാവും! 

നോക്കു, ഷാജുവിൻ്റെ ഡിക്ഷൻ നേരത്തേ സൂചിപ്പിച്ച കണ്ണടയിൽ സൂക്ഷ്മദർശിനി വെച്ച് കവിതയിൽ കഥയുണ്ടാക്കുന്ന വിധം!  (ഇതേ രീതി ശാസ്ത്രം വെച്ച് കഥയിൽ കവിതയും നിർമിക്കാം ) 

അവളുടെ കണ്ണിൽ 

ഭയവും പ്രണയവും കുഴഞ്ഞു മറിഞ്ഞിരുന്നു. 

വീട്ടിലെത്തി ഞാനവൾക്ക് 

കാരറ്റ് നേർമയോടരിഞ്ഞ് 

വായിൽ വച്ചു കൊടുത്തു 

സിങ്കിനു മുകളിൽ 

ചെവി തൂക്കി നിർത്തി 

കുത്തനെ നിർത്തുമ്പോൾ 

എല്ലാ മൃഗങ്ങൾക്കും 

മനുഷ്യരുടെ ഛായയാണ് 

അവൾ കളി മട്ടിൽ കൈ കൂപ്പി . 

ഒരു മുയൽ കുഞ്ഞിനെ വേവിച്ച് തിന്നാൻ ശ്രമിക്കുമ്പോൾ സർവ ജീവിത്വവാദം (Animism) അല്ല അയാളെ വേട്ടയാടുന്നത്. മറിച്ച് അവനവനെ അപരനിൽ കണ്ടെത്തുന്ന ആത്മനാശ പ്രവണതയുള്ളതും ഭൗതികവാദത്തിന് എതിര് നിൽക്കുന്നതുമായ പുതിയ തരം രാഷ്ട്രീയമാണ് 

മുയൽ മനുഷ്യനോട് പറയുന്നു. 

രാഷ്ട്രീയമായി കൊല്ലപ്പെടുന്ന 

മൃഗത്തിൻ്റെ ആത്മാവ് നിന്നോട് പൊറുക്കില്ല!.

നോക്കു, ഏക ദിശാ പ്രണയങ്ങളെ ഒറ്റക്ക് കളിക്കുന്ന ടേബിൾ ടെന്നീസിനോടാണ് കവി ഉപമിക്കുന്നത്! ആ ഏക പാനപാത്രം കുടിക്കുന്തോറും അത്രക്ക് അധികരിക്കും. ആസ്വദിച്ചു തുടങ്ങിയാൽ അവൾ തിരിച്ചു പ്രണയിച്ചു തുടങ്ങല്ലെയെന്നു നിങ്ങൾ മുട്ടി പ്രാർത്ഥന ചെയ്തു പോകും! ഇത് വായിക്കുമ്പോൾ തലയിൽ കൈവച്ച് ഹൊ എന്ത് മാത്രം ഭയങ്കരമായ ആത്മരതിയാണിത് എന്നൊരാൾ മന്ത്രിച്ചു പോയാൽ കുറ്റം പറയാനൊക്കുമോ ? ഒറ്റക്കു ചെയ്യുന്ന രതിയെ പോലെ അത്രക്ക് വന്യമായ സൗന്ദര്യാത്മകമായ അവനവൻ രതിയെ പോലുള്ള ഭയങ്കര പ്രണയം!     

ഈ വാക്കുകളിലെ സ്ഥലമേതാണ് ? 

ഏതു വാക്കുകളിലെ ?

ഇയാൾ ഈ എഴുതിപ്പിടിപ്പിച്ച ഡിക്ഷൻ! 

നിങ്ങളിന്നോളം കണ്ടിട്ടേയില്ലാത്ത പക്ഷികളും കുറ്റിച്ചെടികളും കടപ്പുറവും സസ്തനികളും മൃദുരോമ രാജികളും പാറക്കെട്ടുകളുമെല്ലാമുള്ള ആ പ്ളാനെറ്റ് ? 

ഓ! അതൊ? അത് അയാൾ തന്നെ പറഞ്ഞിട്ടുണ്ടല്ലോ , മനോരാജ്യമാണ് അയാളുടെ രാജ്യം! 

ഇമേജി 'നേഷൻ' ആണ് പാസ്പോർട്ട്! 

വാക്കുകകൾ അവിടെ ഉൻമാദിനിയാവുകയും അത് കണ്ടെടുക്കുന്നവനെയും കൊണ്ട് വായു സഞ്ചാരത്തിനിറങ്ങുകയും ചെയ്യും! ഒരു തരം കടത്തു തോണിയിലാണ് അയാൾ  'വാക്കുകളെ' കൊണ്ട് തുഴയാൻ ആരംഭിക്കുന്നത്! തോണിയിൽ അയാളോടൊപ്പം യാത്രതിരിക്കുന്ന വായന താമസിയാതെ ഭ്രമാത്മകതയുടെ ചിറകിലേറി വായുസഞ്ചാരമെന്ന മനോരാജ്യത്തിലേക്ക് പാസ്പോർട്ട് എടുക്കുന്നു! മരിച്ചുപോയവരും ഭൂമിയിൽ ജനിച്ച് മരിച്ചു പോവാൻ മറന്നു പോയവരും ഇനിയും ജനിക്കാത്തവരും അഭയാർത്ഥികളും പലായനം ചെയ്യപ്പെട്ടവരും പൗരത്വം റദ്ദുചെയ്യപ്പെട്ടവരും ഒരു മധുശാലയിൽ കണ്ടുമുട്ടി പരസ്പരം മാറിപ്പോയവരും എല്ലാമുണ്ട് ആ മനോ 'രാജ്യ'  ത്ത്! ആ ചെറു കടത്തുതോണിയെ ചിലപ്പോൾ ഒരു വലിയ തോണിയാക്കി മാറ്റി പുതിയ ഭൂഖണ്ഡങ്ങളിലേക്ക് തുഴയുന്ന കപ്പിത്താനാവും വാക്കുകൾ! 

മലയാളിയുടെ അധോതല ലോകത്തെ ആഖ്യാനം ചെയ്ത് പുറത്തെത്തിക്കുന്ന കുറിപ്പടികളാണ് ഷാജുവിൻ്റെ മുൻ കവിതകളും. ഇവ മിക്കതും അച്ചടിമഷി പുരളാത്തതും ഡിജിറ്റൽ വായനാ സമൂഹം കൊണ്ടാടിയതുമാണന്ന സവിശേഷതയുമുണ്ട്. കവിതയുടെ പാരമ്പര്യ അനുശീലനത്തെ തകർത്ത് കുടിയേറുന്ന ആഫ്രിക്കൻ പായലിന്റെ  സംവേദനാത്മകത ഇതിനുണ്ടെന്ന് പറഞ്ഞാൽ പാരമ്പര്യ കാവ്യാനുശീലനത്തിന് അത്ര പെട്ടെന്ന് ദഹിക്കാനിടയില്ല. ഇതിൽ പലതും ആ അർത്ഥത്തിൽ ഒരു തരം ഒറ്റയാൻ പരീക്ഷണങ്ങളുമാണ്!  എന്നിൽ മുറ്റിനിന്നിട്ടും എനിക്കിത് പുറത്തേക്ക് എത്തിക്കാൻ പറ്റിയില്ലല്ലോ എന്ന് തോന്നിപ്പിച്ച് , തന്നിൽ തന്നെയുള്ള നിഗൂഢമായ ഒരു എഴുത്തുകാര കർതൃത്വത്തെ ഓർമ്മപ്പെടുത്തും വിധം വായനക്കാരോട് പരസ്പര്യപ്പെട്ടേക്കും ഷാജുവിന്റെ പല ഹൈക്കു ചിത്രങ്ങളും. പുറത്തേക്ക് വളരാൻ വെമ്പി നിൽക്കുന്ന ആൺ മുല എന്ന ഹൈക്കുവിനെ ദല്യുസിയൻ തത്വചിന്തയുടെ പരിസരത്ത് കൊണ്ട് ചെന്നിരുത്തിയാൽ ശരീര സാധ്യതകളുടെ ആനന്ദലോകത്തിലേക്കുള്ള മെഡിക്കൽ വസ്തുതയല്ലേ എന്ന് തോന്നിപ്പിക്കും. ഇവിടെ കവി സ്ത്രൈണ കാമസൂത്രകാരനായി വേഷം മാറുകയാണോ ? ചിന്താപരവും ഭാവനാത്മകവുമായ ചില വെല്ലുവിളികളെ കവി ഏറ്റെടുക്കുന്നത് പുതു കവിതയുടെ പല വഴിക്കണ്ടങ്ങളിൽ നിന്ന് തെന്നിമാറി പുതിയ തുരുത്ത് നിർമിച്ചാണ്. ലൈംഗികതയും പ്രണയവും ദാമ്പത്യവും ആൺ പെൺ ചേർന്നിരിപ്പുമെല്ലാം തികച്ചും വൈയക്തികമായ ആത്മനിഷ്ഠാഖ്യാന സ്വരമെന്ന പോലെയാണെങ്കിലും കേൾക്കുന്ന / വായിക്കുന്ന അപരന്റെയും തോന്നലെന്ന് അതിന് ചിലരിൽ  സ്തുനിഷ്ഠമാകാനും മടിയില്ല! അല്ലെങ്കിൽ അതെല്ലാം പ്രതിജനഭിന്നമായ വസ്തുതകളാണ് എന്നതും  കൂടിയാണല്ലോ വസ്തുത !  സത്യത്തിൽ കവിത ഉണ്ടാവുന്നത് മറ്റുള്ളവനോടുള്ള വർത്തമാനത്തിൽ നിന്നാണ്. ഷാജു അനുഭൂതികളെ ആവിഷ്കരിക്കാൻ കണ്ടെത്തുന്ന സങ്കേതം തികച്ചും സ്വാഭാവികമാണ്. തന്റെ തോന്നലുകൾ ഫാന്റസി വൽക്കരിച്ചും അല്ലാതെ വെറും വാക്കുകളായും അപരനോടോതുക. 

ഭർത്താവ് മരിച്ചു പോയ പെണ്ണുങ്ങളുടെ വിചാരങ്ങൾ എഴുതുന്നത് നോക്കു. 

കുറെക്കൂടി നേരത്തെ

അങ്ങോർ പോയിരുന്നുവെങ്കിൽ 

എത്ര നന്നായിരുന്നു എന്ന് 

ചിലരെങ്കിലും നെടുവീർപ്പിടും.

അതൊരു കുറ്റമല്ല

അത്രയ്ക്ക് കവർന്നിട്ടുണ്ട്, 

അയാൾ.

പൊടുന്നനെ കരഗതമാവുന്ന പെണ്ണിന്റെ ശരീരത്തിനും മനസ്സിനും മേലുള്ള ഉടമസ്ഥാവകാശത്തെപ്പറ്റി ഇങ്ങിനെയും ഓർമ്മപ്പെടുത്താമല്ലെ, കവിതക്ക്! അത് പക്ഷെ ഭർത്താവ് ജീവിച്ചിരിക്കുന്ന പെണ്ണിനോട് കൂടിയുള്ള ഓർമ്മപ്പെടുത്തലല്ലേ എന്ന് വായനക്കാരിക്ക് തോന്നാലോ ല്ലേ! നിശ്വാസമേൽക്കുമ്പോഴേക്കും ഉടലിലാകെ മിന്നൽപായിക്കുന്ന വിസ്മയം എന്ന് ആൺ മുലകളുടെ അനന്ത സാധ്യതകളെ ഓർമ്മപ്പെടുത്തിയ അതേ കവിത തന്നെയാണ് പെണ്ണിനെ ; കിട്ടിയ ശപ്പനെ സഹിച്ച് നിർവ്വാണമടയേണ്ട ഗതികേടെന്ന ദാമ്പത്യത്തെ ഓർമ്മപ്പെടുത്തുന്നതെന്നോർക്കണം. രതിയുടെ ഉടൽ മൂർച്ഛക്കിടക്ക് ഒരുവൾ കോട്ടുവായിട്ടാൽ ഉണ്ടാകുന്ന അപകടത്തെ എഴുതുന്ന ഷാജു ഒരു കേരളീയ പുരുഷൻ അപരിചിതയായ സ്ത്രീയുടെ അടുത്തിരിക്കേണ്ടിവരുമ്പോൾ പുലർത്തിപ്പോവുന്ന അയിത്തത്തെ എഴുതുന്നതു നോക്കു. 

അറിയാതൊന്നു മുട്ടിപ്പോയാൽ 

തെറ്റിദ്ധരിക്കും വിധം അയാളുടെ വർഗ്ഗം 

അവളുടെ വിഭാഗത്തോട് കാട്ടിയിട്ടുള്ള 

ചരിത്ര ഭാരമത്രയും പാവം ഈ യാത്രക്കാരന്റെ

ദുർബലമായ മുതുകിലാണ്. 

നോക്കു. 

ബസ് വളവെടുക്കുമ്പോൾ 

അവളുടെ ദേഹത്ത് സ്പർശിക്കാതിരിക്കാൻ

അയാൾ ഇരു കൈകളും 

മുൻ വശത്തെ സീറ്റിൽ മുറുകെ പിടിച്ചിട്ടുണ്ട്.

എത്ര അയത്ന ലളിതമായാണ് ഷാജു ഒരു മലയാളി പുരുഷന്റെ കാരിക്കേച്ചർ വരയ്ക്കുന്നത്. അതിൽ പറയുന്നുണ്ട് എല്ലാം. അത് കവിതക്കപ്പുറം സംവൃതമായ ഒച്ചയോടെ സംസാരിക്കുന്നതു കൊണ്ട് അതിനെപ്പറ്റി ഒന്നും വായനക്കാരന് സംസാരിക്കേണ്ടി വരുന്നേയില്ല. കാൻഡലേറിയ എന്ന ക്യൂബൻ സിനിമയിലെ വാർധക്യ പ്രണയയത്തിന്റെ ഒറ്റക്കൊളാഷ് ഷാജു അനന്തരം അവർ എന്ന കവിതയിൽ വരയ്ക്കുന്നുണ്ട്: 

മുൻപെല്ലാം

അശ്വാരൂഢരായ

സൈനികരെ പോലെ

വേഗത്തിന്റെ

അസുര യുദ്ധം നയിച്ചിരുന്ന 

ഉടലുകൾ

ഒച്ചുകളുടെ 

സമയ ബോധത്തോടെ 

പരസ്പരം ഇന്നോളം കണ്ടെത്താത്ത 

പ്രവിശ്യകൾ കണ്ടെത്തി 

മുന്നേറുമ്പോൾ 

'യുറേക്കാ' എന്ന് 

പരസ്പരം അഭിനന്ദിക്കും. 

ഷാജുവിന്റെ പല വരികളും ഉടലിന്റെ അനന്ത സാധ്യതകളെപ്പറ്റി, പ്രത്യേകിച്ചും പെണ്ണുടലിനെപ്പറ്റി ,അതിൽ തന്നെ സൂക്ഷ്മമായി മുലകളുടെ മർദവത്തെയും സൗന്ദര്യത്തെയും ലാളിക്കാൻ കൊതിക്കുന്ന കൈകളായി പരിണമിക്കുന്നു എന്ന അർത്ഥത്തിൽ ഉടലിനു നേരെ കണ്ണട വെച്ച സൂക്ഷ്മ ദർശിനി കൂടിയാണ്. പ്രണയത്തിലകപ്പെട്ട് പരസ്പരം പങ്കുവെക്കുന്ന ഉടലുകളുടെ ആനന്ദ മേളനത്തെപ്പറ്റി അത് ഭാഷകൊണ്ട് മ്യൂറൽ ചിത്രങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു. പരിണാമ ദശയിൽ രണ്ട് മുൻകാലുകൾ കൈകളായി പരിണമിച്ചത് മുലകളെ കൂടുതൽ കാവ്യാത്മകമായി ലാളിക്കാനല്ലാതെ മറ്റെന്തിനാണ് എന്നാണ് ഷാജുവിലെ സൈദ്ധാന്തികൻ ഉടലാഴത്തിലേക്ക് ചൂഴ്ന്നിറങ്ങുന്നത്. പെണ്ണിന്റെ ആർത്തവകാലത്തെ അത് ചെമ്പരത്തിപ്പൂവിന്റെ ചെമപ്പാക്കി ആണിനെക്കൊണ്ട് ഉമ്മവെപ്പിക്കും.

സോർബ ദ ഗ്രീക്കിലെ തുടക്കത്തിൽ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളെ പോലെ ഷാജുവിന്റെ ഒരു കവിതയിൽ രണ്ടു പേർ മധുശാലയിൽ വെച്ച് കണ്ടു മുട്ടുന്നുണ്ട്. സോർബയിൽ കോസ്താന്തി പറയുന്നത് ഇങ്ങിനെയാണ്. 'ഗുഡ് മോർണിങ്ങ് പറഞ്ഞു കൊണ്ട് ബാറിൽ കയറുന്നു. ഗുഡ് നൈറ്റ് പറഞ്ഞ് കൊണ്ട് തിരികെ ലോഡ്ജിലേക്കും. ഇതു തന്നെ ജീവിതം." 'ഈ ലോകം ഒരു ജീവപര്യന്ത തടവു ശിക്ഷയാണ്." 

ആൾമാറാട്ടം എന്ന കവിതയിൽ എ ബി എന്നീ രണ്ട് ഏകാന്ത മദ്യപർ ബാറിൽ വെച്ച് പരിചയപ്പെടുന്ന സീനാണ്. ബാഗ് മാറിപ്പോയ അവർ മേൽവിലാസം മാറി വീടുകൾ മാറിപ്പോവുന്ന രസകരമായ ആഖ്യാനമാണത്. 

ഉടൽ മാത്രമല്ല ഷാജുവിൻ്റെ വാക്കുകൾ വിവൃതമാക്കുന്നത്. രതിയെ , സൗഹൃദത്തെ, അതിന്റെ അപാര സാധ്യതകളെ ഒക്കെ ലക്ഷ്യം വെക്കുന്നുണ്ടത്. ആ ഡിക്ഷൻ ആവട്ടെ കാവ്യഭാഷയെ നീളത്തിലും മുറിച്ചും പരത്തുന്നുണ്ട്. താളവും അടികളും നഷ്ടപ്പെട്ട് പണ്ഡിതൻമാരല്ലാത്തവരുമൊത്ത് നേരത്തെ തന്നെ ശയിക്കാൻ ആരംഭിച്ച കവിതയെ കുറെ കൂടി പുതിയ ഒരാൾ പുതിയ രീതികളുമായി ഇണചേരാനുള്ള സാധ്യതകൾ കണ്ടെത്തൽ കൂടിയാണത് !  ജനുസ്സ് പഠനത്തെ മുൻനിർത്തി അന്വേഷിച്ചാൽ കഥയും കവിതയുമല്ലാത്ത തരം പുതിയ ഒരു ഉരു ആണ് ഇത് എന്നൊരാൾ കണ്ടെത്തിയാൽ  കുറ്റം പറയാനൊക്കില്ല എന്ന് ചുരുക്കം!

സോർബ ഒരിടത്ത് മൊഴിയുന്നതുപോലെ അത് പറുദീസയിലേക്കുള്ള താക്കോൽ പഴുതുകൾക്കിടയിലൂടെ പെണ്ണിലേക്കുള്ള ഒളിഞ്ഞു നോട്ടങ്ങളായി മാറി ഉമ്മ വെക്കുന്നു. പല വാക്കുകകളും ഉൻമാദിനിയുടെ ഉടലിനെ കൊള്ളയടിക്കുന്ന തക്കോൽ കൂട്ടങ്ങൾ കൂടിയാണ്. ഏകപതി വ്രതക്കാരായ പെണ്ണുങ്ങൾ ഇത് അധികം സേവിക്കാതിരിക്കുന്നതാണ് ഭർത്താക്കൻമാർക്ക് ഉചിതം!  

മടുപ്പിന് പോലും കുറെ കഴിഞ്ഞാൽ മടുപ്പ് മടുക്കാനും വിരസമായിത്തീരാനും ഇടയുണ്ടെല്ലോ. അതെപ്പോലെ ഷാജുവിൻ്റെ ഡിക്ഷന് അതിൻ്റെ വാക്കുകളെ അധികം താമസിയാതെ മടുപ്പ് ബാധിക്കാൻ സാധ്യത ഇല്ലാതല്ല. അത് അതിൻ്റെ തന്നെ ഗതാനുഗതികത്വമാവാതിരിക്കാൻ അനുഭൂതി വിൽപ്പനക്കാർ സൂക്ഷ്മതയോടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ മാന്ത്രികൻ്റെ കൊട്ടയിലുള്ള അനുഭൂതികൾക്ക് പഴമ ചുഴയ്ക്കുന്നു എന്ന് പറഞ്ഞ് വായനക്കാർ തിരിഞ്ഞു നടക്കാനിടയുണ്ട്. സൂക്ഷിക്കുക , മാർക്കേസോ  മറ്റോ പറഞ്ഞിട്ടുണ്ട് , 

A Writer Writes Only One Story ! 

ഈ കുറിപ്പ് അൽപ്പം വിസ്താരം വന്നതായി എന്ന മടുപ്പിനാൽ അവസാനിപ്പിക്കുന്നതിന് മുമ്പ് , ഷാജുവിൻ്റെ ഡിക്ഷനിലെ രണ്ട് ഏകാന്തതകൾക്ക് ഈ കോവിഡ് കാലത്ത് പുന:സമാഗമനം നടന്നാൽ എങ്ങിനെയിരിക്കും എന്ന് ഇക്കാലത്ത്  റിയലിസത്തോട് അടുപ്പം കൂടി കൂടി വന്ന ആ ഗദ്യത്തെ ഞാൻ ഭാവന ചെയ്യുന്നു! 

ഗ്രഹണ കാലത്തെന്നപോലെ അന്ന്  സൂര്യകാന്തിപ്പൂക്കളെ കാണാനേയി്ല്ലായിരുന്നു.  

സാനിറ്റൈസേഷൻ ചെയ്യുന്ന ബൂത്തിനു മുമ്പിൽ ക്യു നിൽക്കുന്ന പഴയകാല കമിതാക്കൾ .. 

അവർ അത്രക്ക് വെറുത്തും മടുത്തും വിദ്വേഷിച്ചും 

ഏഴു വർഷം മുമ്പ് 

പിരിഞ്ഞവരായിരുന്നു. 

ഇക്കാലമത്രയും ഒരക്ഷരം 

അവൾ 

അവനോടൊ 

അവൻ 

അവളോടോ 

മിണ്ടിയിട്ടില്ല , 

അവളെ കാണാനിടയുള്ള പരിസരങ്ങളിൽ നിന്ന് 

അവനും 

അവനെ കാണാനിടയുള്ള 

പരിസരങ്ങളിൽ നിന്ന് അവളും

വേഷം മാറി

രണ്ട് ഗ്രഹങ്ങളിലേക്ക് തീവണ്ടി കയറിപ്പോവുകയായിരുന്നു

ഏഴു നൂറ്റാണ്ടുകൾ ഉണ്ടും ഉറങ്ങിയും വിസർജിച്ചും സ്രവിച്ചും ശ്രവിച്ചും മണത്തും കഴിഞ്ഞു -

അവൻ അവളോടോ അവൾ അവനോടോ ഒന്നും അന്വേഷിച്ചില്ല

ബൂത്തിനു മുമ്പിൽ അച്ചടക്കത്തോടെ 

ഒരു മീറ്റർ അകലം പാലിച്ച് 

നിൽക്കുകയായിരുന്നു ഇരുവരും. 

രണ്ട് പേരും 

ഓരോ സൈക്കിളുകളിലായിരുന്നു അവിടെ വന്നത് 

ഇന്ധനവും കുപ്പിവെള്ളവും നാട്ടിൽ കിട്ടാനില്ലായിരുന്നു 

തെരുവുവിളക്കുകൾ പൂർണ്ണമായും കത്തിയിരുന്നില്ല

എൻ്റെ ദൈവമേ എൻ്റെ ദൈവമേ 

എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു,.. 

ഒരു കൂട്ട നിലവിളി മന്ത്രണം

ഭൂമിയിൽ തളം കെട്ടിയിരുന്നു ..  

രണ്ട് പേരും 

മാസ്ക് ധരിച്ചിരുന്നു.. 

ഒന്നാകെ മൂടിയിരുന്നു ..

അന്യഗ്രഹത്തിലെ വാസശേഷം വന്ന   

രണ്ട് പേരും 

ചെമ്പിച്ചു നീലിച്ച വേഷങ്ങൾ മാത്രമായിരുന്നു  

എന്നിട്ടും 

പഴയ എന്തോ ഓർമയുടെ പിന്തുണയോടെയായിരിക്കും

അവർ 

പരസ്പരം കണ്ടെത്തി 

കുറെ നിമിഷങ്ങൾ 

മുട്ട വിളക്കിനു ചുറ്റും കിണ്ണത്തിൽ വീണ് ഇല്ലാതാവുന്ന 

ഈയാം പാറ്റകൾ പോലെ മൃതിപ്പെട്ടു 

ഒടുവിൽ 

അയാളുടെ മുമ്പിൽ നാല് പേരും  

അവളുടെ മുമ്പിൽ മൂന്നു പേരും അവശേഷിച്ചപ്പോൾ 

ആ ക്യുവിലെ മുൻ വരിയിൽ നിന്ന് 

ഹിറ്റ്ലറുടെ തടങ്കൽ പാളയത്തിലേക്ക് പോകുന്ന ബസ്സ്  

നരഗവാതിലിന് അടുത്തെത്തിയപ്പോൾ 

അതിൻ്റെ സൈഡ് സീറ്റിലിരിക്കുന്ന

ആൾ  

ഇപ്പുറത്തുള്ള ആളോട് 

ചോദിക്കുന്ന പോലെ 

അയാൾ 

അവളോട് 

ചോദിച്ചു 

സമയമെത്രയായി ?  


Contact the author

Muhammed Rafi N V

Recent Posts

Criticism

ഒലീവ് മരത്തണലിലിരുന്നു വായിക്കുമ്പോള്‍- ഡോ ഇന്ദിരാ ബാലചന്ദ്രൻ

More
More
Mehajoob S.V 2 years ago
Criticism

ലീഡര്‍ കെ കരുണാകരന്‍ തഴയപ്പെട്ടുതുടങ്ങിയത് എങ്ങനെയാണ്?- എസ് വി മെഹജൂബ്

More
More
Dr. Anil K. M. 2 years ago
Criticism

ബാല്യകാലസഖി: കരുണയുടെ പാഠങ്ങള്‍ - പ്രൊഫ. അനില്‍ ചേലേമ്പ്ര

More
More
P P Shanavas 2 years ago
Criticism

ക്ഷേമ കെ തോമസിന്റെ കാവ്യജീവിതത്തെ വിലയിരുത്തുമ്പോൾ - പി പി ഷാനവാസ്‌

More
More
Gafoor Arakal 2 years ago
Criticism

ബെന്യാമിന്റെ ആടിനെ പട്ടിയാക്കരുത് - ഗഫൂര്‍ അറക്കല്‍

More
More
Gafoor Arakal 3 years ago
Criticism

മഞ്ഞയുടെ ഉന്‍മാദത്തിനിടെ ഉറഞ്ഞുകൂടുന്ന ചുവപ്പാണ് 'പിഗ്മെന്‍റ്'- ഗഫൂര്‍ അറയ്ക്കല്‍

More
More