ഐസോള്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മിസോറാമിലെത്തിയാല്‍ അദ്ദേഹവുമായി വേദി പങ്കിടില്ലെന്ന് മുഖ്യമന്ത്രി സോറംതംഗ. ബിജെപിയുമായി അനുഭാവം പുലര്‍ത്തുന്നത് തന്റെ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും മിസോറാമിലെത്തിയാല്‍ പ്രധാനമന്ത്രി ഒറ്റയ്ക്ക് വേദിയിലിരിക്കുന്നതാവും നല്ലതെന്നും സോറംതംഗ പറഞ്ഞു. ബിജെപി നയിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിലും (എന്‍ ഇ ഡി എ), എന്‍ഡിഎയിലും ഘടകകക്ഷിയാണ് സോറംതംഗയുടെ മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്). എന്നാല്‍ മിസോറാമില്‍ പാര്‍ട്ടി ബിജെപിയുമായി സഹകരിക്കുന്നില്ല.
'മിസോറാമിലെ ജനങ്ങളെല്ലാം ക്രിസ്ത്യാനികളാണ്. മണിപ്പൂരിലെ മെയ്തികള്‍ നൂറുകണക്കിന് പളളികള്ക്കാണ് തീയിട്ടത്. മിസോറാമിലെ ജനത ഇത്തരം നടപടികള്‍ക്കെതിരാണ്. ഈ സമയത്ത് ബിജെപിയുമായി അനുഭാവം പുലര്‍ത്തുന്നത് എന്റെ പാര്‍ട്ടിയുടെ പ്രതിച്ഛായയെയാണ് ബാധിക്കുക. അതുകൊണ്ട് പ്രധാനമന്ത്രി വന്ന് വേദിയില്‍ ഒറ്റയ്ക്ക് ഇരിക്കുന്നതാണ് നല്ലത്'- സോറംതംഗ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കോണ്ഗ്രസിനെതിരായതുകൊണ്ടു മാത്രമാണ് മിസോ നാഷണല്‍ ഫ്രണ്ട് ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്നും മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സോറംതംഗ കൂട്ടിച്ചേര്‍ത്തു. നവംബര്‍ ഏഴിനാണ് മിസോറാമിലെ 40 അംഗ നിയമസഭയിലേക്കുളള വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.