'ബ്രേക്ക് ദ ചെയിന്‍' ആദ്യം പഠിപ്പിച്ച ഇരുളിൽ വിളക്കേന്തിയ മാലാഖ

‘നമ്മുടെ വിചാരങ്ങളും ചിന്തകളും വാക്കിലൊതുങ്ങരുത്‌... അവ പ്രവൃത്തികളായി മാറുമ്പോഴേ ഫലം പുറപ്പെടുവിക്കൂ’ -ഫ്ലോറൻസ്‌ നൈറ്റിംഗേൽ.

ആതുരശുശ്രൂഷാ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക്‌ തുടക്കം കുറിച്ച ‘ഫ്ലോറൻസ്‌ നൈറ്റിംഗേലി’ന്‍റെ 200–ാം ജന്മവാർഷികമാണ് ഇന്ന്. കൊവിഡിനുമുന്നില്‍ സ്തംഭിച്ചു നില്‍ക്കുന്ന ആഗോള സമൂഹം 'കൈകഴുകലിന്റെ'യും 'ബ്രേക്ക് ദി ചെയിനി'-ന്‍റെയും പ്രാധാന്യം വിളിച്ചോതുമ്പോൾ, ആ സന്ദേശം ഒന്നരനൂറ്റാണ്ടുമുൻപു തന്നെ യാഥാർഥ്യമാക്കിയ ക്രാന്തദര്‍ശിയായിരുന്നു അവര്‍. ആതുര ശുശ്രൂഷ എന്നത് കാരുണ്യത്തിന്‍റെ ഒരു കലയാണ്‌ എന്നും, പരിപൂര്‍ണ്ണ അര്‍പ്പണ മനോഭാവത്തോടെ മാത്രമേ അത് സാധ്യമാകൂ എന്നും തന്‍റെ ജീവിതംകൊണ്ട് ലോകത്തെ പഠിപ്പിച്ച 'മാലാഖ'യാണ് ഫ്ലോറൻസ്‌ നൈറ്റിംഗേൽ.

ഇറ്റലിയിൽ ടാസ്കാനിയിലെ ഫ്ലോറൻസ് നഗരത്തിൽ ഒരു ബ്രിട്ടീഷ്‌ ധനികകുടുംബത്തിലാണ്‌ അവർ ജനിച്ചത്‌, ഫ്ലോറൻസ്‌ എന്ന നഗരത്തിന്റെ പേരുതന്നെയാണ്‌ അവർക്ക്‌ നൽകിയത്‌. ക്രിമിയൻ യുദ്ധകാലത്തെ പ്രവർത്തനമാണ്‌ നൈറ്റിംഗേലിനെ പ്രശസ്തയാക്കിയത്‌. യുദ്ധത്തിൽ മുറിവേറ്റ പട്ടാളക്കാരുടെ ദയനീയാവസ്ഥയെക്കുറിച്ചറിഞ്ഞ അവർ, താൻ തന്നെ പരിശീലനം‍ നൽകിയ, 38 നേഴ്‌സുമാരോടൊന്നിച്ച്‌ 1854 ഒക്ടോബർ 21-നു ടർക്കിയിലേക്ക്‌ പുറപ്പെട്ടു. നവംബർ ആദ്യം അവർ ടർക്കിയിൽ, സ്കട്ടറിയിലെ സലിമിയ ബരാക്കുകളിൽ (ഇന്നത്തെ ഇസ്താംബുളിൽ) എത്തിച്ചേർന്നു. അമിതമായി ജോലിചെയ്യാൻ നിർബന്ധിതരായിരുന്ന ആരോഗ്യപ്രവർത്തകരാൽ, വേണ്ടത്ര പരിചരണം കിട്ടാതെ കഴിയുന്ന, മുറിവേറ്റ പട്ടാളക്കാരെയാണ്‌ അവിടെ കണ്ടത്‌. മരുന്നുകളുടെ ദൗർബല്യവും ശുചിത്വപരിപാലനത്തിലുള്ള അശ്രദ്ധയും കാരണം, പട്ടാളക്കാരുടെ പരിക്കുകൾ പലപ്പോളും മരണത്തിൽവരെ കലാശിക്കുന്ന അവസ്ഥയായിരുന്നു അവിടെ.

ഫ്ലോറൻസ്‌ നൈറ്റിംഗേലും നേഴ്സുമാരും ആശുപത്രിയും ഉപകരണങ്ങളും വൃത്തിയാക്കിയും രോഗികളുടെ പരിചരണം പുന:ക്രമീകരിക്കുകയും ചെയ്തു. ഇത്രയൊക്കെ ചെയ്തിട്ടും, മുറിവേറ്റവരുടെ മരണനിരക്ക്‌ കുറയുന്നതിനുപകരം കൂടുന്ന കാഴ്ചയാണ്‌ അവർ കണ്ടത്‌. പരുക്കേറ്റ സൈനികരുടെയടുത്ത് റാന്തൽവിളക്കുമായി രാത്രികാലങ്ങളിൽ ഫ്ലോറൻസെത്തി. സാന്ത്വനം പകരുകയും സുഖ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ഓരോരുത്തരും സുഖമായി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കി. പരുക്കേറ്റ സൈനികരെ മരണത്തിനുവിട്ടുകൊടുക്കാതെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നു. ഫ്ലോറൻസിന്റെ സ്നേഹനിർഭരമായ ഇടപെടലാണ്‌ പട്ടാളക്കാർക്കിടയിൽ അവളെ ‘ക്രിമിയനിലെ മാലാഖ’ യാക്കിയത്‌.

ഓഗസ്റ്റ്‌ 7 1857-നു അവർ ബ്രിട്ടണിലേക്ക്‌ തിരിച്ചുവന്നു - ആ കാലഘട്ടത്തിൽ ( വിക്റ്റോറിയൻ കാലഘട്ടം), വിക്റ്റോറിയ രാജ്ഞി കഴിഞ്ഞാൽ ഏറ്റവും പ്രശസ്തയായ വനിത ഫ്ലോറൻസ്‌ ആണെന്ന്‌ കണക്കാക്കപ്പെടുന്നു. യുദ്ധകാലത്ത്‌ പിടിപെട്ട ബ്രൂസെല്ലോസിസ്‌ (ക്രിമിയൻ ഫീവർ) എന്ന അസുഖം മൂർച്ചിച്ചതിനെത്തുടർന്ന് അവർ ഒറ്റക്കാണ്‌ കഴിഞ്ഞിരുന്നതെങ്കിലും വിക്റ്റോറിയ രാജ്ഞിയുടെ ആവശ്യപ്രകാരം, റോയൽ കമ്മീഷൺ ഒഫ്‌ ഹെൽത്ത്‌ ഒഫ്‌ ദ ആർമിയുടെ രൂപവത്കരണത്തിൽ ഫ്ലോറൻസ്‌ സുപ്രധാന പങ്ക്‌ വഹിച്ചു. ഒരു വനിതയായതിനാൽ കമ്മീഷനിൽ അംഗമാവാൻ സാധിച്ചില്ലെങ്കിലും വിശദമായ സ്ഥിതിവിവരക്കണക്കുകൾ ഉൾപ്പെടുത്തിയ ആയിരത്തിലധികം പേജുകളുള്ള റിപ്പോർട്ട്‌ എഴുതിയത്‌ ഫ്ലോറൻസായിരുന്നു. കമ്മീഷന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലും അവർ പ്രധാനപങ്ക്‌ വഹിക്കുകയുണ്ടായി. കൂടാതെ, ഇന്ത്യയിലെ ഗ്രാമങ്ങളിലെ ശുചീകരണത്തെക്കുറിച്ച്‌ സമഗ്രമായ പഠനം നടത്തിയ അവർ, ഇന്ത്യയിലെ വൈദ്യപരിചരണവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്തുവാൻ ശ്രമം നടത്തിയിരുന്നു.

1896-ൽ രോഗശയ്യയിലായ ഫ്ലോറൻസ് 1910 ഓഗസ്റ്റ് 13-ന് തൊണ്ണൂറാം വയസ്സിലാണ് ലോകത്തോട് വിടവാങ്ങിയത്. ഹാംഷെയറിലെ ഈസ്റ്റ്‌ വെല്ലോ സെയിന്റ്‌ മാർഗരറ്റ്‌ ചർച്ചില്‍ അവര്‍ അന്ത്യ വിശ്രമം കൊള്ളുന്നു. ഫ്ലോറൻസ് നൈറ്റിംഗേൽ ആധുനിക നഴ്‌സിംഗിന്റെ തുടക്കക്കാരിയായി പരക്കെ അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ വർഷവും മെയ് 12-ന് ആചരിക്കുന്ന അന്താരാഷ്ട്ര നഴ്‌സസ് ദിനം അവരുടെ ജനനത്തെ അനുസ്മരിപ്പിക്കുകയും ആരോഗ്യ പരിപാലനത്തിൽ നഴ്‌സുമാരുടെ പ്രധാന പങ്ക് ആഘോഷിക്കുകയും ചെയ്യുന്നു.

Contact the author

Recent Posts

Web Desk 2 months ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
Web Desk 2 months ago
Health

മധുരം കഴിക്കുന്ന ശീലം കുറയ്ക്കണോ? ; ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ

More
More
Web Desk 8 months ago
Health

മിത്താണ് യൂനാനി, ശാസ്ത്രമേയല്ല; സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

More
More
International 11 months ago
Health

അമിത മദ്യാസക്തര്‍ക്ക് ചിപ്പ് ചികിത്സ

More
More
Web Desk 11 months ago
Health

ഫ്രഞ്ച് ഫ്രൈസ് അമിതമായി കഴിക്കുന്നത് വിഷാദത്തിനും പൊണ്ണത്തടിക്കും കാരണമാകും - റിപ്പോര്‍ട്ട്‌

More
More
Web Desk 1 year ago
Health

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

More
More