നീ കാറ്റ് ഞാൻ പട്ടം അവൾ ചരട് - ഷിൻ ചാൻ (വി.വി.ഷാജു)

മുളകുപാടങ്ങൾക്ക് 

മുഖം കൊടുത്തു 

കണ്ണെരിഞ്ഞു 

നനഞ്ഞൊഴുകി നിൽക്കുന്ന,

സൂര്യൻ 

ചുവരിലെ ചായങ്ങൾമുഴുവൻ ഊറ്റിയെടുത്ത, 

ഗ്രാമീണ മധുശാല.


ഒറ്റയ്ക്കായി മടുത്ത 

'സമയ'ത്തിനു

കോട്ടുവാ വന്നുറങ്ങിത്തൂങ്ങി ഏതെങ്കിലും പാതയോര മരത്തിലിടിച്ച്

നിശ്ചലമാകുമെന്ന് 

തോന്നുമ്പോൾ മാത്രം

ദൈവം പറഞ്ഞു വിടുന്ന

ഒറ്റയൊറ്റ ചരക്കു ലോറികളെ വശീകരിക്കുന്ന,

മുളകുപാടത്തിനു 

മുഖപ്പെട്ടു നിൽക്കുന്ന

ആ മധുശാല.


മധ്യാഹ്നമായ്,

സായന്തനമായി

സൂര്യനെ വിഴുങ്ങിയ 

നിശ മുളകുപാടങ്ങളെപ്പുതപ്പിക്കും നേരമായ്.

രാത്രി തോൽക്കും രാത്രിയായി.

 ആളുകളൊഴിഞ്ഞു പോയി.


രണ്ടു പേർ, 

രണ്ടുപേരൊഴികെ.

ഹിമച്ചെന്നായയുടെ കണ്ണുകളുള്ള,

വൃദ്ധൻ.

അയാൾക്കെതിരെയുള്ള കസേരയിൽ,

ആയിരം കുതിരകൾ 

വലിച്ചോടുന്ന

വണ്ടിയിൽ നിന്ന് 

ജാലകക്കാഴ്ച നോക്കി

തല കിറുങ്ങിയ പോലെ

അയാളുടെ ദാർശനിക കൂട്ടുകാരൻ,

സുഷുവെന്ന പൂച്ചയും.


പരസ്പരമൊറ്റവാക്ക്, 

നോട്ടം,

സമയ ബോധം,

ഒന്നുമൊന്നും കൈമാറാതെ.

അവരവരിൽ പൂർണരായ,

ദൈവത്തിന് ഇടപെടാൻ 

പഴുതില്ലാത്ത രണ്ടു ജന്തുക്കൾ.


ജനാലയിലൂടെ 

പല കൈകളുള്ള ഒരു കാറ്റ് മൂളി വന്ന്

മദ്യപനും മധുവുമൊഴിഞ്ഞ

17 മദ്യക്കോപ്പകളെ മറിച്ചിട്ടു .

അവ ചിതറി വീണ ഒച്ചയും

വൃദ്ധനെ തൊട്ടില്ല,

ദാർശനികനായ പൂച്ചയെയും .


ആ മുറിയിലെ 

ശിൽപ്പം പോലെ,

ചുവർചിത്രം പോലെ അവർ,

അത്രയും സ്വാഭാവികമെന്ന്

മധുശാലാനാഥനു തോന്നി.

അവരുടെയഭാവത്തിലാ 

മധുശാല -

യപൂർണ്ണമാകു-

മേകാകിയാകും.


അവരുടെ നിശബ്ദമായ

പരസ്പര കാലാവസ്ഥയെ

ഭഞ്ജിക്കാതെ ഉടമ

ദൈവത്തിന്റെ കോട്ടുവായ 

എന്ന വീട്ടിലേക്ക്

സൈക്കിളോടിച്ചു പോയി.


ഇപ്പോഴാ നിശാകാലമധുശാലയിൽ

ഒരു വൃദ്ധനും ഒരു പൂച്ചയും

ഇരുൾ വിഴുങ്ങിയ മുളകുപാടത്തിലേക്ക് കൗതുകമേയില്ലാത്ത 

കണ്ണുകൾ പായിച്ച്

വിരസത കാരണമുറക്കം വരാതെ

നിശാനടപ്പിനിറങ്ങിയ

ദൈവത്തിനായി ആകാംക്ഷകളില്ലാതെ കാത്തിരുന്നു.

 - ഷിൻ ചാൻ

(ഷിൻ ചാൻ, അപ്രശസ്തനായ ചൈനീസ് കവി. ഷിയാങ്ങ് എന്ന പർവ്വതത്തിലെ ഒരു ഗുഹയിലായിരുന്നു അദ്ദേഹം ജീവിച്ചത് .ആറു വിരലുണ്ടായിരുന്നു അദ്ധേഹത്തിന്. ഒരു ജഡത്തെ നിത്യം താരാട്ടിയുറക്കുന്ന ഏകാകി എന്നാണ് നിശ്ചേതനമായ ആ ആറാം വിരലുമായുള്ള ബന്ധത്തെ കുറിച്ച് അദ്ദേഹം നിരീക്ഷിച്ചിരുന്നത്. ഉപ്പിലിട്ടുണക്കിയ ചെറിപ്പഴങ്ങൾ ചേർത്ത് പുഴുങ്ങിയ കായൽ മൽസ്യങ്ങളോട് അദ്ദേഹത്തിനു വലിയ പ്രീയമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് കുഞ്ഞായിരുന്ന ഷിൻ ചാൻ ആ യുദ്ധ സന്ദർഭത്തെ ഓർമിച്ച് ഇങ്ങനെ പറഞ്ഞു: ഒരു സ്പീഷീസിന്റെ സൃഷ്ടിയിലൂടെ ദൈവം അയാൾക്കുള്ള ശവപ്പെട്ടി നിർമിക്കുകയായിരുന്നു)

Contact the author

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More