തൊഴിലാളികളെ 12 മണിക്കൂര്‍ പണിയെടുപ്പിക്കാന്‍ നീക്കം; കേരളം മാറിനില്‍ക്കുമൊ?- ഇ.രാജേഷ്‌

രാജ്യത്തെ തൊഴിലിടങ്ങളിൽ, മേഖലാ വ്യത്യാസമില്ലാതെ, ദൈനംദിന തൊഴിൽസമയം പന്ത്രണ്ടു മണിക്കൂറായി പുനർനിശ്ചയിക്കപ്പെടുകയാണോ ? കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എട്ടു മണിക്കൂർ ജോലിയെന്ന നിയമപരമായ സമ്പ്രദായം പരിഷ്കരിക്കപ്പെടുകയാണ് വിവിധ സംസ്ഥാനങ്ങളിൽ, വ്യവസായ മേഖലയിലെങ്കിലും. നിലവിലെ തൊഴിൽ നിയമങ്ങളിൽ ഇതനുസരിച്ചുള്ള മാറ്റങ്ങൾക്കായി ഓർഡിനൻസുകൾക്കും നിയമനിർമ്മാണങ്ങൾക്കും തയ്യാറെടുക്കുകയാണ് മിക്ക സംസ്ഥാനങ്ങളും.

കാലം മാറി കഥമാത്രം മാറുന്നില്ല - മിച്ചമൂല്യത്തിന്റെ കണ്ണ് അദ്ധ്വാന ചൂഷണത്തില്‍ തന്നെ 

തൊഴിലാളികളെ പിരിച്ചുവിടലും തൊഴിലിടം അടച്ചുപൂട്ടലുമടക്കമുള്ള കാര്യങ്ങളിൽ തൊഴിലെടുക്കുന്നവരുടെ താൽപര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന വ്യവസ്ഥകളാണ് രാജ്യമാകെ കാര്യമായും മാറ്റിപ്പണിയാൻ ഒരുങ്ങുന്നത്. ഫാക്ടറി നിയമം, വ്യവസായ തർക്ക നിയമം, കരാർ തൊഴിൽ (നിയന്ത്രണ-നിരോധന) നിയമം, മിനിമം വേതന നിയമം എന്നിവയിൽ സംസ്ഥാന സർക്കാരുകൾ മാറ്റം മുന്നോട്ടു വെയ്ക്കുന്നു. ആഗോളീകരണ പദ്ധതികളിൽ ഉൾപ്പെട്ട് തുടക്കമിട്ടതെങ്കിലും, ഇവയ്ക്ക് ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഗതിവേഗത കൈവരികയാണ് കോവിഡ് കാലത്തോടെ.

ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തിൽ ഈ ഘട്ടത്തിലെ ആദ്യ കാൽവെപ്പുകൾ നടത്തിയത്. അവരെ മാതൃകയാക്കിയുള്ള നിയമമാറ്റങ്ങളാണ് മറ്റ് സംസ്ഥാനങ്ങളും തേടുന്നത്.

തൊഴിൽവകുപ്പുകൾക്കാണ് (മിക്ക സംസ്ഥാനങ്ങളിലും) ഇതിൽ കാര്യമായ എതിർപ്പ്. നിലവിലെ സ്ഥിതി മാറ്റിയെഴുതുന്നതിലെ നിയമപരമായ തടസ്സങ്ങൾ മറികടക്കേണ്ട ബാധ്യത അവർക്കാണ്. വ്യവസായ വകുപ്പുകളും വാണിജ്യ വകുപ്പുകളും നിയമഭേദഗതികൾക്കു വേണ്ടി നിലകൊള്ളുന്നതായാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഈ വകുപ്പുകളുടെ ഉയർന്ന സമ്മർദ്ദത്തിൽ, ട്രേഡ് യൂണിയനുകളുമായും വ്യവസായ നേതൃത്വവുമായും ചർച്ചകളിലാണ് വിവിധ സംസ്ഥാനങ്ങളിൽ തൊഴിൽവകുപ്പുകൾ.

ഒഡിഷ വഴി കാട്ടും 

പന്ത്രണ്ടു മണിക്കൂർ തൊഴിൽ ഷിഫ്റ്റെന്ന മാറ്റം ലോക്ക് ഡൗൺ ഇളവിനിടയിൽ ഒഡീഷ നടപ്പാക്കി. മൂന്നു മാസത്തേക്കാണ് ഈ മാറ്റമെന്നാണ് സർക്കാർ വിജ്ഞാപനം. 1948 മുതൽ നിലവിലുള്ള ഫാക്ടറി നിയമത്തിലെ സെക്ഷൻ അഞ്ചും അറുപത്തഞ്ചും അനുബന്ധങ്ങളുടെ ബലത്തിലാണ്, നിയമ മാറ്റമൊന്നും വരുത്താതെതന്നെ, എട്ടു മണിക്കൂർ തൊഴിൽ സമയമെന്ന നിലവിലെ വ്യവസ്ഥ ഒഡീഷ സർക്കാർ മാറ്റിയത്. വിവിധ വ്യവസായസ്ഥാപനങ്ങളുടെയും വ്യവസായിസംഘങ്ങളുടെയും ആവശ്യപ്രകാരമാണ് മാറ്റമെന്ന് സർക്കാർ സ്ഥിരീകരിച്ചു.

'നിയമപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ ഫാക്ടറികളെയും പ്രതിദിന-പ്രതിവാര തൊഴിൽസമയവും മുതിർന്ന തൊഴിലാളികളുടെ വിശ്രമസമയവും വ്യവസ്ഥചെയ്യുന്ന അനുച്ഛേദങ്ങൾ നടപ്പാക്കുന്നതിൽനിന്ന് മൂന്നുമാസത്തേക്ക് ഇളവു ചെയ്യുന്നു' എന്നാണ് ഉത്തരവ്. 

മറ്റ് സംസ്ഥാനങ്ങളിലെ വ്യവസായ മേഖലയിലേക്കും, അതേ യുക്തികൊണ്ടുതന്നെ ഇതര തൊഴിൽമേഖലകൾ എല്ലാറ്റിലേക്കും, വ്യാപിപ്പിക്കാൻ പോകുന്ന മാറിയ തൊഴിൽ വ്യവസ്ഥകളിലേക്ക് വേണ്ട സൂചനകൾ നൽകുന്നതാണ് ഒഡീഷ വിജ്ഞാപനം.

ഭാഷയില്‍ മധുരം ചേര്‍ത്ത് തൊഴിലാളി വിരുദ്ധ വ്യവസ്ഥകള്‍ 

'ഇക്കാലയളവിൽ (മൂന്നു മാസത്തേക്ക്) പന്ത്രണ്ടു മണിക്കൂർ തൊഴിൽഷിഫ്റ്റ് അനുവദനീയമാണെ'ന്നും വ്യക്തമാക്കുന്ന ഉത്തരവ്, ഇത് പ്രായോഗികമാക്കുന്നതിന് വെക്കുന്ന വ്യവസ്ഥകൾ വിശദീകരിക്കുന്നതിങ്ങനെയൊക്കെ:

1. 'ദിവസം പന്ത്രണ്ടു മണിക്കൂറിലോ, ആഴ്ചയിൽ 72 മണിക്കൂറിലോ അധികം ഒരു ദിവസവും തൊഴിലാളിയെ തൊഴിലെടുക്കാൻ അനുവദിക്കുകയോ, തൊഴിലാളിയോട് തൊഴിലെടുക്കാൻ ആവശ്യപ്പെടുകയോ ചെയ്യരുത്'. 

(അതോടെ, പന്ത്രണ്ടുമണിക്കൂർ തൊഴിലെടുക്കൽ നിയമപരമായ ബാധ്യത. മാത്രമല്ല, അത് പൂർത്തീകരിക്കാനാവാത്തപക്ഷം, ആഴ്ചയിലെ ഓഫ് ദിനത്തിലേക്കും തൊഴിൽദിനത്തെ ദീർഘിപ്പിക്കാൻ ഭംഗ്യന്തരേണ അനുവാദവും!)

2. 'ചുരുങ്ങിയത് അരമണിക്കൂർ വിശ്രമം അനുവദിച്ചല്ലാതെ, തുടർച്ചയായി ആറുമണിക്കൂറിലധികം തൊഴിലാളിയുടെ തൊഴിൽസമയം ദീർഘിപ്പിക്കരുത്. വിശ്രമവേളയടക്കം തൊഴിൽ സമയദൈർഘ്യം പതിമൂന്നു മണിക്കൂർ കവിയരുത്'.

(ഭക്ഷണത്തിനടക്കമുള്ള വിശ്രമവേളകൾ ഇതോടെ അരമണിക്കൂറിലേക്ക് ചുരുങ്ങി. എട്ടുമണിക്കൂർ തൊഴിലിന് അകത്തായിരുന്ന വിശ്രമവേള തൊഴിൽസമയത്തിൽ കൂട്ടുന്ന സമ്പ്രദായവും നിയമപ്രാബല്യമില്ലാത്തതായി!)

3, 'ഒരു സ്ത്രീ തൊഴിലാളിയെയും പകൽ ആറിനു മുമ്പും വൈകിട്ട് ഏഴിനു ശേഷവും തൊഴിലെടുക്കാൻ അനുവദിക്കുകയോ, അവരോട് തൊഴിൽ ചെയ്യാൻ ആവശ്യപ്പെടുകയോ അരുത്'.

(ചുരുക്കത്തിൽ, ഇടയിലെ അരമണിക്കൂറും കണക്കിലെടുത്ത് - ഈ വിശ്രമവേളമാത്രം നിയമപരമാക്കി - രാവിലെ ആറു തൊട്ട് വൈകീട്ട് ഏഴുവരെ സ്ത്രീതൊഴിലാളിയടക്കം പണിയെടുക്കൽ നിയമപരം!)

വർധിക്കുന്ന തൊഴിൽസമയത്തിന് ആനുകൂല്യം പോയിട്ട്, നിലവിലെ ദിനവേതനവ്യവസ്ഥതന്നെ തുടരണമെന്നു പോലുമില്ല ! 'തൊഴിൽസമയവും മുതിർന്ന തൊഴിലാളികളുടെ വിശ്രമസമയവും വ്യവസ്ഥചെയ്യുന്ന അനുച്ഛേദങ്ങൾ നടപ്പാക്കുന്നതിൽനിന്ന് മൂന്നുമാസത്തേക്ക് ഇളവ്' എന്നതാണല്ലോ, വിജ്ഞാപനത്തിന്റെ മർമ്മഭാഗം! 

ഒഡീഷ പ്രഖ്യാപിച്ച മൂന്നുമാസത്തെ നിയമമാറ്റമെന്നതിന്, ഓർഡിനൻസോ നിയമനിർമ്മാണമോ നടപ്പാക്കിയെടുക്കാനുള്ള സാവകാശസമയമെന്നേ അർത്ഥം കൽപ്പിക്കപ്പെടുന്നുള്ളൂ. രണ്ടുവർഷമെങ്കിലും തുടരുമെന്ന് പ്രതീക്ഷിക്കുന്ന സമ്പദ് പ്രതിസന്ധിക്ക് മൂന്നു മാസത്തെ 'ചികിത്സ' മതിയെന്നു വരില്ലല്ലോ.

ദക്ഷിണേന്ത്യയിലെ കാര്യസ്ഥന്‍ കര്‍ണാടക 

ദക്ഷിണേന്ത്യയിൽ ഈ ദിശയിൽ ഊർജിതചർച്ചകൾ നടക്കുന്ന ഒരു സംസ്ഥാനം കർണ്ണാടകമാണ്. വ്യവസായിസംഘങ്ങളിൽ നിന്ന് കർണ്ണാടക സർക്കാർ കഴിഞ്ഞദിവസം അവരുടെ മാർഗ്ഗ നിർദ്ദേശങ്ങൾ തേടി. അന്നുതന്നെ നടത്താൻ നിശ്ചയിച്ചിരുന്ന ട്രേഡ് യൂണിയനുകളുമായുള്ള ചർച്ച മാറ്റിവെയ്ക്കുകയും ചെയ്തു. ഓർഡിനൻസിലൂടെ നിയമമാറ്റങ്ങൾ കൊണ്ടുവരരുതെന്ന് വിവിധ ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു. 

എന്താണ് സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പ്രധാന മാറ്റമെന്ന് സ്വന്തം നിർദേശങ്ങൾ സമർപ്പിച്ച ശേഷമുള്ള വാർത്താക്കുറിപ്പിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സിഐഐ) വ്യക്തമാക്കി. 'പ്രതിദിനം പന്ത്രണ്ടു മണിക്കൂറും ആഴ്ചയിൽ 72 മണിക്കൂറുമുള്ള ഷിഫ്റ്റുകളാണ് കർണ്ണാടക സർക്കാരിന്റെ മനസ്സിലുള്ളതെ'ന്ന് സിഐഐ പറഞ്ഞു. സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ, തൊഴിൽനിയമങ്ങൾ നിർബന്ധമാക്കുന്നത് മൂന്നുവർഷത്തേക്ക് മാറ്റിവെയ്ക്കണമെന്നാണ് സംസ്ഥാനത്തെ മറ്റൊരു പ്രമുഖ വ്യവസായിസംഘടനയായ എഫ്കെസിസിഐ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി യെദിയൂരപ്പക്കും വ്യവസായമന്ത്രി ജഗദീഷ് ഷെട്ടാറിനും അയച്ച കത്തുകളിലാണ് ഈ ആവശ്യം.

വാണിജ്യ, വ്യവസായ വകുപ്പുകളെ മറികടക്കാന്‍ കേരളത്തിലെ തൊഴില്‍ വകുപ്പിനാകുമോ ?

തൊഴിൽ നിയമങ്ങളുടെ സത്ത ചോർത്തുന്ന ഒരു നടപടിയും ആലോചിച്ചിട്ടില്ലെന്ന് സംസ്ഥാന തൊഴിൽമന്ത്രി ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ള നിക്ഷേപവർധനക്കാണ് എൽ.ഡി.എഫ്. സർക്കാരിന്റെ ശ്രമമെന്നും ട്രേഡ് യൂണിയൻ നേതാവു കൂടിയായ മന്ത്രി പറയുന്നു.

വരുമാനവർധന ലക്ഷ്യമിടുന്ന വാണിജ്യ വകുപ്പിന്റെയും വ്യവസായ പുനരുജ്ജീവനം പ്രഖ്യാപിച്ച വ്യവസായ വകുപ്പിന്റെയും സമ്മർദ്ദങ്ങൾ ഇവിടെയും തൊഴിൽമന്ത്രിക്കു മേൽ ഉണ്ടാകാമെങ്കിലും അതെവ്വിധമാണെന്ന് വെളിപ്പെട്ടിട്ടില്ല. 'നിക്ഷേപകരും തൊഴിലാളികളും തമ്മിൽ സൗഹൃദാന്തരീക്ഷമുണ്ടാകേണ്ട പ്രതിസന്ധികാല'മെന്നാണ് തൊഴിൽമന്ത്രി സാമ്പത്തികസാഹചര്യത്തെ വിശദീകരിച്ചിട്ടുള്ളത്. ചൈനയിൽനിന്നടക്കമുള്ള നിക്ഷേപകരെ ആകർഷിക്കാൻ സാധിക്കണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. മികച്ച 'ആരോഗ്യ ഡെസ്റ്റിനേഷൻ' എന്നതാണ് ഈ നിക്ഷേപങ്ങൾക്ക് ബ്രാൻഡിംഗിനായി ധനമന്ത്രി മനസ്സിൽ കാണുന്നത്.

എന്നാൽ, 'ചീപ്പ് ലേബർ' എന്നതായിരുന്നു സമീപകാല ചൈനയുടെ വ്യാവസായിക ആകർഷകത്വം. ചൈനാനിക്ഷേപകരെ ലാക്കാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ആഹ്വാനമാണ് മറ്റ് സംസ്ഥാനങ്ങളെ നയിക്കുന്നതെന്നു വേണം കരുതാൻ. അതേ ലക്ഷ്യം കേരളത്തിനും മനസ്സിലുണ്ടെന്ന് വ്യക്തമായ സ്ഥിതിക്ക്, നാം മറ്റെന്തു മാതൃകയാണ് അവലംബിക്കാൻ പോകുന്നത്? 

വൈറസ് അതിജീവനത്തിൽ കാണിച്ച മാതൃകയെ മുതലാളിത്ത മാതൃകകൾക്ക് ബദലെന്ന് കേരളം അവതരിപ്പിച്ച നിലയ്ക്ക്, സാമ്പത്തിക അതിജീവനത്തിലും സമാനമാതൃക പ്രതീക്ഷിക്കപ്പെടും. തൊഴിലാളികളുടെ താല്പര്യസംരക്ഷണ വഴിയിൽ കാലുറപ്പിച്ച് അത് നിറവേറ്റുകയെന്നത് സാമാന്യം കനപ്പെട്ട ഉത്തരവാദിത്തവുമാവും. 

'എട്ടു മണിക്കൂർ തൊഴിൽ എട്ടു മണിക്കൂർ വിനോദം എട്ടു മണിക്കൂർ വിശ്രമ'മെന്ന മഹത്തായ മുദ്രാവാക്യത്തിനു മേൽ കരിയെഴുതപ്പെടലായിരുന്നോ 2020 മെയ് മാസത്തിന്റെ വിധി ? അല്ലെന്നു പറയാനും കേരളം ഉണർന്നെണീറ്റു നിൽക്കുമോയെന്ന് ലോകം ഉറ്റുനോക്കും.

Contact the author

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 2 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 3 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More