ഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ജി.ഡി.പി യുടെ പത്ത് ശതമാനത്തോളം വരുന്ന പുതിയ പാക്കേജിലൂടെ തൊഴില്‍, കൃഷി എന്നിവയെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം.
രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സാമ്പത്തിക പാക്കേജിന്റെ പ്രഖ്യാപനമുണ്ടായത്. കൊവിഡിനെതിരായ പ്രഖ്യാപനത്തില്‍ രാജ്യം പുറകോട്ടു പോകില്ലെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി രാജ്യത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുകയാണ് ആവശ്യമെന്ന് കൂട്ടിച്ചേര്‍ത്തു. നാലുമാസത്തോളമായി കൊവിഡിനെതിരായ പോരാട്ടം തുടരുകയാണ്. നാം കീഴടങ്ങുകയോ തോറ്റു കൊടുക്കുകയോ ഇല്ല. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കും- പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ മേഖലക്കും സാമ്പത്തിക പാക്കേജിന്റെ ആനുകൂല്യം ലഭിക്കും. സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് നാളെ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.