സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ നാല് പേര് കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും രണ്ട് പേര് ചെന്നൈയില്‍ നിന്നും വന്നതാണ്. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.
വയനാട് ജില്ലയില്‍ നിന്നുള്ള രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത് ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരാളും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളും വയനാടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ്. ഇതോടെ ഈ ട്രക്ക് ഡ്രൈവറില്‍ നിന്നും രോഗം പടര്‍ന്നവരുടെ എണ്ണം പത്തായി. അതേസമയം, കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്.
490 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 34,447 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 33,953 പേര് വീടുകളിലും, 494 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 39,380 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 38,509 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.