പുരകത്തുമ്പോള്‍ വാഴ വെട്ടുകയാണവര്‍ - കെ. ടി. കുഞ്ഞിക്കണ്ണന്‍

narendra modi, amith sha, nirmala sitaraman

നമ്മെ അവര്‍ പരാശ്രയത്തിലേക്കാണ് എടുത്തെറിയുന്നത് 

മഹാമാരിയെ അവസരമാക്കി മോഡി സർക്കാർ ഇന്ത്യയുടെ ആപേക്ഷികമായ സ്വാശ്രയത്വത്തിൻ്റെയും പരമാധികാരത്തിൻ്റയും അടിസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം സ്വദേശി വിദേശികുത്തകകൾക്ക് അടിയറ വെക്കുന്ന നടപടികൾക്ക് ഗതിവേഗം കൂട്ടിയിരിക്കുന്നു. 1990 കളുടെ ആദ്യം നരസിംഹറാവു സർക്കാർ തുടക്കം കുറിച്ച സ്വകാര്യവൽക്കരണ ഉദാരവൽക്കരണ പരിഷ്ക്കാരങ്ങളെ അതിൻ്റ പൂർത്തീകരണത്തിലേക്കെത്തിക്കുകയാണ് മോഡി സർക്കാർ. സമ്പദ്ഘടനയുടെ സമസ്ത മേഖലകളെയും ആഗോള മൂലധന വ്യവസ്ഥയുടെ ഭാഗമായി ഉദ്ഗ്രഥിച്ചെടുക്കുന്ന ഘടനാപരമായ പരിഷ്ക്കാരങ്ങളാണ് കോവിഡു പാക്കേജ് എന്ന പേരിൽ ഇപ്പോൾ അടിച്ചേല്പിക്കുന്നത്. 'സമ്പദ്ഘടനയുടെ സ്വയംപര്യാപ്തത', മെയ്ക്ക്  ഇൻ ഇന്ത്യ എന്നെല്ലാമുള്ള ശബ്ദമുദ്രകളിൽ ഇന്ത്യയെ പരാശ്രയത്വത്തിൻ്റെയും അപമാനകരമായ വിദേശ മൂലധനാശ്രയത്വത്തിൻ്റെയും രക്ഷപ്പെടാനാവാത്ത ആഴക്കയങ്ങളിലേക്കാണ് കേന്ദ്ര സർക്കാർ എടുത്തെറിയുന്നത്. 

2008 ല്‍ ഇന്ത്യ വീഴാതെ നോക്കിയത് പൊതുമേഖല - പി.ചിദംബരം 

2008 ൽ ആരംഭിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ചുഴലിക്കാറ്റിൽ നിന്ന് ഇന്ത്യൻ സമ്പദ്ഘടനക്ക് ഒരു വിധം പിടിച്ചു നിലക്കാൻ കഴിഞ്ഞത് ധനകാര്യ മേഖല ഉൾപ്പെടെ ഇന്ത്യയിൽ നിലനില്ക്കുന്ന പൊതുമേഖല കൊണ്ടാണെന്ന് കടുത്ത ആഗോളവൽക്കരണവാദിയായ മുൻധനകാര്യ മന്ത്രി ചിദംബരത്തിനു പോലും ഏറ്റുപറയേണ്ടി വന്നിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ പൊതുമേഖലാ വ്യവസായ സേവന സംവിധാനങ്ങൾ നിലനില്ക്കുന്ന രാജ്യമാണ് ഇന്ത്യ. മുൻ സോഷ്യലിസ്റ്റ് രാജ്യമായ സോവ്യറ്റ് യൂണിയൻ കഴിഞ്ഞാൽ 1980 കളുടെ അവസാനം ഏറ്റവും വിപുലമായ പൊതുമേഖലാ സംഘാതം ഇന്ത്യയിലായിരുന്നു.

ആഗോളതലത്തിലുയർന്നു വന്ന നിയോലിബറൽ ക്രമത്തിനാവശ്യമായ രീതിയിൽ സോഷ്യലിസ്റ്റ് സമ്പദ്ഘടനകളെയും ഇന്ത്യയെ പോലുള്ള പഴയ ചേരിചേരാ രാഷ്ട്രഘടനകളെയും പരിവർത്തനപ്പെടുത്തിയെടുക്കാനും പുനർഘടന ചെയ്യാനുമുള്ള ഘടനാപരമായ പരിഷ്ക്കാരങ്ങളും വികസന പദ്ധതികളുമാണ് 1980 കളിൽ റീഗൻ, താച്ചർ ഭരണകൂടങ്ങളുടെ അഭീഷ്ടമനുസരിച്ചു ലോക ബാങ്കും ഐ എം എഫും അടിച്ചേല്പിച്ചത്. ഇതേ കാലത്താണ് ഡങ്കൽ നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കപ്പെടുന്നതും ഗാട്ടു ചർച്ചകൾ ആരംഭിക്കുന്നതും. രണ്ടാം ലോകമഹായുദ്ധാനന്തരം സ്വാതന്ത്ര്യം പ്രാപിച്ച രാജ്യങ്ങളുടെ വികസപാതയെ സ്വാധീനിച്ച സോവ്യറ്റ് മാതൃകകളെയും 1930 തുകളിലെ മുതലാളിത്ത പ്രതിസന്ധിയെ തുടർന്നു വികസിത മുതലാളിത്ത രാജ്യങ്ങൾ സ്വീകരിച്ച കെയ്നീഷ്യൻ സ്റ്റേറ്റിടപെടൽ നയങ്ങളെയും ക്ഷേമരാഷ്ട്ര പരിപാടികളെയും ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികൾ നടത്തിയത്.

 നെഹ്രുവിനെ മറന്ന് ഗാട്ടും ഡങ്കലും നടന്നവഴിയെ പോയ കോണ്‍ഗ്രസ്  

അതിൻ്റെ തുടർച്ചയിലാണ് 1985 ൽ ലോകബാങ്ക് വിദഗ്ധ സംഘം ഇന്ത്യയുടെ പൊതുമേഖലാ സാന്ദ്രമായ വ്യവസായ വാണിജ്യ സേവന മേഖലകളെ കുറിച്ചുള്ള പഠനമാരംഭിക്കുന്നത്. ലോകബാങ്ക് വിദഗ്ദ്ധരായ ഗാരിപേഴ്സലിൻ്റെയും റോബർട്ടു ജെ ആൻഡേഴ്സൻ്റെയും നേതൃത്വത്തിലായിരുന്നു ഇന്ത്യയുടെ ബൃഹത്തായ പൊതുമേഖലാ സ്ഥാപനങ്ങളെ പറ്റിയുള്ള 5 വർഷം നീണ്ട നിന്ന പഠനം നടന്നത്.സർക്കാർ ഉടമസ്ഥതയും സാമൂഹ്യനിയന്ത്രണ തത്വങ്ങളും അവസാനിപ്പിച്ച് വിപണി വ്യവസ്ഥയിലേക്ക് സമ്പദ്ഘടനയെ പരിപൂർണ്ണമായി ഉദ്ഗ്രഥിച്ചെടുക്കുകയായിരുന്നു ലോകബാങ്കിൻ്റെ പഠന ലക്ഷ്യം. ആൻഡേഴ്സൻ മെമ്മോറാണ്ടമെന്ന് പേരിട്ടു വിളിക്കുന്ന ഈ ലോകബാങ്ക് റിപ്പോർട്ട് അനുസരിച്ചാണ് നരസിംഹറാവു സർക്കാർ പുത്തൻ സാമ്പത്തിക പരിഷ്ക്കാരങ്ങളാവിഷ്ക്കരിച്ചത്.പൊതുമേഖലകളെ തകർക്കുന്നതും സർവ്വ മണ്ഡലങ്ങളെയും സ്വകാര്യവൽക്കരിക്കുന്നതുമായ വ്യവസായ സാമ്പത്തിക നയം.റാവുവും മൻമോഹൻ സിംഗും പരസ്യമായി പ്രഖ്യാപിച്ചതു നാം നെഹറുവിൻ്റെ കമാൻ്റ് സോഷ്യലിസത്തിൽ നിന്നും സമകാലിക ലോകത്ത് സർവ്വ അംഗീകാരം നേടിയ കമ്പോള വ്യവസ്ഥയിലേക്ക് മാറിയേ പറ്റൂവെന്നാണ്.

സ്വകാര്യ മൂലധനത്തെ സമ്പദ്ഘടനയുടെ തന്ത്രപ്രധാന മേഖലകളിലേക്ക് കൊണ്ടുവരുന്നതും പൊതുമേഖലയെ എല്ലാ മേഖലകളിൽ നിന്നും ഒഴിവാക്കിയെടുക്കുന്നതുമായ പരിഷ്ക്കാരങ്ങൾ വഴിയേ സമ്പദ്ഘടനയെ ചലന ക്ഷമമാക്കാൻ കഴിയൂവെന്നാണ് നെഹറുവിനെ ഉപേക്ഷിച്ച കോൺഗ്രസ് ഭരണാധികാരികൾ വാദിച്ചത്.1948ലെ ഖനന നിയമം, ഇലക്ട്രിസിറ്റി സപ്ലൈ ആകട് തുടങ്ങി പൊതു മേഖലയെ അടിസ്ഥാനമായി കാണുന്ന എല്ലാ നിയമങ്ങളും ഭേദഗതി ചെയ്തു.ഇൻഷൂറൻസ്, ബാങ്കിംഗ് നിയമങ്ങൾ ഭേദഗതി ചെയ്തു. അതിനായുള്ള സിംഹം, മൽഹോത്ര കമ്മിറ്റി റിപ്പോർട്ടുകൾ റിപ്പോർട്ടു സ്വീകരിച്ചു. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയെ തകർക്കുന്നതിനായുള്ള ഭാനുപ്രതാപ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു. റെയിൽവെ സ്വകാര്യവൽക്കരണം ലക്ഷ്യമാക്കുന്ന രാഗേഷ് മോഹൻ കമ്മിറ്റി റിപ്പോർട്ട് സ്വീകരിച്ചു.. ഇങ്ങനെ സ്വകാര്യവൽക്കരണം ലക്ഷ്യമിടുന്ന റിപ്പോർട്ടുകളും ശുപാർശകളും അനുസരിച്ച് പുത്തൻ സാമ്പത്തിക പരിഷ്ക്കാരങ്ങൾ കോൺഗ്രസ് ബി ജെ പി സർക്കാറുകൾ നടപ്പാക്കി. കൊവിഡു സാഹചര്യത്തെ അവസരമാക്കി അത് കൂടുതൽ ആഴത്തിലും പരപ്പിലുമാക്കുകയാണ് മോഡി സർക്കാർ . പുര കത്തുമ്പോൾ വാഴവെട്ടുയാണവർ.

കൊവിഡ് പാക്കേജ് = വിറ്റുതുലയ്ക്കല്‍ 

തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി നീക്കിവെച്ചതൊഴിച്ചാൽ ശ്രീമതി നിർമലാ സീതാരാമൻ്റെ കോവിഡു പാക്കേജ് എന്നത് ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങളെയും ഭൂമിയും ആകാശവുമുൾപ്പെടെ സമസ്ത പ്രകൃതി വിഭവങ്ങളെയും ആഗോള ഫൈനാൻസ് മൂലധനത്തിന് അടിയറ വെക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപനങ്ങൾ മാത്രമാണ്. രാഷ്ട്ര സമ്പത്ത് വൻകിട കോർപ്പറേറ്റുകൾക്ക് നിരുപാധികമായും വ്യവസ്ഥാ രഹിതമായും കയ്യടക്കാനുള്ള സൗകര്യങ്ങളും വാഗ്ദാനങ്ങളുമാണ്  5 ഘട്ടങ്ങളിലായി നിർമലാ സീതാരാമൻ നടത്തിയ പ്രഖ്യാപനങ്ങളെന്നത്. മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള ആശ്വാസ സഹായങ്ങളോ കൊവിഡു പ്രതിരോധത്തിനുള്ള ആരോഗ്യ പരിപാടികളോ പ്രഖ്യാപനത്തിലുണ്ടായില്ല .

11 ലക്ഷം കോടിയോളം ഭക്ഷ്യധാന്യം എഫ് സി ഐ ഗോഡൗണുകളിൽ സ്റ്റോക്ക് ഉണ്ടായിട്ടും നിരാലംബരായ കുടിയേറ്റ തൊഴിലാളികൾക്കും പാവങ്ങൾക്കും 10 കിലോ വെച്ചു ഭക്ഷ്യധാന്യങ്ങൾ നൽകാനുള്ള പ്രഖ്യാപനമുണ്ടായില്ല. പ്രതിപക്ഷ പാർടികളും രാജ്യത്തെ സാമൂഹ്യ ശാസ്ത്രജ്ഞരും അതാവശ്യപ്പെട്ടതാണ്. 7500 രൂപയെങ്കിലും പാവങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇട്ടു കൊടുക്കണമെന്ന് ഇടതു പാർടികൾ ആവശ്യപ്പെട്ടതാണ്. ആവിധ അടിയന്തിര സഹായങ്ങൾ ഒന്നുപോലുമില്ലാത്ത നിർമലാ സീതാരാമൻ്റെ പ്രഖ്യാപനം കോർപ്പറേറ്റുകൾക്കുള്ള സഹായ പദ്ധതികൾ മാത്രമായി പരിമിതപ്പെട്ടു .

Contact the author

K T Kunjikkannan

Praveen PC
3 years ago

സ്വകാരവത്കരണം മാത്രമാണ് ശരി. ജയ്ഹിന്ദ്

0 Replies

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 3 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 3 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 4 weeks ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More