എം.കെ. കേളുവേട്ടന്‍: സമരോജ്ജ്വലമായ സ്മരണകൾ - കെ.ടി. കുഞ്ഞിക്കണ്ണന്‍

മനുഷ്യരാശികോവിഡ് -19 എന്ന മഹാമാരിയെ അതിജീവിക്കാനുള്ള കഠിന പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന സന്ദർഭത്തിലാണ് ഈ വർഷത്തെ കേളുഏട്ടൻ ദിനം കടന്നു പോകുന്നത്. നവലിബറൽ നയങ്ങൾക്കും മഹാമാരിക്കുമെതിരെ പോരാടുന്നവരിലേക്ക് കരുത്തും ആത്മവിശ്വാസവും പകരുന്ന സ്മരണയാണ് കേളുഏട്ടൻ്റെ ജീവിതവും സമരങ്ങളും.  പ്രതിസന്ധികളിലും ജനങ്ങളുടെ അതിജീവന യത്നങ്ങളിലും ആത്മ സ്ഥൈര്യത്തോടെ പൊരുതിനിന്നത്യാഗപൂർണമായ ചരിത്രമാണ് കേളുഏട്ടൻ്റെ ജീവിതം. ആ സമരോജ്ജ്വലവും ത്യാഗപൂർണവും ജീവിതത്തിൻ്റെ സ്മരണയെ നിലനിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം പ്രവർത്തിക്കുന്നത്. ദർശനവും ചരിത്രവും സംസ്കാരവും കലാസാഹിത്യവും രാഷ്ട്രീയവും തുടങ്ങി സാമൂഹ്യ ശാസ്ത്ര പഠനങ്ങൾക്കുള്ള സൗകര്യമൊരുക്കിയും ബഹുജന വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയും ആ ഒരു ദൗത്യം ശ്രമകരമായ രീതിയിൽ പഠനകേന്ദ്രം നിർവഹിക്കുന്നു... 

മാറിയ സാഹചര്യമാവശ്യപ്പെടുന്ന തലങ്ങളിൽ അത് മുന്നോട്ടു കൊണ്ടു പോകുന്നു ... ആ സമരോജ്ജ്വല ജീവിത സ്മരണയെ പാഠവും ആദർശ മാതൃകയുമാക്കുന്നു...

പഴയ കുറുമ്പ്രനാട് താലൂക്കിൽ (ഇന്നത്തെ വടകര, കൊയിലാണ്ടി താലുക്കുകൾ ഉൾക്കൊള്ളുന്ന ) ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും കമ്യൂണിസ്റ്റു പാർടിയും കെട്ടിപ്പടുത്ത ഒരു തലമുറയുടെയും കാലഘട്ടത്തിൻ്റെയും പ്രതീകമാണ് കേളുഏട്ടൻ. ബ്രിട്ടീഷുകാരോടും ജന്മി നാടുവാഴിത്ത ശക്തികളോടും മാത്രമല്ല പകർച്ചവ്യാധികളോടും പൊരുതിക്കൊണ്ടാണ് കേളുഏട്ടൻ്റെ തലമുറ കർഷക ബഹുജന പ്രസ്ഥാനങ്ങൾ കെട്ടിപ്പടുത്തത്. കോളറ, വസൂരി പോലുള്ള പകർച്ചവ്യാധികൾ പടർന്നപ്പോൾ ദുരിതമനുഭവിക്കുന്നവരെ ശുശ്രൂഷിച്ചും ശാസ്ത്രീയ ചികിത്സാമാർഗ്ഗങ്ങൾ എത്തിച്ചും മഹാമാരികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് അവർ ശ്രമിച്ചത്. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി കൊണ്ടുള്ള ത്യാഗബദ്ധമായ ആ തലമുറയുടെ പ്രവർത്തനങ്ങളും പാരമ്പര്യവും നമുക്കിന്ന് വഴി കാട്ടുന്നു. മഹാമാരിക്കെതിരായ പ്രതിരോധങ്ങളിൽ കരുത്ത് പകരുന്നു. 

അറിവും ശാസ്ത്ര ബോധവും വഴിമാത്രമെ ഏതൊരു ജനതക്കും ദുരിതങ്ങളിൽ നിന്നും വ്യവസ്ഥ സൃഷ്ടിക്കുന്ന അടിമത്വത്തിൽ നിന്നും വിമുക്തി നേടാനാവൂമെന്ന് തിരിച്ചറിഞ്ഞ കേളുഏട്ടൻ ജന്മനാടായ വടകരയിൽ  ഗ്രന്ഥാലയങ്ങളും വായനശാലകളും സ്ഥാപിച്ചു. ചരിത്രവും സാഹിത്യവും പഠിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു.നവോത്ഥാന ദേശീയ പ്രസ്ഥാനങ്ങളുടെ ആശയങ്ങൾ ജനങ്ങളിൽ എത്തിച്ചു. വിക്ടർ ഹ്യൂഗോവിൻ്റെ പാവങ്ങൾ ഉൾപ്പെടെയുള്ള വിഖ്യാത നോവലുകൾ അക്കാലത്ത് വടകര അടക്കാത്തെരുവിലെ വായനശാലയിൽ ചർച്ച ചെയ്തിരുന്നതായി പലരും അനുസ്മരിച്ചിട്ടുണ്ട്.  ഇന്ന് പഴങ്കാവിൽ പ്രവർത്തിക്കുന്ന കൈരളി ഗ്രന്ഥാലയം സ്ഥാപിച്ചത് കേളുഏട്ടനായിരുന്നു. 

അന്ധവിശ്വാസങ്ങൾക്കും അനീതികൾക്കും എതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ കേളുഏട്ടൻ അധികാരിവർഗങ്ങളുടെ പേടിസ്വപ്നവും ജനങ്ങളുടെ പ്രിയങ്കരനുമായിരുന്നു. അധസ്ഥിത നിസ്വവർഗ്ഗങ്ങളുടെ നേതാവും സംഘാടകനും പോരാളിയുമായിരുന്നു. ചരിത്രപരമായ കാരണങ്ങളാൽ നിശ്ശബ്ദരാക്കപ്പെട്ട ഒരു ജനതയുടെ നാവും അവകാശപ്പോരാട്ടങ്ങളുടെ നായകനുമായി. ചരിത്രം സൃഷ്ടിച്ച ജനമുന്നേറ്റങ്ങളുടെ നേതാവ്.

സമരോത്സുകവും ത്യാഗനിർഭരവുമായ ആ ജീവിതം കമ്യൂണിസ്റ്റുകാർക്ക് മാത്രമല്ല പോതുപ്രവര്‍ത്തകാരായി നില്‍ക്കുന്ന ഏതൊരാള്‍ക്കും മാതൃകയാണ്. മലബാറിലെ നവോത്ഥാന മുന്നേറ്റങ്ങളുടെ അനുരണനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടാണ് ആ വിപ്ലവകാരി സാമൂഹ്യരംഗത്തേക്ക് വരുന്നത്. വാഗ്ഭടാനന്ദഗുരുവിൻ്റെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി നടന്ന പ്രവർത്തനങ്ങളിൽ നന്നേ ചെറുപ്പത്തിൽ തന്നെ അദ്ദേഹം ആകൃഷ്ടനായി. ആത്മവിദ്യാസംഘത്തിന്റെ പ്രവർത്തനങ്ങളിലൂടെയാണ് ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക് കേളുഏട്ടൻ കടന്നുവരുന്നത്.

മൊയാരത്ത് ശങ്കരനായിരുന്നു കോൺഗ്രസ് പ്രസ്ഥാനത്തിലേക്കും പിന്നീട്കോൺഗ്രസ് നേതൃത്വത്തിലേക്കും കേളുഏട്ടനെ കൊണ്ടുവന്നത്. അദ്ദേഹത്തിൻ്റെ സമർപ്പണബോധവും നേതൃത്വപാടവും തിരിച്ചറിഞ്ഞത് മൊയാരത്ത് ആയിരുന്നു. യാഥാസ്ഥിതിക കോൺഗ്രസ് നേതാക്കളുടെ സ്വാധീനത്തിൽ നിന്നും പുതിയൊരു  കർമോത്സുക നേതൃത്വനിരയെ വാർത്തെടുക്കുന്നതിൻ്റെ ഫലമായിട്ടാണ് എം കെ കേളുവിനെ മൊയാരത്ത് പ്രത്യേക താല്പര്യമെടുത്ത് വളർത്തിയെടുത്തത്. 

കോൺഗ്രസ് പ്രവർത്തകനെ നിലയ്ക്ക് ബ്രിട്ടീഷ് ഭരണാധികാരത്തിനെതിരെ സാധാരണ ജനങ്ങളെയാകെ അണിനിരത്താനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകി. കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് കാലെടുത്തുവെയ്ക്കുമ്പോഴേക്കും അദ്ദേഹത്തിന് മർദ്ദനങ്ങളും ജയിൽവാസങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു.സ്വാതന്ത്ര്യസമരസേനാനി എന്ന നിലയിൽ കണ്ണൂർ സെൻട്രൽ ജയിലിൽ അദ്ദേഹം അനുഭവിച്ച മർദ്ദനങ്ങളെയും ക്ലേശങ്ങളെയും പറ്റി പി.നാരായണൻ നായർതന്റെ "അരനൂറ്റാണ്ടിലൂടെ " എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടു്. വിഷ്ണുഭാരതീയന്റെ അടിമകളെങ്ങനെ ഉടമകളായി എന്ന പുസ്തകത്തിലെ ഒരധ്യായം തന്നെ "നെല്ലുകുത്തുകാരനായ കേളു " എന്നാണ്. കേളുഏട്ടന്റെ സമരോത്സുകവും ത്യാഗപൂർണവുമായ ജീവിതാനുഭവങ്ങളാണ് ഈ ചരിത്രകൃതികളിലെല്ലാം പരാമർശിക്കുന്നത്.

ദേശീയപ്രസ്ഥാനത്തിന്റെ തുടർച്ചയിൽ നിശ്വവർഗങ്ങളുടെ അവകാശപോരാട്ടങ്ങളുടെ മുണിയിലേക്ക് സഖാവ് കടുവന്ന കേളുഏട്ടൻ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലൂടെ കമ്യൂണിസ്റ്റായി. 1939-ലെ പിണറായി പാറപ്പുറം സമ്മേളനത്തിൽ അദ്ദേഹം സജീവമായി പങ്കെടുത്തു. 1927-ൽ ഇന്ത്യൻ നാഷണൽ കോഗ്രസിൽ അംഗമായ കേളുഏട്ടൻ1935 ആകുമ്പോഴേക്കും കെ.പി.സി.സി അംഗമായി മാറുന്നു. കേരളത്തിലെ കോൺഗ്രസിന്റെ അനിഷേധ്യനായ നേതാവായി അദ്ദേഹം അറിയപ്പെട്ടു. വടകരയിലെ ബീഡി, ചുരുട്ടു തൊഴിലാളികളുടെയും മറ്റ് ഇതര തൊഴിൽ വിഭാഗങ്ങളുടെയും അവകാശപോരാട്ടങ്ങൾക്ക് അദ്ദേഹം നേതൃത്വം കൊടുത്തു. അവരെ സംഘടിത രാഷട്രീയ ശക്തിയാക്കി മാറ്റുന്നതിൽ നിർണായകമായ പങ്ക് വഹിച്ചു. കോഴിക്കോട് ജില്ലയിലെ കിഴക്കൻമലയോരങ്ങളിലെയും ഇടനാടുകളി ലെയും കർഷക സമരങ്ങളിലും കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും നിർണായകമായ പങ്കാണ് കേളുഏട്ടൻ വഹിച്ചത്.

ചരിത്രത്തെ സ്വന്തം ജീവിതം കൊണ്ടു് അടയാളപ്പെടുത്തുകയും മാറ്റിമറിക്കുകയും ചെയ്ത മഹാവിപ്ലവകാരികളിലൊരാൾ. ത്യാഗവും സമരവുമാണ് കമ്യൂണിസ്റ്റുകാർക്ക് ജീവിതമെന്ന് പഠിപ്പിച്ച വിപ്ലവകാരി. ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലും മർദ്ദനങ്ങളും പീഢനങ്ങളും വിട്ടൊഴിയാത്ത ജീവിതമായിരുന്നു കേളുഏട്ടൻ്റേത്.  ഒരു വ്യാഴവട്ടക്കാലത്തിലേറെ അദ്ദേഹം ജയിൽവാസം അനുഭവിച്ചു. സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവുമായി ദീർഘകാലം ഒളിവുജീവിതവും അനുഭവിച്ചു. തന്റെ സഹനങ്ങളും ത്യാഗങ്ങളുമെല്ലാം പുതിയൊരു സാമൂഹ്യസൃഷ്ടിക്കായിരുുവെന്നഉത്തമമായ കമ്യൂണിസ്റ്റ് ബോധം അദ്ദേഹം ഒരിക്കലും കൈവിട്ടിരുന്നില്ല.  ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു കേളുഏട്ടൻ്റേത്. സ്വാതന്ത്ര്യസമര സേനാനി എന്നനിലയ്ക്കുള്ള പെൻഷനോ ആനുകൂല്യങ്ങളോ അദ്ദേഹം സ്വീകരിച്ചിരുന്നില്ല.  ഉന്നതമായ സാമൂഹ്യാദർശങ്ങളാൽ വ്യവസ്ഥയുടെ പ്രലോഭനങ്ങളെയും ആനുകൂല്യങ്ങളെയും തിരസ്കരിച്ച കമ്യൂണിസ്റ്റ് .പൊതു ജീവിതത്തിൻ്റെ ആദർശമാതൃക.

1957-ൽ കേരളനിയമസഭയിൽ അംഗമായ കേളുഏട്ടൻ പിന്നീട് 2 തവണ മേപ്പയ്യൂർ അസംബ്ലി മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ പരമാധികാരവും സ്വാശ്രയത്വവും അപകടപ്പെടുത്തുന്ന നവലിറൽ നയങ്ങൾക്ക് തുടക്കം കുറിച്ച 1991-ലെ തെരഞ്ഞെടുപ്പ് കാലത്താണ് കേളുഏട്ടൻ നമ്മെ വിട്ടുപിരിയുന്നത്. മെയ് 20-ന് പുലർച്ചയായിരുന്നു അന്ത്യം.  വിപ്ലവസ്മരണകൾ നമുക്കായി അവശേഷിപ്പിച്ചുകൊണ്ടു് കേളുഏട്ടൻ യാത്രയായി.. പ്രതിസന്ധികളെയും മഹാമാരികളെയും അതിജീവിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന ഓർമ്മയായി...

മഹാമാരിയെ പോലും കോർപ്പറേറ്റുകളെ സഹായിക്കാനായുള്ള അവസരമാക്കി മാറ്റുന്ന മനുഷ്യത്വരഹിതമായ സമീപനമാണ് ലോകമെമ്പാടുമുള്ള മുതലാളിത്ത നിയോലിബറൽ ഭരണാധികാരികളുടേത്. ഇന്ത്യയിലും കോവിഡു പാക്കേജിൻ്റെ മറവിൽ രാഷ്ട്ര സമ്പത്തും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കാനുള്ള ദേശവിരുദ്ധ പ്രഖ്യാപനങ്ങളാണ് മോഡി സർക്കാർ നടത്തിയിരിക്കുന്നത്. പ്രതിരോധ മേഖലയിൽ പോലും 74% വിദേശ മൂലധന നിക്ഷേപത്തിന് അനുമതി നൽകിയിരിക്കുന്നു.രാജ്യരക്ഷയെ വരെ അപകടപ്പെടുത്തുന്ന നീക്കമാണ് ഈ കോവിഡു കാലത്ത് മോഡി സർക്കാർ നടത്തിയിരിക്കുന്നത്.സംസ്ഥാനങ്ങൾക്കും ജനങ്ങൾക്കും ആശ്വാസവും സഹായവും നൽകാതെ രാജ്യത്തിൻ്റെ സമ്പത്ത് കോർപ്പറേറ്റുകൾക്ക് കയ്യടക്കാനവസരം നൽകുന്ന പരിഷ്ക്കാരങ്ങളാണ് നിർമ്മലാ സീതാരാമൻ്റെ "സ്വയം പര്യാപ്തത " യെ ലക്ഷ്യവെക്കുന്ന 20 ലക്ഷം കോടി പാക്കേജിലുടനീളമുള്ളത്. പാവപ്പെട്ടവർക്ക് നേരിട്ടു പണമെത്തിക്കാനോ ഭക്ഷണമെത്തിക്കാനോ പര്യാപ്തമായ പദ്ധതികളൊന്നും തന്നെയില്ല.

എന്നാൽ കേരളം ശാസ്ത്രീയമായ രീതിയിൽ കോവിഡ് പ്രതിരോധത്തിനുള്ള ആരോഗ്യ സാമ്പത്തിക നടപടികൾ സ്വീകരിച്ചു ലോകത്തിന് തന്നെ മാതൃകയായിരിക്കുന്നു. പിണറായി സർക്കാറിൻ്റെ ജനാനുകൂലവും സാമൂഹ്യ താല്പര്യങ്ങളിലൂന്നതുമായ നയങ്ങളുടെ ഫലമായിട്ടാണ് കേരളത്തിന് സമാശ്വാസകരമായ സാഹചര്യം സൃഷ്ടിക്കാനായത്.ചരിത്രപരമായി കേരളത്തിൽ വികസിച്ചു വന്ന പൊതുജനാരോഗ്യ സംവിധാനങ്ങളും അതിന് കാരണമായ തൊഴിലാളി കർഷകസമരങ്ങളും ജനകീയ പ്രസ്ഥാനങ്ങളുമാണ് ഈ നേട്ടത്തിനു് പിറകിലെന്നും തിരിച്ചറിയേണ്ടതുണ്ടു്.കേളുഏട്ടൻ ഉൾപ്പെടുന്ന ത്യാഗിവര്യന്മാരായ ഒരു തലമുറ നടത്തിയ സമരങ്ങളുടെയും ജനകീയ ഇടപെടലുകളുടെയും ഫലമാണ് ഇന്നത്തെ കേരളവും ജനകീയ സംവിധാനങ്ങളും. 1957ലെ കേരള നിയമസഭയിലെ അംഗമായ കേളുഏട്ടൻ വടകര താലൂക്കിൻ്റെയും കോഴിക്കോട് ജില്ലയിലെയും വികസന പ്രവർത്തനങ്ങൾക്ക് അടിത്തറയിട്ട ജനനേതാവാണ്. ഇന്ന് കേരളം ആർജ്ജിച്ച സാമൂഹ്യപുരോഗതിക്കും ലോകത്തിന് തന്നെ മാതൃകയാവുന്ന പൊതുജനാരോഗ്യ സംവിധാനങ്ങൾക്കും ആവശ്യമായ രൂപകല്പനയും വികസന പരിപാടികളുടെ ആസൂത്രണവും നടത്തിയ നേതൃത്വനിരയിലെ പ്രധാനിയാണ് കേളുഏട്ടൻ.

കേളുഏട്ടൻ്റെ തലമുറ തുടങ്ങി വെച്ച വികസന നേട്ടങ്ങൾ നിലനിർത്താനും പുതിയ സാഹചര്യമാവശ്യപ്പെടുന്ന തലത്തിൽവികസിപ്പിക്കാനുമാണ് പിണറായി വിജയൻ്റെ നേതൃത്യത്തിലുള്ള എൽഡിഎഫ് സർക്കാർ പ്രതിബദ്ധതയോടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ എന്നും പുരോഗമന കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങൾക്കെതിരെ നിലകൊണ്ട വലതുപക്ഷ ശക്തികൾ പലതരം കുത്തിത്തിരിപ്പുകളുമുണ്ടാക്കി കേരളത്തിൻ്റെ പ്രതിരോധ പ്രവർത്തനങ്ങളെ അലങ്കോലമാക്കാനും ജനങ്ങളിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാനുമുള്ള കുത്സിത ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുന്നുമുണ്ട്. കേന്ദ്ര സർക്കാറിൻ്റെ കോർപ്പറേറ്റു നയങ്ങളെയും വലതുപക്ഷ ശക്തികളുടെ നിഷേധാത്മക നിലപാടുകളെയും തുറന്നു കാട്ടി ജാഗ്രതയോടെ നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 3 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More