വിരലിൽ കോണ്ടമണിയുന്ന കന്യക - ഷിന്‍ ചാന്‍ (വി.വി. ഷാജു)

ഉണ്ടാവാനിടയില്ലാത്ത 

സർവ്വ ശക്തനായ ദൈവമേ, ആണായിപ്പിറന്ന ആരാണെങ്കിലുമാകട്ടെ, 

എന്നെ കാമിക്കണേയെന്ന് 

മാംസമുരുകി 

രക്തം തിളച്ചുകിനിഞ്ഞ്  ഒരിക്കലുമൊരു ദൈവവും ചെവിക്കൊണ്ടിട്ടില്ലാത്ത  പരിത്യക്തമായ പ്രാർത്ഥനയാൽ നിരാശപ്പെട്ട് 

വിഷാദമാർന്ന് വിരൂപയായ

കന്യകയായിരുന്നു അവൾ. 


മെഡിക്കൽ സ്റ്റോറിലെ 

മരുന്നെടുത്തു  കൊടുപ്പുകാരി. കന്യകയായ പെൺകുട്ടി.


 ചുങ്ങ്ഹ്വാ.

 ചുങ്ങ്ഹ്വാ - വസന്തകാല പുഷ്പം .

 

കാഴ്ചയിലാളുകളിലവൾ പരിഹാസത്തിന്റെ 

ക്രൂരമായ ചിരി മുളപ്പിച്ചു, 

അവളുടെ പേരോ 

ആ ചിരിക്ക് 

വെള്ളം നനച്ചു.

 

"അസൗന്ദര്യം ഒന്നുമർഹിക്കുന്നില്ല, പ്രണയമെന്നല്ലയനുതാപം പോലും .''

വളർത്തു പൂച്ചയുടെ

ഉദരത്തിൽ നിന്ന് പേനെടുക്കും നേരത്ത് അമ്മയവളുടെ കൂനിൽ 

കവിൾ ചേർത്ത്

ക്ഷമാപണത്തോടെ മന്ത്രിച്ചു.

ചുങ്ങ് ഹ്വാ, വസന്ത പുഷ്പം !

 

 അവൾ പറഞ്ഞു :

 അമ്മേ ,

 ഞാൻ കാമവതിയായ പെണ്ണൊട്ടകം .

എന്റെ  മുതുകിലെ പൂഞ്ഞയിലൊരാണിനു വേണമെങ്കിൽ മദിച്ചു മദിച്ചു മരിക്കാൻ മാത്രമുണ്ട്

 പ്രേമം, 

കാമം.


അവള്‍ അവളെ അദൃശ്യയായ ഒട്ടകമെന്നു വിളിച്ചു .

ഒരുത്തനുമവളെ പ്രണയപൂർവ്വം നോക്കിയില്ലെന്നല്ല.

കണ്ടതേയില്ല.

തിരക്കുള്ള തെരുവുകളിലവൾ നടക്കുമ്പോഴെല്ലാം 

അസാധ്യതയിൽ നിന്ന് അസ്പൃശ്യതയുടെ

പാതയുണ്ടായി വന്നു.


ഒരുത്തനുമവളെ ചൂഴ്ന്നു നോക്കിയില്ല. 

ആൾക്കടലിലും 

കുരുത്തം കെട്ട 

ഒരു പെൺപിടിയനുമവളുടെ നെഞ്ചിൽ കയ്യമർത്തിയില്ല. ചൈനയിലെ മുഴുവനാണുങ്ങളും അവളോട് അൽഭുതപ്പെടുത്തുംവിധം

മര്യാദ ചൊരിഞ്ഞു.


തിരസ്കൃതർക്ക് സർവ്വവും

കാമ്യമായിത്തീരുന്നു!


മെഡിക്കൽ സ്റ്റോറിലുച്ചനേരത്ത് വിയർത്തു മയങ്ങുന്ന 

തെരുവിനെ നോക്കി നിൽക്കുമ്പോൾ രാജ്യത്തെ അട്ടിമറിക്കാൻ ഗൂഢാലോചന ചെയ്യുന്ന, കണ്ണുകളിൽ തീയുള്ള ചെറുപ്പക്കാരോ 

അവരെത്തിരഞ്ഞു നടക്കുന്ന   മധ്യവയസ്കരും ക്രൂരൻമാരുമായ പോലീസുകാരോ 

തൊട്ടടുത്ത ആളൊഴിഞ്ഞ 

ഗോതമ്പു ഗോഡൗണിലേക്ക് ഇല്ലായെന്നു തന്നെ പറയാവുന്ന നേർത്ത ആസക്തിയോടെ ക്ഷണിച്ച് എലികൾ സംഭ്രമിച്ചു പായുന്ന ,

ഈർപ്പം പിടിച്ച വിളയാത്ത ഗോതമ്പിന്റെ 

ഓക്കാനിപ്പിക്കുന്ന മണമുള്ള

 നിലത്ത് കിടത്തി 

കോട്ടുവായിട്ടു കൊണ്ടെങ്കിലും തന്നെ ഭോഗിക്കണേയെന്നവൾ കൊതിച്ചുവെങ്കിലും 

അവരാരുമവളെ കണ്ടതേയില്ല. 


അവരാരുമവളെ കണ്ടതായി രേഖപ്പെടുത്താത്തതു കൊണ്ടവൾ , ഒരിക്കലും ജനിച്ചിട്ടില്ലാത്ത ,

മുതുകിൽ കാമത്തിന്റെ

വറ്റാത്ത കിണറടക്കം ചെയ്ത പൂഞ്ഞയുള്ള ,

ഭാഗ്യം കെട്ട ഒട്ടകമെന്നു വിളിച്ചു.

അവളവളെ .

ചുങ്ങ് ഹ്വാ, 

വസന്തത്തിലെ പൂവ്.


രാത്രികളിലവളുടെ 

ആണണയ്ക്കാത്ത കാമത്തിന്റെ നെടുവീർപ്പുകളിലുലഞ്ഞുലഞ്ഞ് 

ഒരു നാൾ അമ്മ പ്രഭാതം കണ്ടില്ല.


രാജ്യത്തലവന് 

വിരുപയായ പൗരയുടെ കാമാവകാശത്തെക്കുറിച്ച്

അവളെഴുതിയ സങ്കടഹരജി വായിച്ചയാൾക്ക് 

ചിരിച്ചു ചിരിച്ച് ഹൃദയാഘാതമുണ്ടായി.


ചുങ്ങ് ഹ്വാ, 

വസന്ത പുഷ്പം.

പൂഞ്ഞ നിറയെ കാമമുള്ള ,

നാട്ടുകാർ കോങ്കണ്ണുള്ള കൂനത്തിയെന്നു വിളിക്കുന്ന 

കന്യക.


ഒരു മുല തന്റെ പെൺകുഞ്ഞും 

മറ്റേത് കാമുകനും നുണയുന്ന സ്വപ്നങ്ങളവൾ നിരന്തരം കണ്ടു.


തന്റെ കാമമത്രയും 

ഒരു പെൺകുഞ്ഞിനു വേണ്ടിയാണോ ,

അതോ പെൺകുഞ്ഞിനായുള്ള അഭിലാഷമത്രയും 

കാമത്തിനു വേണ്ടിയാണോ, 

അതുമല്ല അവ രണ്ടും 

തന്റെ പ്രച്ഛന്നവേഷമാർന്ന ഏകാകിതയാണോ 

എന്നവൾ കുഴഞ്ഞു മറിച്ചു സന്ദേഹിച്ചു.


ഓരോ ദിനവുമവളുടെ 

കാമനാ കൗതുകങ്ങൾ 

മെഡിക്കൽ സ്റ്റോറിൽ നിന്നും 

പല പല സങ്കൽപ്പങ്ങൾക്കു നിലയമൊരുക്കുന്ന 

ഗർഭനിരോധന ഉറകളപഹരിച്ചു. 


കോണ്ടം വിരലിലണിഞ്ഞ് 

പഴുത്ത കൈതച്ചക്കപ്പാടങ്ങളിൽ പലരെയും മാധ്യമമാക്കി കാമിച്ചു. 

അടിവയറ്റിൽ ഭൂകമ്പാനന്തര തുടർചലനങ്ങളുടെ 

ഇടവിട്ട കമ്പനങ്ങളോടെ വിയർത്തൊലിച്ച് കിടക്കുമ്പോൾ ഉടുപ്പണിഞ്ഞു 

പ്രണയിച്ചതുകൊണ്ടു മാത്രം പിറക്കാതെ പോയ പെൺകുഞ്ഞിനെയോർത്ത് പശ്ചാത്താപവിവശയായി .


വിരലുകളിലുറയണിയാതെയാവട്ടെ അവൾക്കതു ചെയ്യാനേ കഴിഞ്ഞില്ല. ഉറയില്ലാത്ത നേരങ്ങളിലൊക്കെയുമവൾ -

ക്കാ വിരലുകൾ 

വിളറിയ നഖങ്ങളിൽ 

മരണഗന്ധമുള്ള 

അവളുടെ ചീഞ്ഞ വിരലുകൾ മാത്രമായി അനുഭവപ്പെട്ടു.


ഉണ്ടാവാനിടയില്ലാത്ത ദൈവത്തോട് പിറക്കാതെ പോയ പെൺകുഞ്ഞിനെക്കുറിച്ചുള്ള സങ്കടങ്ങൾ പങ്കുവച്ച 

കന്യകയായ, 

മുതുകിൽ കാമത്തിന്റെ കിണറൊളിഞ്ഞു കിടക്കുന്ന പൂഞ്ഞയുള്ള 

പെൺകുട്ടിയുടെ പേര് 

വസന്ത പുഷ്പം എന്നർത്ഥം വരുന്ന ചുങ്ങ്ഹ്വാ എന്നായിരുന്നു.

 - ഷിൻ ചാൻ


(ഷിൻ ചാൻ, ചൈനീസ് മലമടക്കുകളിലെ ഗുഹകളിൽ ഏകാന്ത ജീവിതം നയിക്കുന്ന ആറു വിരലുള്ള അപ്രശസ്ത കവി. നിരന്തരം നിരീക്ഷിക്കുന്ന ആറാം വിരൽ തന്റെ അഞ്ചു വിരലുകളെയും അന്തർമുഖരാക്കി എന്നദ്ദേഹം എഴുതിയിട്ടുണ്ട്. ഈ കവിത ഷിൻ ചാനിനെ പാശ്ചാത്യ ഫെമിനിസ്റ്റുകളുടെ വെറുപ്പിനു പാത്രമാക്കി .ആണുങ്ങളുടെ ചീഞ്ഞളിഞ്ഞ ചൊറിയൻ പുഴുവിനു തപസ്സു ചെയ്യുന്ന വിഢികളല്ല പെണ്ണുങ്ങൾ എന്നു ഒരു നിരൂപക തുറന്നടിച്ചു. ഷിൻ ചാൻ സ്ത്രീകൾ ബലാൽക്കാരം അഭിലഷിക്കുന്നവരാണെന്ന അപകടകരമായ ആൺകോയ്മാ സന്ദേശമാണ് ഇതിൽ കൊണ്ടുവരുന്നതെന്ന് ഒരു അമേരിക്കൻ കവയിത്രി കുറ്റപ്പെടുത്തി. ശാരീരികമായി വ്യത്യസ്തതയുള്ള ആളുകളെ അപഹസിക്കുന്ന ഷിൻ ചാൻ പുതിയ രാഷ്ട്രീയത്തിന്റെ വെളിച്ചമില്ലാത്ത പ്രാകൃതനാണെന്ന് ഒരു സെർബിയൻ ലിബറൽ ഫെമിനിസ്റ്റ് വിമർശിച്ചു.


ഷിൻ ചാന്റെ മറുപടി ഇങ്ങനെയായിരുന്നു:

എന്റെ പ്രാഥമിക പരിഗണന നിങ്ങളുടെ രാഷ്ട്രീയത്തിനല്ല, 

കൂനും  കോങ്കണ്ണുമുള്ള ,

പുരുഷനെ ആഗ്രഹിക്കുന്ന, 

പക്ഷേ എല്ലായ്പ്പോഴും തഴയപ്പെട്ട ,ഒരു പെൺകുഞ്ഞിനെ ഗർഭം ധരിക്കാൻ ആഗ്രഹിച്ചിരുന്ന, തലയിൽ രാഷ്ട്രീയ പ്രകാശം ഇല്ലാത്ത, വസന്ത പുഷ്പം എന്നർത്ഥം വരുന്ന പേരുള്ള  വിരൂപയായ കന്യകയുടെ ശരീരത്തിന്റെ പോംവഴിയില്ലാത്ത കാമനകൾക്കാണ് .

ഗർഭനിരോധന ഉറകൾ വിരലിലണിഞ്ഞാൽ മാത്രം സ്വയംഭോഗത്തിൽ പുരുഷനെ ആവാഹിക്കാൻ കഴിയുന്ന, ഗർഭനിരോധന ഉറ കയ്യിലണിയുന്നതു കൊണ്ടാണ് തനിക്ക് സങ്കൽപ്പത്തിലെ പെൺകുഞ്ഞ് സങ്കൽപ്പത്തിൽ പോലും ഉണ്ടാവാത്തതെന്ന് അപരാധ ബോധത്തിൽപ്പെട്ടു പോകുന്ന ആ ഹതഭാഗ്യ മാത്രമാണെന്നെ മഥിക്കുന്നത്)

Contact the author

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More