കുവൈത്തിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി ചോലക്കര വീട്ടിൽ ബദറുൽ മുനീറാണ് മരിച്ചത്. 38 വയസ്സായിരുന്നു. ആരോഗ്യ പ്രവർത്തകരെ കൊണ്ടു പോകുന്ന സ്വകാര്യ ട്രാൻസ്പോർട്ടിംഗ് കമ്പനിയിലെ ഡ്രൈവറാണ്. ശനിയാഴ്ച രാത്രിയാണ് ഇയാൾ മരിച്ചത്.
കുവൈത്തിൽ തന്നെയുള്ള ഇയാളുടെ സഹോദരൻ കൊവിഡ് ബാധിച്ച് ചികിത്സിലാണ്. ഇതിനെ തുടർന്ന് ബദറുൽ മുനീർ വീട്ടിൽ നിരീക്ഷണത്തിലായിരന്നു. ഇന്നലെ രാത്രിയോടെ പനിയും ശ്വാസമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. ഭാര്യയും രണ്ട് മക്കളും നാട്ടിലാണ്. ഇതോടെ കുവൈത്തിൽ കൊവിഡ് മൂലം മരിക്കുന്ന മലയാളികളുടെ എണ്ണം 18 ആയി. കുവൈത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 20000 കവിഞ്ഞു. വിവിധ രാജ്യക്കാരായ 138 പേരാണ് അസുഖം ബാധിച്ച് മരിച്ചത്.