വെള്ളിയാഴ്ച്ച
ആറാമത്തെ പീരിയഡ്
മുഷിഞ്ഞ മുഖമുള്ള
ഒടുവിലത്തെ ബെഞ്ചിലെ
രണ്ടുസ്ഥിരം അന്തേവാസികൾ
അകാരണമായി അപ്രത്യക്ഷരായി.
കൊച്ചുത്രേസ്യ ടീച്ചർക്കതൊരു ഭൂകമ്പമായില്ല
കോളനികൾ ക്രിമിനലുകളെ സൃഷ്ടിക്കുന്നു
എന്ന പ്രബന്ധം സ്റ്റാഫ് റൂമിലവതരിപ്പിച്ച്
കയ്യടിനേടിയിട്ടൊരു മണിക്കൂറായിട്ടില്ല.
കാണാതായവർ
നമ്പ്യാര്‍ മാഷടെ നാടക ക്ലാസ്സിൽ പൊങ്ങി.
ഉടുക്കാനൊരു കറുത്തനരച്ച മുണ്ട്
പാളത്തൊപ്പി
ഏൻ* എന്ന വികൃതശബ്ദ്ധം
കുത്തിപ്പിടിക്കാനൊരു വടി
ഒടുവിൽ നടുവിനൊരു കുനിവ്,
വർഷങ്ങളെത്രെ കഴിഞ്ഞു.......
മാഷ് ചുവപ്പിൽ പൊതിഞ്ഞ് ,പൊതഞ്ഞ് മരിച്ചുപോയി
ഇപ്പോഴുമിറങ്ങിപോകാൻ കൂട്ടാക്കാതെ
കുനിവ് അവരുടെ നടുവിൽ തന്നെയിരിക്കുന്നു.....