ജനങ്ങളുടെ ഐക്യത്തിനും പോരാട്ടത്തിനും വേദിയൊരുങ്ങണം - കെ.ടി. കുഞ്ഞിക്കണ്ണന്‍

മഹാമാരിക്കും കോർപ്പറേറ്റുകൾക്കുമെതിരായി പൊരുതിക്കൊണ്ടേ ഇന്ന് മനുഷ്യരാശിക്ക് സ്വന്തം അതിജീവനം സാധ്യമാവൂ.അത്തരമൊരു അതിജീവന പോരാട്ടങ്ങൾക്ക് നേതൃത്വ ശക്തിയാവാൻ ഇടതുപക്ഷ കമ്യൂണിസ്റ്റ് രാഷ്ടീയത്തിനു മാത്രമെ കഴിയൂ. അതിനാവശ്യമായ സൈദ്ധാന്തികവും പ്രായോഗികവുമായ സമീപനവും സംഘടനാ ശേഷയും വികസിപ്പിക്കുക എന്നതാണ് ഇന്നത്തെ സാഹചര്യം കമ്യൂണിസ്റ്റ് രാഷ്ടീയത്തിൽ വിശ്വസിക്കുന്നവരോട് ആവശ്യപ്പെടുന്നത്.

നിയോലിബറൽ നയങ്ങളും കോവിഡു 19 എന്ന മഹാമാരിയും സൃഷ്ടിച്ച ജീവിത പ്രതിസന്ധികളിൽ നിന്നും സാമൂഹ്യ സാമ്പത്തികത്തകർച്ചയിൽ നിന്നും മനുഷ്യരാശിയെയാകെ അതിജീവനത്തിലേക്ക് നയിക്കുക എന്നതാണ് ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റു ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രഥമമായ ഉത്തരവാദിത്വം. മുതലാളിത്തത്തിൽ നിന്ന് വ്യത്യസ്തമായി സ്റ്റേറ്റിടപെടലിൻ്റെയും സാമൂഹ്യ നിയന്ത്രണത്തിൻ്റെയും തത്വങ്ങളെ അടിസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസ്ഥകൾക്കേ മഹാമാരികളെയും അതു സൃഷ്ടിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയെയും കാര്യക്ഷമമായി പ്രതിരോധിക്കാനാവൂവെന്നാണ് കോവിഡു കാലത്തെ അനുഭവങ്ങൾ ലോകത്തെ പഠിപ്പിക്കുന്നത്. 

മൂലധന താല്പ്പ‍ര്യങ്ങള്‍ക്ക് പ്രതിസന്ധികളെ നേരിടാനാവില്ല 

വിപണി മത്സരങ്ങളുടെയും ദുരമൂത്ത ലാഭ താല്പര്യങ്ങളുടേതുമായ മുതലാളിത്തം മഹാമാരിയെ നേരിടുന്നതിൽ ദയനീയമായ പരാജയപ്പെടുന്നതാണ് ലോകം ദർശിച്ചത്.കടുത്ത വ്യക്തിവൽക്കരണത്തിൻ്റെയും സ്വകാര്യ സ്വത്തുടമസ്ഥയിലധിഷ്ഠിതവുമായ മുതലാളിത്ത വ്യവസ്ഥകൾക്ക് പ്രതിസന്ധികളെ നേരിടാനാവില്ലെന്നാണ് 1930 ലെ മഹാമാന്ദ്യത്തിൻ്റെ കാലത്തെന്നപോലെ കോവിഡു മഹാമാരിയും നൽകുന്ന വലിയ തിരിച്ചറിവ്. യുറോപ്യൻ അമേരിക്കൻ ഭരണവ്യവസ്ഥകളുടെ ദയനീയതയും ചൈന, ക്യൂബ, വിയറ്റ്നാം, വടക്കൻ കൊറിയ തുടങ്ങിയ സോഷ്യലിസ്റ്റ് രാജ്യങ്ങൾ കൊറോണാ പ്രതിരോധത്തിൽ കാണിച്ച ഫലപ്രദമായ നടപടികളും സാർവ്വദേശീയ ഐക്യദാർഢ്യവും ലോക ജനതയിൽ കമ്യൂണിസത്തോടും സോഷ്യലിസത്തോടും അഭൂതപൂർവ്വമായ താല്പര്യമുണർത്തിയിട്ടുണ്ട്.

കമ്മ്യുണിസ്റ്റുകളുടെ കടമ 

ഈയൊരു അനുകൂല സാഹചര്യത്തെ ഉപയോഗപ്പെടുത്തി നിയോലിബറൽ നയങ്ങൾക്കും വർഗീയ ഫാസിസ്റ്റുകൾക്കുമെതിരെ വിശാലമായ ജനകീയ ഐക്യം വളർത്തിയെടുക്കുക എന്നതാണ് ഇന്ത്യൻ കമ്യുണിസ്റ്റുകളുടെ മുന്നിലുള്ള കടമ. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും സാമൂഹ്യവും സാമ്പത്തീകവുമായി ചൂഷണമനുഭവിക്കുന്നവരുടെയും താല്പര്യങ്ങൾ സംരക്ഷിക്കാനാണ് കമ്യൂണിസ്റ്റു പാർടികളെല്ലാം നിലകൊള്ളുന്നത്. സോഷ്യലിസവും കമ്യൂണിസവും സ്ഥാപിക്കുക എന്ന ദീർഘകാല ലക്ഷ്യം മുന്നോട്ട് വെച്ചു പ്രവർത്തിക്കുന്നവരാണ് കമ്യൂണിസ്റ്റുകാർ .ഇന്ത്യയിലാണെങ്കിൽ വലുതും ചെറുതുമായി 200 ഓളം കമ്യൂണിസ്റ്റു പാർടികളും ഗ്രൂപ്പുകളുമുണ്ടെന്നാണ് മനസിലാക്കുന്നത്. 

ഈ ഗ്രൂപ്പുകളിൽ പലതും ഇന്ത്യൻ വിപ്ലവത്തിൻ്റെ ഘട്ടത്തെയും പാതയെയുമെല്ലാം സംബന്ധിച്ച മൗലികമായ അഭിപ്രായ വ്യത്യാസങ്ങളുള്ളവയുമാണ്.  സി പി ഐ എം, സി പി ഐ, ആർ എസ് പി, ഫോർവേഡ് ബ്ലോക്ക്, പ്രധാന എം എൽ ഗ്രൂപ്പുകൾ, എസ് യു സി ഐ എന്നിവയെല്ലാം വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിർത്തി കൊണ്ടുതന്നെ നിയോലിബറൽ നയങ്ങൾക്കും വർഗീയതക്കുമെതിരെ യോജിച്ച പ്രവർത്തനങ്ങളും അതിനായുള്ള ഫ്ലാറ്റുഫോമുകളും ഇപ്പോൾ തന്നെ രൂപപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. വർഗ ബഹുജന രംഗത്ത് ഈ ഐക്യം വിപുലമാക്കാനുള്ള നിരന്തര ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. മതനിരപേക്ഷതയെ ഇല്ലാതാക്കുന്നതും രാജ്യത്തിൻ്റെ പരമാധികാരത്തെ തകർക്കുന്നതുമായ അമേരിക്കനനുകൂലവും ഹിന്ദു രാഷ്ട്രം ലക്ഷ്യമിടുന്നതുമായ ഫാസിസ്റ്റ് നയങ്ങൾക്കെതിരായ പോരാട്ടമുന്നണികൾ ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന ഉത്തരവാദിത്വം. സാമുഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ മേഖലകളിൽ ഈ മുന്നണി വികസിപ്പിച്ചെടുക്കണം. അതിനായുള്ള പ്രത്യയശാസ്ത്ര രംഗത്തെ സമരങ്ങളും ഇന്ന് പ്രധാനമാണ്. 

കോവിഡു സാഹചര്യത്തെ അവസരമാക്കി തൊഴിൽ നിയമങ്ങൾ കുത്തകൾക്ക് അനുകൂലമായി മാറ്റി കൊണ്ടിരിക്കുന്നു. 8 മണിക്കൂർ ജോലി സമയം എന്നത് പല സംസ്ഥാനങ്ങളും 12 മണിക്കൂറായി ഉയർത്തി നിയമ ഭേദഗതികൾ കൊണ്ടുവന്നു കഴിഞ്ഞു. മഹാമാരി സൃഷ്ടിച്ച ഉല്പാദനത്തകർച്ചയെ മറികടക്കാനെന്ന വ്യാജേന കമ്പനി നിയമങ്ങൾ ഉദാരവൽക്കരിക്കുകയും നിരുപാധികവും വ്യവസ്ഥാ രഹിതവുമായ നിക്ഷേപ സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയും ചെയ്യുന്നു. അതിനായി പരിസ്ഥിതി നിയമങ്ങൾ പൊളിച്ചെഴുതുന്നു. കോർപ്പറേറ്റുകൾക്ക് ഇഷ്ടം പോലെ ഭൂമി ഏറ്റെടുത്തു കൊടുക്കാനും അതുവഴി പാട്ടകൃഷിയും കമ്പനി കൃഷിയും പ്രോത്സാപ്പിക്കാനും നിയമ ഭേദഗതികൾ കൊണ്ടുവരുന്നു. 

കര്‍ഷകരെ തഴയും ആഗോള അഗ്രിബിസിനസ്സിന് വാതായനങ്ങള്‍ തുറന്നിടും 

കാർഷിക മേഖലയെ ആഗോള അഗ്രിബിസിനസിന് തുറന്നുകൊടുത്തുള്ള പരിഷ്ക്കാരങ്ങളെ അതിൻ്റെ പരമകാഷ്ഠയിലേക്ക് എത്തിക്കുന്നു. കർഷകരുടെ കടം എഴുതിത്തള്ളാനോ സ്വാമിനാഥൻ കമീഷൻ ശുപാർശ ചെയ്തതും ബി ജെ പി തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതുമായ താങ്ങുവില ഏർപ്പെടുത്താനോ ഒരു നീക്കവുമില്ല. കൃഷിയെ ഉപജീവനമാർഗ്ഗമാക്കിയവരെ കാർഷിക മേഖലയിൽ നിന്നു് പുറന്തള്ളുന്ന അപകാർഷികവൽക്കരണത്തിന് ഗതിവേഗം കൂട്ടുകയാണ്  കേന്ദ്ര സർക്കാർ കോവിഡു കാലത്ത് ചെയ്തുകൊണ്ടിരിക്കുന്നത്.

കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് ശുദ്ധ തട്ടിപ്പായിരുന്നു. GDP യുടെ 10% കോവിഡു കാലത്തെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള സഹായ പദ്ധതിക്കായി നീക്കിവെക്കുമെന്നും രാജ്യത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിനായുള്ള ദീർഘകാല പരിപാടികൾ ആവിഷ്കരിക്കുമെന്നാല്ലാമുള്ള പ്രധാനമന്ത്രിയുടെ അവകാശവാദങ്ങൾ  പൊള്ളയായിരുന്നു. ജനങ്ങളെ കബളിപ്പിച്ചു രാഷ്ട്ര സമ്പത്ത് കോർപ്പറേറ്റുകൾക്ക് കയ്യടക്കാനുള്ള സൗകര്യമൊരുക്കലായിരുന്നു. 5 ഘട്ടങ്ങളിലായി ധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയ പ്രഖ്യാപനങ്ങളുടെ ആകെ സത്ത പൊതു മേഖലകളുടെ സ്വകാര്യവൽക്കരണമല്ലാതെ മറ്റൊന്നുമായിരുന്നില്ല. പ്രതിരോധരംഗത്ത് പോലും വിദേശ മൂലധന നിക്ഷേപ തോത് 74% ആക്കി ഉയർത്തി.കൽക്കരി, ധാതു, എണ്ണ തുടങ്ങി ഖനന മേഖലകളിലേക്ക് നാടനും വിദേശിയുമായ സ്വകാര്യ മൂലധനത്തെ കടത്തികൊണ്ടുവരാനും നിയന്ത്രണാധികാരം വരെ അവരിലേക്ക് കൈമാറുന്ന ദേശദ്രോഹപരമായ നടപടികളാണ് അടിച്ചേല്പിച്ചത്.

ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ ബഹുജന പ്രസ്ഥാനങ്ങളുടെ യോജിപ്പ് അനിവാര്യം 

40,000 കോടി തൊഴിലുറപ്പ് പദ്ധതിക്ക്‌ നീക്കിവെച്ചതൊഴിച്ചാൽ ജനങ്ങളിൽ പണമെത്തിക്കുന്ന ഒന്നും തന്നെ ഈ 20 ലക്ഷം കോടി പാക്കേജിലില്ല. തൊഴിലും വരുമാനവും നഷ്ടപ്പെട്ട അതിഥി തൊഴിലാളികളെ സഹായിക്കാനോ പുനരധിവസിപ്പിക്കാനോ ഒരു പരിപാടിയുമില്ല. ലോക്ക് ഡൗൺ നാളുകളിലാരംഭിച്ച കൂട്ട പലായനങ്ങൾ തുടരുകയാണ്. എത്ര ഭീകരവും ഹൃദയശൂന്യവുമായ അവസ്ഥയിലേക്കാണ്  കുടിയേറ്റ തൊഴിലാളികൾ തള്ളപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് രാജ്യത്തിൻ്റെ പല മേഖലകളിൽ നിന്നും വന്നു കൊണ്ടിരിക്കുന്നത്. രാജസ്ഥാൻ -ഡൽഹി പാതയിൽ ചത്ത പട്ടിയുടെ മാംസം ഭക്ഷിക്കുന്ന മനുഷ്യൻ്റെ ദൃശ്യം രാജ്യമെത്തിയ  ഭക്ഷണമില്ലായ്മയുടെ ദയനീയലേക്കാണ് വിരൽ ചൂണ്ടുന്നത്. വിശപ്പും പട്ടിണിയും രാജ്യത്തെ വേട്ടയാടുകയാണ്. തെലുങ്കാനയിൽ പണിയും വരുമാനവുമില്ലാതെ ജീവിതം വഴിമുട്ടിയ അതിഥി തൊഴിലാളികൾ ഒരു കിണറ്റിൽ കൂട്ടത്തോടെ ചാടി ആത്മഹത്യ ചെയ്തു.ലോക്ക് ഡൗൺ രണ്ടു മാസം പിന്നിടുമ്പോഴും ഇന്ത്യയിൽ കോവിഡു വ്യാപനം തീവ്രഗതിയിലാണ്. പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചയാണ് രോഗവ്യാപനം വർധിതമാക്കിയത്. സംസ്ഥാനങ്ങൾക്ക് ആവശ്യമായ സഹായങ്ങളില്ല. കോവിഡു പാക്കേജിൽ പോലും ആരോഗ്യമേഖലക്ക് നാമമാത്രമായ വിഹിതം മാത്രമെ നൽകിയുള്ളു.സംസ്ഥാനങ്ങൾക്കാണ് കോവിഡു പ്രതിരോധത്തിൻ്റെ 90% ചിലവും. സംസ്ഥാനങ്ങളെ സഹായിക്കുന്നില്ലായെന്നു മാത്രമല്ല കോവിഡു സാഹചര്യത്തെ ഉപയോഗിച്ചു ഫെഡറലിസത്തെ തകർക്കുകയാണ് കേന്ദ്ര സർക്കാർ.

മഹാമാരി ഉണ്ടാക്കിയ സാഹചര്യത്തെ മുതലെടുത്ത് കോർപ്പറേറ്റുകളെ സഹായിക്കുകയും സർവ്വ മേഖലകളും തീറെഴുതുകയാണ് കേന്ദ്ര സർക്കാർ. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളെയും പ്രക്ഷോഭരംഗത്ത് കൊണ്ടുവരേണ്ട സന്ദർഭമാണിത്. മഹാമാരിക്കെതിരായ ജാഗ്രത്തായ പ്രതിരോധവും കോർപ്പറേറ്റുവൽക്കരണത്തിനെതിരായ ജനകീയ സമരങ്ങളും ഏറ്റെടുത്ത് മുന്നോട്ട് പോകാനാണ് ഇന്ത്യൻ ഇടതുപക്ഷം ശ്രമിക്കുന്നത്. രാജ്യത്തെ കോവിഡിൽ നിന്ന് രക്ഷിക്കാനും കോർപ്പറേറ്റ് മൂലധനശക്തികളിൽ നിന്ന് രക്ഷിക്കാനുമുള്ള രാഷ്ടീയ ഉത്തരവാദിത്വമാണ് ഇടതുപക്ഷ കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങൾക്ക് മുമ്പിലുള്ളത്. അതിനായുള്ള സമരങ്ങളും കൂട്ടായ്മകളും മാറിയ സാഹചര്യമാവശ്യപ്പെടുന്ന രീതിയിൽ രൂപപ്പെടുത്തിയെടുക്കുക എന്ന വെല്ലുവിളിയാണ് കമ്യൂണിസ്റ്റുകാർക്ക് ഏറ്റെടുക്കേണ്ടി വരുന്നത്.

യോജിച്ചപ്രവർത്തനങ്ങളിലൂടെയും മാറി വരുന്ന ലോകസാഹചര്യങ്ങളെയും ഇന്ത്യയുടെ സമൂർത്ത സാഹചര്യങ്ങളെ സംബന്ധിച്ച പഠന സംവാദങ്ങളിലൂടെയും കമ്യൂണിസ്റ്റു ഐക്യത്തിൻ്റെ പരിസരമൊരുക്കിയെടുക്കുക എന്നതാണ് സോഷ്യലിസത്തിനും കമ്യൂണിസത്തിനും വേണ്ടി നിലകൊള്ളുന്ന പാർടികളുടെ ഉത്തരവാദിത്വം.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 3 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 3 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 4 weeks ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More