കോവിഡ് / കോവിഡാനന്തര ലോകം: ചൈനീസ് കവി ഷിൻ ചാനുമായി കിം തവാങ്ങിന്റെ അഭിമുഖം - വി.വി.ഷാജു

കോവിഡ് / കോവിഡാനന്തര ലോകത്തെക്കുറിച്ച് അപ്രശസ്ത ചൈനീസ് കവി ഷിൻ ചാൻ നൽകിയ ഒരു ഇന്റർവ്യൂ.

കിം തവാങ്ങ്: 

ഷിൻ, കോവിഡ് മനുഷ്യരാശിക്ക് അതിന്റെ നെഗളിപ്പിനെപ്രതി പ്രകൃതി നൽകുന്ന താക്കീതാണോ?

ഷിൻ ചാൻ: 

ഹ ഹ ...മനുഷ്യരുടെ ചരിത്രബോധം പോലും ഹോമോസാപ്പിയൻ ചരിത്രബോധമാണ് .ഈ ഭൂമുഖത്തു നിന്ന് കൂറ്റൻ പറവകളും ഉരഗങ്ങളും കടൽ ജീവികളും അപ്രത്യക്ഷമായിട്ടുണ്ട്. അവ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് തീ കൂട്ടി ചൂടുകാഞ്ഞിട്ടല്ല വംശനാശപ്പെട്ടത്. ഭൂമിയിൽ ഹിമയുഗം വന്നത് ഏതെങ്കിലും സ്പീഷീസിന്റെ കർമഫലമായല്ല.

നിങ്ങളെന്തിനാണ് മനുഷ്യ ധാർമിക ചിന്തയുടെയും രാഷ്ട്രീയത്തിന്റെയും ഒരു കഥയുമില്ലാത്ത മാറാപ്പ് പ്രകൃതിയുടെ മേൽ കെട്ടിവയ്ക്കുന്നത്? പ്രകൃതി ചൈനീസ് കമ്യൂണിസ്റ്റു പാർട്ടിയോ ഗ്രാമീണ ചൈനയിലെ ചൂരൽ ശരീരാവയവമായി കൊണ്ടു നടക്കുന്ന സ്കൂൾ വാധ്യാരോ അല്ല. അനുസരണയില്ലാത്ത അവിധേയരെ പാഠം പഠിപ്പിക്കാൻ. മധ്യകാലത്തെ പ്ലേഗ് ബാധയിൽ കോടിക്കണക്കിനു മനുഷ്യർ മരിച്ചിട്ടുണ്ട്. അതിനു മുമ്പും പല കാലങ്ങളിൽ ഈ ഇരുകാലി സ്പീഷിസിന് കൂട്ടത്തോടെ അരങ്ങുവിട്ടു പോകേണ്ടി വന്നിട്ടുണ്ട്. വ്യത്യസ്ത ജീവ ജാതികൾ അതിജീവനത്തിനായി മറ്റുള്ളവയെ കരുവാക്കുന്നത് വളരെ സ്വാഭാവികമാണ് .

തീർച്ചയായും മനുഷ്യരുടെ കയ്യിലിരിപ്പ് ഭൂമിയുടെയും മനുഷ്യരാശിയുടെയും നിലനിൽപ്പിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കണ്ണിൽ കണ്ട മൃഗങ്ങളെയെല്ലാം അധീനപ്പെടുത്തി വളർത്തുമൃഗങ്ങളായി പ്രഖ്യാപിച്ച് കൂടെക്കൊണ്ടു നടക്കുന്നത് അവയുടെ ശരീരത്തിൽ നിന്നും മനുഷ്യ ശരീരത്തിലേക്ക് സൂക്ഷ്മജീവികൾ സംക്രമിക്കാനിടയാക്കിയിട്ടുണ്ട്. പക്ഷേ ഇതേ യജമാന ജീവിതവീക്ഷണം ഈ കാലമാടൻ സ്പീഷീസിനു വലിയ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാൻ സഹായിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന് പശു. പശുവളർത്തൽ ഇല്ലായിരുന്നുവെങ്കിൽ ക്ഷാമകാലങ്ങളിൽ എന്നേ മനുഷ്യർ കൊടിമടക്കി ഭൂമണ്ഡലത്തിൽ നിന്ന് അപ്രത്യക്ഷമാകുമായിരുന്നു. ചൈനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ വകതിരിവുപോലുമില്ലാത്ത ഭരണകൂടം ഭരിക്കുന്ന ഇന്ത്യയിൽ ഗോവധം നിരോധിച്ചതായി വായിച്ചപ്പോൾ അനിയന്ത്രിതമായി ചിരിച്ച കാരണമാണ് ഞാനിന്ന് ഹെർണിയ ബാധയാൽ ക്ലേശമനുഭവിക്കുന്നത് .

മനുഷ്യന്റെ ദുരയെയും അന്ധമായ പ്രകൃതി ചൂഷണത്തെയും ഞാൻ ആദർശവൽക്കരിക്കുകയാണെന്നു കരുതരുത് .മനുഷ്യരുടെ ചെയ്തികൾ ഭൂകമ്പങ്ങൾക്കു കാരണമാകാം. എന്നാൽ കോടാനുകോടി വർഷങ്ങളായി ഭൂമി ചുമച്ച് വിറച്ചും ഇക്കിളി പൂണ്ട് പ്രകമ്പനം കൊണ്ടും വിരസത വന്നപ്പോൾ ഇളകിയിരുന്നും ആന്തരിക സമ്മർദ്ദങ്ങൾ താങ്ങാനാകാതെ പൊട്ടിത്തെറിച്ചുമൊക്കെയാണ് നമ്മളിന്നീ കാണുന്ന കോലത്തിൽ എത്തിയിട്ടുള്ളത് .ഇനി നാളെ മനുഷ്യർ അപ്രത്യക്ഷരായാലും ഭൂമി തുമ്മുകയും തുപ്പുകയുമൊക്കെ ചെയ്യും. ഈ പ്രപഞ്ചത്തെ സംബന്ധിച്ച് ഭൂമിയോ മനുഷ്യരോ ഒന്നും ഒട്ടും പ്രസക്തമല്ല.

കിം തവാങ്ങ്: കോവിഡിൽ നിന്ന് മനുഷ്യൻ ഒന്നും പഠിക്കില്ലെന്നാണോ?

ഷിൻ ചാൻ:  വേണമെങ്കിൽ കോവിഡ് 19 നെ നമുക്ക് ഒരനൗപചാരിക സർവ്വകലാശാല എന്നു വിളിക്കാം. അത് ഭൂമിയിലെ സർവ്വ മനുഷ്യർക്കും പുതിയ അറിവുകൾ, അനുഭവങ്ങൾ കൊടുത്തു കൊണ്ടിരിക്കുന്നുണ്ട്. പ്രത്യേകിച്ച് വിദ്യാഭ്യാസ യോഗ്യതകളൊന്നും ഇല്ലാതെ, പ്രവേശനപ്പരീക്ഷകളില്ലാതെ, അപേക്ഷകൾ പോലും അയക്കാതെ ആ യൂണിവേർസിറ്റി ഓരോരുത്തരെയും അധ്യയനത്തിനു തെരഞ്ഞെടുത്തിരിക്കുന്നു .ആ അർത്ഥത്തിൽ അതൊരു ഫാസിസ്റ്റു സർവ്വകലാശാലയാണ് . തെരഞ്ഞെടുത്ത ചിലരെ ആ സർവ്വകലാശാല കൂടുതൽ ക്രൂരമായി തെരഞ്ഞെടുത്തിരിക്കുന്നു. വളരെ പെട്ടന്ന് പുറന്തള്ളപ്പെട്ടയിടത്തിനും എത്തിച്ചേരാനാഗ്രഹിക്കുന്ന സ്വാസ്ഥ്യത്തിന്റെ ഇല്ലായ്മയ്ക്കുമിടയിൽപ്പെട്ട് അനന്തമായ സഹനങ്ങളിലൂടെ അലയുന്ന ലക്ഷക്കണക്കിന് അഭയാർത്ഥികൾ ഇതിൽ പ്രധാനമാണ്.

ഈ സർവ്വകലാശാല പകർന്ന ജ്ഞാനം വ്യക്തികളിൽ പുതിയ ദിശാബോധങ്ങൾ ഉണ്ടാക്കിയേക്കാം. എന്നാൽ ഭരണകൂടങ്ങളിൽ എനിക്ക് പ്രതീക്ഷയില്ല. പ്രത്യയശാസ്ത്രങ്ങളിലും. ഉദാഹരണത്തിന് കോവിഡ് അനാവരണം ചെയ്ത മുതലാളിത്തത്തിന്റെ ദൗർബല്യങ്ങളിൽ നിന്നും അവരൊന്നും പഠിക്കാൻ പോകുന്നില്ല. മറിച്ച് ഇപ്പോൾ വന്നു ചേർന്നിട്ടുള്ള പ്രതിസന്ധിയെ മറികടക്കാൻ അത് തങ്ങളുടെ ചൂഷണാധിഷ്ഠിത പ്രത്യയശാസ്ത്രത്തിന് മൂർച്ച കൂട്ടുകയാണ് ചെയ്യുക. മുതലാളിത്തം കൂടുതൽ കാപ്പിറ്റലിസ്റ്റ് മൂല്യങ്ങളാർജ്ജിക്കുന്ന കാലമാണ് വരാനിരിക്കുന്നത് .അല്ലാതെ സ്വന്തം ദ്രവ്യങ്ങൾ കയ്യൊഴിയുകയല്ല . മൂലധനം വച്ചുള്ള ചൂഷണം ഇരട്ടിപ്പിച്ച് നിലവിൽ സംഭവിച്ച നഷ്ടങ്ങളെ മറികടക്കാൻ മുതലാളിത്തം അനുവർത്തിക്കാനിരിക്കുന്ന നിഷ്ഠൂരമായ നയങ്ങൾ നമ്മൾ കാണാനിരിക്കുന്നതേയുള്ളൂ. പ്രകൃതിയെ ആത്മഹത്യാപരമായി ചൂഷണം ചെയ്യും. തൊഴിലവകാശങ്ങളുടെ വിഷയത്തിൽ നമ്മൾ നൂറ്റാണ്ടുകൾക്ക് പിറകിലേക്ക് സഞ്ചരിക്കും. മനുഷ്യാന്തസ്സിനു സംഭവിക്കാനിരിക്കുന്ന തകർച്ചയായിരിക്കും കോവിഡിന്റെ ഏറ്റവും വേദനിപ്പിക്കുന്ന സംഭാവന. രോഗം തകർത്ത രാഷ്ട്രങ്ങളെ അധികം പരിക്കില്ലാതെ അതിജീവിച്ച രാജ്യങ്ങൾ ചരിത്രത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിൽ ചൂഷണം ചെയ്യും.

സ്റ്റേറ്റിന്റെ പരമാധികാരം ഒന്നുകൂടി ഉറപ്പിക്കപ്പെട്ടു എന്നതാണ് രാഷ്ട്രീയമായി കോവിഡ് ഉണ്ടാക്കിയ വലിയ അനർത്ഥം. പൗരൻ ശരീരം എന്ന നിലയിൽത്തന്നെ കുറ്റകരമായ, കൈകാര്യം ചെയ്യപ്പെടേണ്ട, നിരന്തരമായ സർവ്വയലൻസിലൂടെ നിരീക്ഷിക്കപ്പെടേണ്ട ഒന്നായി മാറി. രോഗസംക്രമണശേഷിയും രോഗാർജ്ജന സാധ്യതയുമുള്ള സ്ഫോടകവസ്തുവായി പൗരശരീരം അതിനെത്തന്നെ കുഴപ്പം പിടിച്ച ഒന്നായി കണ്ടു തുടങ്ങി. ലോകത്തിന്റെ പല ഭാഗങ്ങളിൽ ആളുകൾ ശരീരത്തിന്റെയും അതിന്റെ വിന്യാസത്തിന്റെയും ഉടമസ്ഥാവകാശം സ്റ്റേറ്റിന് പ്രതിരോധങ്ങളില്ലാതെ അടിയറവ് വച്ചു. ദേശരാഷ്ട്രങ്ങൾ  സർവ്വവ്യാപിയായ അപരന്റെ ചെലവിൽ കരുത്താർജ്ജിച്ചു.കോവിഡ് പ്രതിരോധ സന്നദ്ധ പ്രവർത്തനമൊഴിച്ച് പൗരസമൂഹത്തിന്റെ രാഷ്ട്രീയ കർതൃത്വം കൊള്ളയടിക്കപ്പെട്ടു.സ്റ്റേറ്റ് ആപൽക്കരമാം വിധം ശക്തിയാർജ്ജിക്കുകയും സിവിൽ സൊസൈറ്റി തീർത്തും ദുർബലമാവുകയും ചെയ്തു, വേണമെങ്കിൽ രാഷ്ട്രീയത്തിന്റെ താൽക്കാലികാന്ത്യം എന്നു വിളിക്കാവുന്ന പതനത്തിലേക്ക് നമ്മൾ എത്തിച്ചേർന്നു.

കിം തവാങ്ങ്: പ്രതിരോധങ്ങൾ ഉണ്ടാവില്ലെന്നാണോ?

ഷിൻ ചാൻ: നിശ്ചയമായും .ലിവിങ്ങ് വിത്ത് ട്യുമർ എന്ന യാഥാർത്ഥ്യബോധത്തിലേക്ക് ഒരു രോഗി എത്തിപ്പെടുന്നതു പോലെ കൊറോണയ്ക്കൊപ്പമുള്ള ജീവിതം എന്ന ദർശനത്തിലേക്ക് മനുഷ്യർ എത്തിക്കൊണ്ടിരിക്കുകയാണ്. ശരീരത്തിനു നഷ്ടപ്പെട്ട പ്രവിശ്യകളെക്കുറിച്ചുള്ള തിരിച്ചറിവിലേക്ക് മനുഷ്യർ എത്തും. നിങ്ങൾക്കു പനി പിടിക്കുമ്പോൾ ഭരണകൂടത്തിന്റെ നിരിക്ഷണ റഡാറിൽ അത് രേഖപ്പെടുത്തപ്പെടുന്ന സ്റ്റേറ്റിസ്റ്റ് അധിനിവേശ വൈദ്യശാസ്ത്ര സംവിധാനം ചെറുക്കപ്പെടേണ്ടതുണ്ട് എന്ന ബോധ്യത്തിലേക്ക് മനുഷ്യർ എത്തും.മുതലാളിത്തത്തിനെതിരായി, ക്ലാസിക്കൽ വർഗ്ഗസിദ്ധാന്തത്തിന്റെ ബൈനറിയെ പ്രശ്നവൽക്കരിക്കുകയും ഐഡന്റിറ്റി പൊളിറ്റിക്സിന്റെ വെളിച്ചങ്ങളോട് കണ്ണി ചേരുകയും ചെയ്യുന്ന ഒരു പുതിയ ലെഫ്റ്റ് ഉണ്ടായി വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

കിം തവാങ്ങ്: താങ്കൾ ഗുഹകളിൽ പ്രാകൃത ജീവിതം ജീവിക്കുന്നയാളാണ് .പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്ന കാഴ്ചപ്പാടിനെ പരിഹാസത്തോടെ നോക്കിക്കാണുകയും ചെയ്യുന്നു .ഇതിൽ ഒരു വൈരുദ്ധ്യമില്ലേ?

ഷിൻ ചാൻ: എന്റെ ബുദ്ധിശൂന്യനായ സുഹൃത്തേ, മനുഷ്യർക്കു ഇനി പ്രകൃതിയിലേക്ക് മടങ്ങാനാവില്ല.തോറോയൊക്കെ അസ്സൽ വേസ്റ്റാണ് .പ്രകൃതിജീവന വാദം തന്നെയും ഒരു കൾചറൽ ഇൻറർപ്രട്ടേഷനാണ് .പ്രകൃതിയോടിണങ്ങി ജീവിക്കൂ എന്ന് ആഹ്വാനം ചെയ്ത് മരങ്ങളെ കെട്ടിപ്പിടിച്ച് മരയ്ക്കവിതകളെഴുതുന്ന ചില മരക്കഴുതകളുണ്ട്. ഒരു കാട്ട് പോത്ത് പ്രകൃതിയോടിണങ്ങി ജീവിച്ചു കളയാം ശിഷ്ടകാലം എന്ന ഇന്റലക്ച്വൽ പൊസിഷനെടുത്തല്ല വനവൃക്ഷച്ഛായയിൽ അയവിറക്കി സ്വസ്ഥമായിരിക്കുന്നത്. പ്രകൃതിവാദം ഫലത്തിൽ അന്യവൽക്കരിക്കപ്പെട്ടു കഴിഞ്ഞ ഒരു സ്പീഷീസിന്റെ മോങ്ങലാണ് .

പിന്നെ എന്തു തേങ്ങയാണീ പ്രകൃതിജീവിതത്തിലുള്ളത്? കാല് വയ്യാത്തവൻ അയാൾക്കു വേണ്ടി ആരോ രൂപകൽപ്പന ചെയ്ത വീൽ ചെയറിലിരുന്ന് നിശാ നക്ഷത്രങ്ങളെ കാണുന്നത് പ്രകൃതി വിരുദ്ധമാണ്. കാട്ടിലെ ഒറ്റക്കാലില്ലാത്ത  മാൻ ഒന്നാം പിറന്നാൾ ആഘോഷിക്കില്ല. ഒറ്റക്കാലൻ മനുഷ്യൻ വിമാനം പറത്തും .

കിം തവാങ്ങ്: കൊറോണ മനുഷ്യരുടെ ദൗർബല്യങ്ങൾ പുറത്തു കൊണ്ടുവന്നിട്ടുണ്ടോ?

ഷിൻ ചാൻ:  അതേയുള്ളൂ. ഒരു ഉദാഹരണത്തിൽ തുടങ്ങാം. നോക്കൂ. ചന്ദ്രനിൽ കാലുകുത്തിയ ഒരു വിഭാഗം ആളുകളാണിക്കൂട്ടർ. ചൊവ്വയിൽ കുടിലുകെട്ടാൻ വേണ്ടി ഇപ്പോൾ കോടിക്കണക്കിനു ഡോളർ ചെലവഴിക്കുന്നു .അവിടെത്തിച്ചേരാനുള്ള വാഹനങ്ങൾ നിർമിക്കുന്നു. അക്കൂട്ടരാണ് കുറച്ചധികം പേർക്ക് ശ്വാസം മുട്ടി വെന്റിലേറ്റർ ധാരാളം വേണമെന്നായപ്പോൾ കൈ മലർത്തുന്നത് .

ഭൂമിയിലെയും ഭൂമിക്കു പുറത്തുമുള്ള ഉള്ളതും ഇല്ലാത്തതുമായ സകല ജീവികളെയും അപരൻമാരായി സങ്കൽപ്പിച്ച് മിഥൃാ യുദ്ധഭാവനകൾ നിർമിച്ച ഹോളിവുഡിനു നിസ്സാരമായ വെൻറിലേറ്ററിന്റെ ആവശ്യം പ്രവചിക്കാനായില്ല.

എന്തിനാണ് നിങ്ങൾ ചന്ദ്രനിൽ കാലുകുത്തുന്നത്? ചൊവ്വയിലേക്ക് എത്തിനോക്കുന്നത്? അവ മറ്റേതോ ഗോളങ്ങളല്ലേ? അയൽപക്കക്കാരന്റെ വീട്ടിലേക്ക് കേറുമ്പോൾ മേ ഐ എന്നു ഉപചാരം കാണിക്കുന്ന അമേരിക്കക്കാരനാണ് ചുമ്മാ പേടകം ചൊവ്വയിൽ കുത്തിയിറക്കുന്നത് .അൽപ്പം ലജ്ജ വേണ്ടേ? സ്വകാര്യത മാനിക്കണ്ടേ?

കിം തവാങ്ങ്: സ്റ്റേറ്റിന്റെ നിയന്ത്രണങ്ങൾ ലംഘിച്ച് പഴയതുപോലെ പൊതുജീവിതം നയിക്കുന്ന കാഴ്ച യൂറോപ്പിൽ പലയിടത്തും കാണാം. ഇതിനെ എങ്ങനെ കാണുന്നു?

ഷിൻ ചാൻ:  അവരുടെ സ്വാതന്ത്ര്യബോധത്തെ ഞാൻ മതിപ്പോടെ കാണും. എന്നാൽ പണിയെടുക്കാതെ, പബ്ബിൽ നൃത്തം ചെയ്യാതെ, മാളുകളിൽ ചെന്ന് ആർത്തിയോടെ ചവറുകൾ വാങ്ങിക്കൂട്ടാതെ ഒരു ദിവസം പോലും ജീവിക്കാൻ കഴിയില്ലെന്നത് സിസ്റ്റത്തോടുള്ള വിധേയത്വമാണ് .ഒരെറുമ്പിന്റെ ഒരു ദിവസത്തെ ജീവിതത്തെ വെറും കൗതുകത്തോടെ പിന്തുടരാൻ ക്ഷമയും ക്രിയേറ്റിവിറ്റിയുമുള്ള ഒരാൾക്ക് വിരസതയുടെ പ്രശ്നം ഉദിക്കുന്നില്ല. നാം സമയത്തിന്റെ ഭക്ഷണമാകുകയല്ല വേണ്ടത് .സമയത്തെ സരസമായി, അവധാനതയോടെ, അതിനു പുറത്തോ അതിലകപ്പെട്ടോ അല്ലാതെ വീഞ്ഞു പോലെ ഒട്ടും ബഹളമുണ്ടാക്കാതെ കാലങ്ങളോളം ഒറ്റയ്ക്ക് നുണയുന്ന ഒരു മനുഷ്യനെക്കുറിച്ച് ഞാനൊരു കവിതയെഴുതിയിട്ടുണ്ട്.നിങ്ങളുടെ ബാൽക്കണിയിൽ ഒന്നും ചെയ്യാതെ ഒരു ദിവസം ചുമ്മാ ഇരിക്കാനുള്ള ആന്തരിക സൗന്ദര്യം നിങ്ങൾക്കില്ലെങ്കിൽ അത് കാരുണ്യ മർഹിക്കുന്നുണ്ട് .

കിം തവാങ്ങ്: വിർച്വൽ ലോകത്തിലാണാളുകൾ ഇപ്പോൾ അഭയം കണ്ടെത്തുന്നത്!

ഷിൻ ചാൻ: വിർച്വൽ, റിയൽ എന്ന വിഭജനം അപ്രസക്തമാണ്. യാഥാർത്ഥ്യത്തിന്റെ വകഭേദങ്ങളേയുള്ളൂ. പ്രതീതി ലോകത്തിലെ ഹായ് അതല്ലാതാവുന്നില്ല. വിർച്വൽ ലോകത്തിലെ രതി നിങ്ങൾക്ക് ശാരീരികമായ മൂർച്ഛ സമ്മാനിക്കാതെയിരിക്കുന്നില്ല. മനുഷ്യർ മുമ്പൊരിക്കലുമില്ലാതിരുന്ന ദ്യൈതഭാവമില്ലാതെ ചിഹ്നങ്ങളിൽ ചിഹ്നമെന്ന  തോന്നലേയില്ലാതെ അർത്ഥം കണ്ടെത്തുകയാണ്.അത് സ്പീഷീസെന്ന നിലയിലുള്ള വളർച്ചയാണ്.

Contact the author

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More