കമൽ - കമാലുദ്ദീൻ, വിജയ് - ജോസഫ് വിജയ്; എതിരുപറഞ്ഞാൽ മറന്നുപോയ ജാതി തോണ്ടി പുറത്തിടും

ദേശീയ പ്രസ്ഥാനവും സാമൂഹ്യ പരിഷ്‌ക്കരണ - നവോത്ഥാന പ്രസ്ഥാനങ്ങളും, മതനിരപേക്ഷതയും ജനാധിപത്യ, കമ്മ്യൂണിസ്റ്റ്  മൂല്യങ്ങളും, അതതിൻറെ ചരിത്രപരമായ ഇടപെടലിലൂടെ  പരുവപ്പെടുത്തിയെടുത്ത മനസ്സാണ് നമ്മുടേത്.

അനാദികാലം മുതൽ നമ്മൾ ഇങ്ങനെത്തന്നെയായിരുന്നു, ഞങ്ങളുടെ മനസ്സ് ആകാശം പോലെ നീലിമയാർന്ന വിശാലതയായിരുന്നു എന്നൊക്കെ വീമ്പടിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല.

ആത്മവിശ്വാസത്തിനത് നല്ലതാണ്.

'എന്നോട് കളിക്കണ്ട ഞാൻ മഹാകുപ്പിച്ചില്ലാണ് ' എന്നൊക്കെ ഭീരുക്കളായ തെരുവുഗുണ്ടകൾ വീമ്പു പറയുന്നത് വെറുതെയല്ല, അതവർക്കു വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കികൊടുക്കുന്നത്. ആ നിലയ്ക്ക്  മേൽ സൂചിപ്പിച്ചവിധം അനാദികാലം മുതലുള്ള സൗമനസ്യത്തിന്റെ വീമ്പുപറച്ചിൽ ഒരു പോസിറ്റീവ് ട്രൈനിങ്ങിന്‍റെ ഗുണം ചെയ്യും. അതിനാൽ സനാതന നിഷ്കളങ്കർ അത് തുടർന്നോട്ടെ.

വീമ്പുപറച്ചിലെന്നാൽ ബലഹീനതകളുടേയും സകലവിധ പോരായ്മകളുടെയും മേൽ, സിമന്റും കമ്പിയുമില്ലാതെ വാർത്തെടുക്കുന്ന കോൺക്രീറ്റ് ഗോപുരങ്ങളാണ്.

'എല്ലാറ്റിനെയും ഒറ്റയടിക്ക് ശരിയാക്കുമെടാ'  എന്ന് വീമ്പുപറയുമ്പോൾ ഓർക്കേണ്ടതും ഓർക്കേണ്ടാത്തതുമായ ചില കാര്യങ്ങളുണ്ട്‌. നരസിംഹത്തിലെയും ദേവാസുരത്തിലെയും പുലിമുരുകനിലേയും മോഹൻലാലിനെ ഓർക്കണം. മാമാങ്കത്തിലെയും ധ്രുവത്തിലെയും ബിഗ്‌ബിയിലെയും മമ്മൂട്ടിയേയും ഓർക്കാം.

എന്നാൽ സ്വന്തം കാൽമുട്ടിലെ നീർക്കെട്ടിനെ കുറിച്ചോർക്കരുത്. ഇടുപ്പെല്ലിലെ സാദാ അലട്ടുന്ന വേദനയെ കുറിച്ച്, മൂത്രമൊഴിക്കുമ്പോൾ കടഞ്ഞുകടഞ്ഞു വരുന്ന വേദനയെക്കുറിച്ച് ഒന്നുമോർക്കരുത്. അങ്ങനെയൊരവയവം നമുക്കില്ലെന്നങ്ങ് കരുതിയേക്കണം.

നീല നീല വിഹായസ്സുപോലെ എന്നുള്ളം. എന്റേതു മാത്രമല്ല എന്‍റെ അപ്പനപ്പൂപ്പൻമാരുടെയും എന്ന് വീമ്പുപറഞ്ഞുകൊണ്ട് സൗമനസ്യത്തിന്റെ വിശാലമായ തറവാട് കെട്ടിപ്പൊക്കുമ്പോൾ, വിഷു കൈനീട്ടമായി അപ്പൂപ്പൻ കയ്യിൽ വെച്ചു തന്ന സ്വർണനാണയം ഓർമ്മകളിൽ തിളങ്ങണം, പുലരുന്നേരം അമ്മൂമ്മ കണ്ണുപൊത്തിക്കാണിച്ച വിഷുക്കണി മനസ്സിൽ കാണണം.

ഒരു നിമിഷാര്‍ദ്ധത്തില്‍പോലും അമ്മൂമ്മയുടെ ചവിട്ടേറ്റ് പുറകോട്ടു മലർന്നടിച്ചുവീണ നാണിത്തള്ള  മനസ്സിലേയ്ക്കുകടന്നുവരരുത്. ചോദിച്ച ചോദ്യം കേൾക്കാഞ്ഞ് കരണത്തടിയേറ്റു  മുൻവരിപ്പല്ലുകൾ അടർന്നു നിലത്തുവീണ പൊക്കന്‍റെ കോമഡി ചിത്രമോ, കർത്താവായ അപ്പൂപ്പന്റെ വീരസ്യമോ ഓർക്കുന്നത് വെറുതെ കൺഫ്യൂഷ്യനുണ്ടാക്കും.

പൂജ്യവും പുഷ്പകവിമാനവും, എന്തിന്, പ്രപഞ്ചം തന്നെയും കണ്ടുപിടിച്ച നമ്മുടെ മഹാശാസ്ത്രജ്ഞരെ, അതിരുകൾ  കോട്ടകെട്ടി കാത്ത ഛത്രപതിമാരെ, അക്രമികളെന്നറിഞ്ഞിട്ടും  യേശുവിനും മുൻപ് അവരെ സ്നേഹിക്കുകയും പെൺമക്കൾക്ക് പുടവകൊടുക്കാൻ ക്ഷണിക്കുകയും ചെയ്ത, കാട്ടുതേനിന്‍റെ  മധുരമുള്ള, ഇളം കള്ളിന്‍റെ ലഹരിയുള്ള നമ്മുടെ ആദിപൂർവ്വികരുടെ ഓർമ്മകളിൽ ത്രസിച്ചു നിൽക്കണം.

ഇയ്യം ഒഴിച്ചതും, മാറു ചെത്തിയതും, പുലയന്‍റെ മുന്നിലിട്ട് പുലയത്തിപ്പെണ്ണിന്‍റെ  മടിക്കുത്തഴിച്ചതും, പട്ടിണിക്കിട്ടതും മറന്നേക്കണം. ഓർത്താൽ ഒന്നുമില്ല, ചെറിയൊരു കൺഫ്യൂഷൻ വരും. അത്രേയുള്ളു. എന്നാലും എന്തിനാ വെറുതെ...

പിന്നേയ്, ഇതൊക്കെ മനസ്സിൽവെയ്ക്കണം എന്നുമാത്രമേയുള്ളു വീമ്പുപറയാൻ ഇതൊന്നും പോരാ. എപ്പോഴും അപ്പുറത്തൊരാൾ വേണം. അയാൾ എത്ര ദുർബ്ബലനെങ്കിലും പറഞ്ഞുപറഞ്ഞവനെ ശക്തനാക്കണം (യഥാർത്ഥത്തിൽ അങ്ങനെയല്ലാതാക്കാനാണിത് എന്ന് മറക്കരുത്). മുണ്ടക്കൽ ശേഖരനാക്കണം. എന്നാലല്ലേ നമുക്കൊരു വിലയുള്ളൂ. അവനു നമ്മുടെ പേരുണ്ടാവരുത്, അഭിമാനമുണ്ടാവരുത്, പാരമ്പര്യം തീരെയുണ്ടാവരുത്, അവനനുഭവിക്കുന്നതെല്ലാം നമ്മുടെ ഔദാര്യം കൊണ്ടാണെന്നങ്ങു വിചാരിച്ചേക്കണം. അല്ലെങ്കിൽ... അല്ലെങ്കിൽ കൺഫ്യൂഷനുണ്ടാകും എന്തിനാ വെറുതെ...

ഉശിരില്ലാത്ത പഴയവരെ എല്ലാം മാറ്റിയപ്പോ, നോക്ക് എന്ത് മിഴിവുണ്ട് ചിത്രങ്ങൾക്ക്! കേരളത്തിലും കേന്ദ്രത്തിലുമതെ. വില്ലന്മാരെ ഉണ്ടാക്കാനുള്ള പഠിപ്പ് ഇപ്പോഴാ പൂർത്തിയായത്. ഗുലാം അലിയെയും, എം.എഫ്. ഹുസൈനെയുമൊയൊക്കെ ഞെട്ടിച്ചു വിട്ടപ്പോൾ ചിലർ പേരുമാറ്റി കളിയ്ക്കാൻ നോക്കി. അവരെ കയ്യോടെ പിടിച്ചത് നാവിനെല്ലില്ലാത്ത നമ്മുടെ രാധാകൃഷ്ണനും ഗോപാലകൃഷ്ണനുമൊക്കെയാ. നമുക്കിഷ്ടമില്ലാത്തത് പറഞ്ഞാൽ അവന്റെയൊക്കെ ജാതി വലിച്ചു പുറത്തിടണം.

കമൽ എന്ന് പേരുവച്ചു നമ്മുടെ ക്ഷേത്രാങ്കണത്തിൽ കയറിയ ഒരുത്തനെ തിരിച്ചു കമാലുദ്ദീനാക്കി പോലീസിലേൽപ്പിച്ചത് നമ്മുടെ രാധാകൃഷ്ണൻ സാറായിരുന്നു, ശബരിമലയിൽ ശാസ്താവിനെ അശുദ്ധമാക്കാൻ വന്ന ബിന്ദു തങ്കം കല്യാണിയെ, ബിന്ദു ചാക്കോയെന്ന് മനപ്പൂർവ്വം പരിവർത്തിത കൃസ്ത്യാനിയാക്കിയത് നമ്മുടെ ഗോപാലകൃഷ്ണൻ സാറല്ലിയൊ...

ഇതേ ഐഡിയ തന്നെയാ ഇളയ ദളപതിയെന്നും പറഞ്ഞു നെഗളിക്കുന്ന ആ കൃസ്ത്യാനിക്കും ഇപ്പൊ കൊടുത്തത്. അവന്‍റെ  അപ്പന്‍റെ പേരും കൂടെ ചേർത്ത് വിജയ് ജോസഫ് എന്നങ്ങ്  മാറ്റികൊടുത്തിട്ടുണ്ട്. നിൽക്കുമോ എന്തോ...?

അവർ പേരുമാറ്റുന്നില്ല, പാരമ്പര്യത്തെ ഉൾക്കൊള്ളുന്നില്ല, ഇന്ത്യൻ സംസ്കാരത്തിൽ ലയിക്കുന്നില്ല. എന്നൊക്കെയായിരുന്നു നമ്മൾ നേരത്തെ പറഞ്ഞിരുന്നത്. അതൊന്നും ഇപ്പൊ പറയണ്ട .

അവർ ലയിക്കണ്ട. ലയിച്ചാല്‍ അനിക്സ്പ്രേ പോലെ പൊടിപോലും കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കിലോ?

പറ്റിയില്ലെങ്കിലോ? ഒന്നുമില്ല. വെറുതെ ഒരു ശത്രു പോകും. ശത്രുവില്ലെങ്കിൽ നമ്മളില്ല.

ഉണ്മകൊണ്ടേ ഉണ്മയുണ്ടാകൂ. പൂജ്യം കൊണ്ട് പൂജ്യമേയുണ്ടാകൂ. മറക്കരുത്.

Contact the author

Recent Posts

Views

ശാസ്ത്രജ്ഞന്മാർ യുക്തിവാദികളുടെ പുരോഹിതന്മാരല്ല-ഡോ. രാജഗോപാല്‍ കമ്മത്ത്

More
More
K T Kunjikkannan 2 weeks ago
Views

പൂരത്തിന്‍റെ മറവില്‍ രാജ്യദ്രോഹിയായ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള നീക്കം കേരളം വകവെക്കില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Dr. Azad 2 weeks ago
Views

സിപിഎം നേതാക്കളെക്കുറിച്ചുള്ള വീക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിഞ്ഞു- ഡോ. ആസാദ്

More
More
Views

''കാട്ടുപന്നികളെ കൊന്നുതിന്നാമെന്ന ഗാഡ്ഗിലിന്‍റെ വെളിപാട്- ഡോ. എ രാജഗോപാല്‍ കമ്മത്ത്

More
More
J Devika 3 weeks ago
Views

ഹിന്ദുത്വത്തോളം സെമിറ്റിക്ക് സ്വഭാവമുള്ള ഒരു മതവും ഇന്ത്യയിലിന്നില്ല- ജെ ദേവിക

More
More
Chithranjali T C 3 weeks ago
Views

കല്‍ത്തപ്പത്തിന്റെ മണമുള്ള എന്റെ ചെറിയ പെരുന്നാള്‍- ടി സി ചിത്രാഞ്ജലി

More
More