കൊവിഡ്-19 'ഹേര്‍ഡ് ഇമ്മൃൂണിറ്റി': വാതിലുകള്‍ തുറന്നുവെക്കണൊ?- ഡോ. ടി. ജയകൃഷ്ണന്‍

കോവിഡ് -19 വ്യാപനത്തോടെ എല്ലായിടത്തും ഇപ്പോള്‍ കേട്ടുവരുന്ന ഒരു പേരാണ്  'ഹേര്‍ഡ് ഇമ്മൃൂണിറ്റി' അഥവാ 'സാമൂഹ്യ പ്രതിരോധം'. അവസരത്തിനനുസരിച്ച് (Context) പല അര്‍ത്ഥതലങ്ങളിലാണ് 'ഹേര്‍ഡ് ഇമ്മൃൂണിറ്റി‘ എന്ന പദം എപ്പിഡെമിയോളജിസ്റ്റുകള്‍ ഉപയോഗിച്ചു വരുന്നത്. താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളിലൂടെ ഒരു പ്രത്യേക പ്രദേശം / സമൂഹം  'ഹേര്‍ഡ് ഇമ്മുണിറ്റി' അഥവാ 'സാമൂഹ്യ പ്രതിരോധം' കൈവരിച്ചിട്ടുണ്ടൊ എന്ന് വിലയിരുത്തനാകും.\

എന്താണ്  ഹേര്‍ഡ് ഇമ്മൃൂണിറ്റി

1. ഒരു സമൂഹത്തില്‍ എത്ര ശതമാനം പേര്‍ ഒരു രോഗത്തിനെതിരെ പ്രതിരോധം നേടിയിട്ടുണ്ട് ?

2. ഒരു സമൂഹത്തില്‍ എത്ര ശതമാനം പേര്‍ക്ക് (Critical threshold)   പ്രതിരോധം  / വാക്സിന്‍ / ലഭിച്ചാല്‍ അവിടെ  രോഗവ്യാപനം കുറക്കാന്‍ പറ്റും ?  

3.സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് പകര്‍ച്ച വ്യാധിയില്‍ നിന്ന് സംരക്ഷണം കിട്ടുവാന്‍ വേണ്ട സാമൂഹ്യ പ്രതിരോധം (Herd effect ) എത്രയാണ് ?

1930കളില്‍ വാക്സിനുകളൊന്നും അത്ര പ്രചാരത്തിലില്ലാത്ത കാലത്ത് യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും  മീസല്‍സ്  (അഞ്ചാം പനി) പടര്‍ന്നുപിടിച്ചു.  ഒരു നിശ്ചിത പരിധി കഴിഞ്ഞപ്പോള്‍ രോഗ വ്യാപനം കുറഞ്ഞുവരുന്നത് അവിടത്തെ  വൈദ്യ ശാസ്ത്രഞ്ജരുടെ  ശ്രദ്ധയില്‍ പെട്ടു. അതേക്കുറിച്ച്  എ.ഡബ്ല്യു. ഹെഡ്രിച്ച് (AW Hedrich) എന്ന അമേരിക്കന്‍ എപ്പിഡെമിയോളജിസ്റ്റാണ് ആദ്യം സൂചന നല്കിയത്.  ഇത് സാധ്യമാകുന്നതിനുള്ള കാരണങ്ങളെ ഇങ്ങനെ തരം തിരിക്കാം:

a, പ്രസ്തുത സമൂഹത്തിലെ നിശ്ചിത ശതമാനത്തില്‍പ്പെട്ടവര്‍ക്ക് രോഗബാധ മൂലം ആര്‍ജ്ജിത പ്രതിരോധം കിട്ടുന്നതുകൊണ്ട്.

b,പുതുതായി രോഗം കിട്ടാന്‍ സാധ്യതയുള്ളവരുടെ എണ്ണം കുറഞ്ഞു വരുന്നതുകൊണ്ട്.

c, രോഗാണുവിന് പകരാനുള്ള അവസരങ്ങള്‍ കുറയുന്നതുകൊണ്ട്.

മീസല്‍സിന് മാത്രമല്ല മുണ്ടിനീര്, വസൂരി, ചിക്കന്‍ പോക്സ് തുടങ്ങിയ സമൂഹ വ്യാപന സാധ്യതയുള്ള മിക്ക പകര്‍ച്ച വ്യാധികള്‍ക്കും ഇങ്ങനെ ഒരു പ്രതിഭാസം ഉണ്ടെന്ന് തിരിച്ചറിഞ്ഞു.  ഇത് ഓരോ രോഗത്തിന്റെയും പകരാനുള്ള ശേഷിക്കനുസരിച്ച് വ്യത്യസ്ഥമായിരിക്കും.  രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിച്ചുകഴിയുമ്പോള്‍ കൂടിക്കൂടി വന്ന രോഗപ്പകര്‍ച്ചയുടെ ത്വരണവും / പ്രവേഗവും  (Acceleration)  രോഗികളാകുന്നവരുടെ തോതും ക്രമേണ കുറഞ്ഞുവരുന്നത് കാണാം. കൂടുതല്‍ പകര്‍ച്ചാ വ്യാപനശേഷിയുള്ള (infectivity) ഒരു രോഗത്തിന് സാമൂഹ്യ പ്രതിരോധം ലഭിക്കാന്‍ അവിടെയുള്ളവരില്‍ ഒരു നിശ്ചിത ശതമാനം പേര്‍ക്ക് രോഗബാധയുണ്ടായി ആര്‍ജ്ജിത പ്രതിരോധം കിട്ടേണ്ടതുണ്ട്.

എപ്പിഡെമിയോളജിക്കളായി പറഞ്ഞാല്‍ സാഹചര്യങ്ങളുടെ ആനുകൂല്യം കൊണ്ടും ആരോഗ്യപരമായ കാരണങ്ങളാലും പെട്ടെന്ന് പിടിപെടാന്‍ (susceptible) സാദ്ധ്യതയുള്ളവരിലേക്കാണ് ഒരു പകര്‍ച്ചവ്യാധി  ആദ്യഘട്ടത്തില്‍ അതിവേഗം സംക്രമിക്കുക. പിന്നിട് അവരുടെ എണ്ണം കുറയുകയും രോഗവിമുക്തി (Recovered) നേടുന്നവരുടെയും പ്രതിരോധ (Immunity) ശേഷി ആര്‍ജ്ജിച്ചവരുടെയും എണ്ണം കൂടുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ രോഗാണുവിന് കത്തിപ്പടരാന്‍ കഴിയാതെ വരും. അഭയം നല്കാന്‍ ആളുകള്‍ ഇല്ലാതെ ഒരു സ്ഥിതാവസ്ഥയില്‍ അത് എത്തിനില്‍ക്കും.  പിന്നീട് അവസരം കിട്ടുമ്പോള്‍ അവിടവിടെയായി, പല സ്ഥലകാലങ്ങളില്‍ പ്രത്യക്ഷപ്പെടുക (sporadic out  break) എന്ന അവസ്ഥയില്‍ ആണത് എത്തിച്ചേരുക. 2009ല്‍  ഉണ്ടായ എച്ച്1എന്‍1 രോഗം എപ്പോള്‍ ഈ അവസ്ഥയിലാണ് ഉള്ളത്. അവസരം കിട്ടുമ്പോള്‍ അവിടവിടെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. 

 ഹേര്‍ഡ് ഇമ്മൃൂണിറ്റിയുടെ പ്രയോഗം 

പ്രധാന മാരക രോഗങ്ങള്‍ക്കെതിരെ വാക്സിനുകളുടെ പ്രചരണത്തോടെ “ഹേര്‍ഡ് ഇമ്മുണിറ്റി” യുടെ ശാസ്ത്രം വേറൊരു വിധത്തില്‍ ഉപയോഗിക്കാനാവുമെന്ന് 1970 കളില്‍ സ്മിത്ത്, ഡീറ്റ്സ് (Smith, Dietz) തുടങ്ങിയ  പൊതുജനാരോഗ്യ വിദഗ്ധര്‍ കണ്ടെത്തി.  ഒരുസ്ഥലത്ത്  ഒരു ഗ്രൂപ്പിലെ ആളുകളില്‍  കൂടുതല്‍ പേര്‍ വാക്സിന്‍ എടുക്കുമ്പോള്‍ അത് എടുക്കാത്ത പ്രസ്തുത പ്രദേശത്തെ മറ്റ് ഗ്രൂപ്പുകളിലും രോഗവ്യാപനം കുറയുന്നതായി അവര്‍ മനസ്സിലാക്കി. അതോടൊപ്പം ഇന്‍ഫ്ലുവന്‍സ പോലുള്ള വാക്സിനുകള്‍ കുട്ടികള്‍ക്ക് നല്കുമ്പോള്‍ അവിടങ്ങളിലെ മുതിര്‍ന്നവരിലും രോഗപ്പകര്‍ച്ച കുറയുന്നതായി കാണാന്‍ കഴിഞ്ഞു. ഒരു സമൂഹത്തില്‍ വാക്സിന്‍ ഉപയോഗിച്ച് രോഗത്തെ നിയന്ത്രിക്കാനും,  പകരാതെ എലിമിനേറ്റ് ചെയ്യാനും 'ഹേര്‍ഡ് ഇമ്മൃൂണിറ്റി‘ കുറേനാള്‍ തുടര്‍ച്ചയായി നിലനിര്‍ത്തുമ്പോള്‍ ചില രോഗങ്ങളെ ഉന്മൂലനം (Eradicate ) ചെയ്യാനും പറ്റുമെന്ന്  നേരത്തെ സൂചിപ്പിച്ച കണ്ടെത്തലുകളിലൂടെ സ്മിത്തും ഡീറ്റ്സും തെളിയിച്ചു. തുടര്‍ന്ന് ഒരു പ്രദേശത്തുള്ള നിശ്ചിത ശതമാനം പേര്‍ക്കു മാത്രം വാക്സിന്‍ നല്‍കി, 100% ശതമാനം പേര്‍ക്കും “ഹേര്‍ഡ് ഇമ്മുണിറ്റി “ ഉണ്ടാക്കാമെന്നും ഓരോ രോഗത്തിനും അതിനുള്ള മിനിമം അളവ് എത്രയെന്നും  കണക്കാക്കപ്പെട്ടു.

രോഗത്തിന്റെ R0 അനുസരിച്ചും വാക്സിനുകളുടെ ഫലപ്രാപ്തിക്കനുസരിച്ചുമാണ് ഒരു പ്രദേശത്തെ / ഗ്രൂപ്പിലെ എത്ര പേര്‍ക്ക് വാക്സിന്‍ നല്‍കണമെന്ന് കണക്കാക്കുന്നത്. ഇങ്ങനെ വാക്സിന്‍ നല്‍കാനായി കണക്കാക്കപ്പെടുന്ന ഈ നിശ്ചിത ശതമാനത്തെ 'ഹേര്‍ഡ് ഇമ്മൃൂണിറ്റി ത്രെഷോള്‍ഡ്' (Herd immunity Threshold) എന്ന് വിളിക്കുന്നു. ഇതനുസരിച്ച് മീസല്‍സ് (R൦12-18, ) , ഡിഫ്തീരിയ (R൦- 6-7) എന്നീ പകച്ച വ്യാധികളുടെ  'ഹേര്‍ഡ് ഇമ്മൃൂണിറ്റി ത്രെഷോള്‍ഡ്' യഥാക്രമം 92-95% , 83-86% വുമാണ്.  പൊതുവേ ഈ അര്‍ഥത്തിലാണ് ഇപ്പോള്‍  'ഹേര്‍ഡ് ഇമ്മൃൂണിറ്റി'എന്ന പദം ഉപയോഗിച്ചു വരുന്നത്.

കൊവിഡില്‍ നാം ഹേര്‍ഡ് ഇമ്മൃൂണിറ്റിയെ വിശ്വാസത്തിലെടുക്കണൊ?

'ഹേര്‍ഡ് ഇമ്മൃൂണിറ്റി' യെപ്പറ്റി ഇത്രയും  ഇവിടെ വിവരിക്കേണ്ടിവന്നത് നിയന്ത്രണമില്ലാതെ ലോകത്ത് പടരുന്ന കോവിഡിനുള്ള  മറുമരുന്ന് സാമൂഹ്യ പ്രതിരോധത്തിന്റെ തുറന്ന വാതിലാണെന്ന വാദമുഖങ്ങള്‍ പലയിടത്തുനിന്നും ഉയര്‍ന്നുവരുന്നതുകൊണ്ടാണ്. കൊവിഡ്‌ പ്രതിരോധത്തിനായി നാം ഇതുവരെ നടത്തിയ കഠിനപ്രയത്നങ്ങള്‍, ലക്ഷക്കണക്കിന്‌ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ അത്യദ്ധ്വാനം, ചിലവഴിച്ച ദേശീയ സമ്പത്ത് - ഇവയെല്ലാം  മറന്ന് നാം 'ഹേര്‍ഡ് ഇമ്മൃൂണിറ്റി'യെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകണോ എന്നാണ് ചോദ്യമെങ്കില്‍, വേണ്ട  എന്നുതന്നെയാണ് ഒറ്റ ശരിയുത്തരം. 

70-80% പേര്‍ക്ക് കുഴപ്പമില്ലാതെ  ഭേദദമാകുകയും, 20% പേരുടെ നില അതീവ ഗുരുതരമാകുകയും 3% പേര്‍ മരണപ്പെടുകയും ചെയ്യാമന്നു പറയുമ്പോള്‍ തന്നെ  പതിനായിരം പേരില്‍ 300 പേര്‍ മരിക്കുന്നതിന്റെ ഭീകരത ആലോചിക്കാവുന്നതെ ഉള്ളൂ. (ഒരു പഞ്ചായത്തിലെ ശരാശരി ജനസംഖ്യ 30,000 ത്തോളമാണെന്ന് മനസ്സില്‍ ഉണ്ടാകണം. അതില്‍ 3600 പേരെങ്കിലും അറുപത് കഴിഞ്ഞവര്‍ ആയിരിക്കും) വളരെ അധികം വ്യാപന ശേഷിയില്ലാത്ത, മാരകശേഷി കുറഞ്ഞ വൈറല്‍ പനി പോലുള്ള രോഗങ്ങളുടെ കാര്യത്തില്‍ നമുക്ക് ഒരു പരിധിവരെ ഒരു പരീക്ഷണാടിസ്ഥാനത്തില്‍ ഹേര്‍ഡ് ഇമ്മൃൂണിറ്റിയെ സ്വാഗതം ചെയ്യാം. എന്നാല്‍ കൊവിഡ്‌-19 പോലുള്ള അത്യന്തം അപകടകരമായ പകര്‍ച്ചവ്യാധിയുടെ കാര്യത്തില്‍ അത് പറ്റില്ല. അഥവാ അങ്ങനെ ശ്രമിച്ചാല്‍ ഹേര്‍ഡ് ഇമ്മൃൂണിറ്റി ആക്റ്റിവിസ്റ്റുകളാക്കി പടച്ചട്ട പോലുമില്ലാതെ പകര്‍ച്ചവ്യാധിയുടെ യുദ്ധക്കളത്തിലേക്ക് വിടുന്ന യുവതീ യുവാക്കള്‍ ചാവേറുകളാകുന്നതിലാണ് അത് കലാശിക്കുക. അധികം പ്രയാസമില്ലാതെ രോഗം ഭേദമാകുന്ന 70- 80 ശതമാനത്തില്‍പ്പെടുത്തിയാണ് നാം ഇവരെ രോഗികള്‍ക്കിടയിലേക്ക് ഒരു മുന്നോരുക്കവുമില്ലാതെ വിടുന്നത് എന്ന് മനസ്സിലാക്കുമ്പോഴേ അതിന്റെ ഗൌരവം തിരിച്ചറിയാന്‍ കഴിയൂ. ഇതുകൂടി അര്‍ഥമാക്കിയാണ് ലോകാരോഗ്യ സംഘടനയിലെ മൈക്കില്‍ റിയാന്‍ അടക്കമുള്ള എമര്‍ജന്‍സി പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധര്‍ “ ഇമ്മൃൂണിറ്റി പാസ്പോര്‍ട്ട് “ നല്‍കുന്ന സമ്പ്രദായത്തെ നേരത്തെതന്നെ തള്ളിപ്പറഞ്ഞത്.

കൊവിഡ്‌ വളരെ വ്യാപകമായി പടര്‍ന്ന പല രാജ്യങ്ങളിലും ആയിരക്കണക്കിന് ജനങ്ങളില്‍ നടത്തപ്പെട്ട ആന്‍റിബോഡി ടെസ്റ്റുകളില്‍ വെറും ഒറ്റയക്ക ശതമാനത്തിന് മാത്രമേ ടെസ്റ്റുകള്‍ പോസിറ്റീവ് ലഭിച്ചിട്ടുള്ളൂവെന്നതാണ് മറ്റൊരു ന്യായീകരണം. കോവിഡ് മൂലം മരണപ്പെടുന്നവര്‍ അധികവും പ്രായമായവരാണ്. “നാച്ചുറല്‍ സെലക്ഷന്‍” രീതിയില്‍  കേരളത്തില്‍ ഇവരെയൊക്കെ  passive യുത്തനേഷ്യക്കു / തലയിലെഴുത്തിന്  വിട്ടുനല്‍കണമെന്നതും യുക്തിക്ക് നിരക്കുന്നതല്ല. ഒരു നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം വന്ന് ഇതുപോലെ പകരുന്ന ഒരു രോഗത്തിന്റെ മുന്പില്‍ നമ്മുടെ ജീവനുകളെ നിര്‍ദ്ദാക്ഷിണ്യം തുറന്നു കൊടുത്തുകൂടാ.  പകരം രോഗത്തിന്റെ “കര്‍വുകള്‍ ഉയരാതെ” ക്രമപ്പെടുത്തി കൂടുതല്‍ ശാസ്ത്രീയമായും, ആസൂത്രണത്തോടെയും കരുതലോടെയും വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി നിയന്ത്രണങ്ങള്‍ നടത്തണം (Flattening curve). 

നാം എന്തു ചെയ്യണം?

R0 കുറക്കാനുള്ള വിവേക പൂര്‍വമായ സോഷ്യല്‍ ഡിസ്റ്റന്‍സിങ് നടപടികള്‍, എല്ലാ സാമൂഹ്യ  വ്യവഹാരങ്ങളിലും ശാരീരിക അകലം പാലിക്കല്‍, ബ്രേക് ദി ചെയ്ന്‍ ശുചിത്വ ശീലങ്ങള്‍, സ്വമേധയാ പാലിക്കുന്ന ക്വാറന്‍റൈന്‍ നടപടികള്‍ എന്നിവയാണ് പ്രധാനം. ഇവയ്ക്ക് പുറമെ  രോഗം വന്നാല്‍ ഏറ്റവും മോശമായി ബാധിക്കുന്ന, മരണപ്പെടാന്‍ സാധ്യതയുള്ള റിസ്ക്ക് ഗ്രൂപ്പില്‍ പെട്ടവരെ വീടുകളിലും, പ്രദേശങ്ങളിലും “ Vulnerability mapping“ നടത്തി “ സംരക്ഷിത വലയത്തില്‍”(reverse ക്വരണ്ടായിന്‍) ആക്കി  രോഗം വരാതെ സംരക്ഷിക്കണം. ( അതിന്റെ വിശദാംശങ്ങള്‍ ഈ ലേഖനത്തിന്റെ പരിധിയില്‍ വരുന്നില്ല).  65 വയസ്സുകഴിഞ്ഞവര്‍, പ്രമേഹ രോഗികള്‍, രക്ത സമ്മര്‍ദ്ദ രോഗികള്‍, ഹൃദയ രോഗികള്‍, വൃക്ക രോഗികള്‍, കാന്‍സര്‍ രോഗികള്‍, വിഭിന്ന ശേഷിക്കാര്‍ തുടങ്ങിയവരെ റിസ്ക്ക് ‌ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തണം.  ഗര്‍ഭിണികളെയും ചെറിയ കുട്ടികളെയും സംരക്ഷിത വലയത്തിലാക്കി വീട്ടില്‍ നിന്നൊ പുറത്തുനിന്നൊ രോഗം വരാതെ ശ്രദ്ധിയ്ക്കണം. രോഗബാധയുണ്ടായാല്‍ മതിയായ ചികിത്സ ലഭ്യമാക്കുവാന്‍ ശ്രദ്ധിയ്ക്കണം.

നിലവിലുള്ള ആശുപത്രി ചികിത്സാ സൌകര്യങ്ങള്‍, 20% ലധികം വരുന്ന ഗുരുതര രോഗബാധിതരുടെ എണ്ണം പരിഗണിച്ച് യുദ്ധകാലടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിക്കണം. സുരക്ഷാ നടപടികള്‍ കര്‍ശനമായി പാലിക്കണം. ട്രയാജുകള്‍ പാലിച്ചു ചികിത്സിക്കണം. ഒരു വിഭാഗത്തെ സാമൂഹ്യ പ്രതിരോധത്തിന്റെ പുറംപോക്കിലേക്ക് തുറന്നുവിടുന്നത് വിപരീത ഫലമാണ് ചെയ്യുക. നമ്മുടെ അറിവിന്റെയും വിഭവശേഷിയുടെയും പരിമിതികളില്‍ നിന്നുകൊണ്ട് എല്ലാവരും രോഗനിയന്ത്രണ ശീലങ്ങള്‍ പാലിക്കണം. 

കൊവിഡ് നമ്മോടൊപ്പം ഉണ്ടാകും? 

ഇനി കുറെനാള്‍ കൊവിഡ് നമ്മോടൊപ്പം ഉണ്ടാകും. ഈ സമയകാലത്തിനിടയില്‍ കുറെയധികം ആളുകള്‍ക്ക് രോഗബാധയുണ്ടാകുകയും  അതില്‍ നല്ലൊരുശതമാനം പേര്‍ക്ക് പ്രതിരോധം ലഭിക്കുകയും ചെയ്യും. ഒപ്പം രോഗത്തിന്റെ വ്യാപനശേഷി മേല്‍ വിവരിച്ചതുപ്രകാരം  ക്രമേണ കുറഞ്ഞുവരികയും രോഗം നിദ്രാവസ്ഥയില്‍ എത്തുകയും  ചെയ്യും. അതെല്ലാം രോഗത്തിന്റെ 'നാച്ചുറല്‍ ഹിസ്റ്ററി' അനുസരിച്ചുതന്നെ നടക്കട്ടെ. അപ്പോഴത്തേക്കും കോവിഡിനെതിരെ വാക്സിനുകളും ഔഷധങ്ങളും വൈദ്യശാസ്ത്രം കണ്ടെത്തുമെന്നുതന്നെ നമുക്ക് പ്രത്യാശിക്കാം. വാക്സിനുകള്‍ പേറ്റന്‍റ് അവകാശമില്ലാതെ ലോകത്തെല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള ശ്രമങ്ങളും പ്രവര്‍ത്തനങ്ങളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശത്രു കൊവിഡ്‌ വൈറസ് ആണെന്നും അത് സാമൂഹ്യ വ്യാപനത്തിലേക്ക് കടന്നുവെന്നുമുള്ള ബോധ്യമാണ് ഇന്ന് നമുക്കാവശ്യം. ഈ ബോധ്യത്തോടെ കക്ഷിഭേദമില്ലാത്ത, ഒത്തു തീര്‍പ്പുകളില്ലാത്ത പ്രവര്‍ത്തനമുണ്ടാകണം. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളാകട്ടെ രോഗവ്യാപനനവുമായി ബന്ധപ്പട്ട പ്രാദേശിക പരിഗണനകളോട് കൂടിയുള്ളതായിരിക്കണം 

ഇപ്പോള്‍ കോവിഡിന്റെ പേരില്‍ നടക്കുന്നത് ശരിയായ ജാഗ്രത്ക്ക് പകരം അകാരണ ഭയവും പരിഭ്രാന്തിയും ഉണ്ടാക്കുന്ന അവസ്ഥയാണ്.  സ്വന്തം നാടിനു പുറത്തായാലും ഉപജീവനത്തിന് ഉറപ്പും വരുമാനമുള്ള തൊഴിലും സുരക്ഷിതമായ താമസസ്ഥലങ്ങളും ഉള്ളവര്‍ അതൊക്കെ ഉപേക്ഷിച്ച് നാട്ടിലേക്ക് ഓടിവരേണ്ടതില്ല. പലായനങ്ങള്‍ മനുഷ്യര്‍ തോറ്റുതുടങ്ങുന്നതിന്റെ സൂചകങ്ങളാണ്. തിരിച്ചുവരുന്നവരെ അതിനു സഹായിക്കുന്ന ത്വരിത പ്രവര്‍ത്തനങ്ങളും കൂട്ടിനുണ്ടാകണം. അടച്ചിടലുകള്‍ ശാശ്വതമല്ല. ഇത് കഴിഞ്ഞാലും കൊവിഡ് തിരിച്ചുപോകാതെ കുറേകാലം ഇവിടെത്തന്നെയുണ്ടാകും. അതറിഞ്ഞുകൊണ്ട് ഐക്യപ്പെട്ടുള്ള പോരാട്ടം തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയണം.

ഭൂമിയില്‍ എവിടെയായാലും കൊവിഡ് രോഗബാധയുണ്ടായാല്‍  പൌരത്വം നോക്കാതെ വിവേചനമില്ലാതെ വേണ്ടസമയത്ത് ഉചിതമായ ചികിത്സ ലഭ്യമാക്കാനുള്ള സൌകര്യങ്ങള്‍ ഉണ്ടായിരിക്കണം. അതിനായി അന്താരാഷ്ട്ര തലത്തില്‍, രാഷ്ട്രങ്ങളുടെ കൂട്ടായ ആലോചനകളും പ്രവര്‍ത്തനങ്ങളും ആവശ്യമുള്ള സന്ദര്‍ഭം കൂടിയാണിത്. അതിലേക്കുള്ള തുടക്കം എന്ന നിലയില്‍ നമ്മുടെ രാജ്യത്ത് ഏത് സംസ്ഥാനത്തായാലും  ആളുകള്‍ക്കു വേണ്ട സേവനങ്ങളും ചികിത്സയും ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എന്തു ചെയ്യണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ആലോചിച്ചു തുടങ്ങാം. കേരളത്തില്‍ സമൂഹവ്യാപനലക്ഷ്ണങ്ങള്‍ കണ്ടു തുടങ്ങിയ സ്ഥിതിക്ക്  ഇത് പകരുന്നത് തടയണം എന്ന് തീരുമാനമെടുക്കേണ്ടത് ഇവിടുത്തെ ജനങ്ങള്‍ തന്നെയാണ്. അവരുടെ ആവശ്യം വേണ്ട ജീവിത ശൈലീമാറ്റങ്ങളിലൂടെ അതിന് തയാറെടുക്കുക മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ള ഏക പോംവഴി. 

Contact the author

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More