സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. ചാലക്കുടി വിആര്‍പി പുരം അസ്സീസി നഗര്‍ സ്വദേശി ഡിന്നി ചാക്കോ (43) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഡിന്നി ചാക്കോ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ചികിത്സയില്‍ ഇരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ഡിന്നിക്കൊപ്പം കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിരുന്നു. ഭാര്യക്കും, മകനും, അമ്മക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യയും മകനും രോഗമുക്തരായി. അമ്മ ഇപ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മെയ് 12 നാണ് ഡിന്നി മാലിയില്‍ നിന്നും കേരളത്തില്‍ എത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മെയ് 16-ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഡിന്നിയെ രണ്ടാഴ്ച മുന്‍പ് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പ്രമേഹ രോഗിയായിരുന്നു മരിച്ച ഡിന്നി എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.