ചൈനീസ്‌ അക്രമത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണം, പ്രധാനമന്ത്രി മൌനം വെടിയണം - പ്രതിപക്ഷ പാര്‍ട്ടികള്‍

ഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ ലഡാക്കില്‍ തിങ്കളാഴ്ച രാത്രി നടന്ന ചൈനീസ് അക്രമത്തെ സംബന്ധിച്ച് വ്യക്തമായി പ്രതികരിക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സും ഇടതുപക്ഷ പാര്‍ടികളും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. 

രാജ്യതിര്‍ത്തിയില്‍ ഒരു വിദേശ സൈന്യം കടന്നുകയറ്റം നടത്തിയിട്ട്, അത് സംബന്ധിച്ച് പ്രതികരിക്കാത്ത ഏതെങ്കിലും രാഷ്ട്ര നേതൃത്വത്തെ സങ്കല്പ്പിക്കാനാകുമോ എന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ പി.ചിദംബരത്തിന്റെ പ്രതികരണം. ഏഴ് ആഴ്ചകള്‍ പിന്നിട്ടിട്ടും ഒരക്ഷരം ഉരിയാടാന്‍ പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ തയാറായിട്ടില്ല - പി. ചിദംബരം പറഞ്ഞു. 

അതിര്‍ത്തിയില്‍ നടന്ന സംഭവ വികാസങ്ങളെ കുറിച്ച് നിലപാട് വ്യക്തമാക്കാന്‍  കേന്ദ്ര സര്‍ക്കാര്‍ തയാറകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ യഥാര്‍ഥത്തില്‍ എന്താണ്  സംഭവിച്ചത് എന്ന് രാജ്യത്തെ ജനങ്ങളോട് തുറന്നു പറയാന്‍ കേന്ദ്രം തയാറാകണം. രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കണം. ചൈനീസ്‌ സൈന്യം അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കിടെ എങ്ങനെയാണ് നമ്മുടെ സൈനികര്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടത് എന്ന് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും രാജ്യത്തോട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സര്‍ജെവാല ആവശ്യപ്പെട്ടു. 

അതിര്‍ത്തിയില്‍ എന്താണ് നടന്നതെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് സിപിഎം പോളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുടെയും സൈനിക നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയിലൂടെ സമാധാനം ഉറപ്പുവരുത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഇന്ത്യന്‍ സൈനികരുടെ മരണത്തില്‍ പിബി അഗാധമായ ദുഃഖം രേഖപ്പെടുത്തി. 

അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിച്ചുകൊണ്ട് സമാധാനം ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി വക്താവ് ഡാനിഷ് അലി ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ സമാധാനം ഉറപ്പുവരുത്തണമെന്നും സംഭവത്തെ സംബന്ധിച്ച് കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നും വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ ലഡാക്കില്‍ തിങ്കളാഴ്ച രാത്രി നടന്ന ചൈനീസ് അക്രമത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ എണ്ണം 20 ആയെന്ന് ഇന്ത്യന്‍ കരസേനയാണ്  വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. ഒരു കേണലും രണ്ട് സൈനികരും കൊല്ലപ്പെട്ടതായാണ് ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചത്. തുടര്‍ന്നാണ്‌ പരിക്കേറ്റ 17 സൈനികര്‍ കൂടി മരണപ്പെട്ടതായി സൈന്യം വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. അതിജീവിക്കാന്‍ ഏറ്റവും പ്രയാസമുള്ള കാലാവസ്ഥയാണ് പരിക്കേറ്റവരുടെ മരണത്തിനു കാരണമായതെന്നാണ് വിശദീകരണം. സമുദ്ര നിരപ്പില്‍ നിന്ന് 14,000 അടി ഉയരത്തിലുള്ള ഗല്‍വാന്‍ വാലിയിലാണ്  സംഭവം നടന്നത്. അതേസമയം ചൈനീസ്‌ പക്ഷത്തും ആളപായമുണ്ടായതായാണ് റിപ്പോര്‍ട്ട്‌. 43 പേര്‍ മരണപ്പെട്ടിട്ടുണ്ടാവുമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം ചൈന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.ഇരു രാജ്യങ്ങളുടെയും സൈനിക ബെറ്റാലിയനുകള്‍  സംഘര്‍ഷ സ്ഥലത്തുനിന്നു പിന്‍വാങ്ങിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.

കിഴക്കൻ ല‍ഡാക്കിലെ അതിർത്തിയിൽ ഗൽവാൻ താഴ്‍വരയിൽ നിലയുറപ്പിച്ചിട്ടുള്ള ഇൻഫൻട്രി ബറ്റാലിയന്റെ കമാൻഡിങ് ഓഫിസറാണു കൊല്ലപ്പെട്ട കേണൽ. ഇന്ത്യ – ചൈന സംഘർഷത്തിൽ 1975നു ശേഷം സൈനികരുടെ മരണം ഇതാദ്യമായാണ്. ഇരു രാജ്യങ്ങളുടെയും പ്രാദേശിക കമാണ്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘര്‍ഷത്തില്‍ അയവുവരുത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് ലഭിക്കുന്ന വിവരം.

Contact the author

Web Desk

Recent Posts

Web Desk 1 day ago
National

വ്യോമസേനയുടെ നിശ്ചലദൃശ്യത്തില്‍ വനിതാ പൈലറ്റ് ശിവാംഗി സിംഗും

More
More
National Desk 2 days ago
National

ചുംബന വിവാദം; 15 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തയായി നടി ശില്പാ ഷെട്ടി

More
More
National Desk 2 days ago
National

ഹിന്ദി ഭാഷയോടല്ല, അത് അടിച്ചേല്‍പ്പിക്കുന്നതിനോടാണ് വിയോജിപ്പ്‌ - എം കെ സ്റ്റാലിന്‍

More
More
Web Desk 2 days ago
National

കേന്ദ്രം നിരസിച്ച റിപബ്ലിക് പ്ലോട്ടുകള്‍ സംസ്ഥാനത്ത് പ്രദര്‍ശിപ്പിച്ച് തമിഴ്‌നാട്

More
More
Web Desk 2 days ago
National

ആനന്ദ് മഹീന്ദ്ര വാക്കുപാലിച്ചു; പാഴ് വസ്തുക്കള്‍ക്കൊണ്ട് ജീപ്പുണ്ടാക്കിയ ആള്‍ക്ക് ബൊലേറോ കൈമാറി

More
More
National Desk 2 days ago
National

യോഗിക്കെതിരെ ഗോരഖ്പൂരിൽ മത്സരിക്കാന്‍ തയ്യാറാണ് - കഫീല്‍ ഖാന്‍

More
More