ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2006 പേരാണ് മരണമടഞ്ഞത്. മരണനിരക്കില്‍ ഉണ്ടായ അപ്രതീക്ഷിത വര്‍ദ്ധന രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. നിലവില്‍ 350 - 400 നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണ നിരക്ക് ഇന്ന് കുത്തനെ ഉയരുകയായിരുന്നു. ഇതോടെ രാജ്യത്തെ കൊവിഡ് മരണം11,921 ആയി. ഇതിനകം 1,87,552 പേര് രോഗവിമുക്തരായി. 1,99,473 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ് -19 വ്യാപനം എട്ടവുമധികം രൂക്ഷമായിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനകം 11,135 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം മുകളിലേക്ക് കുതിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ നാലു ദിവസങ്ങളിലായുള്ള രോഗീവര്ദ്ധനാ നിരക്ക് യഥാക്രമം 10,018, 11,382, 12,023, 11,320 എന്നിങ്ങനെയാണ്. കഴിഞ്ഞ വാരത്തിലാണ് പ്രതിദിന രോഗീവര്ദ്ധനാ നിരക്കില്‍ ഇന്ത്യ ലോകരാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത്.
എന്നാല്‍ കൊവിഡ് രോഗീ - മരണ നിരക്കുകളില്‍ സ്ഥിരത നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഒന്നോ രണ്ടോ ദിവസത്തെ ഏറ്റക്കുറച്ചിലുകള്‍ സാധാരണമാണ്. ചില സംഖ്യകള്‍ക്ക് മുകളിലും താഴെയുമായി നാലഞ്ചു ദിവസം സ്ഥിരത നിലനിര്‍ത്തി മുകളിലേക്ക് കുതിക്കുന്ന തരത്തില്‍ ക്രമാനുഗത വര്‍ധനവാണ് പ്രതിദിന രോഗീ നിരക്കില്‍ രാജ്യത്ത് സംഭവിക്കുന്നത്. 8,000, 9,000, 10,000, 11,000 എന്നിങ്ങനെ പടിപടിയായ വളര്‍ച്ചയാണ് രോഗീവര്‍ദ്ധനവില്‍ കാണിക്കുന്നത്. ഇത്തരത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീ സംഖ്യ രാജ്യത്ത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 3,54 161 ലെത്തി. മൊത്തം രോഗീ സംഖ്യയിലെ വര്‍ദ്ധനവിനെ തുടര്‍ന്ന് കൊവിഡ് -19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ ഇന്ത്യ, വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവോടെ കുതിപ്പ് തുടരുകയാണ്. നിരക്ക് വര്‍ദ്ധനവില്‍ റഷ്യയെ പിന്തള്ളിയാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെക്കെത്തിയിരിക്കുന്നത്. ഈ നില നീണ്ട ദിവസങ്ങള്‍ തുടരും. കാരണം തൊട്ടു മുകളിലുള്ള ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ പ്രതിദിന രോഗീ വര്‍ദ്ധന ഇന്ത്യയേക്കാള്‍ വളരെ കൂടുതലാണ്.