മോദി സര്‍ക്കാര്‍ ജനാധിപത്യത്തിലൂടെ സ്വേച്ഛാധിപത്യത്തിലേക്ക് - പ്രൊഫ. എം.ജി.എസ്.നാരായണന്‍

നാലുവര്‍ഷം മുന്‍പ് വിഖ്യാത ചരിത്രകാരന്‍ എംജിഎസ് നാരായണന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാരിനെയും വിലയിരുത്തിക്കൊണ്ട് എഴുതിയ പ്രബന്ധമാണ് ഇത്. കര്‍ഷക പ്രക്ഷോഭത്തിന്റെയും, മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റുകളുടെയും, പൌരത്വ പ്രക്ഷോഭത്തിന്‍റെയും പശ്ചാത്തലത്തില്‍  എംജിഎസിന്റെ ഈ ലേഖനം പുനര്‍വായനയ്ക്കായി മുന്നോട്ടുവെയ്ക്കുകയാണ് Muziriz Post. തുടര്‍ദിവസങ്ങളില്‍ ഈ വിഷയത്തെ അധികരിച്ച് പ്രൊഫ. ഐജാസ് അഹമദ്, പ്രൊഫ. എം എന്‍ കാരശ്ശേരി, പ്രൊഫ. കെ ഇ എന്‍, ഡോ. ആസാദ്, ഡോ. അനില്‍ ചേലേമ്പ്ര തുടങ്ങിയവരുടെ ലേഖനങ്ങള്‍ വായിക്കാം. 

മോദി സര്‍ക്കാര്‍ ജനാധിപത്യത്തിലൂടെ സ്വേച്ഛാധിപത്യത്തിലേക്ക് - പ്രൊഫ. എം.ജി.എസ്.നാരായണന്‍

ജനാധിപത്യത്തിലൂടെ സ്വേച്ഛാധിപത്യത്തിലേക്ക് ഒരു വഴിയുണ്ടെന്ന് ഹിറ്റ്ലര്‍ തെളിയിച്ചിട്ടുണ്ട്. ആ നാസി ജര്‍മ്മന്‍ ചരിത്രത്തില്‍ നിന്ന് ഒരു പാഠം പഠിക്കാന്‍ ഭാരതം ഒരുങ്ങേണ്ടതാണ്. ഏറെ ജനപ്രിയമായ, വിജയകരമായ പദ്ധതികളിലൂടെയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ പ്രയാണം ആ വഴിക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇന്ന് മോദി ഒരു ഫാസിസ്റ്റ് ആണെന്ന് ആക്ഷേപിക്കുന്നവര്‍ അതിശയോക്തി പ്രയോഗമാണ് നടത്തുന്നത്. പക്ഷെ ഭാവിയില്‍ അദ്ദേഹം ഒരു ഫാസിസ്റ്റ് ഭരണത്തിലേക്ക് നീങ്ങാനുള്ള സാഹചര്യങ്ങള്‍ പരിശോധിച്ച്, അതിനെ തടയാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കേണ്ടത് ദീര്‍ഘദൃഷ്ടിയുള്ള ജനാധിപത്യ ചിന്തകരുടെ കര്‍ത്തവ്യമാണ്. സാധാരണ ജനങ്ങള്‍ക്ക് അതെളുപ്പത്തില്‍ മനസ്സിലാവില്ല. അവരെ മനസ്സിലാക്കിക്കാനുള്ള ബോധവല്‍ക്കരണം നടത്തുകയും ഫാസിസ്റ്റ് പ്രവണതകളെ തടയാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കുകയുമാണ് ഇപ്പോള്‍ ചെയ്യേണ്ടത്.

ഫാസിസത്തിലേക്കുള്ള കാല്‍വെപ്പിന്‍റെ ലക്ഷണങ്ങള്‍:

ഫാസിസത്തിലേക്കുള്ള കാല്‍വെപ്പിനെ സഹായിക്കുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയാനാണ് ആദ്യമായി നാം ശ്രമിക്കേണ്ടത്. അതാണ്‌ ഈ ലേഖനത്തില്‍ ഉദ്ദേശിക്കുന്നത്.

1. പ്രാപ്തിയുള്ള നേതാവ്

കാര്യകാരണങ്ങള്‍ ബന്ധപ്പെടുത്തി ചിന്തിക്കാനും വിശ്വസനീയമായ രീതിയില്‍ മുദ്രാവാക്യങ്ങളിലൂടെ അതാവിഷ്കരിക്കാനും പ്രാപ്തിയുള്ള നേതാവ്. അദ്ദേഹത്തിന് പിന്നില്‍ അണിയറയില്‍ പ്രവര്‍ത്തിക്കാന്‍ സാങ്കേതിക വിദഗ്ദരുടെ ഒരു ചെറു സൈന്യം ഉണ്ടായിരിക്കണം.അതേസമയം അദ്ദേഹത്തിന്‍റെ മന്ത്രിസഭയില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യണോ,ധിക്കരിക്കാനോ പ്രാപ്തരായ ഒരാളും ഉണ്ടായിരിക്കരുത്. അദ്ദേഹത്തിന്‍റെ പ്രഖ്യാപനങ്ങള്‍ സ്വന്തം നാട്ടിലും അന്യനാടുകളിലും താന്‍ പ്രതിനിധീകരിക്കുന്ന രാജ്യത്തിന്‍റെ പ്രശസ്തി ഉയര്‍ത്തി, അനുകൂലാഭിപ്രായം വളര്‍ത്തുന്ന തരത്തിലായിരിക്കണം.അദ്ദേഹത്തിന്‍റെ നയപരിപാടികള്‍ ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതും വോട്ടുനേടാന്‍ സഹായിക്കുന്നതും ആയിരിക്കണം   

2. പട്ടാളച്ചിട്ടയുള്ള, രഹസ്യത്മകതയുള്ള സംഘടന

തെരഞ്ഞെടുപ്പിലൂടെ മേല്‍പറഞ്ഞ നേതാവിനെ അധികാരത്തിലെത്തിച്ച് ജനപ്രതിനിധിസഭയില്‍ അജയ്യനായി സംരക്ഷിക്കുന്നത് പട്ടാളച്ചിട്ടയുള്ള, രഹസ്യത്മകതയുള്ള ഒരു സംഘടന ആയിരിക്കണം. ആ സംഘടനക്ക് രാജ്യത്തെ ഭൂരിപക്ഷമായ മധ്യവര്‍ഗത്തിനിടയില്‍ സ്വാധീനമുണ്ടായിരിക്കുകയും അതേസമയം അവര്‍  തുറന്ന ജനാധിപത്യ സമ്പ്രദായങ്ങളില്‍ നിന്ന് (പൊതുവിലുള്ള നയ ചര്‍ച്ചകള്‍, നേതൃ മാറ്റങ്ങള്‍)അകന്നു നില്‍ക്കുകയും വേണം. പൊതുവില്‍ സംഘടനയെ അനുസരിക്കുമ്പോഴും മര്‍മ്മ പ്രധാനമായ ചില കാര്യങ്ങളില്‍ അതിനെ ധിക്കരിച്ച് വ്യക്തിത്വം പ്രകടിപ്പിക്കാനുള്ള തന്‍റെടം നേതാവിനുണ്ടായിരിക്കണം.

3. തീവ്ര ദേശാഭിമാനം 

തീവ്ര ദേശാഭിമാനത്തിന്‍റെയും  അധ:കൃതരും അവശരുമായ ജനവിഭാഗങ്ങളോടുള്ള കലശലായ പ്രണയത്തിന്‍റെയും വൈകാരിക ഭാവം ഭരണ ശൈലിയില്‍ പ്രതിഫലിച്ചിരിക്കണം. അധികാരത്തില്‍ വന്നയുടനെ അഴിമതി നീക്കം ചെയ്യുന്നതും അക്രമികളെ ഒതുക്കി ജനങ്ങളെ സംരക്ഷിക്കുന്നതുമായ നടപടികള്‍ സാമ്പത്തീക രംഗത്തും വിദ്യാഭ്യാസ രംഗത്തും നടപ്പാക്കാന്‍ ശ്രദ്ദിക്കണം. മുന്‍ സര്‍ക്കാര്‍ പ്രസംഗത്തില്‍ നിര്‍ത്തിയ പദ്ധതികള്‍ പ്രവൃത്തി പദത്തിലെത്തിച്ച് ജനങളുടെ കയ്യടി വാങ്ങാന്‍ ഒരുങ്ങിയിരിക്കണം.

4. മുഖ്യശത്രു സമുദായം 

രാജ്യ സുരക്ഷക്ക് ഭീഷണിയായ ഏതെങ്കിലും കക്ഷിയെയോ സമുദായത്തെയൊ സംഘടനയെയോ മുഖ്യശത്രുവായിക്കണ്ട് സമരം പ്രഖ്യാപിക്കണം.ഈ ശത്രുതയിലൂടെ ജനങ്ങളുടെ ജാഗ്രത ഉണര്‍ത്താനും ഐക്യം നിലനിര്‍ത്താനും സൈന്യത്തിന്‍റെ ആവേശം  കെട്ടുപോകാതെ സൂക്ഷിക്കാനും സാധിക്കണം.

5. അത്യന്താധുനിക സാങ്കേതിക വിദ്യാ സൗഹൃദം 

അത്യന്താധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് വാര്‍ത്താവിനിമയം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ ആധിപത്യം സ്ഥാപിക്കണം. ഇന്നത്തെ നിലയില്‍ ഡിജിറ്റലൈസേഷന്‍ സൈബര്‍ നെറ്റ് എന്നിവ പ്രോത്സാഹിപ്പിക്കണം. ഉന്നത സാങ്കേതിക വിദ്യയും സ്വേച്ഛാധിപത്യവും ഒരുമിച്ച് നീങ്ങുന്ന ദുരവസ്ഥയാണ് ചരിത്രത്തില്‍ കാണപ്പെടുന്നത്.

മേല്‍പ്പറഞ്ഞ അഞ്ചു ഘടകങ്ങളും മോദി സര്‍ക്കാരിന്‍റെ കാര്യത്തില്‍ ഒത്തുചേര്‍ന്നിരിക്കുന്നു...

നരേന്ദ്ര മോദിയുടെ  വ്യക്തിപരമായ നേതൃഗുണങ്ങള്‍ നേരത്തെ ഗുജറാത്തിലും ഇപ്പോള്‍ കേന്ദ്രത്തിലും ജനസമക്ഷം തെളിയിക്കപ്പെട്ടിരിക്കുന്നു. അഴിമതിയുടെ കറ പുരളാത്ത, കുടുംബതാല്‍പ്പര്യം പോലുമില്ലാത്ത രാഷ്ട്രീയ ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. മാത്രമല്ല പിന്നാക്ക സമുദായത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരാളെന്ന ഖ്യാതിയും പരിവേഷവും മോദിക്കുണ്ട്.  അദ്ദേഹത്തെ പിന്തുണച്ച് അധികാരത്തിലെത്തിച്ച ബി ജെ പി കുത്തഴിഞ്ഞ സംഘടനയാണെങ്കിലും അതിന്‍റെ കടിഞ്ഞാണ്‍ പിടിക്കുന്ന ആര്‍ എസ് എസ് മാര്‍ക്സിസ്റ്റുകളോടൊപ്പം തന്നെ ഒരുപക്ഷെ അവരെക്കാള്‍ ഏറെ അച്ചടക്കവും പട്ടാളച്ചിട്ടയുമുള്ള സംഘടനയാണ്. മാത്രമല്ല പരസ്യമായിത്തന്നെ ആയുധ പരിശീലനം നടത്തിപ്പോന്ന പാരമ്പര്യവും യൂണിഫോമിട്ട സ്വയം സേവകരുടെ നിരന്തര പരിശീലനവും അവരെ സമര സന്നദ്ധരാക്കി നിര്‍ത്തുന്നു. 

ഈ സാഹചര്യത്തില്‍ നേരത്തെ വിവരിച്ച അഞ്ചു ഘടകങ്ങളും ഇപ്പൊള്‍ മോദിക്കനുകൂലമായി ഒത്തുചേര്‍ന്നിരിക്കുന്നു.ഇനി ആയുരാരോഗ്യങ്ങള്‍ കൂടി ഉണ്ടാവുകയാണെങ്കില്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലൂടെത്തന്നെ സ്വേച്ഛാധിപത്യം സൃഷ്ടിക്കാന്‍ മോദിക്ക് സാധിച്ചേക്കും. അതുകൊണ്ടാണ് അദ്ദേഹം ഫാസിസ്റ്റാണെന്ന് ഇപ്പോള്‍ പറഞ്ഞുകൂടെങ്കിലും ഇനി വരുന്ന വര്‍ഷങ്ങളില്‍ ഫാസിസ്റ്റ് ഭരണത്തിലേക്ക് എത്തുവാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നത്.

ഹിറ്റ്ലറുടെ ജര്‍മ്മന്‍ ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കുവാന്‍ ഭാരതീയ സമൂഹം തയാറാവുകയാണെങ്കില്‍ ജനങ്ങള്‍ക്ക് തീവ്രമായ രാഷ്ട്രീയ ബോധവല്‍ക്കരണം നല്‍കുക മാത്രമാണ് അപകടമൊഴിവാക്കാനുള്ള വഴി. ചില ഘടകങ്ങള്‍ ഇന്ത്യക്ക് അനുകൂലമായുണ്ട്. ജര്‍മ്മനിക്ക് ഒരു പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ പാരമ്പര്യമുണ്ടായിരുന്നില്ലല്ലൊ, ഇന്ത്യക്കതുണ്ട്. മാത്രമല്ല നരവംശങ്ങളുടെയും ഭാഷയുടെയും മതങ്ങളുടെയും കാര്യത്തില്‍ അനന്ത വൈവിധ്യം നല്ലതിനായാലും ചീത്തക്കായാലും ഐക്യത്തിന് വിഘാതം സൃഷ്ടിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം,സംഘടനാ സ്വാതന്ത്ര്യം എന്നീ മൌലികാവകാശങ്ങള്‍ എഴുതിവെക്കുകയും നീതിന്യായ സംവിധാനത്തെ നിയമ നിര്‍മ്മാണ - നിര്‍വ്വഹണ സ്ഥാപനങ്ങളില്‍  നിന്ന് സ്വതന്ത്രമാക്കി നിര്‍ത്തുകയും ചെയ്യുന്ന ഒരു ഭരണഘടന ഇവിടെ അരനൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതെല്ലം ജര്‍മ്മനിയെ അപേക്ഷിച്ച് ഇന്ത്യയുടെ മെച്ചങ്ങളാണ്.

തീവ്രമായ ജനാധിപത്യ പരിശീലന പദ്ധതി 

ഇങ്ങിനെയൊക്കെയാണെങ്കിലും ഭൂരിപക്ഷ സമ്മതിയുടെ പിന്തുണയോടെ അധികാരത്തിലേറുന്ന ഒരു സംഘത്തിന് ഭരണഘടനയെ അടിയന്തരാവസ്ഥയിലൂടെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടതാണ്. വേണമെങ്കില്‍ ഒന്നായിറദ്ദാക്കാനും പറ്റിക്കൂടായ്കയില്ല. അത്തരമൊരു ഘട്ടത്തിലെത്തിയാല്‍ ജനങ്ങള്‍ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടിവരും. അതൊഴിവാക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം ഉയര്‍ന്നുവരുന്ന പുതിയ തലമുറക്ക് തീവ്രമായ ജനാധിപത്യ പരിശീലനം ഇപ്പോള്‍ തന്നെ നിര്‍ബന്ധമാക്കുന്ന ഒരു പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുക എന്നതാണ്. എത്ര നേരത്തെ ഈ തിരിച്ചറിവുണ്ടാകുന്നുവൊ അത്രയും രക്ഷാ സാദ്ധ്യത വര്‍ദ്ധിക്കുന്നു. എത്രകണ്ട് വൈകുന്നുവൊ അത്രയും വേഗം രക്ഷാ കവാടങ്ങള്‍ അടഞ്ഞ് അന്ധകാര യുഗത്തിന്‍റെ ആവരണം അടുത്തെത്തുന്നു.      

(2017 - ല്‍  റാസ്‌ബറി ബുക്സ് പുറത്തിറക്കിയ എം.ജി.എസിന്‍റെ 'ജനാധിപത്യത്തിലൂടെ സ്വേച്ഛാധിപത്യത്തിലേക്ക് ഫാസിസത്തിന്‍റെ തിരപ്പുറപ്പാട് ' എന്ന പുസ്തകത്തില്‍ നിന്ന് സംക്ഷിപ്തമായി പകര്‍ത്തിയത്)

Contact the author

M. G. S. Narayanan

Recent Posts

Dr. Azad 2 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More