വാരിയംകുന്നന്‍: പ്രിയദര്‍ശനിലുള്ള വിശ്വാസം ആഷിക് അബുവില്‍ ഇല്ലാതെ പോകുന്നത് എന്തുകൊണ്ട് - ദാമോദര്‍ പ്രസാദ്

Priyadarshan and Ashiq Abu

മലയാളത്തിലെ  ആരാധ്യനായ  നടനും സ്വതസിദ്ധമായ അഹംഭാവവുമുള്ള  പൃഥ്വിരാജ് മുസ്ലിം പോരാളി വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയായി അഭിനയിക്കുന്ന  ആഷിക് അബുവിന്റെ  (1921-ലെ മലബാർ കലാപത്തെക്കുറിച്ചുള്ള) ചലച്ചിത്രം പ്രഖ്യാപിച്ചതോടെ, പ്രഖ്യാപന വാർത്തയേക്കാൾ വലിയ  വാര്‍ത്തയായി മാറിയിരിക്കുകയാണ് ഇതു സംബന്ധിച്ച വിവാദങ്ങള്‍.  സിനിമക്കെതിരെയുള്ള സംഘ് പരിവാർ സംഘടനകളുടെ ഭീഷണികളാണ് ഇതിനെ ഒരു വലിയ വിവാദ വിഷയമായി മാറ്റിയിരിക്കുന്നത്.

ടി ജി രവിയാണ് ഐ വി ശശി സംവിധാനം ചെയ്ത 1921 സിനിമയിൽ  വാരിയൻകുന്നനായി അഭിനയിച്ചത്.  ടി ജി രവിയുടെ വാരിയംകുന്നൻ  ആ വലിയ ക്യാൻവസിലെ, സിനിമയിലെ സഹനടൻ മാത്രമാണ്. ചരിത്ര സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിൽ  പ്രധാന കഥാപാത്രം സഹനടനാവുകയും ഖാദർ എന്ന പുതിയൊരു നായകൻ സിനിമയ്ക്കായി മമ്മൂട്ടിയിലൂടെ അവതരിക്കുകയും ചെയ്തു. ടി ജി രവി, അദ്ദേഹത്തിന്‍റെ ആദ്യസിനിമയുടെ പേര് സൂചിപ്പിക്കും വിധം മലയാളസിനിമയിലെ പാവം ക്രൂരനും പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞ വില്ലനുമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരിക്കെ 1921 എന്ന സിനിമയില്‍ ടി ജി രവിയുടെ കാസ്റ്റിംഗും അദ്ദേഹം അവതരിപ്പിച്ച കഥാപത്രത്തിലൂടെ ചരിത്രത്തിലെ  പ്രധാന കഥാപാത്രം സിനിമയിലെ സഹ കഥാപാത്രമായി മാറിയത് സംബന്ധിച്ചും ഗൌരവമായ ആലോചന ഉണ്ടാവേണ്ടതാണ്. ദൃശ്യവൽക്കരണത്തിനു മുമ്പ് സിനിമയ്ക്ക് ആധാരമായ കഥയുടെ മേൽ സംവിധായകൻ നടത്തുന്ന പരിചരണമാണ് കാസ്റ്റിംഗ്. ആര് എന്ത് റോൾ അഭിനയിക്കുന്നു എന്നത് എത്രയും പ്രധാനമാണ്. പരിചരണം ചില കാര്യങ്ങൾക്ക് പ്രാമുഖ്യം നൽകുകയും ചിലതിനെ അപ്രധാനമായി പരിഗണിക്കുകയും ചെയ്യുന്നു. ഇതൊരു ഏങ്കോണിപ്പായി കാണാം.  

അങ്ങനെയാണെങ്കിൽ, ചരിത്രസിനിമകളിൽ  ഏങ്കോണിപ്പുകൾ ഒന്നും പാടില്ല എന്ന പിടിവാശി മലയാളിക്ക് എപ്പോൾ മുതലാണ് തുടങ്ങിയത്? പീരീഡ്/ ചരിത്ര/ എപിക് സിനിമകൾ എത്രയെണ്ണം മലയാളത്തിൽ 'വന്നു കണ്ടു കീഴടക്കി' പോയി. ഇതാ, ഇപ്പോള്‍ വീണ്ടും മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാർ പണിപൂർത്തിയായി കഴിഞ്ഞിരിക്കുന്നു എന്നാണ് കേൾവി. കോവിഡ് കാരണം റീലിസിംഗ് വൈകിയ പടത്തിന്റെ പ്രദർശനത്തിനായി കാത്തിരിക്കുകയല്ലേ ആരാധകരും പ്രേക്ഷകരും. ആരെങ്കിലും മോഹൻ ലാലിനോടോ പ്രിയദർശനോടോ സിനിമയിൽ ചരിത്ര വസ്തുതകൾ കിറുകൃത്യമാണോ എന്നാരാഞ്ഞൊ?

കുഞ്ഞാലി മരയ്ക്കാര്‍ എന്ന പടത്തിന്റെ റീലിസിങ്ങിനു മുന്നോടിയായി ഇറങ്ങിയ പോസ്റ്ററുകളിലെ വേഷവിധാനങ്ങൾ കേരളയീമാണോ? തലപ്പാവും ആയുധസന്നാഹങ്ങളും മധ്യകാലത്തിന്റെ പ്രതീതി നല്കുന്നവയാണോ? വീരയോദ്ധാവ് മരയ്ക്കാറിനെയും വള്ളുവനാടൻ ചാവേറിനെയും പുലിമുരുകനിലേക്കും ബാഹുബലിയിലേക്കും പാത്രാന്തരീകരിച്ചാലും എല്ലായ്പ്പോഴുമെന്നപോലെ, വിനോദ നികുതിയും മറ്റും നൽകി കാണാൻ പോകുന്ന മലയാളി, പടം കണ്ടിരിക്കാൻ പാകമുള്ളതാകണമെന്നേ നിർബന്ധം പിടിച്ചിരിന്നുള്ളൂ. ഉത്തരേന്ത്യയിൽ എന്ന പോലെ പത്മാവതിനോടും ജോധ അക്ബറിനോടും കാണിച്ച വിധ്വംസക ഉത്സുകതാ പ്രദർശനം  പൊതുവിൽ 'നാട്യം പ്രധാനം പുരോഗമനം ഭദ്രം'  എന്നവിധത്തിലുള്ള മലയാളിക്ക് അത്ര പ്രധാനമായിരുന്നില്ല. 

കുഞ്ഞാലി മരയ്ക്കാറിന്റെ കാര്യം തന്നെയെടുക്കാം. കുഞ്ഞാലി നാലാമനെ, ചില ചരിത്രകാരന്മാർ പറയുന്നതനുസരിച്ച്, സാമൂതിരി പറങ്കികൾക്ക് വീഴ്ത്തിക്കൊടുത്തതാണ്. രാമനാട്ടുകരയിലെ രാജാവിന്റെ സംബന്ധ വീടുമായി ബന്ധപ്പെട്ടൊരു കഥയുണ്ടതിന്റെ പിറകിൽ. അങ്ങനെ, കേരളത്തിന്റെ ആദൃകൊളോണിയൽ വിരുദ്ധ പോരാളിയായ കുഞ്ഞാലി മരയ്ക്കാര്‍ നാലാമനെ ഒറ്റുകൊടുത്തതു മൂലമാണ് അദ്ദേഹത്തെ പറങ്കികൾക്ക് ഗോവയിൽ കൊണ്ടുപോയി നിഷ്ടൂരമായ പീഡനങ്ങൾക്ക് വിധേയമാക്കാനും ഒടുവിൽ തൂക്കികൊല്ലാനും കഴിഞ്ഞതെന്ന ചരിത്ര വസ്തുത പടത്തിൽ ഉണ്ടോ ഇല്ലയോ എന്നാരും ചോദിച്ചില്ലല്ലൊ? പ്രിയദർശനും മോഹൻ ലാലും ചരിത്രത്തോട് നീതി പുലർത്തുമെന്നും പി ടി കുഞ്ഞുമുഹമ്മദും ആഷിക് അബുവും അത് ചെയ്യില്ല എന്നുമുള്ളത് ഏതുതരം  വിധി വിശ്വാസമാണ്. 

ആഷിക് അബുവും പി ടി കുഞ്ഞമുഹമ്മദും പ്രകടമായി തന്നെ സെക്കുലർ ഇടതുപക്ഷ രാഷ്ട്രീയത്തിനോടൊപ്പം നിൽക്കുന്നവരാണ്. പ്രിയദർശനും മോഹൻലാലിനും അത്തരമൊരു രാഷ്ട്രീയമില്ലെന്നതാണോ അവരിലുള്ള വിശ്വാസത്തിനു പ്രമാണം? അതല്ല അവരുടെ രാഷ്ട്രീയം പ്രകടമാകാതെ തന്നെ പ്രകടമാണെന്നതുകൊണ്ടോ? മലയാള സിനിമാ ലോകത്തെ വിവാദങ്ങളുമായി ബന്ധപ്പെട്ട മറ്റു ചില ഭിന്നിപ്പുകളും പറഞ്ഞുകേൾക്കാറുണ്ട്. ഉദാഹരണത്തിന്  തിരുവനന്തപുരം - കൊച്ചി എന്നൊക്കെ രീതിയിലെ വ്യത്യസ്‌തകൾ, സംഘം ചേരലുകൾ. അതിവിടെ പ്രസക്തമല്ലാത്തതുകൊണ്ടു പരിഗണിക്കുന്നില്ല. പക്ഷെ, എന്താണ് ആഷിക് അബുവും പിടി  കുഞ്ഞഹമ്മദും ചരിത്രത്തെ അതിന്റെ സമഗ്രതയിൽ അവതരിപ്പിക്കില്ല എന്ന് വിവാദങ്ങൾക്ക് തിരികൊളുത്തിയവരും ചില മാധ്യമങ്ങളും സംശയിക്കുന്നതിന്റെ അടിസ്ഥാനം. അവർ ആദ്യമായി സിനിമ ചെയ്യുന്നവരല്ല. അവർ മുമ്പു ചെയ്ത സിനിമകൾ മലയാളികളുടെ മുമ്പിൽ ഉണ്ടല്ലോ. ചരിത്രത്തിന്റെ വക്രീകരിച്ച അവതരണം എന്ന നിലയിൽ അവർ ചെയ്ത ഏതെങ്കിലും സിനിമ മുദ്രകുത്തപ്പെട്ടിട്ടുണ്ടോ? ഇനി സിനിമയുടെ മാത്രം കാര്യമാണെങ്കിൽ, 1921 സംബന്ധിച്ച് എത്ര ചരിത്ര സിനിമകൾ മലയാളത്തിൽ ഇറങ്ങിയിരിക്കുന്നു.   

ലോകസിനിമകളിൽ പീരീഡ്/ചരിത്ര/ എപിക്  സിനിമ ഒരു വലിയ കാഴ്ചകേളിയാണ്. എന്നുവച്ച് ചരിത്ര വസ്തുതകൾ, വലതുപക്ഷ ചരിത്ര പുനർ രചയിതാക്കൾ പതിവായി ചെയ്യുന്നത് പോലെ, ഒടിച്ചുമടക്കുകയോ മൂടിവെയ്ക്കുകയോ ചെയ്യുകയല്ല സിനിമയിൽ. പക്ഷെ, എല്ലാ ചരിത്ര /പീരീഡ് സിനിമകളും സിനിമയുടെ ആഖ്യാന പാരമ്പര്യത്തിന്റെ പൊതുധാര പിൻപറ്റിക്കൊണ്ടു നായക പ്രാധാന്യത്തോടെ ചില  ചരിത്രപരമായ വിവരങ്ങൾക്കും അറിവുകൾക്കും മറ്റുള്ളതിനേക്കാൾ കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. അത് കോമേഴ്സ്യൽ സിനിമ കാലാകാലങ്ങളായി തുടരുന്നൊരു ആഖ്യാനതന്ത്രമാണ്. അല്ലെങ്കിൽ ഐതിഹാസിക കഥാപാത്രങ്ങളെ പുനരാവിഷ്കരിക്കുമ്പോൾ മറ്റൊരുവിധം ഭാവന ചെയ്യാനുള്ള ധാരണയും പ്രതിഭയും ഇച്ഛശക്തിയും വേണം. ജി. അരവിന്ദൻ കാഞ്ചന സീതയിൽ കാണിച്ചത് പോലെ. പക്ഷേ ആ വഴി പിന്തുടർന്നാൽ പടത്തിന്റെ സാമ്പത്തിക വിജയത്തെക്കുറിച്ച് ഒരുറപ്പും ഉണ്ടാവില്ല എന്ന് മാത്രം.   

ലെനിൻ രാജേന്ദ്രൻ മൂന്ന്  ചരിത്ര സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒരു പ്രതിജ്ഞാബദ്ധനായ ഇടതുപക്ഷ ചലച്ചിത്രകാരൻ എന്ന നിലയ്ക്കാണ് ലെനിൻ  രാജേന്ദ്രന്റെ പേര് തിരഞ്ഞെടുത്തത്. 'മീനമാസത്തിലെ സൂര്യൻ" , "സ്വാതി തിരുനാൾ", "കുലം" എന്നീ സിനിമകളാണ് ചരിത്രത്തെ ആസ്പദമാക്കി അദ്ദേഹം ചെയ്തത്. 1940 ലെ കയ്യൂർ കർഷക സമരമാണ് "മീനമാസത്തിലെ സൂര്യന്റെ" വിഷയം. നിരഞ്ജനയുടെ പ്രസിദ്ധമായ കയ്യൂർ സമരത്തെ കുറിച്ചുള്ള നോവലാണ് സിനിമയ്ക്ക് ആധാരം. നല്ലവിധത്തിൽ ഡോക്യുമെന്റ് ചെയ്യപ്പെട്ട സമരമാണത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലാണ്  ആ സമരം നടന്നത് എന്നതുകൊണ്ടും, ഇടതുപക്ഷ രാഷ്ട്രീയത്തിന് ചരിത്രപഠനം ഏറ്റവും പ്രധാനപ്പെട്ട ഒന്നായതുകൊണ്ടും കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ നിരവധി തവണ അധികാരത്തിൽ വന്ന ഒരു പാർട്ടിയായതുകൊണ്ടുമാണ് ഒരുവിധം സമഗ്രമായ ഡോക്യൂമെന്റേഷൻ സാധ്യമായത്. എങ്കിലും കയ്യൂർ സമരത്തിൽ പങ്കെടുത്ത നേതാക്കളെ കുറിച്ച് പിൽക്കാലത്തു ചില പത്രപ്രവർത്തകരെങ്കിലും സംശയം ഉന്നയിച്ചിട്ടുണ്ട്. അത് വെറും പരദൂഷണമാണെന്ന നിലയിൽ നിഷേധിക്കപ്പെട്ടിട്ടുമുണ്ട്. ഇത് പോലെ, പുന്നപ്ര വയലാർ സമരത്തിലെ ഒരു പ്രധാന നേതാവിന്റെ പങ്കിനെ കുറിച്ച് പിൽക്കാലത്തു ചില വിമർശനങ്ങൾ ഉയർന്നു വന്നിട്ടില്ലെ? 

ലെനിൻ രാജേന്ദ്രൻ തനിക്ക് ലഭ്യമായതും  കമ്മ്യൂണിസ്റ്റ് പാർട്ടി ഔദ്യോഗികമായി അംഗീകരിച്ചതുമായ  ചരിത്രമാണ് 'മീനമാസത്തിലെ സൂര്യന്റെ" ആഖ്യാനത്തിനു സ്വീകരിച്ചത്. എന്നിട്ടും അതിൽ സിനിമയ്ക്കാവശ്യമായ പൊലിപ്പിക്കലുകളും മറ്റും കൊണ്ടു വന്നിട്ടുള്ളത് പ്രേക്ഷക സമൂഹത്തെ ലക്ഷ്യം വെച്ചിട്ടാണ്. ലെനിൻ രാജേന്ദ്രൻ ചെയ്ത "സ്വാതിതിരുനാൾ" സിനിമയിൽ സ്വാതിതിരുനാൾ മഹാരാജാവ്  നവോത്ഥാന നായകനായ വൈകുണ്ഠ സ്വാമിയെ  ജയിലിൽ അടയ്ക്കുകയും പീഡനത്തിന് വിധേയമാക്കുകയും ചെയ്‌തതായ ചരിത്രം അവതരിപ്പിച്ചിട്ടുണ്ടോ. സംഗീതവും റസിഡന്റ് സായ്‌വുമായുള്ള മഹാരാജാവിന്റെ അസ്വാരസ്യങ്ങളും മാത്രമാണ് ആ സിനിമയിൽ മിഴിവാർന്നു നിൽക്കുന്നത്.

സി വി രാമൻപിള്ളയുടെ തിരുവതാംകൂർ  ഹിന്ദു ധർമരാജ്യ സ്നേഹ ആഖ്യായിക "മാർത്താണ്ഡവർമ' യാണ് ലെനിൻ രാജേന്ദ്രൻ "കുല"ത്തിനായി ആധാരമാക്കിയത്. ചുവപ്പും നീലയും എന്ന നിറഭേദങ്ങളുടെ വ്യത്യാസങ്ങളിൽ മധു അമ്പാട്ടിന്റെ ചീത്രീകരണ മികവോടെ തിരുവതാംകൂർ രാജ്യ ചരിത്രത്തെക്കാൾ പ്രധാനമായും പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ലെനിൻ രാജേന്ദ്രൻ പറഞ്ഞത്. സി വി യുടെ പത്മനാഭ ദാസൻ മാർത്താണ്ഡവർമ്മ തന്നെ ആധുനിക തിരുവതാകൂറിന്റെ  നിർമിതിയുടെ വേളയിൽ  നടത്തിയ അതിക്രൂര ഹിംസയുടെ കഥ എത്ര ഭംഗിയായി ഒളിപ്പിച്ചു വെച്ചു. കൂട്ടത്തിൽ പറഞ്ഞുകൊള്ളട്ടെ, 'മാർത്താണ്ഡവർമയാണ്" മലയാള സിനിമാ ചരിത്രത്തിലെ രണ്ടാമത്തെ സിനിമ. ചരിത്രാഖ്യാനം തുടക്കം മുതൽക്കേ കൂടെയുണ്ടായിരുന്നുവെന്നർത്ഥം! 

മമ്മൂട്ടി നായകനായി  എം ടി തിരക്കഥ എഴുതി ഹരിഹരൻ സംവിധാനം നിർവഹിച്ച "പഴശ്ശി രാജ" ചരിത്രത്തോട് എത്രമാത്രം നീതിപുലർത്തി എന്ന ചോദ്യം ഉയർന്നിരുന്നു സിനിമ ഇറങ്ങിയ സമയത്തുതന്നെ. പക്ഷെ ആ ചോദ്യം ആരും അധികം കേട്ടില്ല കാരണം അതുയർന്നത് സമൂഹത്തിന്റെ പാർശ്വങ്ങളിൽ നിന്നാണ്. വീര കേരള വർമ്മ  പഴശ്ശിയുടെ അപദാനങ്ങൾ നമ്മൾ മലയാളികൾ നന്നേ ചെറുപ്പം മുതലേ കേട്ടു തുടങ്ങുന്നതാണ്. അങ്ങനെ പഴശ്ശി ജനസ്മരണകളിൽ ഒരു യോദ്ധാവ് തന്നെയാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ "കമ്പനി"യുമായി എതിരിട്ടു നിന്ന് പോരാടി രക്തസാക്ഷിത്വം വഹിച്ച യോദ്ധാവ്.  

 എന്തൊരു ആവേശഭരിതമായിരുന്നു, സിനിമയിൽ രാത്രിയുടെ മറവിൽ കുതിരപ്പുറത്ത് ഒരു കറുത്ത ഷാൾ ധരിച്ചു മുഖം മറച്ചുകൊണ്ട് പഴശ്ശി കമ്പനി സേനയ്‌ക്കെതിരെ  നടത്തിയ ഒറ്റയാൾ ആക്രമണം . ഇതൊക്കെ ചരിത്ര വസ്തുതയാണോ? കമ്പനിയുമായി ചില വ്യവസ്ഥകളിന്മേൽ  പഴശ്ശി രാജ ടിപ്പുവിന്റെ പടയോട്ടത്തിനെതിരെ നടത്തിയ ഒത്തുതീർപ്പും അത് മൂലം കുമ്പ്രനാട്ടിലെ മുസ്ലിം സമുദായത്തിൽപെട്ടവർ നേരിടേണ്ടി വന്ന കടുത്ത അനീതികൾ, വധശിക്ഷ പോലുള്ള ശിക്ഷകൾ തുടങ്ങിയവ ഒരു വരിയിലോ മറ്റോ കുങ്കൻ നായരുടെ ക്ഷമാപണ മുഖഭാവത്തിൽ  സിനിമയിൽ ഒതുങ്ങിപോയി. പഴശ്ശി രാജയിലെ ഏറ്റവും മിഴിവാർന്ന കഥാപാത്രമായ കുങ്കൻ നായരുടെ ബാല്യകാലം മുതൽ രക്തസാക്ഷിത്വം വരെയുള്ള കാര്യങ്ങൾ ഇനിയിപ്പോൾ, ഒരു വേള, പോപ്പുലർ ചരിത്രത്തിന്റെ തന്നെ ഭാഗമായേക്കാം. അങ്ങനെയൊരാൾ പോപ്പുലർ  ചിത്രത്തിലേക്ക് കടന്നു വരികയാണ്.  ഇനി പഴശ്ശിക്കൊപ്പം കുങ്കൻ നായരും കാണും. 

പോപ്പുലർ ചരിത്രവും സിനിമയും തമ്മില്‍ സവിശേഷവും വൈരുധ്യാത്മകവുമായ ഒരു ബന്ധം നിലനിൽക്കുന്നുണ്ട്. കൊടുക്കൽ വാങ്ങലുകളുടെ ഒരു ഇടപാടാണത്. അത് സിനിമയിൽ തുടങ്ങിയതല്ല. വാമൊഴി, ഐതിഹ്യ പ്രസരണത്തോളും പുരാതനമാണത്. സിനിമ ഏറ്റവും വലിയ ബഹുജന മാധ്യമമായതിനു ശേഷം പോപ്പുലർ ചരിത്രത്തിന്റെ നിർമിതിയിൽ വലിയൊരു പങ്ക് ഈ ബഹുജന കലാരൂപത്തിലൂടെയാണ് സംഭവിച്ചിട്ടുള്ളത്. ജന സ്മരണകളെ  രൂപപ്പെടുന്നതിൽ സിനിമ വലിയൊരു സാധ്യത തുറന്നു തരികയാന്നെന്ന് ആദ്യകാല പ്രതിഭകൾ തിരിച്ചറിഞ്ഞിട്ടുള്ള കാര്യമാണ്. ഐസെൻസ്റ്റീനും ഡി. ഡബ്ള്യു ഗ്രിഫ്‌ത്തും  പോപ്പുലർ ചരിത്ര നിർമിതിയിൽ സിനിമയെന്ന മാധ്യമത്തെ വിദഗ്‌ധമായി ഉപയോഗപ്പെടുത്തിയവരാണ്. ബാറ്റിൽ ഷിപ്പ് പോട്ടംകിൻ മാത്രമല്ല 'ഐവാൻ ദ ടെറിബിളി'ലും ഐസെൻസ്റ്റീൻ ചരിത്രത്തെ പുതിയ വിധത്തിൽ അനുഭവേദ്യമാക്കുകയായിരുന്നു. ഒന്നിൽ തത്സമയ ചരിത്രമാണെങ്കിൽ മറ്റേതിൽ ഓർമകളിൽ നിന്നൊരു പുതിയൊരു സംവേദനം സാധ്യമാക്കുകയായിരുന്നു. ആ സംവേദനത്തിൽ അടക്കം ചെയ്തിരിക്കുന്ന സന്ദേശം  ആദ്യം തിരിച്ചറിഞ്ഞത്  മറ്റാരുമല്ല ആരെക്കുറിച്ചാണോ ആ സിനിമ, ആ ആൾ തന്നെ -  ജോസഫ് സ്റ്റാലിനായിരുന്നു അത് . 

അമേരിക്ക കൊണ്ടാടിയ ചലച്ചിത്രമാണ് "ബർത്ത് ഓഫ് എ നേഷൻ".  സിവിൽ അവകാശ പ്രസ്ഥാനം യു എസിൽ സജീവമായതോടെ അവർ ഇത്തരം ചരിത്രത്തിന്റെ പോപ്പുലർ പുനർനിർമിതികളെ വിമർശനത്തോടെയാണ് സമീപിച്ചത്. ബർത്ത് ഓഫ് എ നേഷന്റെ നിർമിതിയിലെ ആഫ്രോ അമേരിക്കൻ വംശജരുടെ പ്രതിനിധാനം വലിയ എതിർപ്പുകളാണ് ഉയർത്തിയത്. സിനിമ ഇപ്പോൾ പൊതു പ്രദർശനത്തിൽ നിന്ന്  തടഞ്ഞിരിക്കുകയാണ്. റ്ററൻറ്റിനോയുടെ 'ജാങ്കോ അൺ ചെയിൻഡ്' തുടങ്ങിയ എതിർ സിനിമകളും ബർത് ഓഫ് എ നേഷനെതിരെ പുറത്തുവന്നിട്ടുണ്ട്. 

കേരളത്തിൽ പോപ്പുലർ ചരിത്ര/ പീരീഡ്/ എപിക് സിനിമകൾ ചെറിയ പ്രതിഷേധങ്ങൾക്കപ്പുറം വലിയ കോലാഹലത്തിലേക്ക്  കടന്ന സംഭവങ്ങൾ അപൂർവമാണ്. വിചിത്രമായ സാമൂഹ്യ സെൻസറിംഗിലൂടെയാണ് മലയാളി പ്രേക്ഷകർ സിനിമയോടുള്ള ഒരുവിധമുള്ള പ്രതിഷേധം രേഖപ്പെടുത്തുക. അതറിയുന്ന സംവിധായകർ ക്ലൈമാക്സിൽ ഓരോ പ്രദേശത്തെയും പ്രേക്ഷക സമൂഹത്തിന്റെ ഡെമോഗ്രാഫി പരിഗണിച്ചു രണ്ടുതരം സിനിമാന്ത്യം വരെ സൃഷ്ടിച്ച ചരിത്രമാണുള്ളത് .

1921 സിനിമ ഇറങ്ങിയ കാലത്ത് പ്രതിഷേധങ്ങൾ തീരെ കുറവായിരുന്നു എന്നും അത് നന്മനിറഞ്ഞ കാലമായിരുന്നു എന്നൊരു വാദം പതിവ് പോലെ വാരിയൻകുന്നത് കുഞ്ഞഹമ്മദ് ഹജിയെക്കുറിചുള്ള ചരിത്ര ബയോപിക്കിനെ കുറിച്ചുള്ള വിവാദങ്ങൾ ഉടലെടുത്തപ്പോൾ കേട്ടു. നന്മ നിറഞ്ഞ ആ പഴയ കാലം എന്ന ആഖ്യാനത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ 1921 നെ കുറിച്ച് ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കാവുന്നതാണ്. മമ്മൂട്ടിയാണ് ഐ വി ശശി, ടി ദാമോദരൻ കൂട്ടുക്കെട്ടിൽ പിറന്ന സിനിമയിലെ നായകൻ. 1921- സിനിമ 1988 -ൽ ഇറങ്ങുന്ന സമയത്തും  സൂപ്പർ സ്റ്റാർ തന്നെയായിരുന്നു മമ്മൂട്ടി. മമ്മൂട്ടി അവതരിപ്പിക്കുന്നത് ഖാദർ എന്ന ഒരു കഥാപാത്രത്തെയാണ്. ആലിമുസ്ലിയാർ ആയി മധുവും എം പി നാരായണമേനോന്റെ ഛായ തോന്നുന്ന വിപ്ലവകാരിയായ മേനോൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അന്ന്  സൂപ്പർ സ്റ്റാർ പദവിയിലേക്ക് മെല്ലെ ഉയർന്നുകൊണ്ടിരിക്കുന്ന സുരേഷ് ഗോപിയും. ടി ജി രവിയാണ് വാരിയൻ കുന്നനായി വരുന്നത്. ടി ജി രവി അതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇതരസിനിമകളിൽ വില്ലന്റെതായിരുന്നു അല്ലെങ്കിൽ പാവം ക്രൂരൻ!  സിനിമയെ അറിയുന്നവർ കാസ്റ്റിംഗിന്റെ പ്രാധ്യാനവും തിരിച്ചറിയും. ടി ജി രവിയെ നിശ്ചയിച്ചത് ആ കഥാപാത്രത്തിന്റെ മേൽ ഒരു പ്രേക്ഷകന്റെ നോട്ടത്തെ നിർണയിക്കാൻ വേണ്ടി തന്നെയാണ്. പൃഥ്വിരാജ് വരുന്നതോടെ കെട്ടും മട്ടും ഒന്നടങ്കം മാറുകയാണ്. മാത്രവുമല്ല, മലയാള നടന്മാരിൽ സ്വന്തം അഭിപ്രായം പറയാൻ മടിയില്ലാത്ത അതും സ്വന്തമായി ചിന്തിച്ചുറപ്പിച്ചു  ബുദ്ധിപൂർവം പ്രതികരിക്കുന്ന ഒരു നടൻ എന്ന നിലയിൽ പൃഥ്വിരാജ് വാരിയൻകുന്നനായി വരുന്നത് അതുവരെ പിന്തുടരുന്ന ടി ജി രവി അവതരിപ്പിച്ച കഥാപാത്രത്തിന്റെ രൂപഛായ തന്നെ മാറ്റിമറിക്കാൻ ഉതകും. അതുപോലെ, ആമു ഇൻസ്പെക്ടറായി കെപി ഉമ്മറാണ്  1921 ചിത്രത്തിൽ. ആലി മുസ്ല്യാരുടെ ഒരു ഫോട്ടോ നെറ്റിൽ ലഭ്യമാണ് . അതൊരിക്കലും മധുവിന്റെ ആഢ്യ ശരീര പ്രകൃതിയും ഭാവാഭിനയവുമായി ഒരിക്കലും പൊരുത്തപ്പെടുന്നതല്ല . എങ്കിലും മലബാർ കലാപത്തിന്റെ പോപ്പുലർ ചരിത്രത്തിന് പുതിയൊരു മുഖം നൽകി. മധു ഒരുപാടു വിശ്രുത മുസ്ലിം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല.

പോപ്പുലർ ചരിത്രം മറ്റൊരു പരിവർത്തനത്തിനു തയ്യാറാവുകയാണ്. പോപ്പുലർ ചരിത്ര നിർമ്മിതിയിൽ സിനിമ പോലുള്ള ബഹുജന മാധ്യമത്തിന്റെ ഇടപെടൽ പല ചിത്രങ്ങളുടെ കാര്യത്തിലും കണ്ടിട്ടുള്ളതാണ്. 1920-ലെ മലബാര്‍ കലാപം ഇപ്പോള്‍ രണ്ടു തരത്തിലാണ് വായിക്കപ്പെടുന്നത്. ഒന്നുകിൽ ആധുനികയുടെ സൃഷ്ടിയായ എന്നാൽ അക്കാലത്തു പ്രചാരത്തിലില്ലാത്തതും മലബാറുകാർക്ക് അറിയാത്തതുമായ വർഗീയതയുടെ ചോരക്കളം അല്ലെങ്കിൽ ചരിത്രപരമായ ഭൗതികവാദത്തിന്റെ കണ്ണിലൂടെ വർണ്ണരഹിതമായി കർഷക കലാപമെന്നു വരെ സെക്കുലർ ചരിത്രകാരന്മാർ അംഗീകാരം നൽകിയ ഒരു പ്രക്ഷോഭം. ഇതില്‍ നിന്ന് മിശ്രവർണ്ണങ്ങളിലേക്ക്, പോപ്പുലർ ചരിത്രത്തിന്റെ ബഹുവിതാനത്തിലേക്ക്, തുറന്ന വ്യാഖ്യാനങ്ങൾക്കായി മലബാര്‍ കലാപം പോലുള്ള ചരിത്ര സംഭവങ്ങളെ കൊണ്ടുവരിക എന്നത്  സിനിമ എന്ന മാധ്യമത്തിന് മാത്രം സാധിക്കുന്ന ഒന്നാണ്.

Contact the author
Praveen PC
3 years ago

ദാമോദരൻ എന്താണാവോ ഉദ്ദേശിച്ചത്.

0 Replies

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More